തിരുവനന്തപുരം: 'വ്യക്തിപരമായി ആക്ഷേപിക്കാനുള്ള ആസൂത്രിതശ്രമത്തിന്റെ ഭാഗമാണ് ഇപ്പോൾ നടക്കുന്ന വിജിലൻസ് നടപടികൾ. തനിക്കെതിരായ പരാതിയിൽ ചീഫ് സെക്രട്ടറി പരിശോധിച്ച് വ്യക്തത വരുത്തിയതാണ്. ക്രിമിനൽ പശ്ചാത്തലമുള്ളവരാണു പരാതിക്കാർ. കാര്യങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിക്കും. കൂടുതൽ കാര്യങ്ങൾ പിന്നീട് പറയാം'- വീട്ടിലെ റെയ്ഡുകളെ കുറിച്ച് തൊഴിൽ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസിന്റെ പ്രതികരണമായിരുന്നു ഇത്. എന്നാൽ എന്തോ കുഴപ്പങ്ങളുണ്ടെന്ന് പൊതു സമൂഹത്തെ ബോധ്യപ്പെടുത്താൻ വിജിലൻസിന് കഴിഞ്ഞുവെന്നതാണ് യാഥാർത്ഥ്യം. ടോം ജോസിന്റെ വനിതാ സുഹൃത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത് ഇതിന് വേണ്ടി കൂടിയാണ്. അനധികൃത സ്വത്ത് സമ്പാദനകേസിൽ വിജിലൻസ് അന്വേഷണം നേരിടുന്ന ടോംജോസിന്റെ നില ഇത് കൂടുതൽ പരുങ്ങലിലാക്കി.

ടോംജോസിന്റെ സുഹൃത്തായ പ്രവാസി വനിത അനിറ്റാ ജോസിന്റെ രാമപുരം വെള്ളിലാപ്പള്ളിയിലെ പാറാശേരിൽ വീട്ടിൽ വിജിലൻസ് സംഘം പരിശോധന നടത്തി. ഇന്നലെ ഉച്ചയ്ക്ക് 12ന് വെള്ളിലാപ്പള്ളിയിലെ വസതിയിൽ എത്തിയ എറണാകുളം വിജിലൻസ് സ്‌പെഷ്യൽ സെൽ സിഐ ബെന്നിയുടെ നേതൃത്വത്തിലുള്ള ആറംഗ അന്വേഷണസംഘം നാലു മണിക്കൂറോളം വീട്ടിൽ പരിശോധന നടത്തി. അമേരിക്കയിൽ ഉണ്ടായിരുന്ന ഇവരുടെ സഹോദരൻ പരേതനായ അനിലിന്റെ ഭാര്യ റോസമ്മയും മക്കളുമായിരുന്നു ഇവരുടെ പേരിൽ വെള്ളിലാപ്പള്ളിയിലുള്ള വീട്ടിൽ താമസിച്ചുവന്നിരുന്നത്. മക്കളുടെ പഠന സൗകര്യാർഥം റോസമ്മ ഇപ്പോൾ ബംഗളുരുവിലാണ് താമസം. ഇടക്കിടെ അനിത വെള്ളിലാപ്പള്ളിയിലെ വസതിയിൽ എത്തി താമസിച്ച് മടങ്ങാറുണ്ട്. അയൽവാസിയായ സജി എന്നയാളിന്റെ സംരക്ഷണയിലാണ് ഈ വീട് ഇപ്പോൾ. ഈ വീട്ടിലെ റെയ്ഡിലും നിരവധി രേഖകൾ പിടിച്ചെടുത്തതായാണ് സൂചന.

ടോം ജോസിന്റെ ബിസിനസ്സ് പങ്കാളിയാണ് പാലാ രാമപുരം വെള്ളിലാപ്പള്ളി പാറശ്ശേരിൽ അനീറ്റാ ജോസ് എന്നാണ് വിലയിരുത്തൽ. അനീറ്റാ ജോസുമായുള്ള സാമ്പത്തിക, ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തതായാണ് വിവരം. അനീറ്റ അമേരിക്കയിലാണ് താമസം. എറണാകുളം വിജിലൻസ് സ്‌പെഷൽ സെൽ സി.െഎ. ബെന്നിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വീട് നോക്കിനടത്തുന്ന അയൽവാസിയുടെ സാന്നിധ്യത്തിൽ ഉച്ചയ്ക്ക് 12.30ന് തുടങ്ങിയ പരിശോധന 3.30ന് അവസാനിച്ചു. അനീറ്റയുടെ ബാങ്ക് അക്കൗണ്ടും വിജിലൻസ് പരിശോധനയ്ക്ക് വിധേയമാക്കും. അനീറ്റയുടെ സ്വത്തുകളും വരവു ചെലവുകളും പരിശോധിക്കും. ടോംജോസിന്റെ ബിനാമിയാണ് അനീറ്റയെന്നാണ് വിജിലൻസിന്റെ വിലയിരുത്തൽ.

ഇതിനൊപ്പം ടോംജോസിന്റെ തിരുവനന്തപുരത്തെയും കൊച്ചിയിലെയും ഫ്ളാറ്റുകളിലും സെക്രട്ടേറിയറ്റിലെ ഓഫീസിലും വിജിലൻസ് പരിശോധന നടത്തി. ഇരിങ്ങാലക്കുടയിലെ ഭാര്യവീട്ടിലും വിജിലൻസ് സംഘമെത്തി. വെള്ളിയാഴ്ച രാവിലെ നാലിടങ്ങളിലായി തുടങ്ങിയ റെയ്ഡ് ഉച്ചയോടെ പൂർത്തിയായി. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടരേഖകൾ പിടിച്ചെടുത്തതായി സൂചനയുണ്ട്. ടോം ജോസിന്റെയും ഭാര്യയുടെയും പേരിലുള്ള അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകൾക്ക് വിജിലൻസ് കത്ത് നൽകിയതായും സൂചനയുണ്ട്. ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിന്റെ ഫ്ളാറ്റിൽ കഴിഞ്ഞദിവസം പരിശോധന നടത്തിയത് വിവാദമായതിനു പിന്നാലെയാണ് ടോം ജോസിന്റെ ഫ്ളാറ്റുകളിലും പരിശോധന നടന്നത്. ഐ.എ.എസ്. അസോസിയേഷൻ സംസ്ഥാന അധ്യക്ഷനാണ് ടോം ജോസ്. റെയ്ഡിൽ നിന്ന് പിടിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിശദ റിപ്പോർട്ട് തയ്യാറാക്കും. ടോം ജോസിനെതിരെ നടപടി വേണമെന്നും വിജിലൻസ് ആവശ്യപ്പെടും.

അനധികൃത സ്വത്തുണ്ടെന്ന് പരാതി ലഭിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിന് ശേഷം മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്.ഐ.ആർ. സമർപ്പിച്ച് റെയ്ഡിന് അനുമതി വാങ്ങുകയായിരുന്നു. കൊച്ചിയിൽ വാങ്ങിയ ഫ്ളാറ്റ് അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പരിധിയിൽ വരുമെന്ന് കണ്ടെത്തിയതോടെയാണ് ഇപ്പോൾ കേസെടുത്തത്. രണ്ടു ദിവസമായി അദ്ദേഹത്തിന്റെ സാമ്പത്തികയിടപാടുകൾ അന്വേഷിച്ചുവരികയായിരുന്നു. വരവിനേക്കാൾ 60 ശതമാനം കൂടുതൽ സ്വത്ത് സമ്പാദിച്ചെന്നാണ് ആരോപണം. ടോം ജോസ് കെ.എം.എം.എൽ. മാനേജിങ് ഡയറക്ടർ ആയിരിക്കെ, നടന്ന മഗ്‌നീഷ്യം ഇടപാടിലൂടെ സർക്കാറിന് 1.21 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന കേസിൽ വിജിലൻസ് നേരത്തെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരുന്നു. പൊതുമരാമത്തു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ, മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ 50 ഏക്കർ ഭൂമി വാങ്ങിയതിൽ അഴിമതിയുണ്ടെന്ന പരാതിയിലും വിജിലൻസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കൊച്ചിയിൽ കലൂരിലെയും തിരുവനന്തപുരത്ത് വെള്ളയമ്പലത്തെയും ഫ്ളാറ്റുകളിലാണ് വെള്ളിയാഴ്ച പരിശോധന നടന്നത്. വെള്ളയമ്പലത്തെ കോർഡിയൽ റീജൻസി ഫ്ളാറ്റിലെ അഞ്ചാം നിലയിലെ വീട്ടിൽ രാവിലെ ആറുമുതൽ ഉച്ചയ്ക്ക് മൂന്നുവരെ പരിശോധന നടന്നു. കലൂരിലെ ഫ്ളാറ്റിൽ കാലത്ത് വിജിലൻസ് സംഘമെത്തിയെങ്കിലും താക്കോലില്ലാതിരുന്നതിനാൽ മടങ്ങി. പിന്നീട് താക്കോലുമായി ടോം ജോസിന്റെ ഭാര്യ ഇരിങ്ങാലക്കുടയിൽനിന്ന് എത്തിയ ശേഷം 11.30ഓടെയാണ് പരിശോധന തുടങ്ങിയത്. ഫ്ളാറ്റിന്റെ മൂല്യനിർണയവും ഇതുമായി ബന്ധപ്പെട്ട രേഖകളുടെ പരിശോധനയുമാണ് നടന്നത്. രണ്ട് മണിയോടെ സമാപിച്ചു. ഇരിങ്ങാലക്കുടയിൽ ഭാര്യാപിതാവ് കാട്ടൂർ റോഡിൽ പുല്ലോക്കാരൻ ഡേവിസിന്റെ വീട്ടിലാണ് വിജിലൻസ് സംഘം എത്തിയത്. അല്പസമയത്തിനകം തിരിച്ചുപോയി.

മഹാരാഷ്ട്രയിലെ ദോദാമാർഗ് താലൂക്കിൽ എസ്റ്റേറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടിലും ദുരൂഹത ഉള്ളതായി റിപ്പോർട്ടുണ്ടായിരുന്നു. സർക്കാറിനെ അറിയിക്കാതെ ഭൂമി വാങ്ങിയതിന്റെ പേരിൽ അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.