കോഴിക്കോട്: ജന്മനാട്ടിൽ നടന്ന വോളിബോൾ ചാമ്പ്യൻ ഷിപ്പ് കാണാനെത്തിയ അർജുനാ അവാർഡ് ജേതാവ് ടോം ജോസഫിന് സംഘാടകരുടെ കടുത്ത അഗണന. 17 വർഷങ്ങൾക്ക് ശേഷം സ്വന്തം മണ്ണിൽ നടക്കുന്ന കളികാണാൻ എത്തിയ താരം ക്യൂ നിന്നാണ് ടിക്കറ്റെടുത്തത്.

സ്വന്തം ജില്ലയിൽ നടക്കുന്ന ഒരു ദേശീയ ടൂർണമെന്റിന്റെ ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിക്കാത്തതിലുള്ള വിവാദം കത്തുന്നതിനിടെയാണ് അദ്ദേഹം ടിക്കറ്റെടുത്തു കളി കാണാൻ എത്തിയത്. ടോമിനു പാസ് പോലും നൽകാൻ അധികൃതർ തയാറായില്ലെന്നു വിമർശനമുണ്ട്.

എന്നാൽ ഒന്നരപ്പതിറ്റാണ്ട് ഇന്ത്യക്കുവേണ്ടി സ്മാഷുതിർത്ത ടോമിനെ കോഴിക്കോട്ടെ ജനം ആവേശത്തോടെയാണ് വരവേറ്റത്. കാലിക്കറ്റ് ട്രേഡ് സെന്റർ ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിയ ടോമിനെ ആവേശത്തോടെ ജയ് വിളിച്ചാണ് ആരാധകർ എതിരേറ്റത്. അസോസിയേഷനുകളെയല്ല, കളിക്കാരെയാണു ജനം നെഞ്ചേറ്റുന്നതെന്നു വിളിച്ചറിയിക്കുന്നതായിരുന്നു കാണികളുടെ ആരവം.

കേരളത്തിന്റെയും പഞ്ചാബിന്റെയും താരങ്ങൾ മത്സരത്തിനായി തയ്യാറെടുക്കുന്നതിനിടെയിലാണ് ഗാലറിയെ ഇളക്കിമറിച്ച് ടോം എത്തിയത്. കാണികൾ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കയ്യടികളോടെ അദ്ദേഹത്തെ വരവേറ്റു. കാണികൾക്കിടയിൽ കൂട്ടുകാർക്കൊപ്പം 200 കൊടുത്ത് ടിക്കറ്റെടുത്താണ് ടോം ജോസഫ് ഇരുന്നത്. ഞങ്ങൾ ഒപ്പമുണ്ടെന്ന് ഫ്‌ളക്‌സ് ബോർഡുകളുമായി ആരാധകർ താരത്തിനെ എതിരേറ്റു. ടോമിന് അഭിവാദ്യം അർപ്പിച്ചുള്ള മുദ്രാവാക്യം വിളികൾക്ക് പിന്നാലെ സംഘാടകസമിതിക്കെതിരേ ഗാലറിയിൽ പ്രതിഷേധ മുദ്രാവാക്യം വിളികളും ഉയർന്നു

കളത്തിലെ കളി മറന്ന് കാണികൾ ടോമിനെ ഒരുനോക്ക് കാണുവാനും ഒപ്പംനിന്നു ഫോട്ടോയെടുക്കാനും മുദ്രാവാക്യം മുഴക്കാനും മത്സരിച്ചു. ടോമിനരികിലെ തിരക്ക് കുറയ്ക്കാൻ കനത്ത പൊലീസ് സന്നാഹം ചുറ്റും നിരന്നു. വോളിബോൾ സംഘാടകർക്കെതിരെ ആരാധകരുടെ പ്രതിഷേധം ഇരമ്പിയതോടെ മുഖം രക്ഷിക്കാനായി സംഘാടകസമിതിയിൽപെട്ട പി രാജീവ്, ഖാലിദ് എന്നിവരടക്ക സംഘാകരിൽ ചിലർ ടോമിനെ അനുനയിപ്പിച്ച് വേദിയിലേക്ക് ക്ഷണിക്കാനെത്തിയെങ്കിലും ടോം അത് നിരസിച്ചു.

സ്ഥിതിഗതികൾ വഷളാകുന്ന സാഹചര്യം സംജാതമായതോടെ പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കി സംഘാടകരെ തിരിച്ചയച്ചു. ടോം മത്സരം അവസാനിക്കുന്നതിന് തൊട്ടുമുൻപ് സ്റ്റേഡിയത്തിന് പുറത്തു കടന്നു.