ഇടുക്കി:കോടതി ഉത്തരവുപ്രകാരം കലക്ടറുടെ നിർദേശാനുസരണം ടി. ആർ. ആൻഡ് ടി എസ്റ്റേറ്റിലെ ഗേറ്റ് പുനഃസ്ഥാപിക്കാനെത്തിയ എ. ഡി. എം മോൻസി പി അലക്‌സാണ്ടറെ തടയുകയും കയ്യേറ്റം ചെയ്യുകയും തള്ളിയിട്ട് കാലൊടിക്കുകയും ചെയ്‌തെന്ന കേസിൽ പ്രതിയായ പീരുമേട് എംഎൽഎ ഇ എസ് ബിജിമോളെ അറസ്റ്റ് ചെയ്യാത്തതിനെ ഹൈക്കോടതി വിമർശിക്കുകയും അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കേണ്ടതാണെന്നു നിരീക്ഷിക്കുകയും ചെയ്തത് അടുത്ത നാളിലാണ്.

എംഎൽഎ ബിജിമോൾ ഉൾപ്പെട്ട കേസെന്ന നിലയിൽ സംസ്ഥാനതലത്തിൽ സംഭവത്തിന് ശ്രദ്ധ കൈവന്നെങ്കിലും ഇതിന് ആധാരമായ സമരങ്ങളും പ്രശ്‌നങ്ങളും അർഹിക്കുന്ന പ്രാധാന്യം ലഭിക്കാതെ പോകുന്നുവെന്ന ദുഃഖകരമായ സത്യം പുറംലോകം ഇപ്പോഴും അറിഞ്ഞിട്ടില്ല. നാൽപതോളം കുടുംബങ്ങളും ആയിരക്കണക്കിന് ഹൈന്ദവ വിശ്വാസികളും തങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങൾക്കുമായി എട്ടുവർഷത്തിലധികമായി പോരാടുകയാണിവിടെ. പണവും സ്വാധീനവുമുള്ള എസ്റ്റേറ്റ് ഉടമകളുടെ ധാർഷ്ട്യത്തിനും അവർക്ക് ഒത്താശ ചെയ്യുന്ന അധികാര വർഗത്തിനും മുമ്പിൽ തലകുനിക്കാതെ സമരം നടത്തുന്ന ജനങ്ങൾക്ക് മുമ്പിൽ ഇപ്പോഴും നീതിയുടെ വാതിൽ തുറന്നു കിട്ടിയിട്ടില്ല, കോടതി വിധിയുണ്ടായിട്ടുകൂടി. എങ്കിലും പോരാട്ടവീര്യം കൈവിടാതെ ശക്തമായ സമരപാതയിലാണ് മുണ്ടക്കയം തെക്കേമല വള്ളിയങ്കാവ് ഗ്രാമവാസികൾ.

12,000 ഏക്കറോളം വരുന്ന ടി. ആർ. ആൻഡ് ടി എസ്‌റ്റേറ്റിനു നടുവിലാണ് പ്രശസ്തമായ വള്ളിയങ്കാവ് ക്ഷേത്രവും വള്ളിയങ്കാവ് ഗ്രാമവും. 21.75 ഏക്കർ മാത്രം വിസ്തീർണ്ണമുള്ള വള്ളിയങ്കാവ് ഗ്രാമത്തിൽ അധിവസിക്കുന്നത് തോട്ടം തൊഴിലാളി കുടുംബങ്ങൾ ഉൾപ്പെടെ നാല്പതോളം വീട്ടുകാരാണ്. 1972, 73 കാലഘട്ടത്തിൽ പട്ടയം ലഭിച്ച ഭൂമിയിലാണ് ഇവർ താമസിക്കുന്നതെങ്കിലും പുറംലോകവുമായി ബന്ധപ്പെടണമെങ്കിൽ എസ്റ്റേറ്റ് ഉടമ കനിയണം. തോട്ടം തിരുവനന്തപുരം പ്ലാന്റേഷൻസ് വകയാണെന്നാണ് വയ്പ്. എന്നാൽ ഇത് വ്യാജരേഖ ചമച്ചുണ്ടാക്കിയ ഭൂമിയാണെന്നും സർക്കാരിന്റേതാണ് ഭൂമിയെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.

ഇക്കാര്യത്തിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയും ഐ. ജി ശ്രീജിത്തും സമർപ്പിച്ച റിപ്പോർട്ടുകളിലും ഭൂമിയുടെ ഇപ്പോഴത്തെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ വ്യാജമാണെന്നു ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എങ്കിലും ഭൂമി തിരിച്ചു പിടിക്കാനോ, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടിക്കെതിരെ തിരിയാനോ ഭരണകൂടത്തിന് കഴിയുന്നില്ല. മനുഷ്യാവകാശ കമ്മിഷനും ഹൈക്കോടതിയും ജനങ്ങൾക്കനുകൂലമായ വിധി പുറപ്പെടുവിച്ചെങ്കിലും അവ അട്ടിമറിക്കാനുള്ള ശ്രമം മാത്രമാണ് ഉദ്യോഗസ്ഥ, ഭരണ നേതൃത്വങ്ങളിൽനിന്നുണ്ടായിട്ടുള്ളത്.

6000 ഏക്കർ ഭൂമി തോട്ടമുടമകൾ അനധികൃതമായി കൈവശം വച്ചിരിക്കുന്നുവെന്നാണ് കണക്കാക്കപ്പെട്ടിരുന്നെങ്കിലും പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇത് ഇരട്ടിയോളം വരുമെന്ന് നാട്ടുകാർ പറയുന്നു. രാജഭരണകാലത്ത് ചെങ്ങന്നൂർ വന്നിപ്പുഴ മഠത്തിന്റെ വകയായിരുന്നു ഈ പ്രദേശം. ഇത് പാട്ടത്തിന് കൈമാറി. ഈ ഭൂമി 1948-ൽ സർക്കാർ ഏറ്റെടുക്കുകയും 4,16,358 രൂപ നഷ്ടപരിഹാരമായി കൈവശക്കാർക്ക് നൽകി ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ ഏറ്റെടുത്ത ഭൂമിയിലെ സർക്കാർ നിയന്ത്രണം അവിടംകൊണ്ടവസാനിച്ചു. സർക്കാർ പിന്നീട് ഇതേക്കുറിച്ച് അന്വേഷിക്കാതിരുന്നത് ജനങ്ങൾക്ക് വിനയായി. അവരുടെ ജീവിതത്തിന് കടുത്ത വെല്ലുവിളി ഉയർത്തി ഭൂമി വീണ്ടും സ്വകാര്യ ഉടമസ്ഥതയിലായി. 1964-മുതലാണ് തോട്ടത്തിന്റെ ഉടമസ്ഥാവകാശം പ്രഖ്യാപിച്ച് ഉടമകൾ രംഗത്തെത്തിയതെന്നാണ് വള്ളിയങ്കാവിലെ ഗ്രാമവാസികൾ നേതൃത്വം നൽകുന്ന ഭൂസംരക്ഷണ സമിതി ചൂണ്ടിക്കാട്ടുന്നു. ഇതേസമയം ഭൂമി 1946-മുതൽ തങ്ങളുടെ കൈവശത്തിലാണെന്നു ടി. ആർ. ആൻഡ് ടി കമ്പനിയും അവകാശപ്പെടുന്നുണ്ട്.

കമ്പനിയും വള്ളിയങ്കാവ് ഗ്രാമവാസികളും തമ്മിൽ സഞ്ചാരസ്വാതന്ത്ര്യത്തെ ചൊല്ലി തർക്കങ്ങളും പ്രശ്‌നങ്ങളും ഉയർന്നു തുടങ്ങിയത് രണ്ടുപതിറ്റാണ്ട് മുമ്പാണ്. ജനങ്ങൾ സ്വതന്ത്രമായി ഉപയോഗിച്ചിരുന്ന, വള്ളിയങ്കാവിൽ നിന്ന് തെക്കേമലയിലേക്കുള്ള ഒന്നര കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ലിത്തോമാപ്പിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ് ഓഫീസ്, ആയുർവേദ ആശുപത്രി, പള്ളി, സ്‌കൂൾ, റേഷൻകട തുടങ്ങിയ പൊതുസ്ഥാപനങ്ങളും വ്യാപാരസ്ഥാപനങ്ങളുമുള്ള തെക്കേമലയിലേക്കുള്ള ഗ്രാമവാസികളുടെ യാത്രയ്ക്ക് തടയിട്ട് എസ്റ്റേറ്റ് ഉടമകൾ വഴിയിൽ ഗേറ്റ് സ്ഥാപിച്ചു. കാൽനടയാത്രയ്ക്ക് തടസമില്ലെങ്കിലും രോഗികളെ ആശുപത്രിയിലെത്തിക്കാനും മറ്റും വാഹനങ്ങൾ എത്തുന്നതു തടഞ്ഞുകൊണ്ടാണ് ഗേറ്റ് സ്ഥാപിതമായത്.

തേയില വെട്ടിമാറ്റി റബർ നട്ടുപിടിപ്പിച്ചപ്പോൾ, വിളസംരക്ഷണത്തിനെന്ന പേരുപറഞ്ഞാണ് തേക്കേമലയിലുൾപ്പെടെ ഏഴു ഗേറ്റുകൾ വച്ചത്. ഏകദേശം നൂറുകിലോമീറ്ററോളം റോഡാണ് ഇങ്ങനെ അടച്ചിട്ടത്. ആദ്യകാലങ്ങളിൽ ഗേറ്റിന്റെ താക്കോൽ പരിസരങ്ങളിലെ കടകളിൽ ഏൽപ്പിച്ചിരുന്നു. പിന്നീട് വാച്ചറിന്റെ കയ്യിലും തുടർന്ന് മൂന്നു കിലോമീറ്റർ അകലെയുള്ള മസ്റ്റർ ഓഫീസിലേക്കും മാറ്റി. ഇതോടെ, യാത്രാസ്വാതന്ത്ര്യം തീരെ ഇല്ലാതായി. അത്യാവശ്യഘട്ടത്തിൽ ഉപയോഗിച്ചിരുന്ന വാഹനങ്ങൾക്ക് 1500 രൂപവരെ ടോളും 5000 രൂപ സെക്യൂരിറ്റിയും വാങ്ങിയാണ് വാഹനങ്ങൾ കടത്തിവിട്ടിരുന്നതെന്ന് ഭൂസംരക്ഷണ സമിതിയുടെ ജനറൽ കൺവീനർ സോമൻ വടക്കേക്കര മറുനാടൻ മലയാളിയോട് പറഞ്ഞു.

ഇക്കാലയളവിൽ ഗേറ്റ് യഥാസമയം തുറന്നുകിട്ടാത്തതിനാൽ ചികിത്സ ലഭിക്കാതെ മൂന്നു ഗ്രാമവാസികൾ മരിക്കുകയും ചെയ്തു. ഏറെ അകലെനിന്നുപോലും ഭക്തർ എത്തിയിരുന്നതും പ്രതിവർഷം ഒന്നര കോടിയോളം രൂപ നടവരുമാനം ഉണ്ടായിരുന്നതുമായ ക്ഷേത്രത്തിലേക്കുള്ള വഴിയും അടച്ചത് വലിയ കോലാഹലങ്ങളാണ് ഉണ്ടാക്കിയത്. ഇതോടെ സമരവും നിയമപോരാട്ടവുമായി. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജിലെ അദ്ധ്യാപകൻ പ്രഫ. റോണി കെ.ബേബി ചെയർമാനായി രൂപംകൊണ്ട ഭൂസംരക്ഷണ സമിതിയാണ് പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്നത്. സ്വതന്ത്രമായി ഉപയോഗിച്ചിരുന്ന റോഡ് വിട്ടുതരണമെന്നാവശ്യപ്പെട്ടു സോമൻ, ഗംഗാധരൻ, വിനു വിജയൻ, വിനോദ് എന്നിവർ ചേർന്ന് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു അനുകൂലമായ വിധി നേടിയെടുത്തു. മാനേജ്‌മെന്റ് മേൽകോടതികളിൽ അപ്പീലിനു പോയെങ്കിലും വിധികൾ ഗ്രാമവാസികൾക്ക് അനുകൂലമായിരുന്നു.

വള്ളിയങ്കാവ് - തെക്കേമല റോഡിലെ ഗേറ്റ് നീക്കം ചെയ്യാനും ടോൾ പിരിവ് നിർത്തി വയ്ക്കാനും മനുഷ്യാവകാശ കമ്മീഷൻ 2015 ജൂൺ മാസം 4ന് ഉത്തരവിട്ടു. ഒരു മാസത്തിനകം വിധി നടത്താൻ കളക്ടർക്ക് നിർദ്ദേശവും കൊടുത്തിരുന്നു. നിരവധി തവണ റവന്യു അധികൃതരുമായി ബന്ധപ്പെട്ടുവെങ്കിലും അവർ ഗേറ്റ് പൊളിച്ചുമാറ്റാതെ കമ്പനിക്ക് ഒത്താശ ചെയ്തു കൊടുക്കുകയായിരുന്നു. ഒടുവിൽ ജൂൺ 27ന് ഗേറ്റ് സ്ഥാപിക്കാമെന്നുറപ്പു നൽകിയ ആർ ടി ഒ ലീവിൽ പോയി. എംഎൽഎയുടെയും എംപിയുടെയും ശക്തമായ ഇടപെടലിനെ തുടർന്ന് ആർ ടി ഒ അവധി റദ്ദാക്കി തിരികെ വന്നു ഗേറ്റ് പൊളിച്ചുമാറ്റുവാൻ നിർബന്ധിതനായി. മനുഷ്യാവകാശകമ്മീഷൻ വിധിക്കെതിരെ ഹൈക്കോടതിയിൽ പോയ കമ്പനിയോടു ഗേറ്റ് തുറന്നിടാനും ടോൾ വാങ്ങരുതെന്നും കോടതി നിർദ്ദേശിച്ചു.

ഇതോടെ പൊളിച്ചു മാറ്റിയ ഗേറ്റ് പുനഃസ്ഥാപിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടതെന്നു പറഞ്ഞു ആർ ടി ഒ ഉടൻ രംഗത്ത് എത്തി. നാട്ടുകാർക്ക് ലഭിച്ച അനുകൂലവിധി നടപ്പിലാക്കാൻ ഒരു മാസത്തെ കാലതാമസമാണ് റവന്യൂ അധികൃതർ വരുത്തിയതെന്നതു ശ്രദ്ധേയമാണ്. ഇവിടെ നിലവിൽ ഒരു ഗേറ്റില്ലെന്നു റിപ്പോർട്ട് മാത്രം നൽകിയാൽ മതിയെന്നിരിക്കയാണ് റവന്യു അധികൃതർ തിടുക്കത്തിൽ ഗേറ്റ് പുനഃസ്ഥാപിക്കാൻ എത്തിയത്. ജനങ്ങൾ സംഘടിതരായി എതിർത്തു. ഗേറ്റ് തിരികെ കൊണ്ടു പോയ റവന്യൂ ഉദ്യോഗസ്ഥർ ജൂലൈ മൂന്നാം തീയതി വീണ്ടും ഗേറ്റുമായി എത്തമെന്നറിഞ്ഞതോടെ ജനങ്ങൾ പ്രക്ഷുബ്ധരായി. ഗേറ്റ് സ്ഥാപിച്ചാൽ ആത്മഹത്യചെയ്യുമെന്നു ഭീഷണി മുഴക്കി ആത്മഹത്യാ സ്‌ക്വാഡു വരെ രംഗത്ത് ഇറങ്ങി. ഇത്തരമൊരവസരത്തിലാണ് എംഎൽഎ ബിജിമോൾ സ്ഥലത്തെത്തിയതും പ്രശ്‌നങ്ങൾ സംഘർഷത്തിൽ കലാശിച്ചതും.

തെക്കേമല ഗേറ്റ് അടച്ചിട്ട്, പകരം മണിക്കല്ല് വഴിയുള്ള ഗേറ്റ് തുറന്നിട്ട് പ്രശ്‌നപരിഹാരമുണ്ടാക്കാൻ തോട്ടം ഉടമകൾ ശ്രമിക്കുകയാണെന്നാണ് ഏറ്റവും ഒടുവിൽ ഉയരുന്ന ആരോപണം. അങ്ങനെ സംഭവിച്ചാൽ തെക്കേമലയിലും താലൂക്ക് ആസ്ഥാനമായ പീരുമേട്ടിലുമെത്താൻ 20-ഓളം കിലോമീറ്റർ ജനങ്ങൾ അധികമായി സഞ്ചരിക്കേണ്ടിവരും. മനുഷ്യാവകാശ കമ്മിഷനെ ഗ്രാമവാസികൾ സമീപിച്ചപ്പോൾ ഇതേക്കുറിച്ച് അന്വേഷിക്കാൻ ഐ. ജി ശ്രീജിത്തിനെ ചുമതലപ്പെടുത്തിയിരുന്നു. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയോടും റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇരുവരും നൽകിയ റിപ്പോർട്ടിലാണ് ഭൂമിയുടെ ഉടമസ്ഥാവകാശം വ്യാജരേഖകളുടെ പിൻബലത്തിലാണെന്നു വ്യക്തിമായിട്ടുള്ളത്. ഇത്രയൊക്കെയായിട്ടും വ്യാജ ഉടമകളെ കുടിയൊഴിപ്പിക്കാനോ, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യംപോലും വേണ്ടവിധം പരിപാലിക്കാനോ സർക്കാരിനും ഉദ്യോഗസ്ഥർക്കും കഴിയാത്തതിലാണ് ജനങ്ങളുടെ രോഷം.