തിരുവനന്തപുരം: തനിക്കെതിരെ എഡിജിപി ശ്രീലേഖ ഫെയ്‌സ് ബുക്കിലൂടെ ഉയർത്തിയ ആരോപണങ്ങളിൽ അന്വേഷണം വേണമെന്ന് ചീഫ് സെക്രട്ടറിയോട് എഡിജിപി ടോമിൻ തച്ചങ്കരി ആവശ്യപ്പെടും. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രതികരണങ്ങൾ നടത്തുന്നതിന് പൊലീസ് ഉദ്യോഗസ്ഥർക്ക് വിലക്കുണ്ട്. ഡിജിപി സെൻകുമാറിന്റെ സർക്കുലറിന് വിരുദ്ധമായുള്ള ശ്രീലേഖയുടെ നടപടി പൊലീസ് സേനയ്ക്ക് ചേർന്നതല്ലെന്നും ചീഫ് സെക്രട്ടറിക്ക് നൽകുന്ന പരാതിയിൽ തച്ചങ്കരി ആവശ്യപ്പെടും. വ്യക്തമായ അന്വേഷണം നടത്തി താൻ കുറ്റകാരനാണെങ്കിൽ നടപടിയെടുക്കണം. അല്ലെങ്കിൽ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ തന്നെ അപമാനിച്ച ശ്രീലേഖയ്ക്ക് എതിരെ നടപടിയെടുക്കണമെന്നാണ് ടോമിൻ തച്ചങ്കരിയുടെ ആവശ്യം. ഇത് അംഗീകരിക്കേണ്ട സാഹചര്യം ചീഫ് സെക്രട്ടറിക്കുമുണ്ട്.

ഡിജിപി സെൻകുമാറിന്റെ സർക്കുലർ ഏറെ നിർണ്ണായകമാണ്. കോടതി പരിഗണനയിലിരിക്കുന്ന വിഷയങ്ങളെക്കുറിച്ചുള്ള വിമർശനങ്ങളോ, ചർച്ചകളോ, കമന്റുകളോ സ്വകാര്യ അക്കൗണ്ടുകളിൽ പ്രസിദ്ധപ്പെടുത്തുവാൻ പാടുള്ളതല്ല. സ്ത്രീകളെയോ, ഉദ്യോഗസ്ഥരെയോ, മറ്റു വ്യക്തികളെയോ,ഏതെങ്കിലും മതസാമുദായിക വിഭാഗങ്ങളെയോ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ പ്രസിദ്ധീകരിക്കുവാനോ, അത്തരത്തിൽ പ്രസിദ്ധീകരിച്ച മറ്റാരുടെയെങ്കിലും പോസ്റ്റുകൾ അയച്ചു കൊടുക്കുവാനോ, ഷെയർ ചെയ്യുവാനോ, കമന്റ് ചെയ്യുവാനോ, ലൈക്ക് ചെയ്യുവാനോ പാടില്ലെന്ന് വിശദീകരിക്കുന്നു. ഇതെല്ലാം ലംഘിച്ചാണ് ശ്രീലേഖ തനിക്കെതിരെ ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടതെന്നാണ് തച്ചങ്കരിയുടെ വിലയിരുത്തൽ. ഇതാണ് ചീഫ് സെക്രട്ടറിയേയും അറിയിക്കുന്നത്.

കൃത്യമായ അന്വേഷണം വേണം. ഇതിനൊപ്പം ഡിജിപിയുടെ സർക്കുലർ ലംഘിച്ചതും പരിഗണിക്കണം. . ടോമിൻ തച്ചങ്കരിയിൽ നിന്നുമുള്ള നിരന്തര മാനസികപീഡനം കാരണം താൻ രോഗിയായി മാറിയെന്നും ഇനിയും ഇത് സഹിക്കാൻ സാധിക്കില്ലെന്നും ശ്രീലേഖ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇവരുടെ ആരോഗ്യ സ്ഥിതി പ്രത്യേക മെഡിക്കൽ ബോർഡിനെ കൊണ്ട് പരിശോധിപ്പിക്കണം. സ്ഥിരം രോഗിയായവരെ പൊലീസ് സർവ്വീസിൽ നിന്ന് വിടുതൽ ചെയ്യണമെന്നാണ് നിയമം. ഈ സാഹചര്യത്തിൽ ശ്രീലേഖ തന്നെ നിത്യ രോഗിയാണെന്ന് പറയുന്നതിനെ ഗൗരവത്തോടെ കാണണമെന്നാണ് ടോമിൻ തച്ചങ്കേരിയുടെ ആവശ്യം.

ഡിജിപിയുടെ സർക്കുലറിന് വിരുദ്ധമാണ് ശ്രീലേഖയുടെ പോസ്റ്റ്. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതാണ്. 1987 മുതൽ താൻ അവരെ വേട്ടയാടുന്നുവെന്ന് പറയുന്നു. ഇതിന് മുമ്പ് ഏതെങ്കിലും മേൽ ഉദ്യോഗസ്ഥനെതിരെ തനിക്കെതിരെ അവർ പരാതികൊടുത്തിട്ടുണ്ടോ? അങ്ങനെ ചെയ്തിട്ടില്ലാത്ത സാഹച്യമുണ്ടെങ്കിൽ ഏറെ അപകീർത്തികരമാണ് തനിക്കെതിരായ പോസ്റ്റ്. ഇതിനെ വേണ്ട ഗൗരവത്തോടെ കാണണമെന്നാണ് ചീഫ് സെക്രട്ടറിയോട് തച്ചങ്കരിയുടെ ആവശ്യം. വ്യക്തമായ അന്വേഷണം വേണം വേണമെന്നും പറയുന്നു. പൊലീസിൽ നിന്ന് ഡെപ്യൂട്ടേഷനിൽ മോട്ടോർ വാഹന വകുപ്പ് കമ്മീഷണറാണ് ടോമൻ തച്ചങ്കരി. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിക്ക് പരാതി നൽകുന്നത്. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ വിഴുപ്പലക്കൽ സർക്കാരിനും തലവേദനയാണ്.

ഡിജിപിയുടെ സർക്കുലറിനെ വിമർശിച്ച് പോസ്റ്റിട്ട പത്തനംതിട്ടയിലെ രാജേഷ് കുമാർ എന്ന പൊലീസുകാരനെതിരെ ഡിജിപി സെൻകുമാർ നടപടിയെടുത്തിരുന്നു. രജേഷിനെ സർവ്വീസിൽ നിന്ന് സസ്‌പെന്റ് ചെയ്യുകയും ചെയ്തു. എന്നാൽ എഡിജിപി ശ്രീലേഖയുടെ പോസ്റ്റ് അച്ചടക്ക ലംഘനമാണെന്ന് വിലയിരുത്തലുണ്ടായിട്ടും നടപടികളൊന്നും ആരും എടുക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ചില വിമർശനങ്ങൾ പൊലീസിനുള്ളിലും സജീവമാണ്. പാവപ്പെട്ട പൊലീസുകാർക്ക് ഒരു നിയമം, മുതിർന്ന ഉദ്യോഗസ്ഥർക്ക് മറ്റൊന്ന് എന്നത് ശരിയല്ലെന്നാണ് പൊലീസിൽ പൊതുവേ ഉയരുന്ന അഭിപ്രായം.

തനിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താനുള്ള വിജിലൻസ് കോടതി വിധിക്ക് പിറകിൽ കളിച്ചത് ടോമിൻ തച്ചങ്കരിയാണെന്ന് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ശ്രീലേഖ ആരോപിച്ചിരുന്നു. സ്‌കൂൾ ബസുകളിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻ ട്രാൻസ്‌പോർട്ട് കമ്മീഷണറായിരുന്ന ശ്രീലേഖ ഐ.പി.എസിനെതിരെ കേസെടുക്കാൻ തൃശ്ശർ വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. ഋഷിരാജ്‌സിങ് ഐപിഎസ് ട്രാൻസ്‌പോർട്ട് കമ്മീഷണറായിരുന്ന സമയത്താണ് ഇതു സംബന്ധിച്ച പരാതി ഉയർന്നതെന്നും, വിഷയവുമായി നേരിട്ട് ബന്ധമില്ലാതിരുന്ന തന്നെ പരാതിക്കാർക്കൊപ്പം ഗൂഢാലോചന നടത്തി തച്ചങ്കരിയാണ് കേസിൽപ്പെടുത്തിയതെന്നും ശ്രീലേഖ ഐപിഎസ് ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

1987ലെ ഐ.പി.എസ് ട്രയിനിങ് സമയം മുതൽ തച്ചങ്കരി തന്നെ വേട്ടയാടുകായാണെന്നും, എന്ത് പരാതി ലഭിച്ചാലും അന്വേഷണത്തിന് ഉത്തരവിടുന്ന ജഡ്ജിയാണ് വിജിലൻസ് കോടതിയിൽ എന്ന് മനസിലാക്കിയാണ് തച്ചങ്കരി ഗൂഢാലോചന നടത്തിയത്, ഇതിനായി കോടതി നിർദേശപ്രകാരം വിജിലൻസ് ഡിവൈഎസ്‌പി നൽകിയ രഹസ്യറിപ്പോർട്ട് പരാതിക്കാരന് ചോർത്തി നൽകി. തനിക്ക് ലഭിക്കേണ്ട പ്രമോഷനും മറ്റു സ്ഥാനമാനങ്ങലും ഇല്ലാതാക്കുകയാണ് ഇതിലൂടെ തച്ചങ്കരി ലക്ഷ്യം വച്ചത്. ടോമിൻ തച്ചങ്കരിയിൽ നിന്നുമുള്ള നിരന്തര മാനസികപീഡനം കാരണം താൻ രോഗിയായി മാറിയെന്നും ഇനിയും ഇത് സഹിക്കാൻ സാധിക്കില്ലെന്നും ശ്രീലേഖ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു.