ചെന്നൈ: സേലത്തു നിന്നു ചെന്നൈയിലെ റിസർവ് ബാങ്ക് റീജനൽ ഓഫിസിലേക്കു ട്രെയിനിൽ കൊണ്ടുവന്ന പഴയ നോട്ടുകെട്ടുകളിൽ നിന്ന് 5.78 കോടി രൂപ കൊള്ളയടിച്ച സംഭവത്തിൽ ദുരൂഹത മാറുന്നില്ല. സേലം-ചെന്നൈ എക്സ്‌പ്രസിലെ (11064) മൂന്നു പ്രത്യേക പാഴ്‌സൽ വാനുകളിൽ ഒന്നിന്റെ മുകൾഭാഗത്തു രണ്ടടി ദ്വാരമുണ്ടാക്കിയാണു പണം തട്ടിയത്. വിരുദാചലം സ്റ്റേഷനിലാണു ട്രെയിൻ കൂടുതൽ സമയം നിർത്തിയിട്ടത്. കവർച്ചാസംഘങ്ങൾക്കു കുപ്രസിദ്ധമായ തിരുട്ടുഗ്രാമം ഇതിനടുത്താണ്. ഇവിടെ എന്തിന് ട്രെയിൻ കൂടുതൽ സമയം നിർത്തിയത് എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. ട്രെയിനിൽ പണം കൊണ്ടു പോകുന്ന വിവരം എങ്ങനെ പുറത്തറിഞ്ഞെന്നും പരിശോധിക്കുന്നു. സേലം ഡിഎസ്‌പിയുടെ നേതൃത്വത്തിൽ 16 അംഗ പൊലീസ് സംഘത്തിനായിരുന്നു സുരക്ഷാ ചുമതല. ഇവർ പാഴ്‌സൽ വാനിനോടു ചേർന്നുള്ള യാത്രാ കോച്ചുകളിലായിരുന്നു. മോഷനം നടക്കുമ്പോൾ ഇവർ പുറത്ത് ചായ കുടിക്കാൻ പോയതായും സൂചനയുണ്ട്.

342 കോടി രൂപയാണു മൊത്തമുണ്ടായിരുന്നത്. മുഷിഞ്ഞുപഴകിയതിനാൽ നശിപ്പിക്കാൻ ഇന്ത്യൻ ഓവർസീസ് ബാങ്ക് ശാഖകളിൽ നിന്നു കൊണ്ടുവന്നതാണെങ്കിലും വേണമെങ്കിൽ ബാങ്കിൽ കൊടുത്തു മാറ്റിയെടുക്കാൻ കഴിയുന്ന നോട്ടുകളാണിവ. മൂന്നു പാഴ്‌സൽ വാനുകളിലെ 226 പെട്ടികളിലായിരുന്നു പണം. നാലു പെട്ടികൾ തുറന്നിട്ടുണ്ട്. ഒരു പെട്ടിയിലെ പണം പൂർണമായും മറ്റൊന്നിലേതു ഭാഗികമായും നഷ്ടപ്പെട്ടു. മറ്റു രണ്ടെണ്ണത്തിലെ പണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്നു വ്യക്തമല്ലെന്ന് ഐജി (റെയിൽവേ) എം. രാമസുബ്രഹ്മണി പറഞ്ഞു. സേലം– ചെന്നൈ റൂട്ടിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും അന്വേഷണത്തിനു പ്രത്യേക സംഘങ്ങളെ നിയോഗിച്ചു.

പാർസൽ വാനിനു മുകളിൽ രണ്ടടി വീതിയും നീളവുമുള്ള ഭാഗം മുറിച്ചു മാറ്റിയായിരുന്നു മോഷണം. മോഷ്ടാക്കൾ നാലു പെട്ടികൾ തുറന്നു; നഷ്ടപ്പെട്ടത് 5.78 കോടി രൂപ. വാഗണിൽ 226 പെട്ടികളുണ്ടായിരുന്നു. ഇതിൽ 342 കോടി രൂപയുണ്ടായിരുന്നു. ന്മ സേലത്തിനും ചെന്നൈയ്ക്കുമിടയിൽ 12 സ്റ്റോപ്പുകൾ. ഇതിൽ വിരുദാചലം വരെ ഡീസൽ എൻജിൻ. തുടർന്ന് വൈദ്യുതി എൻജിൻ. ഡീസൽ എൻജിനിൽ ഓടിയപ്പോൾ ട്രെയിനിനു മുകളിൽ സഞ്ചരിച്ചു പാർസൽ വാനിന്റെ മുകൾഭാഗം മുറിച്ചുമാറ്റിയെന്നാണ് വിലയിരുത്തൽ. അല്ലെങ്കിൽ ട്രെയിൻ ഏതെങ്കിലും സ്റ്റോപ്പിൽ നിർത്തിയപ്പോൾ മുറിച്ചുമാറ്റി. ട്രെയിൻ മൂന്നു മിനിറ്റിലേറെ നിർത്തിയത് വിരുദാചലത്തു മാത്രം. ഇവിടെ ഡീസൽ എൻജിനിൽ നിന്നു വൈദ്യുതി എൻജിനിലേക്കു മാറ്റാൻ 25 മിനിറ്റ് നിർത്തി. ഇത് മനസ്സിലാക്കിയുള്ള കൊള്ളയാണോ നടന്നത് എന്നതാണ് പരിശോധിക്കുന്നത്.

ട്രെയിൻ യാത്രക്കാരുടെ ബാഗ് തട്ടിപ്പറിച്ചോടുന്ന സംഭവങ്ങളും രാത്രി ട്രെയിനിൽ കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങളും വിരുദാചലത്ത് വ്യാപകമാണ്. സാധാരണ അഞ്ചു മിനിറ്റാണു വിരുധാജലം സ്റ്റേഷനിൽ ട്രെയിൻ നിർത്തുന്നത്. എന്നാൽ കർച്ച നടന്ന നടന്ന ദിവസം 20 മിനിറ്റിലധികം ട്രെയിൻ ഇവിടെ നിർത്തിയിട്ടതിനെക്കുറിച്ചും പൊലീസും റെയിൽവേ അധികൃതരും അന്വേഷണം ആരംഭിച്ചു. ട്രെയിനിന്റെ ബോഗി ഗ്യാസ് കട്ടർ ഉപയോഗിച്ചു തുറന്നു കവർച്ച നടത്തിയെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ഇത്രയും വലിയ കൊള്ള ഗ്രാമവാസികൾക്കു ചെയ്യാനാകുമെന്നു പൊലീസ് കരുതുന്നില്ല. ട്രെയിനിൽ പണം കൊണ്ടുപോകുന്നുണ്ടെന്നു കൃത്യമായി അറിയാവുന്നവർ കൊള്ളയ്ക്കു ആസൂത്രിത ശ്രമം നടത്തിയിരിക്കാമെന്നാണ് നിഗമനം.

ഇതിനിടെ, ട്രെയിൻ വിരുധാജലം റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടപ്പേ!ാൾ ഡ്രിൽ ചെയ്യുന്നതുപോലെ എന്തോ ശബ്ദം കേട്ടതായി യാത്രക്കാർ അറിയിച്ചു. പണം ഉണ്ടായിരുന്ന കംപാർട്‌മെന്റിനു തെ!ാട്ടുടുത്ത കംപാർട്‌മെന്റിലുള്ള യാത്രക്കാരാണ് പൊലീസിനു ഈ മൊഴി നൽകിയത്. ട്രെയിനിലെ ഒട്ടുമുക്കാൽ യാത്രക്കാരെയും പൊലീസ് ഇന്നലെ ചോദ്യം ചെയ്തതായാണു വിവരം. സംശയത്തെ തുടർന്നു വിരുധാജലത്തെ തിരുട്ടുഗ്രാമത്തിലുള്ളവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്. റെയിൽവേ സ്റ്റേഷനിൽ സിസിടിവികൾ ഇല്ലാത്തത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്. സേലം റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരുന്നു.

1963 ഓഗസ്റ്റ് എട്ടിന് സ്‌കോട്‌ലൻഡിലെ ഗ്ലാസ്‌ഗോയിൽനിന്നു ലണ്ടനിലെ യൂസ്റ്റണിലേക്കുള്ള ട്രെയിനിൽ നടത്തിയ കൊള്ള. അന്ന് കവർന്നത് 26 ലക്ഷം പൗണ്ട്. (ഇന്നത്തെ മൂല്യം 300 കോടിയിലേറെ രൂപ ). കൊള്ള നടത്തിയത് 17 അംഗ സംഘവും.