- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂരജിനെ സസ്‌പെന്റ് ചെയ്തു; അറസ്റ്റ് ചെയ്യാൻ അനുമതി തേടി വിജിലൻസ്; മാന്യന്മാരായി നടക്കുന്ന പ്രമുഖരുടെ പേരു പുറത്ത് വിടുമെന്ന ഭീഷണിയുമായി സൂരജ്; ബ്ലാക്ക്മെയിൽ രാഷ്ട്രീയം ഐഎഎസുകാരും ഏറ്റെടുക്കുമ്പോൾ
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജിനെ സർവ്വീസിൽ നിന്ന് സസ്‌പെന്റ് ചെയ്തു. വിജിലൻസിന്റെ ശുപാർശ അംഗീകരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നൽകിയ ഫയലിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഒപ്പിട്ടു. ഇതോടെ ഏത് സമയം വേണമെങ്കിലും സൂരജിനെ വിജിലൻസ് അറസ്റ്റ് ചെയ്യാനും സാധ്യത തെളി
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജിനെ സർവ്വീസിൽ നിന്ന് സസ്‌പെന്റ് ചെയ്തു. വിജിലൻസിന്റെ ശുപാർശ അംഗീകരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നൽകിയ ഫയലിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഒപ്പിട്ടു. ഇതോടെ ഏത് സമയം വേണമെങ്കിലും സൂരജിനെ വിജിലൻസ് അറസ്റ്റ് ചെയ്യാനും സാധ്യത തെളിഞ്ഞു.
അതിനിടെ തനിക്കെതിരായ നടപടിയെ നിയമപരമായി നേരിടുമെന്ന് സുരജ് വ്യക്തമാക്കി. രണ്ട് ദിവസത്തിനുള്ളിൽ കൂടുതൽ വെളിപ്പെടുത്തൽ നടത്തുമെന്നും പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറിയായ സൂരജ് പറഞ്ഞു. തനിക്ക് ഒന്നും പേടിക്കാനില്ലെന്നും തന്നെ മാത്രം കുറ്റക്കാരനാക്കാൻ ശ്രമിച്ചാൽ പ്രഹര ശേഷിയുള്ള തെളിവകുൾ പുറത്ത് വിടുമെന്നും അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സസ്‌പെന്റ് ചെയ്ത ടി. ഒ സൂരജും പ്രതികരിച്ചു. നിരപരാധിത്വം തെളിയിക്കൻ വേണ്ട എല്ലാം തന്റെ പക്കലുണ്ട്. എന്നാൽ സസ്‌പെന്റ് ചെയ്യാനുള്ള സർക്കാർ തീരുമാനത്തിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്നും സൂരജ് വ്യക്തമാക്കി. തന്നെ ക്രൂശിക്കാൻ ശ്രമിച്ചാൽ അവർക്ക് തിരിച്ചടി നൽകുമെന്ന ഭീഷണിയാണ് സൂരജ് പങ്കുവയ്ക്കുന്നത്.
മുപ്പത്തിയഞ്ച് കൊല്ലം സംസ്ഥാന സർക്കാരിന്റെ ഭാഗമായിരുന്നു താൻ. വിവധയിടങ്ങളിൽ ജോലി ചെയ്തു. പലരേയും കണ്ടിട്ടുണ്ട്. ഇവരിൽ മാന്യന്മാരായി നടക്കുന്നവർക്കെതിരെ തെളിവുകൾ കൈവശമുണ്ട്. ആരോപണവിധേയനായതിനാൽ ഇപ്പോൾ കൂടുതലൊന്നും പ്രതികരിക്കുന്നില്ല. പറഞ്ഞാൽ കുറ്റാരോപിതനായതിനാൽ പ്രഹര ശേഷി കുറയും. തന്നെ മാത്രം തെറ്റുകാരനായി ചിത്രീകരിക്കാൻ ശ്രമിച്ചാൽ പ്രഹര ശേഷിയുള്ളപ്പോൾ തെളിവുകൾ പുറത്തുവിടും. പലരും എങ്ങനെയാണ് ഇവിടെ വരെ എത്തിയെന്ന് തനിക്ക് അറിയാമെന്നും സൂരജ് പറഞ്ഞു. തനിക്കും കുടുംബമുണ്ട്. ഇതൊന്നും കണക്കിലെടുക്കാതെയുള്ള മാദ്ധ്യമ വിചാരണയാണ് തനിക്കെതിരെ രണ്ട് ദിവസമായി നടന്നത്. ഞാൻ മാത്രം കുറ്റക്കാരനാണെന്നും ബാക്കിയെല്ലാവരും നല്ലവരാണെന്ന അഭിപ്രായം ഉയർന്ന് വരുമ്പോൾ ചിലപ്പോൾ പ്രതികരിക്കേണ്ടി വരുമെന്നാണ് സൂരജിന്റെ പ്രതികരണം.
കേസിനെ നിയമപരമായി നേരിടും. വിജിലൻസ് ഇന്നലെ മൊഴിയെടുക്കുകയാണ് ചെയ്തത്. മൊഴി നൽകാനായി കുടുംബാംഗങ്ങളും ഹാജരാകുമെന്നും സൂരജ് പറഞ്ഞു. തനിക്ക് ഒന്നിനെ കുറിച്ചും ആശങ്കയില്ല. ധൈര്യം കൂടുകയും ചെയ്തു. ആത്മവിശ്വാസവുമുണ്ട്. ഇതിനപ്പുറം ഒന്നും വരാനില്ല. നിരപരാധിത്വം കോടതിയിൽ ബോധ്യപ്പെടുത്തും. എന്നെ ആശ്രയിച്ചി നിൽക്കുന്ന ഒരുപാട് പേരുണ്ട്. അവരുടെ വിഷമം മാത്രമാണ് തന്നെ ചിന്തിപ്പിക്കുന്നത്. അല്ലാതെ ഒന്നും അലട്ടുന്നില്ലെന്നും വ്യക്തമാക്കി. പൊതുസമൂഹത്തിലെ പ്രവർത്തനങ്ങൾ തുടരും. സർവ്വീസിൽ നിന്ന് പുറത്താക്കിയെന്ന് വച്ച് അത്തരം ഇടപെടലുകൾ വേണ്ടെന്ന് വയ്ക്കില്ലെന്നും സൂരജ് പറഞ്ഞു.
ഇന്നലെയാണ് സൂരജിനെ സസ്‌പെന്റ് ചെയ്യാനുള്ള ശുപാർശ ആഭ്യന്തര മന്ത്രിക്ക് വിജിലൻസ് നൽകിയത്. ചീഫ് സെക്രട്ടറി വഴിയാണ് നൽകിയത്. പ്രത്യേക ദൂതൻ വഴി കൊച്ചിയിലെത്തിച്ച ഫയലിൽ ആഭ്യന്തരമന്ത്രി ഇന്നലെ രാത്രി തന്നെ ഒപ്പിട്ട് മുഖ്യമന്ത്രിക്ക് കൈമാറി. ഫയലിൽ മുഖ്യമന്ത്രിയും ഒപ്പിട്ടതോടെ സൂരജിന്റെ സസ്‌പെൻഷൻ നിലവിൽ വന്നു. കഴിഞ്ഞ ദിവസം 9 മണിക്കൂറോളം സൂരജിനെ വിജിലൻസ് സംഘം ചോദ്യം ചെയ്തിരുന്നു.സൂരജിന്റെ ഓഫീസിലും വീടുകളിലും കഴിഞ്ഞ ദിവസം വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു. ഇതിൽ നിന്ന് കണ്ടെത്തിയ വസ്തുതകളാണ് ചോദ്യം ചെയ്യലിന് ആധാരമായത്. എന്നാൽ കൃത്യമായ മറുപടി ഒന്നും ലഭിച്ചിട്ടില്ല. തെളിവ് നശിപ്പിക്കാൻ സൂരജ് ശ്രമിക്കുമെന്ന വിലയിരുത്തലും ഉണ്ട്. ഈ സാഹചര്യത്തിലാണ് സൂരജിനെ അറസ്റ്റ് ചെയ്യണമെന്ന വിലയിരുത്തലിൽ വിജിലൻസ് എത്തുന്നത്. മുഖ്യമന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടേയും അനുമതിയോടെ മാത്രമേ അറസ്റ്റ് ചെയ്യൂ എന്നാണ് സൂചന.
അഴിമതിയിൽ പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിനും വകുപ്പിലെ ചില ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നാണ് വിലയിരുത്തൽ. ഇവരിലേക്കും അന്വേഷണം നീളും. റെയ്ഡിന് ശേഷം ബാങ്ക് ലോക്കറിൽ നിന്ന് സൂരജ് മാറ്റിയ രേഖകളെ കുറിച്ചും സംശയമുണ്ട്. എന്നാൽ സഹോദരിയുടെ മകളുടെ വിവാഹാവശ്യത്തിനുള്ള സാധനങ്ങളാണ് ലോക്കറിൽ ഉണ്ടായിരുന്നതെന്നും അതാണ് മാറ്റിയതെന്നുമാണ് സൂരജ് നൽകിയ മൊഴി. ഇത് വിജിലൻസ് പൂർണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. തെളിവ് നശിപ്പിക്കലാണ് സൂരജ് നടത്തിയതെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് അറസ്റ്റ് എന്ന ആവശ്യം സജീവമാക്കുന്നത്.
തിരുവനന്തപുരത്തെയും എറണാകുളത്തെയും വീടുകളിലും സ്ഥാപനങ്ങളിലും വിജിലൻസ് പരിശോധന നടത്തിയതിന് തൊട്ടടുത്ത ദിവസമാണ് വൈറ്റിലയിലെ ഇന്ത്യൻ ബാങ്കിന്റെ ലോക്കർ തുറന്ന് സൂരജ് രേഖകൾ മാറ്റിയത്. സൂരജ് ബാങ്കിൽനിന്ന് മടങ്ങിയ ശേഷമാണ് വിജിലൻസ് ഇക്കാര്യമറിഞ്ഞത്. 19ന് പുലർച്ചെ റെയ്ഡ് തുടങ്ങിയപ്പോൾ മുതൽ സൂരജ് തിരുവനന്തപുരത്തെ വീട്ടിലുണ്ടായിരുന്നു. ഇവിടത്തെ പരിശോധന പൂർത്തിയാക്കി 20ന് പുലർച്ചെ വിജിലൻസ് സംഘം മടങ്ങിയതിന് പിന്നാലെ സൂരജ് കൊച്ചിയിലേക്ക് തിരിച്ചു. യാത്രാവേളയിലാണ് ബാങ്കിൽ കയറി സൂരജ് രേഖകൾ മാറ്റിയത്.
സാക്ഷികളെ സ്വാധിനീക്കാനും തെളിവുകൾ ഇല്ലാതാക്കാനും സൂരജ് ശ്രമിക്കുമെന്ന അതേ നിലപാട് ചൂണ്ടിക്കാട്ടിയാകും അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും വിജിലൻസ് മുന്നോട്ട് വയ്ക്കുക. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്. സൂരജിന്റെ ഭാര്യയടക്കമുള്ള ബന്ധുക്കളേയും ചോദ്യം ചെയ്യും. ഭാര്യാപിതാവിൽ നിന്നും കാര്യങ്ങൾ തിരക്കും. അതിന് ശേഷമാകും അറസ്റ്റിന്റെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. എല്ലാവരുടേയും മൊഴികളിലെ വൈരുദ്ധ്യങ്ങൾ ഉണ്ടോ എന്ന് പരിശോധിച്ച ശേഷം മുന്നോട്ട് പോകാനാണ് നീക്കം. എറണാകുളം സ്‌പെഷ്യൽ വിജിലൻസ് എസ്‌പി. കെ.എം ടോമിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.