തിരുവനന്തപുരം: പട്ടികജാതി - പട്ടികവർഗ സമുദായത്തിനായി ലഭിക്കുന്ന ഫണ്ടുകൾ വകമാറ്റി ചിലവഴിക്കുന്നത് ആർക്ക് വേണ്ടിയെന്ന് അധികാരികൾ വ്യക്തമാക്കണമെന്ന് സാമൂഹിക പ്രവർത്തക ധന്യാ രാമൻ. കല്ലടിമുഖത്ത് ഏഴരക്കോടി രൂപ മുടക്കി തിരുവനന്തപുരം നഗരസഭ പണിത വയോധികസദനം പട്ടികജാതി ക്ഷേമത്തിനുള്ള കേന്ദ്ര ഫണ്ടിൽ നിന്നുമാണ്. ഫണ്ടില്ലെന്ന ന്യായം നിരത്തി പട്ടികജാതി-പട്ടികവർഗ സമൂഹത്തിന്റെ അനേകം ദുരിതങ്ങൾ കണ്ടില്ലെന്നു നടിക്കുന്നവർ ഇത്തരം പ്രവർത്തികൾക്ക് മറുപടി പറയുവാൻ ബാധ്യസ്ഥരാണ്. വെള്ളം കുടിക്കാൻ നിവർത്തിയില്ലെങ്കിലും പട്ടിണി ആണെങ്കിലും അവിടെ കിടന്നു മരിക്കുന്നതല്ലാതെ അച്ഛനമ്മമാരെ ഉപേക്ഷിക്കാറില്ലെന്നും പിന്നെന്തിനാണ് തങ്ങളുടെ ഫണ്ടുപയോഗിച്ച് ഇത്തരം പ്രവർത്തങ്ങൾ ചെയ്യുന്നതെന്നും അവർ ചോദിക്കുന്നു.തങ്ങളുടെ പേരിൽ വരുന്ന ഫണ്ടുകൾ വകമാറ്റി ചിലവഴിക്കുന്നത് ഇത് ആദ്യത്തെ സംഭവമല്ലെന്നും അവർ പറയുന്നു.

നിലവിൽ ശ്രീവരാഹം കൊത്തളത്ത് പ്രവർത്തിക്കുന്ന നഗരസഭയുടെ യാചക പുനരധിവാസ കേന്ദ്രത്തിലെ 36 അന്തേവാസികളെയാണ് ഇങ്ങോട്ട് മാറ്റി താമസിപ്പിക്കാനുദ്ദേശിക്കുന്നത്. തങ്ങൾ ഒരിക്കലും യാചകരല്ലെന്നും മാതാപിതാക്കളെ ഉപേക്ഷിക്കുന്നവരല്ലെന്നും പിന്നെ എന്തിനുവേണ്ടിയാണ് തങ്ങളുടെ ഫണ്ടെടുത്തുപയോഗിച്ചതെന്ന് നഗരസഭ വ്യക്തമാക്കണമെന്ന് ധന്യാ രാമൻ ആവശ്യപ്പെട്ടു. അന്തേവാസികൾക്ക് എല്ലാ സൗകര്യങ്ങളുമൊരുക്കികൊണ്ടാണ് യാചക പുനരധിവാസ കേന്ദ്രവും വയോധികസദനവും പണികഴിപ്പിച്ചിരിക്കുന്നത്.

നൂറ്റിഅൻപതിൽ പരം അന്തേവാസികളെ ഉൾക്കൊള്ളാവുന്ന കെട്ടിടം നിർമ്മിച്ചിരിക്കുന്നത് ഭവനരഹിതർക്ക് വീടു വച്ച് നൽകുന്ന പദ്ധതിയിലുൾപ്പെടുത്തിയാണ്. അന്തേവാസികളുടെ സുരക്ഷയ്ക്കായി മൂന്ന് പുരുഷന്മാരെയും മൂന്ന് സ്ത്രീകളേയും ചുമതലപ്പെടുത്തും ഒപ്പംതന്നെ ഇവരുടെ ആരോഗ്യപരിപാലനത്തിനും മാനസികോല്ലാസത്തിനും വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് മേയർ അറിയിച്ചിരുന്നു. നഗരസഭയുടെ പരിധിയിൽ തന്നെ മണക്കാട് എംഎസ്‌കെ കോളനി പോലുള്ള സ്ഥലങ്ങളിൽ ദുരിതപൂർണമായ ജീവിതമാണ് പട്ടികജാതി പട്ടികവർഗ സമൂഹം നയിക്കുന്നത്.

എൺപത് കുടുംബങ്ങൾക്ക് മാത്രം താമസിക്കാൻ സൗകര്യമുള്ള കോളനിയിൽ 176ൽപ്പരം കുടുംബങ്ങളാണ് താമസിക്കുന്നത്. ആകെ ദുരവസ്ഥയിലുള്ള ഈ കോളനിയിൽ ഒരു കമ്മ്യൂണിറ്റി ഹാൾ പണിഞ്ഞത് ആർക്കുവേണ്ടിയെന്ന് അധികൃതർ വ്യക്തമാക്കണം. ഒപ്പം തന്നെ കോളനിയുടെ സ്ഥലം കയ്യേറി ക്ഷേത്രം നിർമ്മിക്കുകയും വായനശാല നിർമ്മിക്കുകയും ചെയ്തിട്ടും കോളനിയിലെ ഒരു കുട്ടിക്ക് പോലും ലൈബ്രറിയിൽ അംഗത്വം നൽകിയിട്ടില്ലെന്നും അവർ മറുനാടനോട് പറഞ്ഞു.

എല്ലാ മേഖലയിലും തങ്ങളോട് പക്ഷാപാദപരമായി പെരുമാറിയ ശേഷം തങ്ങളുടെ പേരിലുള്ള ഫണ്ടുപയോഗിക്കുന്നതിനു ന്യായീകരണമില്ലെന്നും അവർ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് എംഎസ്‌കെ കോളനി നിവാസികൾക്ക് ഇന്ദിരാ ആവാസ് യോചനാ പദ്ധതിയിലുൾപ്പെടുത്തി വീട് നിർമ്മിച്ച് നൽകുമെന്നു പറഞ്ഞാണ് വി.ശിവൻകുട്ടി വോട്ട് തേടിയതെന്നും എന്നാൽ പിന്നീട് ഇതിനു ഒരു നടപടിയും സ്വീകരിച്ചില്ലെന്നും അവർ പറഞ്ഞു.

വെള്ളയാണി സ്‌പോർട്ട്‌സ് ഹോസ്റ്റലിലെ പട്ടികജാതി പട്ടികവർഗ വിഭാഗത്തിലെ കുട്ടികൾക്ക് കായിക പരിശീലനത്തിനും കായികോപകരണങ്ങൾ വാങ്ങുന്നതിനുമായി കേന്ദ്രം അനുവദിച്ച 5 ലക്ഷം രൂപയും മറ്റു വിഭാഗത്തിലെ കുട്ടികൾക്കായി ചെലവഴിച്ചുവെന്നും അവർ പറഞ്ഞു. എല്ലാ മേഖലയിലും അവഗണന നേരിടേണ്ടി വന്നശേഷം ഇത്രയും ദുരിതമനുഭവിക്കുന്ന ഒരു സമൂഹത്തിനു അനുവദിച്ചു കിട്ടുന്ന ആനുകൂല്യങ്ങൾ പോലും കൃത്ത്യമായി ലഭ്യമാകുന്നില്ലെന്നത് കുറ്റകരമായ അനാസ്ഥയാണ്. മറ്റു വിഭാഗങ്ങളെ പരിഗണിക്കുന്നതിനൊപ്പം തങ്ങളെ അവഗണിക്കാതിരിക്കുകയെന്ന നീതി അവർ അർഹിക്കുന്നു.