ന്യൂഡൽഹി: ഡൽഹിയിൽനിന്നും വാരണാസിയിലേക്ക് 720 കിലോമീറ്റാണ് ദൂരം. ട്രെനിയിൽ സഞ്ചരിക്കണമെങ്കിൽ 12 മണിക്കൂർ വേണം. ഈ ദൂരം വെറും രണ്ട് മണിക്കൂർ 37 മിനിറ്റായി കുറയുന്ന കാലം വരാൻ എത്രനാൾ കാത്തിരിക്കേണ്ടിവരും? പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതിയായ ബുള്ളറ്റ് ട്രെയിൻ നടപ്പിലാകുന്നതോടെ, ഡൽഹിയും വാരണാസിയും തൊട്ടരികിലാകും.

തന്റെ മണ്ഡലം കൂടിയായ വാരണാസിയിലേക്ക് ഡൽഹിയിൽനിന്ന് ബുള്ളറ്റ് ട്രെയിനോടിക്കുന്ന പദ്ധതിക്കാണ് പ്രധാനമന്ത്രി മുൻതൂക്കം നൽകുന്നത്.. ഇതു നടപ്പിലായിക്കഴിഞ്ഞാൽ, ഡൽഹിയിൽനിന്ന് ലഖ്‌നൗവിലേക്കുള്ള 440 കിലോമീറ്റർ ദൂരം ഒരു മണിക്കൂർ 38 മിനിറ്റുകൊണ്ട് താണ്ടാനാവും.

പദ്ധതിയുടെ സാധ്യതാപഠനം നടത്തുന്നത് സ്പാനിഷ് സ്ഥാപനമായ ഇനെകോ-ടൈപ്‌സ-ഐസിടിയാണ് നടത്തുന്നത്. ഡൽഹി-കൊൽക്കത്ത അതിവേഗ ഇടനാഴിയുടെ ഭാഗമായാണ് ഈ അതിവേഗപ്പാത നിർമ്മിക്കുന്നത്. പദ്ധതിയുടെ അന്തിമ റിപ്പോർട്ട് വ്യാഴാഴ്ച ഹൈ-സ്പീഡ് റെയിൽ കോർപറേഷനും റെയിൽവേ ബോർഡിനും സമർപ്പിച്ചു.

നാലര കിലോമീറ്റർ യാത്ര അടിസ്ഥാന നിരക്കായി റിപ്പോർട്ടിൽ നിശ്ചയിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഡൽഹിയിൽനിന്ന് ലഖ്‌നൗവിലേക്ക് 1980 രൂപയും വാരണാസിയിലേക്ക് 3240 രൂപയുമായിരിക്കും നിരക്ക്. രാജ്യത്തെ മൂന്നാമത്തെ അതിവേഗ ഇടനാഴിയായിരിക്കും ഇത്. ആദ്യ പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ഇടനാഴിയുടെ നിർമ്മാണം ഈ സെപ്റ്റംബറിൽ ആരംഭിക്കും. മുംബൈ-നാഗ്പൂർ ഇടനാഴിക്കും അനുമതി കിട്ടിയിട്ടുണ്ട്.

ഡൽഹി-കൊൽക്കത്ത അതിവേഗ ഇടനാഴി 2021-ൽ നിർമ്മാണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടിലുള്ളത്. ഡൽഹി-ലഖ്‌നൗ പാത 2029 ഓടെയും ഡൽഹി-വാരണാസി പാത 2029 ഓടെയും പ്രവർത്തന സജ്ജമാകും. ഗ്രേറ്റർ നോയ്ഡ, അലിഗഢ്, ലഖ്‌നൗ, സുൽത്താൻപുർ, ജുവാൻപുർ എന്നിവിടങ്ങളിലൂടെയാകും പാത കടന്നുപോവുക. ആദ്യത്തെ പ്ലാനനുസരിച്ച് ജുവാൻപുർ സ്റ്റേഷനുണ്ടായിരുന്നില്ല. കിഴക്കൻ യുപിയുടെ വികസനത്തിന് ഇവിടെ സ്റ്റോപ്പ് വേണമെന്ന ആവശ്യമുയർത്തി കൃഷ്ണ പ്രതാപ് സിങ് നടത്തിയ സമ്മർദമാണ് ജുവാൻപുരിനെയും പദ്ധതിയുടെ ഭാഗമാക്കിയത്.

720 കിലോമീറ്റർ വരുന്ന ഡൽഹി-വാരണാസി പാതയ്്ക്ക് 52,680 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 1474.5 കിലോമീറ്റർ വരുന്ന ഡൽഹി-കൊൽക്കത്ത പാതയ്ക്ക് ആകെ ചെലവ് 1.21 ലക്ഷം കോടി രൂപയും. വ്യാഴാഴ്ച റെയിൽവേ ബോർഡ് ചർച്ച ചെയ്ത റിപ്പോർട്ട് അന്തിമാനുമതിക്കായി കാത്തിരിക്കുകയാണ്.