പത്തനംതിട്ട: കഴിഞ്ഞ ദിവസം എരുമേലിയിൽ നിന്നും പൊലീസ് തിരിച്ചയച്ച ട്രാൻസ്‌ജെൻഡറുകൾ ശബരിമലയിലെത്തി അയ്യപ്പ ദർശനം നടത്തി. പൊലീസ് അകമ്പടിയോടെയായിരുന്നു നാലംഗ സംഘം അയ്യപ്പ ദർശനത്തിനെത്തിയത്. കറുത്ത സാരിയുടുത്ത് ഇരുമുടിക്കെട്ടുമായാണ് രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി എന്നിവർ മലകയറിയത്. അതേസമയം ഇവരുടെ സുരക്ഷാ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ആചാരങ്ങൾ പാലിച്ചാണ് ദർശനം നടത്തിയത്. അയ്യപ്പദർശനം പൂർത്തിയാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഇവർ പ്രതിരിച്ചു. അല്പസമയത്തിനകം ഇവർ മലയിറങ്ങും.

കനത്ത പൊലീസ് സുരക്ഷയിൽ 10.15 ഓടെയാണ് ഇവർ സ്ത്രീവേഷത്തിൽ സന്നിധാനത്തെത്തിയത്. പൊലീസ് സുരക്ഷയിലെത്തിയ ട്രാൻസ്‌ജെൻഡേഴ്‌സിനെതിരെ യാതൊരു പ്രതിഷേധവുമുണ്ടായില്ല. ഇവർക്ക് അയ്യപ്പ ദർശനം നടത്തുന്നതിനു വേണ്ടി ഭക്തർ വഴിയൊരുക്കി കൊടുത്തു. ദർശനം നടത്തുന്നതിന് ഇവർക്കു തടസ്സമില്ലെന്ന് പൊലീസ് ഇന്നലെ അറിയിച്ചിരുന്നു. തിരക്കില്ലാത്ത ദിവസം ദർശനത്തിന് എത്തിയാൽ സുരക്ഷ ഒരുക്കാമെന്നും പൊലീസ് പറഞ്ഞിരുന്നു. ദക്ഷിണമേഖലാ എഡിജിപി അനിൽകാന്തിനെ കണ്ടു ദർശനത്തിന് അനുമതി തേടിയപ്പോഴായിരുന്നു ഇത്. മുൻപു ശബരിമല ദർശനം നടത്തിയിട്ടുണ്ടെന്നും ഇവർ അറിയിച്ചു.

ഹൈക്കോടതി നിരീക്ഷണ സമിതിയും ഇന്നലെ ഇവർക്ക് ദർശനത്തിന് അനുമതി നൽകിയിരുന്നു. തന്ത്രികുടുംബവും പന്തളം കൊട്ടാരവുമെല്ലാം ട്രാൻസ് ജെൻഡറുകൾ ശബരിമല സന്ദർശിക്കുന്നതിന് അനുകൂല നിലപാടായിരുന്നു എടുത്തത്. ഇതോടെ ആചാരങ്ങൾ പാലിച്ച് ശബരിമല ദർശനത്തിനെത്തിയ ഭക്തരെ തടഞ്ഞ പൊലീസ് പുലിവാല് പിടിച്ചിരുന്നു. ഇന്ന് തിരുവനന്തപുരത്ത് നിന്നാണ് നാലംഗ ട്രാൻസ്‌ജെൻഡേഴ്‌സ് എത്തിയത്. സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നും നിലയ്ക്കൽ മുതൽ സന്നിധാനം വരെ ഇവർക്ക് സംരക്ഷണം നൽകുമെന്നും പൊലീസ് അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം ദർശനത്തിനെത്തിയ ഇവരെ പൊലീസ് എരുമേലിയിൽ തടയുകയായിരുന്നു. ശബരിമല ദർശനത്തിന് അുവദിക്കിലെന്ന് പറഞ്ഞ് ഇവരെ പൊലീസ് സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും മടക്കി അയക്കുകയും ആയിരുന്നു. ഇത് വൻ വിവാദത്തിന് വഴിവെക്കുകയം ചെയ്തു. സാരി ഉടുത്ത് ശബരിമല ദർശനം നടത്താൻ കഴിയില്ലെന്നും പുരുഷവേഷമണിഞ്ഞാൽ ശബരിമലയിലേക്ക് കടത്തി വിടാമെന്നും പൊലീസ് പറഞ്ഞിരുന്നു. ഇതും സർക്കാരിനെതിരെ വൻ വിമർശനത്തിന് ഇടയാക്കി.സാരി ഉടുത്ത് ശബരിമല കയറുന്നത് പ്രശ്‌നങ്ങൾക്കിടയാക്കുമെന്നും അതിനാൽ പുരുഷന്മാരുടെ വസ്ത്രം ധരിക്കണമെന്നുമായിരുന്നു എരുമേലി പൊലീസിന്റെ നിലപാട്. ഇതിന് തയ്യാറാകാത്തതിനെ തുടർന്നാണ് ഇവരെ തിരിച്ചയച്ചത്. പൊലീസ് നടപടിയിൽ വ്യാപക പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.

ഹൈക്കോടതി നിരീക്ഷണ സമിതി അംഗമായ ഡിജിപി എ. ഹേമചന്ദ്രനെയും ഇവർ കണ്ടിരുന്നു. തുടർന്ന് അനിൽകാന്ത് ഉൾപ്പെടെ പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. സുപ്രീം കോടതി വിധി പ്രകാരം ആരെയും ശബരിമല ദർശനത്തിൽ നിന്നു തടയാനാവില്ലെന്നു വിലയിരുത്തിയ പൊലീസ് സുരക്ഷ ഒരുക്കാമെന്ന് അറിയിക്കുകയായിരുന്നു.