ടോക്കിയോ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ജപ്പാനിൽ ഒളിംപിക്‌സ് നിശ്ചയിച്ച സമയത്ത് നടത്താനാകുമോ എന്നതിൽ ആശങ്ക തുടരുന്നു. ജപ്പാന്റെ തലസ്ഥാനത്ത് മാത്രം വ്യാഴാഴ്ച 1,337 പുതിയ കോവിഡ് -19 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യവ്യാപകമായി 4,515 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

എന്നാൽ വേനൽക്കാലത്ത് ഒളിംപിക്‌സ് നടത്താനാകുമെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. സമയക്രമം പുതുക്കി നിശ്ചയിച്ച ഒളിംപിക്‌സ് 2020 ആരംഭിക്കാൻ ഇനി 203 ദിവസങ്ങളാണ് ബാക്കിയുള്ളത്.

ബ്രിട്ടനിൽ കോവിഡ് വൈറസിന്റെ വകഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ രാജ്യത്തേക്ക് പ്രവാസി വിദേശികൾക്ക് ജനുവരി 31 വരെ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ബ്രിട്ടൻ അടക്കം കോവിഡ് വൈറസിന്റെ വകഭേദം സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള കായികതാരങ്ങൾക്കും പരിശീലകർക്കും യാത്രാ ഇളവ് റദ്ദാക്കി.

രോഗം വ്യാപനം നിയന്ത്രണ വിധേയമാക്കാൻ വേണ്ടി വന്നാൽ അടിയന്തരാവസ്ഥ അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് പ്രാദേശിക, സർക്കാർ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മുൻ നിശ്ചയിച്ച പ്രകാരം വേനൽക്കാലത്ത് വിദേശ സന്ദർശകരെയുൾപ്പെടെ പങ്കെടുപ്പിച്ചുകൊണ്ട് ഒളിംപിക്‌സ് നടത്താനാകുമെന്നാണ് സംഘാടകർ ഉറപ്പുനൽകുന്നത്.

ജൂലൈയിൽ രാജ്യത്ത് എത്തുന്ന അത്‌ലറ്റുകളെ ക്വാറന്റീനിൽ പാർപ്പിക്കാൻ കപ്പലിൽ സജീകരണമൊരുക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു എന്നാൽ ഇത് അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റി തള്ളിക്കളഞ്ഞിട്ടുണ്ട്. ഒളിമ്പിക് റോഡ് മൽസരത്തിന് ആറ് ദിവസം തൊട്ടുമുമ്പ് ടൂർ ഡി ഫ്രാൻസ് നടക്കുന്നതിനാൽ മത്സരാർത്ഥികൾ ഗെയിംസിൽ നിന്ന് പിന്മാറിയേക്കാമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.