ന്യൂഡൽഹി: ജീവിതത്തിലേക്ക് തിരിച്ചു വരാൻ കഴിഞ്ഞതിൽ ദൈവത്തോട് നന്ദി പറഞ്ഞ് ഫാ.ടോം ഉഴുന്നാലിൽ. യുദ്ധമില്ലാത്ത ലോകത്തിനായി പ്രാർത്ഥിക്കുന്നു എന്ന് പറഞ്ഞ അദ്ദേഹം തന്റെ മോചനത്തിന് മോചന ദ്രവ്യം നൽകിയോ എന്ന കാര്യം തനിക്കറിയില്ലെന്നും ഫാദർ പ്രതികരിച്ചു.

ഭീകരർ ഒരു തവണപോലും ഉപദ്രവിച്ചിട്ടില്ല എന്നാൽ ആരെയും കാണാൻ അനുവദിച്ചിരുന്നില്ല. ഈ കാലയളവിൽ നാല് സ്ഥലങ്ങളിലായി മാറ്റി പാർപ്പിച്ചു. തോക്കുകളുമായി പോരാടുന്നവരെ നന്മയുടെ പാതയിലേക്ക് കൊണ്ടുവരേണ്ടതുണ്ടെന്നും ഫാ കൂട്ടിച്ചേർത്തു. ഡൽഹിയിലെത്തിയ ഉഴുന്നാലിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു

യെമനിൽ ഭീകരരുടെ പിടിയിൽ നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലിൽ ഇന്ന് രാവിലെയാണ് ഇന്ത്യയിൽ എത്തിയത്. റോമിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ വ്യാഴാഴ്ച രാവിലെ 7.02ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വന്നിറങ്ങിയത്. കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ നേതൃത്വത്തിൽ എംപിമാരായ കെ.സി വേണുഗോപാൽ, ജോസ് കെ. മാണി, ഫരീദാബാദ് ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര തുടങ്ങിയവർ ചേർന്നു അദ്ദേഹത്തെ സ്വീകരിച്ചു.

രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫാ. ടോം കൂടിക്കാഴ്ച നടത്തി. മന്ത്രി കണ്ണന്താനം, ആർച്ച് ബിഷപ് മാർ ഭരണികുളങ്ങര എന്നിവരും സലേഷ്യൻ സഭയുടെ ബംഗളൂരു, ഡൽഹി പ്രൊവിൻഷ്യൽമാരും ഫാ. ടോമിനൊപ്പമുണ്ടായിരുന്നു. 11.30ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ജാംബതിസ്ത ദിക്വാത്രോയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. സിബിസിഐ സെന്ററിൽ 4.30ന് പത്രസമ്മേളനം. 6.30ന് സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ ദിവ്യബലി. രാത്രിയിൽ ഓഖ്ല ഡോൺബോസ്‌കോ ഭവനിലേക്കു മടങ്ങും.

വെള്ളിയാഴ്ച ബംഗളൂരുവിൽ എത്തുന്ന ഫാ. ടോം സെന്റ് ജോൺസ് മെഡിക്കൽ കോളജിൽ കർദിനാൾമാരുമായും സിബിസിഐ നേതൃത്വവുമായും കൂടിക്കാഴ്ച നടത്തും. ഒക്ടോബർ ഒന്നിനു കൊച്ചി വഴി പാലാ, രാമപുരത്തെ വീട്ടിലെത്തും. മൂന്നിനു തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ സന്ദർശിക്കും.