കോഴിക്കോട്: പുതിയങ്ങാടി കോയറോഡിനു സമീപം പള്ളിക്കണ്ടി റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെയും മൂന്ന് പെൺകുട്ടികളെയും തിരിച്ചറിഞ്ഞു. മലപ്പുറം തിരൂരങ്ങാടി വികെ പടി സ്വദേശി പടിഞ്ഞാറ്റിൽ പുത്തൻവീട്ടിൽ രാജേഷിന്റെ ഭാര്യ ഭാവന(38), മക്കളായ ഐശ്വര്യ(12), നന്ദിനി(10), വിസ്മയ (8) എന്നിവരാണെന്ന് തിരിച്ചറിഞ്ഞു. ഇന്ന് രാവിലെ ആറരയോടെയാണ് റെയിൽവേ ട്രാക്കിൽ നാലുപേരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഇന്ന് രാവിലെ മുതൽ മാധ്യമങ്ങളിലൂടെ സംഭവം പുറത്തു വന്നതോടെ യുവതിയുടെ ഭർത്താവ് രാജേഷ് മമ്പുറം വികെ പടി സ്വദേശി തിരൂരങ്ങാടി പൊലീസിൽ എത്തി പരാതിപ്പെടുകയായിരുന്നു. ഭാര്യയേയും മൂന്ന് മക്കളേയും കാണാനില്ലെന്നു കാണിച്ച് ഇന്ന് ഉച്ചക്ക് 12.15ഓടെയാണ് ഭർത്താവ് തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നതെന്ന് എസ്.ഐ വിശ്വനാഥൻ കാരയിൽ മറുനാടൻ മലയാളിയോടു പറഞ്ഞു.

യുവതിക്കും കുട്ടികൾക്കും തലക്കാണ് പരിക്ക്. ഇവരുടെ മൃതദേഹങ്ങൾ എലത്തൂർ പൊലീസ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രാവിലെ മാറ്റിയിരുന്നു. പോസ്റ്റുമോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. അതിരാവിലെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നെങ്കിലും തിരിച്ചറിഞ്ഞിരുന്നില്ല. കോഴിക്കോടും പരിസര പ്രദേശത്തും ആർക്കും ഇവരെ കണ്ടു പരിചയമില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. സ്വദേശം എവിടെയാണെന്ന് തെളിയിക്കുന്ന വിവരങ്ങളോ രേഖകളോ ഇവരിൽ നിന്ന് ലഭിച്ചിരുന്നില്ല. നാലു പോരെ കാണാതായ മിസ്സിംങ് കേസും എവിടേയും രജിസ്റ്റർ ചെയ്തിരുന്നില്ല.

തുടർന്ന് എലത്തൂർ പൊലീസ് മറ്റു പൊലീസ് സ്റ്റേഷനിലേക്ക് വിവരങ്ങൾ കൈമാറി. മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലൂടെ വിവരങ്ങൾ പുറത്തുവിട്ടു. ഇതോടെ വിവരം അറിഞ്ഞ് യുവതിയുടെ ഭർത്താവ് ഉച്ചയോടെ തിരൂരങ്ങാടി പൊലീസിൽ എത്തുകയായിരുന്നു. കൂലിപ്പണിക്കാരനാണ് ഭർത്താവ് രാജേഷ്. ശനിയാഴ്ച രാത്രി മുതൽ ഭാര്യയേയും മൂന്ന് കുട്ടികളേയും കാണാനില്ലെന്നും, വീടു വിട്ടിറങ്ങിയതാണെന്നും ഭാർത്താവ് പൊലീസിൽ പറഞ്ഞു.

മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ തിരൂരങ്ങാടി പൊലീസ് രാജേഷിനെ കൊണ്ടുപോയി കാണിച്ചു. ഇതോടെയാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക റിപ്പോർട്ട്. എന്നാൽ ഇവർ തിരൂരങ്ങാടിയിൽ നിന്നും കോഴിക്കോട് പുതിയങ്ങാടിയിൽ എങ്ങിനെ എത്തിയെന്നോ വീട് വിട്ടിറങ്ങാനുള്ള കാരണമോ വ്യക്തമല്ല. മരണത്തിലേക്കു നയിച്ച കാരണം പൊലീസ് അന്വേഷിച്ചു വരികയാണ്. ഭർത്താവിൽ നിന്ന് മൊഴി ശേഖരിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ.