തിരുവനന്തപുരം: ചെലവ് വെട്ടിച്ചുരുക്കിയില്ലെങ്കിൽ, കെഎസ്ഇബിക്കും, കെഎസ്ആർടിസിയുടെ ഗതി വരുമെന്ന് ആശങ്ക. 64 ാമത് ബോർഡ് യോഗത്തിൽ സുപ്രധാന ചർച്ചയായതും, തീരുമാനങ്ങളെടുത്തതും വരാനിരിക്കുന്ന അപകടം ഒഴിവാക്കാനാണ്. ബോർഡിന്റെ സാമ്പത്തിക സ്ഥിതി തന്നെയാണ് സമഗ്രമായി വിലയിരുത്തിയത്. വാർഷിക വരുമാനത്തിന്റെ 27 ശതമാനവും, ജീവനക്കാർക്കായാണ് ചെലവഴിക്കുന്നത്. ഇതിൽ ഏറ്റവും തലവേദന ഉണ്ടാക്കുന്നത് ശമ്പള ചെലവ് തന്നെ.

1. ശമ്പള ചെലവ് അടിയന്തരമായി ഏഴുമുതൽ 10 വരെ ശതമാനമെങ്കിലും കുറയ്ക്കണം.

അതല്ലെങ്കിൽ പണി കിട്ടുമെന്ന് വൈദ്യുതി ബോർഡ് പറയുന്നു. ചെലവിൽ 27 ശതമാനവും ശമ്പളം നൽകാനാണ് വേണ്ടിവരുന്നതെന്നാണ് ഡയറക്ടർബോർഡിന്റെ വിലയിരുത്തൽ. ദേശീയതലത്തിൽ വൈദ്യുതി കമ്പനികൾ ഇതിന് ചെലവിടുന്നത് 15 ശതമാനം മാത്രമാണ്.

2. ജീവനക്കാരുടെ തസ്തികകൾ വെട്ടിച്ചുരുക്കണം

2022-'23 മുതൽ 2025-'26 വരെ കുറയ്ക്കാവുന്ന തസ്തികകളുടെ എണ്ണത്തിൽ രണ്ടുമാസത്തിനകം റിപ്പോർട്ട് നൽകാൻ ഫിനാൻസ് ഡയറക്ടർ അധ്യക്ഷനായ ഡയറക്ടർമാരുടെ ഉപസമിതിയോട് ബോർഡ് നിർദ്ദേശിരിക്കുകയാണ്. ഇതനുസരിച്ചുള്ള പുനഃസംഘടനാ നിർദ്ദേശങ്ങളും സമർപ്പിക്കാൻ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച ഉത്തരവിലാണ് ചെലവ് കൂടിയതിനാൽ ഭാവിയിൽ പ്രതിസന്ധിയുണ്ടാകുമെന്ന് ബോർഡ് പറയുന്നത്.

31,128 ജീവനക്കാരാണ് കെ.എസ്.ഇ.ബി.യിൽ ആകെയുള്ളത്. ഈവർഷം 1586 പേർ വിരമിക്കുകയാണ്. തുടർന്ന്, ആവശ്യമില്ലാത്ത തസ്തികകൾ വെട്ടിക്കുറയ്ക്കാനും സ്ഥാനക്കയറ്റത്തിലൂടെ ഒഴിവുകൾ നികത്തുന്ന പ്രവണത അവസാനിപ്പിക്കാനും നേരത്തേ തീരുമാനിച്ചിരുന്നു. ബോർഡിൽ ആറായിരത്തോളം ജീവനക്കാർ അധികമാണെന്ന് റെഗുലേറ്ററി കമ്മിഷൻ കണ്ടെത്തിയിരുന്നു.

ജല അഥോറിറ്റിക്കുള്ള കുടിശിക കൂടുന്നു

ഇലക്ട്രിസിറ്റി ഡ്യൂട്ടി സർക്കാർ നേരത്തെ ഒഴിവാക്കി നൽകിയുന്നു. അതുകൊണ്ട കൈവന്ന പണം വർഷാവർഷം പെൻഷനും ആനുകൂല്യങ്ങളും നൽകാൻ മാത്രമേ കഴിയുകയുള്ളു. പദ്ധതിയേതരവിഹിതത്തിൽ വകയിരുത്തി ജല അഥോറിറ്റിയുടെ വൈദ്യുതി ചാർജടയ്ക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും കുടിശ്ശിക കുത്തനെ ഉയരുകയാണ്. ഇപ്പോൾ 996 കോടിയായി. വൈദ്യുതി ഡ്യൂട്ടിയിനത്തിൽ സർക്കാർ ബോർഡിനെ വീണ്ടും സഹായിച്ചില്ലെങ്കിൽ പെൻഷൻ പ്രതിസന്ധിയിലായേക്കും. 2024-'25 ഓടെ പെൻഷൻ മുടങ്ങാനും സാധ്യതയുണ്ട്.

ചെലവ് കുറയ്ക്കാൻ മാർഗ്ഗങ്ങൾ

ഏകപക്ഷീയമായ നടപടികൾ അരുത്. എല്ലാവിഭാഗങ്ങളുമായി ചർച്ച നടത്തിയിട്ടുവേണം തസ്തികകൾ കുറയ്ക്കുന്നതുസംബന്ധിച്ച റിപ്പോർട്ട് നൽകാനെന്ന് ബോർഡിന്റെ നിർദ്ദേശത്തിൽ പ്രത്യേകം പറയുന്നുണ്ട്. കംപ്യൂട്ടർവത്കരണവും യന്ത്രവത്കരണവും വഴി പലമേഖലകളിലും തസ്തികകൾ കുറയ്ക്കാമെന്നാണ് വിലയിരുത്തൽ. മുൻകൂർ പണമടച്ച് പ്രവർത്തിക്കുന്ന സ്മാർട്ട് മീറ്റർ നടപ്പാക്കുന്നതോടെ കൂടുതൽ തസ്തികകൾ ഒഴിവാക്കാനുമാകും. തസ്തികകൾ ചുരുക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യ റിപ്പോർട്ട് സമിതി ജൂൺ അഞ്ചിനകം സമർപ്പിക്കണമെന്നാണ് ബോർഡിന്റെ നിർദ്ദേശം.