സുഖമില്ലാത്ത ഒരു കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്ക് കുതിച്ച് പാഞ്ഞ ആംബുലൻസിന് പുറകെ ഒരു കാർ നെറിയില്ലാതെ പിന്തുടരുകയും മറികടക്കാൻ ശ്രമിക്കുകയും ചെയ്തതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്ത് വന്നു. ഇതാരുടെ കാറായിരിക്കുമെന്ന ചർച്ച ഓൺലൈനിൽ കൊഴുക്കുകയാണ്. ഉറപ്പായും അതൊരു മലയാളി ഡ്രൈവർ തന്നെയായിരിക്കുമെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. ബെർമിങ്ഹാമിലെ ട്രാഫിക്ക് ബ്ലോക്കിനിടയിലൂടെ നീങ്ങിയ ആംബുലൻസിന്റെ പിന്നാലെയാണീ കാർ മനുഷ്യത്വമില്ലാതെ പിന്തുടർന്നിരിക്കുന്നത്. ഈ കാറിന്റെ ഉപദ്രവം കലശലായപ്പോൾ ആസ്റ്റൻഎക്സ്പ്രസ് വേയിലൂടെ നീങ്ങിയ ആംബുലൻസിലെ ഒരു പാരാമെഡിക് ഈ റിനൗൾട്ട് കാറിന്റെ ഡ്രൈവറോട് നിർത്താനാവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഈ അഭ്യർത്ഥന തീർത്തും അവഗണിച്ച് അയാൾ ആംബുലൻസിനെ നെറിയില്ലാതെ പിന്തുടർന്ന് ശല്യപ്പെടുത്തുന്നത് തുടരുകയായിരുന്നു. ഏതാണ്ട് രണ്ട് മൈലോളമായിരുന്നു ഈ മനുഷ്യത്വമില്ലാത്ത ചേസിങ്.

കാർ ഡ്രൈവർ ശ്രദ്ധയില്ലാതെ തങ്ങളെ പിന്തുടർന്ന് ഒരു അപകടം വരുത്തി വയ്ക്കുമെന്ന് തങ്ങൾ ഭയപ്പെട്ടിരുന്നുവെന്നാണ് ആംബുലൻസ് ടെക്നീഷ്യനായ ഷാൻ ജോൺസ് പറയുന്നത്. ഇത് അവിശ്വസനീയമായ പെരുമാറ്റമായിരുന്നുവെന്നും ജോൺസ് പ്രതികരിക്കുന്നു. ട്രാഫിക്ക് വളരെ തിരക്കുള്ള സമയത്ത് അതിനിടയിലൂടെ എങ്ങിനെയോ ആംബുലൻസ് കൊണ്ട് പോകുമ്പോൾ അതിന് തടസം സൃഷ്ടിക്കുന്ന വിധത്തിൽ ഈ കാർ തങ്ങളെ പിന്തുടർന്നിരുന്നുവെന്നും ജോൺസ് ഓർക്കുന്നു. ആംബുലൻസ് ബ്രേക്കിട്ടാൽ കാറുമായി കൂട്ടിയിടിക്കുന്ന വിധത്തിൽ തൊട്ടു തൊട്ടില്ലെന്ന മട്ടിലായിരുന്നു റിനൗൾട്ട് കാർ സഞ്ചരിച്ചിരുന്നത്.

തുടർന്ന് താൻ അപകട സാധ്യതയെക്കുറിച്ച് മുന്നറിയിപ്പേകി കാർ ഡ്രൈവറോട് നിർത്താൻ നിർദ്ദേശിച്ചുവെങ്കിലും അയാൾ അതിന് തയ്യാറാകാതെ പിന്തുടരൽ തുടർന്നുവെന്നും ജോൺസ് ആരോപിക്കുന്നു. ആംബുലൻസിനെ പിന്തുടരുന്നതിലൂടെ തനിക്ക് വേഗത്തിൽ സഞ്ചരിക്കാനാകുമെന്നായിരുന്നു കാർ ഡ്രൈവറുടെ ന്യായീകരണം. ഫോട്ടോഗ്രാഫറായ നിക്ക് വികിൻസൻ അദ്ദേഹത്തിന്റെ ഡാഷ്‌കാമിൽ ഇതിന്റെ ഫോട്ടോകൾ പകർത്തിയിട്ടുണ്ട്. ആംബുലൻസിനെ ഇത്തരത്തിൽ ശല്യപ്പെടുത്തിയ കാർ ഡ്രൈവർക്ക് നേരെ മറ്റ് ഡ്രൈവർമാർ ശബ്ദമുയർത്തുകയും ഹോൺ അടിക്കുകയും ചെയ്തെങ്കിലും അതു കൊണ്ടൊന്നും ഫലമുണ്ടായിട്ടില്ല.