- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കറുകച്ചാൽ സബ് ട്രഷറിയിൽ വീട്ടമ്മയുടെ കുടുംബ പെൻഷൻ അക്കൗണ്ടിൽ നിന്ന് ജൂനിയർ സൂപ്രണ്ട് അടിച്ചുമാറ്റിയത് 18,000 രൂപ; വഞ്ചിയൂരിലെ തട്ടിപ്പിന് പുറമേ വ്യാജരേഖ ഉണ്ടാക്കിയുള്ള തട്ടിപ്പുകളും ഏറെ; പിടിക്കപ്പെടുന്ന പ്രതികൾക്കെല്ലാം ഭരണകക്ഷി യൂണിയനുകളുമായി അടുത്ത ബന്ധം
കോട്ടയം : ട്രഷറിയിൽ വീണ്ടും തട്ടിപ്പ് കേസ്. കുടുംബപെൻഷൻ അക്കൗണ്ടിൽ നിന്ന് 18,000 രൂപ തട്ടിയെടുത്ത ട്രഷറി ജീവനക്കാരൻ അറസ്റ്റിലായി. കോട്ടയം കറുകച്ചാൽ സബ്ട്രഷറിയിലെ ജൂനിയർ സൂപ്രണ്ടായ തിരുവനന്തപുരം ജില്ലയിലെ ചെങ്കൽ കോടങ്കര ഉഷസ്സിൽ യു.ആർ. അരുണിനെ(38)യാണ് നെയ്യാറ്റിൻകര പൊലീസ് അറസ്റ്റുചെയ്തത്. നെയ്യാറ്റിൻകര സബ്ട്രഷറിയിലെ സബ് ട്രഷറി ഓഫീസർ സി. മണി, ട്രഷററായ എ. അബ്ദുൾ റസാഖ്, ജൂനിയർ അക്കൗണ്ടന്റ് ടി.എ. സജ്‌ന എന്നിവരെയാണ് ഈ കേസുമായി ബന്ധപ്പെട്ട് ട്രഷറി ഡയറക്ടർ വി. സാജൻ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. അരുണിനെ ദിവസങ്ങൾക്കുമുമ്പ് സസ്‌പെൻഡ് ചെയ്തിരുന്നു. പിരിച്ചുവിടാനുള്ള നടപടികൾ തുടങ്ങി.
അക്കൗണ്ട് ഉടമ അറിയാതെയാണ് അരുൺ പണം തട്ടിയെടുത്തത്. കഴിഞ്ഞ അഞ്ചാറ് വർഷത്തിനിടയിൽ ട്രഷറി തട്ടിപ്പ് കേസുകളിൽ പിടിയിലായ പ്രതികളെല്ലാവരും തന്നെ ഭരണകക്ഷി യൂണിയനുമായി ബന്ധപ്പെട്ടവരാണ്.
അരുൺ ജോലിചെയ്തിരുന്ന കറുകച്ചാൽ സബ് ട്രഷറിയിൽ കമലമ്മ എന്ന സ്ത്രീയുടെ കുടുംബപെൻഷൻ അക്കൗണ്ടിൽ നിന്നാണ് പണം മാറ്റിയത്. ഒരുവർഷംമുമ്പ് 18,000 രൂപ പിൻവലിക്കാൻ കമലമ്മ കറുകച്ചാൽ ട്രഷറിയിൽ അരുൺകുമാറിനെ സമീപിച്ച് ചെക്കുനൽകി. ചെക്കിൽ പിശകുള്ളതിനാൽ മറ്റൊരു ചെക്ക് നൽകാൻ അരുൺ ആവശ്യപ്പെട്ടു. മറ്റൊരു ചെക്ക് നൽകി 18,000 രൂപ പിൻവലിച്ചു.
ഒരുവർഷത്തിനുശേഷം ഈ മാസം 19-ന് അരുൺ നെയ്യാറ്റിൻകര ട്രഷറിയിലെത്തി ആ ചെക്ക് നൽകി 18,000 രൂപ മാറിയെടുത്തു. കമലമ്മ 20,000 രൂപ പിൻവലിക്കാൻ വീണ്ടും കറുകച്ചാൽ ട്രഷറിയിലെത്തിയപ്പോളാണ് 18,000 രൂപ കുറവുള്ളതായി കണ്ടത്. അവർ പരാതിനൽകി. ട്രഷറി ജോയന്റ് ഡയറക്ടർ കെ.ആർ. ജിജു പ്രജിത് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് വെളിപ്പെട്ടത്. അരുണിനെതിരേ പൊലീസിൽ പരാതിയും നൽകി. അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
തിരുവനന്തപുരം വഞ്ചിയൂരിൽ ട്രഷറി ഉദ്യോഗസ്ഥനായിരുന്ന എം.ആർ. ബിജുലാൽ വിരമിച്ച ഉദ്യോഗസ്ഥന്റെ ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് ട്രഷറിയിൽ നിന്നും പണം തട്ടിയെടുത്ത സംഭവം വലിയ വിവാദമായിരുന്നു. അയാളെ സർവ്വീസിൽ നിന്നും പിന്നീട് പിരിച്ചുവിട്ടു.
വഞ്ചിയൂരിൽ ട്രഷറി തട്ടിപ്പ് നടത്തി കോടികൾ തട്ടിയ കേസിലെ പ്രതി ബിജുലാൽ പണം തിരിമറി നടത്തി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയിരുന്നതായാണ് കണ്ടെത്തൽ. തട്ടിപ്പ് നടത്തിയെടുത്ത പണം ആദ്യം ട്രഷറി അക്കൗണ്ടുകളിലേക്കാണ് മാറ്റിയത്. അതിന് ശേഷമാണ് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. ആദ്യം ട്രഷറി അക്കൗണ്ടിലേക്കാണ് പണം മാറ്റുന്നത് എന്നതിനാൽ അന്ന് തട്ടിപ്പ് കണ്ടെത്തിയില്ല.
വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്നും രണ്ടു കോടി 73 ലക്ഷം രൂപയാണ് ബിജുലാൽ തട്ടിയെടുത്തത്. കേസിലെ രണ്ടാം പ്രതിയായ ബിജുലാലിന്റെ ഭാര്യയ്ക്ക് തട്ടിപ്പിലുള്ള പങ്ക് സംബന്ധിച്ചും കൂടുതൽ അന്വേഷണം നടത്താതെ പ്രതിയെ പിരിച്ചുവിടുകയായിരുന്നു.
പത്തനംതിട്ട ജില്ലയിലെ പെരുനാട് സബ് ട്രഷറിയിൽ ഈ അടുത്ത കാലത്ത് നടന്ന നാൽപതിനായിരത്തോളം രൂപയുടെ ട്രഷറി തട്ടിപ്പും ട്രഷറിയിൽ ജീവനക്കാർ വ്യാപകമായ തോതിൽ തട്ടിപ്പുകൾ നടത്തുന്നുവെന്നതിന്റെ തെളിവുകളാണ് ഈ വർഷം ആദ്യമാണ് ഈ കേസ് റിപ്പോർട്ട് ചെയ്തത്. ഈ തട്ടിപ്പിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് ജില്ലാ ട്രഷറിയിലെ എട്ടുലക്ഷം രൂപയുടെ വലിയ തട്ടിപ്പ് പുറത്തു വരാൻ കാരണം.
മരിച്ചയാളുടെ അക്കൗണ്ടിൽ നിന്നു എട്ടുലക്ഷത്തിപതിമൂവായിരം രൂപയാണ് വ്യാജരേഖയുണ്ടാക്കി കൈക്കലാക്കിയത്. സി.ടി.ഷഹീർ മുൻപ് ജോലി ചെയ്തിരുന്ന മല്ലപ്പള്ളി,എരുമേലി സബ്ട്രഷറിടങ്ങളിലും സമാനമായ തിരിമറി നടന്നിട്ടുണ്ടെന്ന് ജില്ലാ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഭരണകക്ഷി യൂണിയനിൽപ്പെട്ടവർക്കെതിരായ അന്വേഷണം രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് പൊലീസ് അട്ടിമറിക്കുന്നുവെന്ന് വ്യാപക പരാതി ഉയർന്നതിനെ തുടർന്ന് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്.