തിരുവനന്തപുരം: കടംകയറി മുടിഞ്ഞ കെഎസ്ആർടിസിയെ രക്ഷിക്കാൻ സർക്കാർ നിയോഗിച്ചു ഉദ്യോഗസ്ഥനാണ് ടോമിൻ തച്ചങ്കരി. എന്നാൽ, അദ്ദേഹം മുൻകൈയെടുത്ത് നടത്തുന്ന പരിഷ്‌ക്കാരങ്ങൾക്കെല്ലാം തുരങ്കം വെക്കുന്നത് ഭരണപാർട്ടിയായ സിപിഎമ്മിന്റെ കീഴിലുള്ള കോർപ്പറേഷനിലെ തൊഴിലാളി സംഘടനയാണ്. ഇതു കൂടാതെ മറ്റ് രാഷ്ട്രീയ പാർട്ടിക്കാരുടെ സംഘടനയും തച്ചങ്കരിക്കെതിരെ നിലപാട് കൈക്കൊണ്ടിട്ടുണ്ട്. ജീവനക്കാരുടെ കുറവു പരിഹരിക്കാൻ വേണ്ടി പൊതുസ്ഥലംമാറ്റം ഏർപ്പെടുത്തിയത് അടക്കമുള്ള കാര്യങ്ങളാണ് ഈ യൂണിയൻകാരെ ചൊടിപ്പിച്ചിരിക്കുന്നത്. ഇല്ലാത്ത അവകാശം പറഞ്ഞ് യൂണിയനുകൾ നടത്തുന്ന ശ്രമത്തിന് ശക്തമായി തടയിടാൻ തന്നെയാണ്് തച്ചങ്കരിയുടെ തീരുമാനം.

ഇതിന്റെ ഭാഗമായി കെഎസ്ആർടിസി കോമ്പൗണ്ടിനകത്ത് പ്രകടനം, ധർണ, യോഗങ്ങൾ എന്നിവ ഒഴിവാക്കണമെന്ന കർശന നിർദ്ദേശവും തച്ചങ്കരി കഴിഞ്ഞദിവസം പുറപ്പെടുവിച്ചു. ഇതോടെ യൂണിയൻ നേതാക്കൾ തച്ചങ്കരിയുമായി കൊമ്പുകോർക്കാൻ തന്നെ ഇറങ്ങി പുറപ്പെട്ടു. എന്നാൽ ഇതിനെ ഒന്നു വകവെക്കാതെ തച്ചങ്കരി അവരുടെ മടയിൽ കയറി തന്നെ വെല്ലുവിളി നടത്തി. കെഎസ്ആർടിസി യൂണിയൻകാരുടെ കുടുംബ സ്വത്തല്ലെന്നും ഇവരുടെ ഭീഷണിക്കു വഴങ്ങി വരിസംഖ്യ കൊടുക്കരുതെന്നും പറഞ്ഞു കൊണ്ടാണ് തച്ചങ്കരി ആലപ്പുഴയിൽ ഇന്നലെ പ്രസംഗിച്ചത്.

യൂണിയൻ പ്രവർത്തനം ശക്തമായ ആലപ്പുഴയിൽ ഡിപ്പോ സന്ദർശിക്കുന്ന വേളയിൽ അദ്ദേഹത്തിനെതിരെ പ്രതിഷേധം ഉയർത്താൻ വരെ തയ്യാറെടുത്തു കൊണ്ടാണ് തൊഴിലാളി യൂണിയനുകാർ ഒരുമിച്ചത്. എന്നാൽ, ഇതൊന്നും വകവെക്കാതെ ആലപ്പുഴയിൽ എത്തി യോഗം വിളിച്ച അദ്ദേഹം യൂണിയൻ പ്രവർത്തകർക്ക് ശക്തമായ താക്കീതാണ് നൽകിയത്. യൂണിയനുകളുടെ വിലക്ക് മറികടന്നും കൂടുതൽ തൊഴിലാളികൾ സിഎംഡിയുടെ യോഗത്തിന് എത്തിയപ്പോൾ അവർക്ക് മുമ്പിൽ തന്റെ സ്വപ്‌നങ്ങളും പ്രതീക്ഷകളും തച്ചങ്കരി പങ്കുവെച്ചു. കോർപ്പറേഷന്റെ നന്മയ്ക്ക് വേണ്ടിയാണ് തന്റെ ഇടപെടലെന്ന് പറയാൻ അദ്ദേഹം മടിച്ചില്ല. കെഎസ്ആർടിഇഎ (സിഐടിയു) നേതാക്കൾക്കെതിരെ രൂക്ഷമായി തന്നെയാണ് അദ്ദേഹം പ്രസംഗിച്ചത്.

യൂണിയൻകാരുടെ ഭീഷണിക്ക് വഴങ്ങരുതെന്ന സന്ദേശം നൽകാനാണ് തച്ചങ്കരി പ്രധാനമായും ശ്രമിച്ചത്. അംഗങ്ങളുടെ പേരുപറഞ്ഞുള്ള വിരട്ടൽ വെറുതേയാണെന്നും അദ്ദേഹം പറഞ്ഞു. അവരുടെ ഓലപ്പാമ്പ് കണ്ട് പേടിക്കണ്ടകാര്യമില്ല. ഞങ്ങളുണ്ട് കൂടെ. അവര് 500 പേരെയുള്ളൂ. ഞങ്ങൾ 45000 പേരുണ്ടെന്ന് തച്ചങ്കരി പറഞ്ഞു. കൊച്ചിൻ ഹനീഫയുടെ കോമഡി പോലാണ് യൂണിയൻ കാർ ചെയ്യുന്നതെന്ന് പറഞ്ഞ് പരിഹസിക്കാനും അദ്ദേഹം മറന്നില്ല. തന്റെ കൂടെജീവനക്കാർ നൽക്കണം. അങ്ങനെയാണെങ്കിൽ ഇതുപോലുള്ള അവസ്ഥ ഇനി വരില്ല. പഴയകാല മുദ്രാവാക്യങ്ങൾ കേട്ട് മടുത്തില്ലേ. എന്തൊക്കെ വാഗ്ദാനങ്ങൾ നൽകി. പുതിയ ഓർഡർ അറബിക്കടലിൽ കളയുമെന്നാണ് പറഞ്ഞത്.

അഞ്ചാംക്ലാസിൽ പഠിച്ചപ്പൊ കേട്ട കാര്യങ്ങളാണ്. ഇത് നമ്മുടെ ശമ്പളത്തിന്റെ പ്രശ്നമാണ്. അതിന് ഒരുമച്ച് നിന്ന് ദുഷ്പേര് മാറ്റാൻ ശ്രമിക്കണം. സിഎംഡിക്കെതിരേ ചീത്തവിളിയാണോ പ്രധാനം. ഇന്ന് എനിക്കെതിരേ ഇവർ പോയാൽ ജനങ്ങളും നിങ്ങളും എനിക്കെതിരേ പോവില്ല. സിന്ദാബാദിന്റെ പിന്നാലെ പോകരുത്. ഞാനതിന്റെ പിറകേ പോയാൽ വികസനം മുടങ്ങും. ഒത്തിരിയൊത്തിരി തീരുമാനമെടുക്കും. മാറ്റേണ്ടവരെ മാറ്റും. മാറ്റാൻ തുനിയുമ്പോശൾ സംഘടനകളുമായി ചോദിക്കട്ടേ എന്നാണ് പറയുന്നത്. അതെങ്ങനെ നടക്കും കേരളത്തിലെവിടെയുമില്ല ഇങ്ങനത്തെ പരിപാടി. എഗ്രിമെന്റ് തെറ്റാണേൽ മാറ്റും. - തച്ചങ്കരി വ്യക്താക്കി.

കെഎസ്ആർടിസിയെ കുടുംബസ്വത്താക്കി വെച്ചിരിക്കയാണ് യൂണിയൻകാരെന്ന് വിമർശിക്കാനും അദ്ദേഹം മറന്നില്ല. അേവരുടെ കുടുംബസ്വത്താണ് കെഎസ്ആർടിസി എന്നാണ് കരുതുന്നത്. എന്നാൽ, അങ്ങനയെല്ല, ഇത് കേരള ഗവൺമെന്റിന്റെ സ്വത്താണ്. ഞാനാണ് സ്ഥാപനത്തിന്റെ സിഎംഡി. ഇവിടെ മാത്രമെന്താ അവർക്ക് കൊമ്പുണ്ടോ? അദ്ദേഹം ചോദിച്ചു. എല്ലായിടത്തും മാറിയില്ലേ. ഇവിടെ മാത്രമെന്താ മാറാത്തേ. ഞാൻ നിങ്ങളോട് ചെയ്ത തെറ്റെന്താണ്. ഇവിടെ കെഎസ്ആർടിസിയുടെ വരുമാനം കൂടുകയല്ലേ. ഞാൻ വന്ന ശേഷം മുന്നോട്ടല്ലേ. അവരാണോ നിങ്ങളുടെ പ്രതിനിധികൾ, അവർക്കാണോ നിങ്ങൾ വരിസംഖ്യ കൊടുക്കേണ്ടത്. - അദ്ദേഹം ചോദിച്ചു.

സ്ഥാപനത്തിൽ വിവിധ ചേരികൾ ശരിയല്ലെന്നും തച്ചങ്കരി പറഞ്ഞു. ഇവിടെ വേണ്ടത് വിഭജിച്ചു നിൽക്കലല്ല, ഒന്നിച്ചു നിൽക്കലാണ്, നമ്മളൊരുമിച്ച് നിക്കണം. ഞാൻ മാനേജ്മെന്റ് പ്രതിനിധിയാണ്. മാനേജ്മെന്റ് തെറ്റു ചെയ്താൽ നിങ്ങൾക്ക് പറയാനുള്ള അവകാശമുണ്ട്. ഉടനെ കയറിവന്ന് നമ്മുടെ യാത്രാസൗകര്യം നശിപ്പിച്ച് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് എന്തിനാണ്? അതിനു കാരണം യൂണിയൻ നേതാക്കളാണ്. എന്നാൽ, ഭയങ്കര പേടിക്കാരാണ് ഇവർ. ഇതിന് അകത്തു മാത്രമേ കളിക്കുകയൂള്ളൂ, പുറത്തേക്ക് കളിക്കില്ല. നിർത്തണം, ഇതിനൊക്കെ ഒരവസാനമുണ്ടാകണം- തച്ചങ്കരി കൂട്ടിച്ചേർത്തു.

കെഎസ്ആർടിസിയെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രതിസന്ധി നേരിടുന്ന സമയാണ്. വിഷം മേടിക്കാൻ കാശില്ല. ഇന്നലെ ഒരു യൂണിയൻ എഴുതിത്ത്ത്ത്തന്നിരിക്യാ പിഎഫ് അടയ്ക്കണം മറ്റേതടയ്ക്കണം ഇല്ലേൽ ഒന്നാംതിയതി സമരം നടത്തുമെന്ന്. എന്നാൽ ഇവരായിട്ട് ഒരു തുക കടം തരുമോ? വരിസംഖ്യേന്ന് കടം തരട്ടെ. പത്തുലക്ഷം രൂപ കടം തരട്ടെ. അല്ലേൽ സമ്പാദിച്ച് കൊണ്ടുവരട്ടെ. നടക്കാത്ത കാര്യങ്ങൾ മാനേജ്മെന്റിനോട് പറയരുത്.

എന്റെ ജീവനക്കാർ എന്റെ മക്കളാണ്. അവരുടെ ആവശ്യങ്ങൾ അവരറിയും മുന്നേ എനിക്കറിയണം. 31 ന് ശമ്പളം കൊടുക്കാൻ 15 മുതലേ കത്തെഴുതാൻ തുടങ്ങുന്നയാളാണ് ഞാൻ. 31 എന്നൊരു ദിവസമുണ്ടെങ്കിൽ ശമ്പളം കിട്ടിയിരിക്കും ഞാൻ സിഎംഡിയാണ്. ആരെങ്കിലും ഏറ്റെടുക്കാൻ തയ്യാറാണേൽ സിഎംഡിയുടെ പണി ഞാൻ വിട്ടുകൊടുക്കാം. എനിക്ക് ഇതൊരു അധിക ചുമതലയാണ്. എന്നോട് തറ രീതിയിലുള്ള ഭീഷണി വിലപ്പോവില്ല. കെഎസ്ആർടിസി ബസല്ല, വികാരമാണ്. അത് ജനങ്ങളുടെ വികാരമാണ് നമ്മുടെയൊക്കെ വികാരമാണ്. അതിനെ നശിപ്പിക്കാൻ സമ്മതിക്കില്ല.- തച്ചങ്കരി ജീവനക്കാരോടായി പറഞ്ഞു.

തച്ചങ്കരിയുടെ പ്രസംഗത്തെ കൈയടികളോടെയാണ് ജീവനക്കാർ സ്വീകരിച്ചതും. ഇത് ജീവനക്കാരിൽ നല്ലൊരു ശതമാനം പേരും സ്ഥാപനത്തിന്റെ നല്ലനിലയിലുള്ള പോക്കിനായി മുൻകൈയെടുക്കുമെന്നതിന്റെ തെളിവായി വിലയിരുത്തുന്നു. എന്നാൽ, യൂണിയൻ നേതാക്കൾ മറിഞ്ഞും തിരിഞ്ഞു അദ്ദേഹത്തിനെതിരെ പ്രത്യക്ഷത്തിൽ രംഗത്തുണ്ട് താനും. തച്ചങ്കരിയുടെ യോഗം കഴിഞ്ഞതിന് പിന്നാലെയ യൂണിയൻ നേതാക്കളും ജീവനക്കാരുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.

തച്ചങ്കരി സിഎംഡിയായ ശേഷം നടത്തുന്ന പരിഷ്‌ക്കാരങ്ങൾക്കെതിരെ തുടക്കം മുതൽ ജീവനക്കാർ പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു. യുണിയൻ നേതാക്കൾ പരാതിപറയാൻ മുഖ്യമന്ത്രിയെ കാണാൻ എത്തിയെങ്കിലും അദ്ദേഹം ജീവനക്കാർക്ക് ചെവികൊടുക്കാൻ തയ്യാറായിരുന്നില്ല. ഇത് സിഎംഡിയുടെ പ്രവർത്തനങ്ങൾക്ക് നൽകുന്ന പിന്തുണയായാണ് വിലയിരുത്തുന്നത്. തച്ചങ്കരിയുടെ പുതിയ ഉത്തരവാണ് യൂണിയൻ നേതാക്കളെ കൂടുതൽ പ്രകോപിപ്പിച്ചതെന്നാണ് പ്രചരണമെങ്കിലും യൂണിയൻ നേതാക്കളായി വിലസുന്ന പലരും തൊഴിലാളികളല്ല ഓഫീസർമാരാണെന്നും ഇത് പച്ചയായ നിയമലംഘനമാണെന്നും ഉള്ള വാർത്ത മറുനാടൻ തന്നെയാണ് പുറത്തുവിട്ടത്. ഇതാണ് പ്രകോപനത്തിന് ഇടയാക്കിയത്.

കോർപ്പറേഷനെ രക്ഷിക്കാനുള്ള നടപടികൾ പ്രതിരോധിക്കുന്നവരെ നേരിടാൻ സർക്കാരും ഒപ്പമുണ്ടെന്ന സന്ദേശം പലകുറി നൽകപ്പെട്ടതാണ്. എന്നിട്ടും എതിർപ്പുകൾ ഉയർത്തുന്നത് സർക്കാരിനേയും ചൊടിപ്പിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ എംഡിമാരും വകുപ്പുമന്ത്രിമാരും കൈക്കൊള്ളുന്ന ഓരോ തീരുമാനവും രാ്ഷ്ട്രീയ പിടിപാടുകളിലൂടെ വെട്ടിയ ചരിത്രമാണ് കോർപ്പറേഷനെ ഈ നിലയിലെത്തിച്ചത്. എന്നാൽ ഇക്കുറി അത് നടക്കില്ലെന്ന സന്ദേശം മുഖ്യമന്ത്രി ഉൾപ്പെടെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ടയർ റീട്രെഡിംഗിന്റെ കാര്യത്തിലുൾപ്പെടെ കടുത്ത നടപടികൾ സ്വീകരിച്ചതും ഏറ്റവുമൊടുവിൽ അർഹതയില്ലാതെ യൂണിയൻ നേതാക്കൾ ചമഞ്ഞ് ട്രാൻസഫർ സുരക്ഷിതത്വം നേടി വിലസുന്ന യൂണിയൻ നേതാക്കളെ പിടികൂടാൻ തീരുമാനിച്ചതുമാണ് തച്ചങ്കരിക്കെതിരെ തിരിയാൻ യൂണിയനുകളെ പ്രേരിപ്പിച്ചത്. കഴിഞ്ഞദിവസം യൂണിയൻ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി തച്ചങ്കരി ഉത്തരവും പുറപ്പെടുവിച്ചത് നേതാക്കളെ ശരിക്കും ചൊടിപ്പിച്ചത്.