കൊച്ചി: അപ്രതീക്ഷിതമായി പരിശോധനയ്‌ക്കെത്തിയ സംഘത്തെ കണ്ടു പിടിച്ചു നിന്നെങ്കിലും പൊലീസിനോടു കയർത്തപ്പോൾ നാവു കുഴഞ്ഞതാണു ഷൈൻ ടോം ചാക്കോയ്ക്കും യുവതികൾക്കും വിനയായത്.

കൃത്യമായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണു പൊലീസ് ഇന്നലെ കടവന്ത്രയിലെ ഫഌറ്റിലെത്തിയത്. കഴിഞ്ഞ രണ്ടു വർഷമായി ഇവിടെ കൊക്കെയ്ൻ, എൽഎസ്ഡി അടക്കമുള്ള വിലകൂടിയ ലഹരി പദാർഥങ്ങളെത്തുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. സിനിമാ, ഫാഷൻ രംഗത്തുള്ളവരാണ് ഇവിടം സ്ഥിരമായി സന്ദർശിച്ചിരുന്നത്. പ്രായമായ രണ്ടു പേർ താമസിക്കുന്ന ഫ്‌ളാറ്റിലെ ഫ്രിഡ്ജിനുള്ളിൽ ബ്രൗൺ പേപ്പറിൽ പൊതിഞ്ഞ ചെപ്പിനുള്ളിൽ കൂടിയ അളവിൽ കൊക്കെയ്ൻ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരമാണു പൊലീസിനു ലഭിച്ചത്.

പൊലീസ് യൂണിഫോം ഒഴിവാക്കിയാണ് അസി. കമ്മീഷണർ എസ് ടി സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയത്. സ്ഥലം കണ്ടെത്താനുള്ള അടയാളങ്ങളും നമ്പറും കൃത്യമായതോടെ വിവരം നൽകിയ ഉറവിടത്തെ പൂർണമായി വിശ്വസിച്ചായിരുന്നു പൊലീസിന്റെ നീക്കം. കൂടുതൽ സേനാംഗങ്ങളെ വിളിച്ചുവരുത്തിയ ശേഷം കോളിങ് ബെൽ അടിച്ചു വാതിൽ തുറപ്പിക്കുകയായിരുന്നു. അകത്തു സിനിമാ നടനേയും യുവതികളേയും കണ്ടതോടെ മാറിപ്പോയെന്നു കരുതി പൊലീസ് ആദ്യം അമ്പരന്നു. ഫ്രിഡ്ജിനുള്ളിൽ പരിശോധിച്ചെങ്കിലും ബ്രൗൺ കവർ കണ്ടെത്താൻ കഴിഞ്ഞില്ല.

റെയ്ഡു നീക്കം പാളിയെന്നു തോന്നിയ നിമിഷമാണ് ഇവരോടു കയർത്ത യുവതിയുടെ നാവു കുഴയുന്നത് ശ്രദ്ധിച്ചത്. പിന്നീടു വനിതാ പൊലീസിന്റെ സഹായത്തോടെ നടത്തിയ ദേഹപരിശോധനയിലാണ് 10 ഗ്രാം കൊക്കെയ്ൻ കണ്ടെത്തിയത്. ഇതിഹാസ എന്ന സിനിമയിൽ ഷൈൻ ടോം സ്ത്രീവേഷത്തിൽ അഭിനയിച്ച ഭാഗം ഫ്‌ളാറ്റിനുള്ളിൽ അഭിനയിച്ചു കാണിക്കാൻ ലഹരിയുടെ ഉന്മാദത്തിൽ യുവതികൾ നിർബന്ധിച്ചെങ്കിലും ഷൈൻ വഴങ്ങിയില്ലത്രേ. സഹസംവിധായികയായ ബ്ലെസി സിൽവെസ്റ്റർ നേരിട്ടു വിളിച്ചതിനാലാണ് കൊച്ചിയിലെ ഷൂട്ടിങ്ങിനിടയിലും ഫ്‌ളാറ്റിലെത്താൻ കാരണമെന്നാണു ഷൈനിന്റെ മൊഴി.

യുവതികളും ഷൈൻ ടോം ചാക്കോയും കടവന്ത്രയിലെ ഫ്‌ളാറ്റിലെത്തും മുൻപ് അവിടെ സൂക്ഷിച്ചിരുന്ന 20 ലക്ഷം വിലവരുന്ന 100 ഗ്രാം കൊക്കെയ്ൻ പുറത്തേക്ക് കൊണ്ടുപോയയാളെ ഉടൻ അറസ്റ്റു ചെയ്‌തേക്കുമെന്നാണ് സൂചന. വിവാദ വ്യവസായി നിസാമിന്റെ വഴിവിട്ട ബന്ധങ്ങളിലേക്കു വെളിച്ചംവീശുന്ന വിവരങ്ങളാണ് ഈ കേസോടെ പൊലീസിനു ലഭിച്ചത്.

മലയാളത്തിലെ പ്രശസ്തനായ ഒരു യുവസംവിധായകനും ഇത്തരത്തിൽ മയക്കു മരുന്നു ലോബിയുടെ ബന്ധത്തിന്റെ പേരിൽ സംശയത്തിന്റെ നിഴലിൽ ആണെന്ന സൂചനകളുമുണ്ട്. ന്യൂജൻ സംവിധായകർ കൊണ്ടുവരുന്ന കഥ സിനിമയാക്കാൻ തയ്യാറായി രംഗത്തുവരുന്നവരിൽ ചിലർ അന്താരാഷ്ട്ര ബന്ധമുള്ള മയക്കുമരുന്നു ലോബിയുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

ചില യുവനടിമാർക്കെതിരെയും ഇത്തരത്തിൽ ആരോപണമുണ്ട്. അന്താരാഷ്ട്ര ബന്ധമുള്ള മയക്കുമരുന്നു ലോബികളുമായി അടുത്ത ബന്ധം ചില നടിമാർക്കുണ്ടെന്ന സൂചനകളാണ് ലഭിക്കുന്നത്. മയക്കുമരുന്നു മാഫിയക്ക് മലയാള സിനിമയിൽ സ്വന്തമായി ഒരു ലോബി തന്നെയാണുള്ളതെന്നും സൂചനയുണ്ട്. മലയാള സിനിമയിൽ പിടിമുറുക്കിയിട്ടുള്ള ഈ ലോബിയുടെ ചെറുകണ്ണികൾ മാത്രമാണ് ഇപ്പോൾ പിടിയിലായ ഷൈൻ ടോം ചാക്കോയും നടിമാരുമെന്നാണ് റിപ്പോർട്ട്.

ലഹരിയുടെ അമൂർത്തമായ ആനന്ദം അനുഭവിക്കാൻ നിശാപാർട്ടികളിലേക്ക് യുവതീ യുവാക്കൾ കൂട്ടത്തോടെ ഒഴുകുന്ന അവസ്ഥയുണ്ടായിരുന്നു. പുതിയ ഇരകളെ ലഹരിമാഫിയ തേടിക്കൊണ്ടുമിരുന്നു. അങ്ങനെയാണ് ഈ സംഘം ന്യൂ ജനറേഷൻ സിനിമാ മേഖലയിലേക്ക് നുഴഞ്ഞു കയറിയത്. പലയിടങ്ങളിലും സ്വീകരിച്ച തന്ത്രം ന്യൂ ജനറേഷൻ സിനിമാ മേഖലയിലും പ്രയോഗിച്ചു. ഇത് വൻ വിജയവുമായി. ഇപ്പോൾ ന്യൂ ജനറേഷൻ സിനിമാ മേഖലയിൽ വലിയൊരു പങ്ക് ലഹരിക്ക് അടിമകളായി മാറികഴിഞ്ഞുവെന്നാണ് റിപ്പോർട്ട്.

പാക്കപ്പ് പാർട്ടികൾ ലഹരി പാർട്ടികളായി മാറി. ചിത്രീകരണത്തിനിടയിലും കഥയെഴുത്തിലുമെല്ലാം ലഹരി ഒഴുകി. ഇതിന്റെയെല്ലാം തുടക്കം ന്യൂ ജനറേഷൻ മലയാള സിനിമയിൽ ഏറെ ചർച്ചയ്ക്ക് വിധേയമായ ഒരു സിനിമയുടെ പാക്കപ്പ് പാർട്ടിയിലാണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. മലയാള സിനിമാ ലോകത്ത് ആദ്യമായി വിദേശ നിർമ്മിത തീവ്ര ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചുതുടങ്ങുകയും ചെയ്തു. പിന്നീടിത് മലയാള സിനിമയെയാകെ ബാധിക്കുന്ന തരത്തിലേക്ക് വളരുകയായിരുന്നു. ഇതിന്റെ താഴെത്തട്ടിലെ കണ്ണികളാണ് ഇപ്പോൾ അറസ്റ്റിലായവരെന്നാണ് സൂചന.