ന്യൂഡൽഹി: നികുതി വെട്ടിക്കാൻ വിദേശ രാജ്യങ്ങളിൽ നിക്ഷേപിക്കുക എന്നത് പല കള്ളപ്പണക്കാരും ഒഴിവാക്കി കഴിഞ്ഞു. സ്വിസ് ബാങ്ക് അടക്കമുള്ളവർ കള്ളപ്പണ നിക്ഷേപകരുടെ പേരു വിവരം പുറത്തു പറയാൻ തുടങ്ങിയതോടെയാണ് ഇത്. എന്നാൽ നികുതി പിരിവിൽ ഇത് പ്രതിഫലിപ്പിക്കാൻ ശക്തമായ നടപടികൾക്കാൺ കേന്ദ്ര ധനകാര്യമന്ത്രാലയം ഒരുങ്ങുന്നത്. വൻകിട നികുതി വെട്ടിപ്പുകാർ ഇപ്പോഴും ഏറെയുണ്ടെന്നാണ് ധനമന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഖജനാവിന് അർഹതപ്പെട്ട ഈ തുക കള്ളക്കളിയിലൂടെ തട്ടിയെടുക്കുന്നവരെ കുടുക്കാൻ പുതുതന്ത്രങ്ങൾ മെനയുകയാണ് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി.

ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് നികുതി പിരിവ് കാര്യക്ഷമമായേ മതിയാകൂ. അല്ലെങ്കിൽ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയാകെ പ്രതിസന്ധിയിലാകും. അതുകൊണ്ട് കള്ളപ്പണം മുഴുവൻ പിടിച്ചെടുക്കണം. നികുതി വെട്ടപ്പ് തടയുകയും വേണം. ഇതിനായി സാധാരണക്കാരുടെ പിന്തുണ കൂടി തേടുകയാണ് ധനമന്ത്രാലയം. വൻകിട നികുതി വെട്ടിപ്പിനെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകാനാണ് ധനമന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. വിവരം നൽകുന്നവരുടെ പേര് പുറത്തു പറയുകയുമില്ല. പതിനഞ്ച് ലക്ഷം രൂപയാകും പാരിതോഷികമായി നൽകുക.

ആയിരക്കണക്കിന് കോടി രൂപയാണ് നികുതി വെട്ടിപ്പിലൂടെ ഖജനാവിന് നഷ്ടമാകുന്നത്. അതുകൊണ്ടാണ് ശക്തമായ നടപടികൾ ഇതിനെതിരെ എടുക്കാനുള്ള തീരുമാനം. ഇത്തരം തട്ടിപ്പുകാർക്കെതിരെ വ്യക്തമായ വിവരം നൽകുന്നവർക്കാകും പാരിതോഷികം നൽകുക. ഇങ്ങനെ ഖജനാവിന് ലഭിക്കുന്നതിന്റെ പത്ത് ശതമാനം വരെ പ്രതിഫലമായി ലങിക്കും. പതിനഞ്ച് ലക്ഷം രൂപ എന്തായാലും ലഭിക്കുന്ന തരത്തിലാണ് തീരുമാനം. ഇതിനായി പ്രത്യേക നയവും കേന്ദ്ര ധനകാര്യമന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്.

നേരത്തെ ആദായ നികുതി അപേക്ഷകളിലെ വിവാദ വ്യവസ്ഥകളും കേന്ദ്ര ധനമന്ത്രാലായം ലഘൂകരിച്ചിരുന്നു. നികുതി വിവരങ്ങൾ സമർപ്പിക്കാനുള്ള സമയപരിധി ഓഗസ്റ്റ് 31വരെ നീട്ടുകയും ചെയ്തിട്ടുണ്ട്. വിദേശ യാത്രകളെ കുറിച്ചും നിർജ്ജീവമായ ബാങ്ക് അക്കൗണ്ടുകളെ കുറിച്ചും നിർബന്ധമായി റിട്ടേണുകളിൽ കാണിച്ചിരിക്കണമെന്ന വിവാദ വ്യവസ്ഥയാണ് കേന്ദ്ര സർക്കാർ ഒഴിവാക്കിയിരിക്കുന്നത്. ഐടിആർ 2, ഐടിആർ 2എന്നിങ്ങനെ മൂന്ന് പേജുകളുള്ള അപേക്ഷയാവും ഇനി മുതൽ ഉണ്ടാവുക. മറ്റു വിവരങ്ങൾളെല്ലാം തന്നെ അപേക്ഷയ്‌ക്കൊപ്പം അനുബന്ധമായി നൽകിയാൽ മതിയാവും.

നേരത്തെയുണ്ടായിരുന്ന അപേക്ഷകൾക്കെതിരെ വ്യവസായ ലോകവും, എംപിമാർ തുടങ്ങിയവർ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്നാണ് വിവാദ വ്യവസ്ഥകൾ പിൻവലിച്ച് പുതിയ അപേക്ഷാഫോം കൊണ്ടുവരാൻ കേന്ദ്രം തീരുമാനിച്ചത്.