തിരുവനന്തപുരം: ഒന്നരക്കൊല്ലം കൊണ്ട് കെഎസ്ആർടിസിയെ ലാഭത്തിലാക്കുമെന്ന് പ്രതിജ്ഞയെടുത്ത് ചുമതല ഏറ്റ ടോമിൻ ജെ തച്ചങ്കരിയുടെ പ്രതീക്ഷ മുഴുവൻ മണ്ഡല മകരവിളക്ക് സീസണിൽ ആയിരുന്നു. യൂണിയൻകാരോടും മന്ത്രിയോടും ഗതാഗത സെക്രട്ടറിയോടും പോലും ഗുസ്തി പിടിച്ച് തച്ചങ്കരി മുൻപോട്ട് പോയത് മുഴുവൻ ശബരിമലയിൽ നിന്നും ഒഴുകിയെത്തുന്ന അധിക വരുമാനം സ്വപ്നം കണ്ടായിരുന്നു. എന്നാൽ ശബരിമലയിലെ അപ്രതീക്ഷിതമായ സംഘർഷങ്ങളും നിയന്ത്രണങ്ങളും കെഎസ്ആർടിസിയെ കുത്തുപാള എടുപ്പിച്ചിരിക്കുകയാണ്. മാസങ്ങൾ നീണ്ടു നിന്ന തയ്യാറെടുപ്പുകൾ എല്ലാം വെറുതെയാക്കിക്കൊണ്ട് സാധാരണ ദിവസങ്ങളിൽ ഉള്ള കളക്ഷൻ പോലും ഇല്ലാതെ കെഎസ്ആർടിസി വലയുകയാണ്. ഏറ്റവും വലിയ സ്പനം തകർന്നടിഞ്ഞതിന്റെ നിരാശ അറിയാതെ ഒന്നു പുറത്തു പറഞ്ഞപ്പോൾ മുഖ്യമന്ത്രിയുടെ ശാസന കൂടി ആയതോടെ തച്ചങ്കരി എല്ലാം നഷ്ടപ്പെട്ടവനെ പോലെ നിരാശയിലാണ് എന്നാണ് റിപ്പോർട്ടുകൾ.

കെ എസ് ആർ ടി സി ബസുകൾക്ക് നിലയ്ക്കലിൽ പൊലീസിന്റെ നിയന്ത്രണമുണ്ട്. മിനിറ്റിൽ ഒരു ബസ് വിടാനായിരുന്നു തച്ചങ്കരിയുടെ പദ്ധതി. അങ്ങനെ 24 മണിക്കൂറും ബസ് സർവ്വീസ്. ഇപ്പോൾ രാത്രിയിൽ സർവ്വീസിന് പൊലീസ് അനുമതിയില്ല. ഇതിനൊപ്പം പമ്പയിലും നിയന്ത്രണങ്ങൾ, സന്നിധാനത്തെ 144 കൂടിയായപ്പോൾ ഭക്തരിൽ ആശങ്കയും സജീവമായി. സന്നിധാനത്ത് ശരണം വിളി പ്രതിഷേധങ്ങളും അറസ്റ്റും നടക്കുന്നു. കൂട്ടം കൂടി സന്നിധാനത്തേക്ക് ശരണം വിളിച്ച് പോകാനും കഴിയില്ല. ഈ സാഹചര്യമെല്ലാം സന്നിധാനത്തേക്കുള്ള ആളിന്റെ വരവ് കുറച്ചു. ഇതോടെ നിലയ്ക്കലിൽ നിന്നും പമ്പയിലേക്കുള്ള ആളുകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു. കെ എസ് ആർ ടി സിയിൽ കയറാൻ പോലും ആളില്ലാത്ത അവസ്ഥയായി. നെടുമ്പാശ്ശേരിയിൽ നിന്നും ചെങ്ങന്നൂരിൽ നിന്നുമുള്ള ടൂർ പാക്കേജും പൊളിഞ്ഞു. ഇതെല്ലാം വേദനയോടെ തന്നെ തച്ചങ്കരി മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. ഇത് മുഖ്യമന്ത്രി പിണറായി വിജയനും അതൃപ്തിയുണ്ടായെന്നാണ് സൂചന.

ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താ സമ്മേളനത്തിൽ തച്ചങ്കരിയും കെ എസ് ആർ ടി സിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാൻ പോലും മുഖ്യമന്ത്രി തയ്യാറായില്ല. പകരം കെ എസ് ആർ ടി സിയോടുള്ള അതൃപ്തി അറിയിക്കുകയും ചെയ്തു. മറ്റ് എല്ലാ എല്ലാ വാഹനങ്ങളെയും നിലയ്ക്കലിൽ തടഞ്ഞ കൂർമ ബുദ്ധി പ്രതീക്ഷിച്ചത് കുത്തകനേട്ടമായിരുന്നു. ഇതിലേക്ക് പൊലീസിനെ എത്തിച്ചത് തച്ചങ്കരിയുടെ ഇടപെടലായിരുന്നു. ഡിജിപിയെന്ന നിലയിൽ നടത്തിയ നീക്കം. ബസിൽ വന്നാലും ട്രെയിനിൽ വന്നാലും കാറിൽ എത്തിയാലും കെഎസ്ആർടിസി ശരണമെന്ന അവസ്ഥയിലേക്ക് തച്ചങ്കരി കാര്യങ്ങളെത്തിച്ചു. ഭക്തരുടെ ഒഴുക്കു പ്രതീക്ഷിച്ച് കൃത്യമായ മുന്നൊരുക്കവും നടത്തി. ജീവനക്കാരെ കൂട്ടത്തോടെ നിലയ്ക്കലിൽ എത്തിച്ചു. എല്ലാത്തിനും നേതൃത്വം കൊടുക്കാൻ എംഡി നിലയ്ക്കലിലും എത്തി. ആദ്യമായാണ് ഇത്തരത്തിൽ എംഡി നിലയ്ക്കലിൽ ക്യാമ്പ് ചെയ്യുന്നത്. അങ്ങനെ ജീവനക്കാർക്ക് ഒപ്പം നിന്ന് കെ എസ് ആർ ടി സിയെ രക്ഷിച്ചെടുക്കാനായിരുന്നു പദ്ധതി. സംഘർഷങ്ങൾ കാരണം ആളുകളെത്താതായപ്പോൾ ഈ സ്വപ്‌നം പൊലിഞ്ഞു.

നിലയ്ക്കൽ ബേസ് ക്യാമ്പാക്കിയിട്ടും ജീവനക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിരുന്നില്ല. ഇക്കാര്യം തച്ചങ്കരി സർക്കാരിനോടും ദേവസ്വം ബോർഡിനോടും പലകുറി ചൂണ്ടിക്കാട്ടിയിട്ടും ഫലമുണ്ടായില്ല. ഇന്നലെ നിലയ്ക്കലിലെത്തിയ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനു മുന്നിലും ജീവനക്കാർ ആവലാതികളുടെ കെട്ടഴിച്ചു. ഇതും സർക്കാരിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. പൊലീസ് നിയന്ത്രണങ്ങൾ കെ.എസ്.ആർ.ടി.സിയെ ബാധിച്ചെന്നു പലവട്ടം പരാതിപ്പെട്ട തച്ചങ്കരി, കെ.എസ്.ആർ.ടി.സിക്ക് മേലുള്ള പൊലീസ് നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് കത്ത് നൽകിയിട്ടും നടപടിയുണ്ടായില്ല. ഇങ്ങനെ സർക്കാരിനോട് ആലോചിക്കാതെ കത്ത് നൽകിയതും മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചിട്ടുണ്ട്. അങ്ങനെ മുഖ്യമന്ത്രിയുടെ അതൃപ്തിയും കെ എസ് ആർ ടി സിക്ക് വരുമാന നഷ്ടവുമാണ് ഉണ്ടാകുന്നത്. ഇത് തച്ചങ്കരിക്ക് വലിയ തിരിച്ചടിയാണ്. എല്ലാം കൃത്യമായി ചെയ്തിട്ടും ഇങ്ങനെ സംഭവിച്ചത് തച്ചങ്കരിയെ വിഷമിപ്പിക്കുന്നുണ്ട്.

എന്നും പിണറായിയുടെ വിശ്വസ്തനായിരുന്നു തച്ചങ്കരി. ടിപി സെൻകുമാർ കോടതി വിധിയുമായി പൊലീസ് മേധാവിയായപ്പോൾ കാര്യങ്ങൾ നിയന്ത്രിക്കാൻ പിണറായി പുറത്തെടുത്ത വജ്രായുധം. തന്നെ ഏൽപ്പിച്ച ജോലി ഭംഗിയായി തന്നെ തച്ചങ്കരി നിർവ്വഹിച്ചു. ഫയർ ഫോഴ്‌സ് മേധാവിയും ഡിജിപിയും ആയപ്പോൾ കൂടുതൽ കാര്യക്ഷ്മതയോടെ കാര്യങ്ങൾ നോക്കി നടത്തി. ഇതോടെ കെ എസ് ആർ ടി സിയെ നന്നാക്കിയെടുക്കേണ്ട ഉത്തരവാദിത്തം പിണറായി നേരിട്ട് തച്ചങ്കരിയെ ഏൽപ്പിച്ചു. ഏവരേയും ഞെട്ടിക്കുന്ന തീരുമാനത്തിലൂടെ ജീവനക്കാർക്കിടയിൽ താരമായി തച്ചങ്കരി മാറി. ഇതിനെ ഗതാഗത സെക്രട്ടറി ജ്യോതിലാൽ പോലും തകർക്കാൻ ശ്രമിച്ചു. കൃത്യമായി ശമ്പളം നൽകുന്നത് പോലും അട്ടിമറിക്കാൻ നീക്കം നടത്തി. യൂണിയൻകാരെ കൂട്ടുപിടിച്ച് നടത്തിയ നീക്കമെല്ലാം കരുതലോടെ തന്നെ തച്ചങ്കരി പൊളിച്ചു. ഇതോടെ കെ എസ് ആർ ടി സി പൂർണ്ണമായും തച്ചങ്കരിയുടെ കൈപ്പിടിയിൽ ഒതുങ്ങി. ശബരിമല സീസണിലെ നേട്ടത്തിലൂടെ എല്ലാം അനുകൂലമാക്കാമെന്ന വിലയിരുത്തലുമെത്തി. ഇതാണ് പൊളിയുന്നത്. പണം വാരാൻ പമ്പയ്ക്ക് പോയ കെ എസ് ആർ ടി സി പാപ്പരായി എന്നതാണ് വസ്തുത.

എല്ലാ വാഹനങ്ങളെയും നിലയ്ക്കലിൽ തടഞ്ഞ കൂർമ ബുദ്ധി പ്രതീക്ഷിച്ചത് കുത്തകനേട്ടം

പൊലീസ് നിയന്ത്രണം കെഎസ്ആർടിസിക്കും വിനയായി. ഇതോടെ നിലയ്ക്കലിൽ നിന്നു പമ്പയിലേക്ക് സർവീസ് നടത്താനുള്ള അവകാശം ലഭിച്ചതോടെ പണം വാരി സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നു തത്കാലം രക്ഷപ്പെടാമെന്ന തച്ചങ്കരിയുടെ മോഹവും തകർന്നു. 350 ബസുകളുമായി കെ.എസ്.ആർ.ടി.സി നിലയ്ക്കലിലേക്കു വച്ചുപിടിച്ചത്.

അതിനു പുറമെ മറ്റെല്ലാ പ്രധാന ഡിപ്പോകളിൽ നിന്നും പമ്പയിലേക്ക് പതിവുപോലെ സ്പെഷ്യൽ സർവീസു നടത്തി. ശബരിമലയിലേക്ക് മാത്രം ചാർജും ഉയർത്തി. എന്നാൽ ശബരിമല വിവാദവും പൊലീസ് നിയന്ത്രണവും സംഘർഷാവസ്ഥയും കാര്യങ്ങൾ വഷളാക്കി. കളക്ഷൻ കൂടിയില്ല എന്നു മാത്രമല്ല ഉള്ള കളക്ഷൻ കുറയുകയും ചെയ്തു. സ്പെഷ്യൽ സർവീസിനായി നിയോഗിച്ച 50 ബസുകളെ കെ.എസ്.ആർ.ടി.സി പിൻവലിച്ചിരിക്കുകയാണ്.

പ്രതിദിന കളക്ഷൻ എട്ടു കോടി രൂപയിൽ എത്തിക്കുക ലക്ഷ്യമിട്ട് 30 ശതമാനം നിരക്ക് വർദ്ധിപ്പിച്ചാണ് കെ.എസ്.ആർ.ടി.സി ശബരിമല സ്പെഷ്യൽ സർവീസുകൾ തുടങ്ങിയത്. എന്നാൽ കിട്ടിയത് ശരാശരി അഞ്ച് കോടി രൂപ. അവധി ദിവസം കഴിഞ്ഞുവരുന്നതായതിനാൽ തിങ്കളാഴ്ചയാണ് ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കുന്നത്. എന്നാൽ 19ന് ലഭിച്ച കളക്ഷൻ 6.3 കോടി രൂപ. ഇതിനു മുമ്പുള്ള തിങ്കളാഴ്ച (12ന്) 7.24 കോടി രൂപയാണ് ലഭിച്ചത്.

കഴിഞ്ഞ മാസം 22ന് 7.95 കോടി രൂപയായിരുന്നു കളക്ഷൻ. അതായത് തുലാമാസ പൂജ സമയത്തുള്ളത് മാത്രമേ മണ്ഡലകാലത്ത് കിട്ടുന്നുള്ളൂ. പ്രളയാനന്തരം നടത്തിയ ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായാണ് തുലാം മാസ പൂജ മുതൽ നിലയ്ക്കൽ- പമ്പ സർവീസ് കെ.എസ്.ആർ.ടി.സിക്കു മാത്രമായി നിജപ്പെടുത്തിയത്.

ബസിൽ വന്നാലും ട്രെയിനിൽ വന്നാലും കാറിൽ എത്തിയാലും കെഎസ്ആർടിസി ശരണം

സ്വകാര്യവാഹനങ്ങളെല്ലാം നിലയ്ക്കലിൽ പാർക്ക് ചെയ്തശേഷം അവിടെ നിന്നു കെ.എസ്.ആർ.ടി.സി ബസിൽ കയറി യാത്ര ചെയ്യണം. മാസപൂജാ ദിവസങ്ങളിൽ ഉണ്ടായ നേട്ടം സീസണാകുമ്പോൾ ഏറെ വർദ്ധിക്കും എന്ന വിചാരത്തിലാണ് വിപുലമായ സൗകര്യങ്ങളൊരുക്കി പുത്തൻ ഇലക്ട്രിക് ബസുകളുൾപ്പെടെ നിലയ്ക്കലിൽ എത്തിച്ചത്.

എന്നാൽ സന്നിധാനത്തേക്കു പോകുന്നതിന് പൊലീസ് ഏർപ്പെടുത്തിയ കഠിന നിയന്ത്രണങ്ങൾ കാരണം തീർത്ഥാടകരുടെ വരവിൽ വൻകുറവുണ്ടായി. മറ്റ് ഡിപ്പോകളിൽ സർവീസ് നടത്തിയിരുന്ന ബസുകൾ ഉൾപ്പെടെയാണ് സ്പെഷ്യൽ സർവീസിന് ഉപയോഗിച്ചത്. ഇതു കാരണം അവിടങ്ങളിലെ പ്രതിദിന വരുമാനം കുറഞ്ഞുവെന്നു മാത്രമല്ല യാത്രാക്ലേശം കൂടുകയും ചെയ്തു. അവിടേയും തച്ചങ്കരിയുടെ തന്ത്രം തിരിച്ചടിയായി.

ഓൺലൈൻ ബുക്കിങ്ങ് വഴി പമ്പയിലേക്കു ടിക്കറ്റ് എടുത്ത ഒരു ലക്ഷത്തോളം തീർത്ഥാടകരെയും ഗതാഗത നിയന്ത്രണം പ്രതിസന്ധിയിലാക്കി. ടിക്കറ്റിന് 48 മണിക്കൂർ മാത്രം സാധുതയെന്ന നിർദ്ദേശം വന്നതോടെ ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള തീർത്ഥാടകർ കൂട്ടമായി റിസർവേഷൻ റദ്ദാക്കിയതും പ്രതിസന്ധി രൂക്ഷമാക്കി.

പമ്പയിലും നിലയ്ക്കലും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ ഡ്യൂട്ടി ബഹിഷ്‌കരണത്തിലേയ്ക്കു നീങ്ങുകയാണു ജീവനക്കാർ.