വിമാന യാത്രയ്ക്കിടെ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതിന് പിടിയിലാകുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. അമേരിക്കയിൽ ഉപരിപഠനത്തിന് പോയ യുവ ഡോക്ടറാണ് ഏറ്റവുമൊടുവിൽ അറസ്റ്റിലായത്. യുണൈറ്റഡ് എയർലൈൻസിൽ യാത്രചെയ്യവെ അടുത്ത സീറ്റിലിരുന്ന് ഉറങ്ങുകയയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കയറിപ്പിടിച്ചതിനാണ് വിജകുമാർ കൃഷ്ണപ്പയെന്ന 28-കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ന്യൂജഴ്‌സിയിലേക്ക് ജൂലൈ 23-ന് പറന്ന വിമാനത്തിലാണ് സംഭവം. 16-കാരിയായ പെൺകുട്ടി തനിച്ച് യാത്ര ചെയ്യുകയായിരുന്നു. ഉറക്കത്തിനിടെ തന്റെ തുടയിൽ ആരോ കയറിപ്പിടിക്കുന്നതുകണ്ടാണ് പെൺകുട്ടി ഉണർന്നത്. ഉടനെ വിജകുമാർ കൈ പിൻവലിച്ചു. പെൺകുട്ടി വീണ്ടും ഉറക്കമായതോടെ, ഇയാൾ വീണ്ടും ശല്യപ്പെടുത്താൻ തുടങ്ങി. ഉടനെ ശബ്ദമുണ്ടാക്കി വിമാനജീവനക്കാരെ അറിയിക്കുകയായിരുന്നു.

സീറ്റ് മാറിയിരുന്ന് യാത്ര തുടർന്ന പെൺകുട്ടി സിയാറ്റിലിലെ നെവാർക്ക് ലിബർട്ടി വിമാനത്താവളത്തിലിറങ്ങിയ ഉടൻ രക്ഷിതാക്കളെ ഫോൺ ചെയ്ത് വിവരമറിയിച്ചു. അപ്പോഴേക്കും വിജകുമാർ വിമാനത്താവളത്തിൽനിന്ന് പോയിരുന്നു. വിജകുമാറിനെ പോകാൻ അനുവദിച്ച യുണൈറ്റഡ് എയർലൈൻസ് അധികൃതരുടെ നടപടിക്കെതിരെ പെൺകുട്ടി പരാതി നൽകി.

തുടർന്ന് കേസെടുത്ത എഫ്.ബി.ഐ, വിമാനത്തിലെ ദൃശ്യങ്ങൾ പിരശോധിച്ച് വിജകുമാറിനെ തിരിച്ചറിയുകയും ഇയാളെ താമസസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. പെൺകുട്ടി ഇയാളെ തിരിച്ചറിഞ്ഞതോടെ, ഡോക്ടർ കുടുങ്ങി. സംഭവത്തിന് പിറ്റേന്നുതന്നെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ലൈംഗികപീഡനത്തിന് കേസെടുത്തു. കർശന ഉപാധികളോടെ ഡോക്ടർക്ക് കോടതി ജാമ്യം അനുവദിച്ചു.

കോടതിയിൽ വിജകുമാർ കുറ്റം നിഷേധിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ ജോൺ യൗച്ച് പറഞ്ഞു. പ്രത്യേക സ്‌കോളർഷിപ്പ് നേടിയാണ് വിജകുമാർ അമേരിക്കയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയത്. തന്നെ നിരപരാധിയായിക്കണ്ട് വെറുതെവിടണമെന്നാണ് വിജകുമാറിന്റെ അഭ്യർത്ഥന.