മുംബൈ: അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടേ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മുംബൈ തീരത്ത് നിന്ന് 160 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന ചുഴലിക്കാറ്റ് ഇന്ന് വൈകീട്ട് ഗുജറാത്ത് തീരം തൊടും.

ഇന്ന് രാത്രി എട്ടുമണിക്കും 11 മണിക്കൂം ഇടയിൽ ഗുജറാത്തിലെ പോർബന്ദർ, മഹുവ തീരങ്ങൾക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. പരമാവധി 185 കിലോമീറ്റർ വരെ വേഗതയിൽ തീരം തൊടുന്ന പശ്ചാത്തലത്തിൽ ഗുജറാത്തിലും മഹാരാഷ്ട്രയിലും അതീവ ജാഗ്രത നിർദ്ദേശമാണ് നൽകിയത്.

മുംബൈയിൽ അതിതീവ്രമഴയാണ് പ്രവചിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. മുൻകരുതൽ നടപടിയെന്നോണം മുംബൈ ഛത്രപതി ശിവാജി മഹാരാജ് രാജ്യാന്തര വിമാനത്താവളം ഉച്ചയ്ക്ക് രണ്ടുമണി വരെ അടച്ചിടും.ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ മുംബൈയിൽ നേരിയ തോതിൽ മഴ ലഭിച്ചു തുടങ്ങിയതായാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞവർഷം ചുഴലിക്കാറ്റിലും കനത്തമഴയിലും മുംബൈയിൽ വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. അതിനാൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അതീവജാഗ്രതയിലാണ് മുംബൈ നഗരം. ദേശീയ ദുരന്തനിവാരണ സേന മുംബൈയിൽ നിലയുറപ്പിച്ചിട്ടുണ്ട്. മുംബൈയ്ക്ക് പുറമേ താനെ, പാൽഘർ, റായ്ഗഡ് മേഖലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം.

ചുഴലിക്കാറ്റ് കരയിൽ തൊടുന്ന ഗുജറാത്തിൽ വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയതായി ഗുജറാത്ത് സർക്കാർ അറിയിച്ചു. കഴിഞ്ഞദിവസം കേരളത്തിലും കർണാടകയിലും ഗോവയിലും വ്യാപകമായ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. കർണാടകയിൽ കനത്തമഴയിൽ കുറഞ്ഞത് ആറുപേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. കേരളത്തിൽ കഴിഞ്ഞദിവസങ്ങളിൽ ചെല്ലാനം ഉൾപ്പെടെ തീരപ്രദേശങ്ങളിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്.