പത്തനംതിട്ട: ശബരിമലയിൽ യുവതി പ്രവേശനത്തിന് തൽകാലം പൊലീസ് പിന്തുണയുണ്ടാകില്ല. നിലയ്ക്കലിന് അപ്പുറം യുവതികളെ കയറ്റി വിടാത്ത കരുതലാണ് പൊലീസ് എടുക്കുന്നത്. സന്നിധാനത്തെ സംഘർഷഭരിതമാക്കാതിരിക്കാനാണ് ഇത്. ഇതോടെ ശബരിമലയിൽ യുവതികളെ തടയാൻ പരിവാറുകാർ കാത്ത് നിൽക്കേണ്ട അവസ്ഥയില്ലാതെയായി. സന്നിധാനത്ത് യുവതികളെത്തിയാൽ കലാപമുണ്ടാകുമെന്നാണ് പൊലീസ് റിപ്പോർട്ട്. വലിയ തോതിൽ വിശ്വാസികൾ ആചാര സംരക്ഷണത്തിന് സന്നിധാനത്തുണ്ടെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് പൊലീസ് ഇടപെടൽ. എറണാകുളത്ത് നിന്നും ശബരിമലയ്ക്ക് പോയ ഏഴോളം ട്രാൻസ് ജെൻഡേഴ്സിനെ എരുമേലിയിൽ പൊലീസ് തടഞ്ഞു. ഇവരെ കോട്ടയത്തേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു.

എറണാകുളത്ത് നിന്ന് ട്രാൻസ് ജെൻഡേഴ്‌സ് ശബരിമലയിലേക്ക് തിരിക്കും മുതൽ പൊലീസ് നിരീക്ഷണമുണ്ടായിരുന്നു. കെട്ട് നിറയ്ക്കും പൊലീസ് എത്തിയിരുന്നു. എരുമേലിയിൽ എത്തിയതോടെയാണ് പൊലീസ് ഇവരെ തടഞ്ഞത്. സ്ത്രീ വേഷം കെട്ടി പോകാനാകില്ലെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. യുവതികളെ വേഷത്തിൽ പോകാനാകില്ലെന്നായിരുന്നു നിലപാട്. ഇവർ പൊലീസിനോട് ശബരിമലയിലേക്ക് പോകുന്നുവെന്ന് നേരത്തെ അറിയിച്ചിരുന്നു. പത്തനംതിട്ട കളക്ടർക്കും കത്ത് അയച്ചു. ഇതോടെയാണ് നിരീക്ഷണം എത്തിയത്.

ഇവർ എറണാകുളത്ത് നിന്ന് പുറപ്പെട്ടതു മുതൽ പൊലീസ് നിരീക്ഷണമുണ്ടായിരുന്നു. ഇവരുടെ വാഹനം എരുമേലിയിൽ എത്തിയപ്പോൾ പൊലീസ് എത്തുകയായിരുന്നു. സ്ത്രീ വേഷം മാറ്റണമെന്നും ആവശ്യപ്പെട്ടു. ഇതിനെ വിസമ്മതിച്ചതോടെ പ്രശ്‌നം രൂക്ഷമായി. അതിനിടെ തങ്ങളെ നിർബന്ധിച്ച് മടക്കി വിട്ടുവെന്ന് ഇവർ ആരോപിച്ചിട്ടുണ്ട്. എന്നാൽ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തിരിച്ചയച്ചതാണെന്ന് പൊലീസും പറയുന്നു. ഏതായാലും കോട്ടയത്ത് എത്തുന്നവർ വീണ്ടും ശബരിമലയിലേക്ക് ദർശനത്തിന് എത്തുമെന്നാണ് സൂചന.

അതിനിടെ പമ്പയിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി. ബസുകളിൽ പൊലീസ് പരിശോധന കർശനമാക്കി. നിലയ്ക്കൽ ഗോപുരത്തിനുമുന്നിൽ തടഞ്ഞുനിർത്തി ബസിനുള്ളിൽ കയറിയാണ് പരിശോധന. സ്ത്രീകളോട് തിരിച്ചറിയൽ കാർഡ് ആവശ്യപ്പെടുന്നുമുണ്ട്. എല്ലാ ബസുകളിലും പരിശോധന നടത്തുന്നില്ലെന്നും വിവിധ സ്ഥലങ്ങളിൽനിന്ന് പമ്പയിലേക്ക് നേരിട്ടെത്തുന്ന ബസുകളിൽമാത്രം പരിശോധിക്കാനാണ് നിർദ്ദേശമെന്നും സ്‌പെഷ്യൽ ഓഫീസർ രാഹുൽ എസ്. നായർ പറഞ്ഞു. സ്ത്രീകളുണ്ടോ എന്നറിയാനല്ല പരിശോധന. ആയുധങ്ങളോ അപകടകരങ്ങളായ മറ്റു വസ്തുക്കളോ കടത്തുന്നുണ്ടോ എന്ന് അറിയാനാണ്. പതിവുരീതി അനുസരിച്ചുള്ള പരിശോധനമാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സുരക്ഷയുടെ പേരിലെ പരിശോധന യുവതികളെത്തുന്നുണ്ടോ എന്ന് തിരിച്ചറിയാൻ വേണ്ടിയാണ്. സന്നിധാനത്ത് നിയന്ത്രണമെല്ലാം പൊലീസ് നീക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കൂടതൽ പ്രതിഷേധക്കാർ തമ്പടിക്കാനുള്ള സാധ്യത ഏറെയാണ് ഇത് മനസ്സിലാക്കിയാണ് നിലയ്ക്കലിലെ പരിശോധന.

സന്നിധാനത്തു മാധ്യമങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനമുണ്ട്ു. പതിനെട്ടാം പടിക്കുമുകളിൽനിന്നു ചിത്രം എടുക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തും. വർഷത്തിൽ 7 ദിവസം മാത്രമേ തിരുമുറ്റത്തു ചിത്രം എടുക്കാൻ അനുവാദമുള്ളു. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. മൊബൈൽ ഫോണുകൾ പതിനെട്ടാം പടിക്കു മുകളിലേക്കു കൊണ്ടു പോകുന്നതും നിയന്ത്രിക്കും. തീർത്ഥാടകരുടെ കൈവശമുള്ള മൊബൈൽ ഫോണുകൾ വലിയ നടപ്പന്തലിൽ വാങ്ങി സൂക്ഷിക്കും. ഇതിനായി കൗണ്ടർ തുടങ്ങും. ടോക്കൺ അച്ചടിച്ചു കിട്ടിയാൽ ഉടൻ നടപ്പാക്കാനാണ് ഉദേശിക്കുന്നത്.

40 യുവതികൾ 23നു ശബരിമല സന്ദർശിക്കുമെന്നു ചെന്നൈ ആസ്ഥാനമായ സ്ത്രീ സംഘടന മനിതി അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചെന്നും സുരക്ഷയൊരുക്കാൻ നിർദ്ദേശം നൽകിയെന്ന മറുപടി ലഭിച്ചെന്നും സംഘാടക സുശീല ആനന്ദ് അറിയിച്ചു. കേരളത്തിനു പുറമേ തമിഴ്‌നാട്, ഒഡീഷ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ സ്ത്രീകളും സംഘത്തിലുണ്ടാകും. പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ മറീന ബീച്ചിൽ മനിതി പ്രതിഷേധം സംഗമം സംഘടിപ്പിച്ചിരുന്നു. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 200 പേരാണു സംഘടനയിലെ അംഗങ്ങൾ. ഈ സാഹചര്യമെല്ലാം പരിഗണിച്ച് ശബരിമലയിൽ സുരക്ഷ കൂട്ടാനാണ് പൊലീസ് തീരുമാനം. ഇതിന്റെ ഭാഗമായാണ് യുവതികളെത്തുന്നുണ്ടോ എന്ന പരിശോധന.