കണ്ണൂർ: കൈക്കുഞ്ഞുമായി പാളത്തിലൂടെ നടന്നു പോകുകയായിരുന്ന യുവതിയുടെ മരണത്തിലെ ദുരൂഹതകൾ വിട്ടുമാറുന്നില്ല. പിതാവിന്റെ അതിസമ്പന്നതയുടെ തണലിൽ കഴിയുകയായിരുന്നു ട്രെയിൻ തട്ടി മരിച്ച പി.പി. സായിദ. മകൻ മുഹമ്മദ് സാലിദിനേയും ഒക്കത്തു വെച്ച് നടന്നു പോകേണ്ട ചുറ്റുപാടൊന്നുമായിരുന്നില്ല ഈ 27 കാരിയുടേത്.

ആഡംബര കാർ പോലും സ്വന്തമായുള്ള കുടുംബത്തിലെ അംഗമായ സായിദയ്ക്കു മറ്റുള്ളവരെപ്പോലെ റയിൽവേ ട്രാക്കിലെ നടന്നു പോകേണ്ട അവസ്ഥയായിരുന്നില്ല. അതുകൊണ്ടു തന്നെ കുഞ്ഞിനേയുമെടുത്ത് പയ്യന്നൂർ റയിൽവേ സ്റ്റേഷന് സമീപം വരെ എത്തിയത് ജീവനൊടുക്കാൻ തീരുമാനിച്ചായിരിക്കാമെന്നാണ് സംശയം. വെറും ഒരു ട്രെയിൻ അപകടത്തിൽപ്പെട്ട് സാഹിദ മരിച്ചതാണെന്ന കാര്യം ഈ ദേശത്തെ അധികമാരും വിശ്വസിക്കുന്നുമില്ല. റയിൽവേ ട്രാക്കിൽ ചിന്നിച്ചിതറിയ സായിദയുടെ മൃതദേഹത്തിൽ നിന്നും മറ്റ് കുറിപ്പുകളൊന്നും ലഭിച്ചിരുന്നില്ല. അതിനാലാണ് ഇത് ഒരു അപകടമരണമെന്ന നിലയിലേക്ക് പ്രചരിക്കാൻ കാരണമായത്.

സായിദയുടെ ഭർത്താവ് എ. സമീർ അബുദാബിയിലാണ് ജോലി നോക്കുന്നത്. സന്ദർശക വിസയിൽ മാസങ്ങൾക്ക് മുമ്പ് അബുദാബിയിൽ പോയ സായിദ കഴിഞ്ഞ ഒന്നര മാസം മുമ്പാണ് തിരിച്ചെത്തിയത്. അതിനുശേഷം പിലാത്തറയിൽ പിതാവായ പി. മമ്മുവിനൊടൊപ്പമായിരുന്നു താമസം. അതിനിടെയിലാണ് കഴിഞ്ഞ ദിവസം കുഞ്ഞിനേയുമെടുത്ത് സായിദ റയിൽവേ ട്രാക്കിലൂടെ നടന്നു പോയത്. ബന്ധു വീട്ടിലേക്കോ മറ്റോ യാത്ര പറഞ്ഞു പോയതുമല്ല.

തനിച്ച് കുഞ്ഞിനേയും കൂട്ടി പുറത്തുപോകുന്ന ശീലവും അവർക്ക് ഇല്ലായിരുന്നു. ഇക്കാരണങ്ങളാൽ സായിദയുടെ മരണം അപകടത്തിൽ സംഭവിച്ചതാണെന്ന് കരുതാൻ വയ്യ. എന്നാൽ അവരുടെ മരണം ഒരു പ്രശ്നമാക്കാൻ ബന്ധുക്കൾ ആഗ്രഹിക്കുന്നില്ല എന്നാണ് അറിയുന്നത്. ലോക്കൽ പൊലീസും അതനുസരിച്ച് നീങ്ങുകയാണ്. ട്രെയിൻ വരുന്നതറിഞ്ഞിട്ടും കുഞ്ഞിനൊടൊപ്പം പാളത്തിൽ നടന്നു നീങ്ങുകയായിരുന്നു സായിദയെന്ന് വിവരമുണ്ട്.

അപകടത്തിൽ കാലുകൾ അറ്റുപോയ സായിദയുടെ മകൻ രണ്ടു വയസ്സുകാരനായ മുഹമ്മദ് സാലിദ് രക്ഷപ്പെട്ടത് ഒരു തുള്ളി ചോരപോലും നഷ്ടപ്പെടാതെയായിരുന്നു. അപകടം നടന്ന ഉടൻ റയിൽവേ സ്റ്റേഷനിലെ ശുചീകരണ തൊഴിലാളികൾ ആണ് കുഞ്ഞിനെ കണ്ടത്. കാലുകൾ അറ്റ് മരവിച്ചു പോയ കുഞ്ഞ് ഒരു കൈ നിലത്തൂന്നി ഇരിക്കുകയായിരുന്നു. അതാണ് ട്രെയിൻ കടന്നു പോയ ഉടൻ തന്നെ കുഞ്ഞിനെ കാണാനിടയായത്. ഒരു നിമിഷം പോലും പാഴാക്കാതെ ശുചീകരണ തൊഴിലാളികൾ കുഞ്ഞിനേയും എടുത്ത് സ്റ്റേഷനു മുന്നിലെത്തി. അതിനിടെ തന്നെ പയ്യന്നൂർ സ്വദേശി കൂടിയായ റയിൽവേ സ്റ്റേഷൻ മാസ്റ്റർ സ്ട്രെച്ചർ സംവിധാനം ഒരുക്കി. പിന്നീട് ഡോക്ടർമാർ, പൊലീസുകാർ, സന്നദ്ധ സംഘടനകൾ, നാട്ടുകാർ എന്നിവരെ ഏകോപിപ്പിക്കാൻ അതിവേഗതയിൽ സ്റ്റേഷൻ മാസ്റ്റർ പ്രവർത്തിച്ചു.

പണമോ സാങ്കേതികത്വമോ തടസ്സമാകാതെ ഔദ്യോഗിക സ്ഥാനം രക്ഷാ പ്രവർത്തനത്തിനായി വിനിയോഗിച്ചതോടെ ഒരു മണിക്കൂറിനകം കുഞ്ഞിനെ മംഗലാപുരത്തെ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞു. അവിടേയും റയിൽവേ ഉദ്യോഗസ്ഥരെ മേൽനോട്ടത്തിനായി നിയോഗിച്ചതും സ്റ്റേഷൻ മാസ്റ്ററുടെ പ്രവർത്തനം മൂലം. ഇക്കാര്യത്തിൽ നല്ലൊരു കൂട്ടായ്മ രൂപപ്പെട്ടതോടെ കുട്ടിയുടെ അറ്റുപോയ കാലുകൾ കൂട്ടിച്ചേർക്കാൻ ഡോക്ടർമാരും സജീവമായി. വൈകീട്ടോടെ ശസ്ത്രക്രിയ പൂർത്തിയായി. ശസ്ത്രക്രിയ പൂർണ്ണവിജയമാണെന്നു പറയാൻ മൂന്ന് ദിവസം കൂടി കഴിയണമെന്ന് ഡോക്ടർമാർ പറയുന്നു. കുട്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നതായി അവർ പറയുന്നു.