കോതമംഗലം: ജനസമ്പർക്ക പരിപാടിയിൽ മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടും ആദിവാസി വയോധികദമ്പതികളുടെ ദുരിത ജീവിതത്തിന് അറുതിയായില്ല. തല ചായ്ക്കാനിടമില്ലാതെ കഷ്ടപ്പെട്ടിരുന്ന പിണവൂർക്കുടി ആദിവാസി കോളനിയിലെ കോമളാംകുഴി ശിവരാമൻ - ജാനകി ദമ്പതികൾക്ക് സ്ഥലം കണ്ടെത്തി വീട് നിർമ്മിച്ചു നൽകാൻ 2013 ൽ മുഖ്യമന്ത്രി നൽകിയ ഉത്തരവ് ഇനിയും നടപ്പിലായിട്ടില്ല.

സ്ഥലം കണ്ടെത്തി വീട് നിർമ്മിക്കുന്നതിനായി ട്രൈബൽ വകുപ്പിനെയാണ് ഉമ്മൻ ചാണ്ടി ചുമതലപ്പെടുത്തിയിരുന്നത്. ഇതു സംബന്ധിച്ച് ഉത്തരവിറങ്ങി മൂന്നുവർഷത്തോളമെത്തിയിട്ടും ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്നും കാര്യമായ നീക്കമൊന്നും ഉണ്ടായിട്ടില്ലന്നാണ് ദമ്പതികളുടെ പരാതി.

കൊച്ചിയിൽ നടന്ന ജനസമ്പർക്ക പരിപാടിയിലാണ് കുടുംബത്തിന്റെ ദുഃസ്ഥിതിയറിഞ്ഞ് വീടിന് വേണ്ടി മുഖ്യമന്ത്രി 10 ലക്ഷം രൂപ അനുവദിച്ചത്. എത്രയും വേഗം സ്ഥലം കണ്ടെത്തി കുടുംബത്തിന് കൈമാറാൻ ട്രൈബൽ വകുപ്പിനെ ഉടൻ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒരിഞ്ചുപോലും നടപടികൾ മുന്നോട്ടുപോയിട്ടില്ല. ട്രൈബൽ വകുപ്പ് ഉദ്യോഗസ്ഥരുടെ അനങ്ങാപ്പാറ നയമാണ് ഇതിന് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്.

രോഗിയായ ഭർത്താവിനെ പരിചരിക്കാൻ സദാസമയവും ജാനകി അടുത്ത് വേണമെന്നതാണ് നിലവിലെ സ്ഥിതി. വർഷങ്ങൾക്ക് മുൻപുണ്ടായ രോഗബാധയെത്തുടർന്ന് ഒരുവശം തളർന്ന ശിവരാമന് അടിക്കടി മാനസിക വിഭ്രാന്തിയും ഉണ്ടാവുന്നുണ്ട്. ജാനകിയുടെ കണ്ണൊന്നുതെറ്റിയാൽ ആവുംവിധത്തിൽ ശിവരാമൻ വീടിന് പുറത്തിറങ്ങും. പിന്നെ അയൽക്കാരുടെ സഹായത്തോടെ ശിവരാമനെ കണ്ടെത്തി വീട്ടിലെത്തിക്കുന്നതിന് ജാനകി അനുഭവിക്കുന്ന പെടാപ്പാട് കാഴ്ചക്കാരുടെ കരളലിയിക്കുന്നതാണ്. വീട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ജാനകിയുടെ നീക്കത്തെ എതിർക്കുന്ന ശിവരാമൻ അക്രമാസക്തനാവുക പതിവാണ്. ആക്രമണത്തിൽ പരിക്കേറ്റ് അവശയായലും ജാനകി ഭർത്താവിനെ വീട്ടിലെത്തിക്കാതെ പിൻതിരിയുന്ന പ്രശ്‌നമില്ല.

പിണവൂർ കുടിയിലെ ഒരാൾ തൽക്കാലത്തേക്ക് നൽകിയ സ്ഥലത്ത് കുടിൽ കെട്ടിയാണ് ഈ വയോധിക ദമ്പതികൾ ഇപ്പോൾ കഴിയുത് ഓലകൊണ്ടും പ്ലാസ്റ്റിക് കവറുകൊണ്ടും മറച്ച കൂരയ്ക്കകത്ത് ഇഴജന്തുക്കളെ പേടിച്ച് ഇവർ കിടക്കാറില്ല. മണ്ണ് കൊണ്ട് കെട്ടിയ ഇറയത്താണ് ഇവർ രാവും പകലും കഴിച്ചുകൂട്ടുന്നത്.

അധികൃതർ കാട്ടുന്ന അനാസ്ഥയാണ് ഈ ദമ്പതികളെ പുനഃരധിവസിപ്പിക്കുന്ന നീക്കത്തിന് തിരിച്ചടിയായിരിക്കുന്നതെന്നകാര്യത്തിൽ തർക്കമില്ല. അതിവേഗം ബഹുദൂരം പദ്ധതിയുടെ നടത്തിപ്പിന് നേതൃത്വം നൽകിയ മുഖ്യമന്തിയുടെ ഇമേജ് വർദ്ധിപ്പിച്ച കാരുണ്യ പദ്ധതികളുടെ ഗുണഭോക്തൃലിസ്റ്റിൽ ഉൾപ്പെട്ട ഈ വയോധിക ദമ്പതികളുടെ പുനഃരധിവാസത്തിനായി സ്ഥലം എംഎൽഎ ടി യു കുരുവിള തുടർനടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും പരാതിയുണ്ട്.