ഭുവനേശ്വർ: ഒഡീഷയിൽ ചരക്കു ട്രെയിൻ പാളംതെറ്റി. പാരദീപിൽനിന്നു കട്ടക്കിലേക്കു പോയ ചരക്കു ട്രെയിനാണ് ഗോരഖ്‌നാഥിനും രഘുനാഥ്പൂരിനുമിടയിൽ വെള്ളിയാഴ്ച പുലർച്ചെ ആറോടെ പാളംതെറ്റിയത്.

ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവേ വക്താവ് ജെ.പി.മിശ്ര അറിയിച്ചു. പാരദീപിൽനിന്നു കൽക്കരിയുമായിപോയ ട്രെയിനാണു പാളം തെറ്റിയത്. 14 വാഗണുകൾ പാളം തെറ്റിയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിയുന്നതെന്ന് റെയിൽവേ അറിയിച്ചു. പാളം തെറ്റിയ വാഗണുകൾ ക്രെയിൻ ഉപയോഗിച്ച് ഉയർത്താൻ ശ്രമങ്ങൾ തുടരുകയാണ്.

നേരത്തെ, ഉത്തർപ്രദേശിൽ ഗോവയിൽനിന്നു പാറ്റ്‌നയിലേക്കു പോയ വാസ്‌കോ ഡ ഗാമ എക്സ്‌പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചിരുന്നു. വെള്ളിയാഴ്ച പുലർച്ചെ നാലിന് യുപിയിലെ ബാംദ ജില്ലയിലായിരുന്നു സംഭവം. ട്രെയിനിന്റെ 13 കോച്ചുകൾ പാളം തെറ്റി. അപകടത്തെ തുടർന്ന് പാറ്റ്‌ന-ഗോവ പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു.