പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധം കത്തിപ്പടരുന്നതിനിടെ പ്രതിരോധത്തിലായി പത്മകുമാറും ദേവസ്വം ബോർഡ് അംഗങ്ങളും. ശബരിമല നട തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ദേവസ്വം ബോർഡിന്റെ ഭരണം തന്നെ സ്തംഭിച്ചിരിക്കുകയാണ്. സാധാരണ മണ്ഡലകാലത്ത് ഒരുക്കുന്ന പ്രാഥമിക സൗകര്യങ്ങൾ പോലും ശബരിമലയിൽ ഇനിയും ഒരുക്കാൻ ദേവസ്വം ബോർഡിന് കഴിഞ്ഞിട്ടില്ല. മുന്നൊരുക്കങ്ങൾ എല്ലാം താളം തെറ്റിയിരിക്കുകയാണ്. യുവതികൾ എത്തിയാൽ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് പറഞ്ഞ ദേവസ്വം ബോർഡിന് പുരുഷതീർത്ഥാടകർക്കു പോലുമുള്ള സൗകര്യങ്ങൾ ഇനിയും ഒരുക്കാനായിട്ടില്ല.

അതേസമയം പ്രതിഷേധം ഭയന്ന് പുറത്തിറങ്ങാൻപോലും കഴിയാത്ത അവസ്ഥയിലാണു ബോർഡ് പ്രസിഡന്റും അംഗങ്ങളും. പത്തനംതിട്ടയിലെ വസതിയിലേക്കു യുവമോർച്ച മാർച്ച് നടത്തിയതിനേത്തുടർന്ന് പ്രസിഡന്റ് എ. പത്മകുമാർ അന്തിയുറങ്ങിയതു ബോർഡ് ഓഫീസിലാണ്. സിപിഎം. നേതൃത്വവും പത്മകുമാറിനെ കൈവിട്ട അവസ്ഥയാണ്. 'സൈബർ സഖാക്കളും' അദ്ദേഹത്തെ പിന്തുണയ്ക്കുന്നില്ല. പാർട്ടിക്ക് അനഭിമതനാകും എന്നതുകൊണ്ടു മാത്രമാണു പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാനുള്ള നീക്കത്തിൽനിന്നു പിന്മാറിയതെന്നും സൂചനയുണ്ട്.

ദേവസ്വം ബോർഡിലെ അംഗങ്ങൾ തമ്മിലുള്ള പടലപ്പിണക്കവും കുത്തിത്തിരിപ്പും മാത്രമാണ് ദേവസ്വം ബോർഡ് ഉണ്ടെന്നതിന് പോലുമുള്ള ഏക തെളിവ്. മണ്ഡലകാലത്ത് സജീവമായിരിക്കേണ്ട ദേവസ്വം ബോർഡ് ഇതുവരെ ഒരു പ്രവർത്തനങ്ങളും നടത്തി തുടങ്ങിയിട്ടില്ല. ശബരിമലയിൽ കാര്യങ്ങൾ എല്ലാം പ്രതിസന്ധിയിൽ നിൽക്കുമ്പോഴും ഇടയ്ക്കിടെ സർക്കാർ നിർദേശ പ്രകാരം യോഗങ്ങൾ കൂടുക മാത്രാണ് ദേവസ്വം ബോർഡ് ആകെ ചെയ്യുന്നത്. എരുമേലിയിലും പമ്പയിലും സന്നിധാനത്തും അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമായിട്ടില്ല. പ്രളയത്തിൽ എല്ലാം തകർന്ന ശബരിമലയിൽ ഒന്നിൽ നിന്നും തുടങ്ങേണ്ട അവസ്ഥയായിട്ടും നിസ്സംഗമായി നിൽക്കുകയാണ് ദേവസ്വം ബോർഡ്. പമ്പാതീരത്തെ ശൗചാലയങ്ങളിൽ ഏറെയും പ്രളയത്തിൽ ഒലിച്ചുപോയി. അവ പുനർനിർമ്മിക്കുന്ന കാര്യത്തിൽ പോലും തീരുമാനമായിട്ടില്ല.

മണ്ഡല തീർത്ഥാടനത്തിനു മാസങ്ങൾക്കു മുമ്പേ എരുമേലിയിലെയും പമ്പയിലെയും സന്നിധാനത്തെയും താൽക്കാലിക ശൗചാലയങ്ങൾ, കടകൾ, നാളികേരസംഭരണം, പാർക്കിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ലേലം ചെയ്യേണ്ടതാണ്. അതിൽ മിക്കതും മുടങ്ങി. എരുമേലിയിൽ ദേവസ്വം ഓഫീസ് പൂട്ടിക്കിടക്കുന്നു. ഇത്തവണത്തെ അരവണ വിതരണം തന്നെ മുടങ്ങുന്ന അവസ്ഥയിലാണ് കാര്യങ്ങൾ. സന്നിധാനത്ത് അരവണ നിർമ്മാണത്തിനുള്ള ലോഡ് കണക്കിനു ശർക്കര നനഞ്ഞുനശിച്ചു. പകരം ശർക്കര എത്തിച്ചിട്ടില്ല. ശർക്കര കൊണ്ടുവന്നാലും സന്നിധാനത്ത് എത്തിക്കാൻ മാർഗമില്ല. ഇത്രയേറെ പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴും കയ്യും കെട്ടി ഇരിക്കുകയാണ് ദേവസ്വം ബോർഡ്.

ശബരിമല പ്രതിഷേധങ്ങളുടെ ഭാഗമായി, ബോർഡ് വക ക്ഷേത്രങ്ങളിൽ കാണിക്കയിടരുതെന്ന പ്രചാരണം സാമൂഹികമാധ്യമങ്ങളിൽ ഉൾപ്പെടെ സജീവമാണ്. ഇതു ശബരിമലയിൽ ഉൾപ്പെടെ വരുമാനത്തെ ബാധിക്കുമെന്ന ആശങ്കയുണ്ട്. പ്രതിഷേധം ഭയന്ന് പുറത്തിറങ്ങാൻപോലും കഴിയാത്ത അവസ്ഥയിലാണു ബോർഡ് പ്രസിഡന്റും അംഗങ്ങളും. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പരിപാടികളിലൊന്നും പ്രസിഡന്റിനെയോ അംഗങ്ങളെയോ പങ്കെടുപ്പിക്കുന്നില്ല.

നവരാത്രിയോട് അനുബന്ധിച്ച് വിവിധ ക്ഷേത്രങ്ങളിൽ നവാഹയജ്ഞങ്ങൾ ഉൾപ്പെടെയുള്ള പരിപാടികൾ ഉദ്ഘാടനം ചെയ്യേണ്ടതു ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്നു. പത്തനംതിട്ട ജില്ലയിലെ ഓമല്ലൂർ ചക്കുളത്തുകാവിൽ ഉദ്ഘാടകനായും മലയാലപ്പുഴ ക്ഷേത്രത്തിൽ മുഖ്യാതിഥിയായും പത്മകുമാറിനെയാണ് നിശ്ചയിച്ചിരുന്നത്. രണ്ടിടത്തും അദ്ദേഹത്തിന് എത്താനായില്ല. പത്മകുമാർ എത്തിയാൽ തടയാൻ ഓമല്ലൂർ ചക്കുളത്തുകാവിൽ സ്ത്രീകൾ സംഘടിച്ചിരുന്നു. ബോർഡിനു കീഴിലുള്ള മിക്ക ക്ഷേത്രങ്ങളിലെയും ഉപദേശകസമിതികളും സേവാസംഘങ്ങളും ഭരണസമിതിക്ക് എതിരായതും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു.