പത്തനംതിട്ട: പ്രിയദർശന്റെ ആദ്യകാല തട്ടിക്കൂട്ട് സിനിമകളിലെ സ്ഥിരം കഥാപാത്രങ്ങളാണ് ചെറിയാൻ നായരും മേരിത്തമ്പുരാട്ടിയും. അൽപസ്വൽപം വക്രത്തരമുള്ള നായകൻ തന്റെ അച്ഛന്റെയും അമ്മയുടെയും പേരുകളായി പറയുന്നതാണിത്.

ഏതാണ്ടിതേ പോലെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ചില തസ്തികകളിൽ നിയമനം നടത്തുന്നത്. അതിൽ ഏറ്റവും രസകരമായ നിയമനങ്ങളിലൊന്നാണ് മൂത്താശാരിയുടേത്. മൂത്താശാരി തസ്തിക ആർക്കു വേണ്ടിയുള്ളതാണെന്ന വസ്തുത ആ പേരിൽ തന്നെയുണ്ടെന്ന് കരുതുന്നവർക്ക് തെറ്റി. ദേവസ്വം ബോർഡിൽ ആകെയുള്ള മൂന്നു മൂത്താശാരി തസ്തികയിൽ നിലവിൽ സ്ഥിരം നിയമനം ഉള്ളത് ഒന്നിൽ മാത്രമാണ്. അതിൽ മൂത്താശാരിയായി വിലസുന്നത് ബ്രാഹ്മണ സമുദായാംഗമാണ്.

തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹത്തെ നിയമിച്ചത് കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ബോർഡാണ്. ബ്രാഹ്മണനെ മൂത്താശാരിയായി നിയമിക്കുമ്പോൾ പേരുദോഷം ഉണ്ടാകരുതല്ലോ എന്നു കരുതി ആ തസ്തികയുടെ പേര് ഇംഗ്ലീഷിലാക്കി-ആർക്കിടെക്ട്. ഇനി ആർക്കും കുഴപ്പമുണ്ടാകില്ല. മൂന്നു തസ്തികയുള്ളതിൽ രണ്ടെണ്ണത്തിൽ ആശാരിമാർ തന്നെയാണുള്ളത്. പക്ഷേ, ഇവർ വിരമിച്ചവരാണ് എന്നു മാത്രം. വിരമിച്ച് വർഷങ്ങളായിട്ടും ഇവർക്ക് പകരം നിയമനമില്ല. കരാർ അടിസ്ഥാനത്തിൽ ഇവർ തന്നെ തുടരുന്നു. ശബരിമലയിൽ പുതിയ കൊടിമരം നിർമ്മിക്കാനുള്ള തേക്ക് കണ്ടെത്തിയതും വൃക്ഷപൂജ നടത്തിയതും ഇതിൽ ഒരാളാണ്.

മൂത്താശാരി എന്നത് ദേവസ്വം ബോർഡിൽ പരമ്പരാഗതമായി വിശ്വകർമജർക്കുള്ള തസ്തികയാണ്. വിശ്വകർമ സമുദായത്തിലെ അഞ്ചു അവാന്തരവിഭാഗങ്ങളിൽപ്പെട്ട ആരെയെങ്കിലും വേണം ഈ തസ്തികയിലേക്ക് നിയമിക്കാൻ. അതു മാത്രമല്ല, ഈ തസ്തിക വിശ്വകർമജരുടെ അവകാശം തന്നെയാണ്. ക്ഷേത്രത്തിന് സ്ഥാനം കാണൽ, കൊടിമരത്തിന് ഉളികുത്തൽ തുടങ്ങി നിർമ്മാണ പ്രക്രിയയിലെ വാസ്തുശാസ്ത്ര വിധി പ്രകാരമുള്ള എല്ലാ ആചാരങ്ങളും നിർവഹിക്കേണ്ടത് ഇവരാണ്. ദേവശിൽപിയായ മയന്റെ പിന്മുറക്കാരാണ് വിശ്വകർമജർ എന്നാണ് വിശ്വാസം.

ഇതിനിടയിലാണ് ദേവസ്വം ബോർഡ് തിരിമറി നടത്തിയിരിക്കുന്നത്. തസ്തികയുടെ പേര് മാറ്റിയതു കൊണ്ടുമാത്രം പാരമ്പര്യമോ ചെയ്യുന്ന ജോലിയോ മാറുന്നില്ലെന്ന് കേരള വിശ്വകർമസഭയുടെ സംസ്ഥാന സെക്രട്ടറിയായ പ്രകാശ് പറയുന്നു. ക്ഷേത്രങ്ങളിൽ പൂജകൾക്ക് ശാന്തിമാരായി ബ്രാഹ്മണകുലജാതരെ മാത്രമാണ് നിയമിക്കുന്നത്. അത് അവർക്കുള്ള അവകാശമാണ്. ഈ കീഴ്‌വഴക്കം മാറ്റാൻ ദേവസ്വം ബോർഡ് തയാറല്ല. എന്നാൽ, ഹിന്ദുസമൂഹത്തിലെ മൂന്നാമത്തെ ഉപജാതിയായ വിശ്വകർമജരെ അവഗണിക്കുകയാണ് ദേവസ്വം ബോർഡ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം വിചിത്രമായ നിയമനങ്ങൾക്കെതിരേ അടക്കം നാളെ വിശ്വകർമസഭ അതത് ജില്ലാ കലക്ടറേറ്റുകളിലേക്ക് മാർച്ച് നടത്തുകയാണ്. യേശുക്രിസ്തു തച്ചന്റെ മകനാണെന്നാണ് വിശ്വാസം. ആ സ്ഥിതിക്ക് ഇനി മൂത്താശാരി തസ്തികയിലേക്ക് ഇനി ക്രിസ്ത്യാനികളെ തന്നെ നിയമിച്ചുവെന്നും വരാം.