കണ്ണൂർ: യു.ഡി.എഫ്. കൺവീനർ പി.പി. തങ്കച്ചന്റെ ബന്ധുക്കൾ നടത്തുന്ന ന്യൂ ഭാരത് സ്റ്റോൺ ക്രഷറിനു മുന്നിലെത്തിയപ്പോൾ ഉച്ചയ്ക്കു രണ്ടു മണി. കിഴക്കൻ മലയോരത്തേക്കുള്ള പ്രധാന കവാടമായ നെടുംപൊയിൽ പിന്നിടുമ്പോൾ തന്നെ റോഡിനിരുവശത്തും സ്‌റ്റോൺ ക്രഷറിൽ നിന്നുള്ള പൊടി അടിഞ്ഞു കൂടിയതു കാണാമായിരുന്നു. വൃക്ഷ ശിഖരങ്ങളാകെ ചാരനിറം.

കണ്ണൂരിൽ നിന്നും തലശ്ശേരിയിൽ നിന്നും മൈസൂരിലേക്കും മാനന്തവാടിയിലേക്കുമുള്ള സംസ്ഥാന പാതയാണിത്. വലതുവശം കണ്ണവം നിക്ഷിപ്ത വനഭൂമിയാണ്. പഴശ്ശി രാജയുടെ പടയാളികളായ കുറിച്യർ ഈ വനത്തിൽ ഒളിഞ്ഞും തെളിഞ്ഞും പോരാടിയ ഓർമ്മകൾ പേറുന്ന വനഭൂമി. ആർതർ വെല്ലസ്ലിയുടെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് പടയെ അമ്പും വില്ലും ഉപയോഗിച്ച് തുരത്തിയ ഭൂമി. ചരിത്രത്തിൽ സ്ഥാനം പിടിക്കേണ്ടിയിരുന്ന ഇടം. അന്ന് ഇംഗ്ലീഷുകാരന്റെ തോക്കിൻ കുഴലിൽ നിന്നുള്ള വെടിയൊച്ച പോലെ പിന്മുറക്കാർക്ക് ഇന്നും സമാനമായ അനുഭവം. കരിങ്കല്ലിനു വേണ്ടി 12 അടിയോളം താഴ്ചയിൽ കുഴിച്ചെടുത്ത് മരുന്നു നിറച്ച് ഒരേസമയം റിമോട്ട് ഉപയോഗിച്ച് വെടിപൊട്ടിക്കുന്നുവെന്ന് മാത്രം.

മുപ്പതു വർഷത്തോളമായി ഇവിടെ ക്വാറി പ്രവർത്തനം ആരംഭിച്ചിട്ട്. മുൻകാലങ്ങളിലൊന്നും ഇല്ലാത്ത രീതിയിൽ മൂന്നു വർഷത്തിനിടയിലാണ് ഇതിന്റെ പ്രവർത്തനം ജനജീവിതത്തെ സാരമായി ബാധിച്ചത്. ആദ്യം ഒരു സഹകരണ സംഘമായായിരുന്നു ക്വാറി പ്രവർത്തിപ്പിച്ചത്. കാട്ടിനുള്ളിൽനിന്നും കരിങ്കല്ലുകൾ വിപണിയിലെത്തിച്ച് ലാഭം നേടാനാവാതെ അവർ കൈയൊഴിഞ്ഞു. പിന്നീട് കണ്ണൂർ ജില്ലക്കാരൻ തന്നെയായ ഒരാൾ ഏറെക്കാലം നടത്തിപ്പോന്നു. ക്വാറിയിൽ സ്‌ഫോടനം നടത്തി കരിങ്കല്ലു ഖനനം ചെയ്യുന്നതിനെ ആദിവാസികൾ എതിർത്തപ്പോൾ അവർ സ്ഥലം വിറ്റു. പിന്നെ ചുളുവിലയ്ക്കാണ് തങ്കച്ചൻ ടീം ഈ ക്വാറി വാങ്ങിച്ചെടുത്തത്.

പിന്നീടെല്ലാം അതിവേഗമായിരുന്നു. താഴ്ചയിൽ 60 കുഴികളെടുക്കും. എല്ലാറ്റിലും മരുന്ന് നിറച്ച് ഒരേസമയം റിമോട്ട് ഉപയോഗിച്ച് വെടി പൊട്ടിക്കുന്നു. അത്യുഗ്രസ്‌ഫോടനത്തിൽ എതിർവശത്തെ മലയിൽ താമസിക്കുന്ന ചെക്ക്യാട് കോളനി ഒന്നടങ്കം കുലുങ്ങും. വീടിന്റെ ഭിത്തി പിളരും. വാതിലുകൾ ഇളകും. കോൺക്രീറ്റ് ചെയ്ത മേൽക്കൂരയിൽ വ്യാപകമായ വിള്ളലും. ഭൂരിഭാഗം വീടുകളിലും ഇന്ന് കട്ടിള, ജനൽ എന്നിവ ചുമരിൽനിന്നും വിട്ടുനിൽക്കുന്നു. പുതിയ വീടുകളെടുക്കാനും പഴയവ പുതുക്കിപ്പണിയാനും ആദിവാസികൾ ഭയപ്പെടുകയാണ്. എടുത്തു കൊണ്ടിരിക്കുന്ന വീടുപോലും കരിങ്കൽ ചീള് തെറിച്ചും സ്‌ഫോടനത്തിൽ കുലുങ്ങിയും നശിക്കുന്നു.

വനാവകാശ നിയമപ്രകാരം ആദിവാസികൾക്ക് ലഭിച്ച ഭൂമിയിൽ അവർക്കു തന്നെയാണ് അധികാരം. എന്നിട്ടും ക്വാറി ഉടമകളുടെ ഇംഗിതം മാത്രമേ ഇവിടെ നടക്കുകയുള്ളൂ. ഗ്രാമസഭ ഒന്നടങ്കം ക്വാറി നിർത്തണമെന്ന് ആവശ്യപ്പെട്ട റിപ്പോർട്ട് കണിച്ച്യാർ പഞ്ചായത്ത് ഭരണസമിതി ഇളവു വരുത്തിയാണ് അധികാരികൾക്ക് സമർപ്പിച്ചത്. അധികാരം ജനങ്ങളിലേക്ക് എന്നതൊന്നും നടപ്പിലാവാത്ത സ്വപ്‌നമായി അവശേഷിക്കുന്നു. പഞ്ചായത്തിലെ ഇടതു വലതു കക്ഷികൾ കീശ നിറയെ ദ്രവ്യം നൽകിയാൽ എന്തു ജനാധിപത്യം, എന്ത് അധികാര വികേന്ദ്രീകരണം. മുഖ്യമന്ത്രി, പട്ടികവർഗ വികസന മന്ത്രി, മനുഷ്യാവകാശ കമ്മിഷൻ എന്നിവർക്കൊക്കെ നിരന്തര പരാതികളയച്ചിട്ടും ക്വാറി പ്രശ്‌നത്തിന് പരിഹാരമൊന്നും ആയില്ല. ശബ്ദ മലിനീകരണം തുടർക്കഥയാവുകയും ക്വാറിയിൽനിന്നുള്ള പൊടിയും പുകയുമേറ്റ് രോഗികളാവുകയും ചെയ്യുന്ന ആദിവാസികളുടെ എണ്ണം അനുദിനം കൂടിവരികയാണ്. കുന്നുകളും മലകളും നിറഞ്ഞ പ്രദേശമായതിനാൽ ഉരുൾപൊട്ടാനുള്ള സാധ്യത ഇവിടെ തെളിഞ്ഞു കാണുന്നു.

കണിച്ച്യാർ പഞ്ചായത്ത് ആദ്യം പാറ പൊട്ടിക്കുന്നതിന് 2013 മാർച്ച് 31 വരെയാണ് ലൈസൻസ് നൽകിയിരുന്നത്. അതുപ്രകാരം അത്യുഗ്രശേഷിയുള്ള സ്‌ഫോടനം നടത്തരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് സംസ്ഥാന പട്ടികജാതി ഗോത്ര വർഗ കമ്മീഷൻ പ്രോജക്ട് ഓഫീസർ തന്നെ പരാതി നൽകിയിട്ടുണ്ട്. എന്നാൽ തലശ്ശേരി സബ് കലക്ടർ മുതൽ മുഖ്യമന്ത്രി വരെയുള്ളവർ ആദിവാസികൾ ഉന്നയിച്ച പ്രശ്‌നങ്ങൾ ചെവിക്കൊണ്ടില്ല. പി.പി. തങ്കച്ചനു മുമ്പിൽ നിയമങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തപ്പെടുന്നു. ഭരണ സംവിധാനവും നീതിപീഠവും ആദിവാസികളുടെ അവകാശത്തിനു നേരെ കണ്ണടയ്ക്കുകയാണെന്ന് അവർ സംശയിക്കുന്നു.

വർഷങ്ങൾക്കു മുമ്പ് അകലെനിന്നു നോക്കുമ്പോൾ ഒരു ആനയുടെ വലിപ്പത്തിൽ കാണപ്പെട്ടിരുന്ന പാറയാണ് ഇന്ന് ഏക്കർ കണക്കിന് തുരന്നെടുത്തിട്ടുള്ളതെന്നും മൂത്താടൻ കേളപ്പൻ ഓർമ്മിക്കുന്നു. സിംഹവാലൻ കുരങ്ങുകൾ ഓടിക്കളിച്ചിരുന്നു. സാമ്പർ ഇനത്തിലുള്ള മാനുകളും വന്യജീവികളുമെല്ലാം കുടിയൊഴിഞ്ഞു. കൃഷിയും വീടും ഭൂമിയും ഉപേക്ഷിച്ച് ഞങ്ങൾ എവിടെപ്പോകാൻ? ചെക്ക്യാട്ട് കോളനി നിവാസികളുടെ ചോദ്യത്തിനു മുന്നിൽ മറുപടി പറയാൻ തങ്കച്ചൻ ടീമിനാവുമോ?