കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ, ഇടതുമുന്നണി സർക്കാരിനെ ശക്തമായി വിമർശിച്ച് സീറോ മലബാർ സഭാ മുൻ വക്താവും, സത്യദീപം എഡിറ്ററുമായ ഫാ.പോൾ തേലക്കാട്ട്. വർഗീയ കാർഡ് ഇറക്കിയവർക്കുള്ള മറുപടിയാണ് തൃക്കാക്കര ഫലമെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന്റെ നല്ല മാതൃകയാണിത്. പള്ളികളിലേക്ക് രാഷ്ട്രീയം കയറരുതായിരുന്നു. ഇക്കാര്യം സർക്കാരും പാർട്ടിയും ശ്രദ്ധിക്കണമായിരുന്നു.

പാർട്ടികൾ സ്ഥാനാർത്ഥിയെ നിർണയിക്കുമ്പോൾ വിവേകപരമായി പ്രവർത്തിച്ചില്ലെങ്കിൽ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഗീയ വാദങ്ങളോട് തൃക്കാക്കരയിലെ ജനങ്ങൾ മുഖം തിരിച്ചതിന്റെ നേർചിത്രമാണ് തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗൗരവമായ ഒരു വിഷയവും ചർച്ചയായില്ല. നിസാര കാര്യങ്ങൾ ചർച്ചയാകുകയും ചെയ്തു. മതപരമോ ജാതിയോ, വർഗീയമോ ആയ പ്രശ്‌നങ്ങളിൽ മാത്രം തലകുത്തി മറിയുന്ന ഒരു അന്തരീക്ഷം ഉണ്ടായത് ഗുണകരമല്ല. സിപിഎമ്മും ബിജെപിയും മതത്തിന്റെ കാർഡ് എടുത്ത് കളിച്ച് ഇപ്പോഴത്തെ വർഗീയ പാർട്ടികൾ നടത്തുന്ന പ്രചാരണങ്ങളിലൂടെ നടക്കാനുള്ള ശ്രമമാണ് നടത്തിയത്. ഈ നീക്കം തിരിച്ചടിക്കുയാണ് ചെയ്തതെന്ന് തേലക്കാട് വ്യക്തമാക്കി.

മതത്തിന്റെ കാർഡ് എടുത്ത് കളിച്ചത് മൂലം വിപരീത ഫലമാണ് ഉണ്ടായത്. എന്തുകൊണ്ടാണ് ഈ നീക്കം നടത്തിയതെന്ന് ആലോചിക്കേണ്ടതാണ്. തൃക്കാക്കര മണ്ഡലത്തിലെ ആളുകൾ മാറി. കേരളത്തിന്റെ പല സ്ഥലങ്ങളിൽ നിന്ന് എത്തിയ വ്യത്യസ്തമായ ആളുകളാണ് തൃക്കാക്കര മണ്ഡലത്തിൽ വന്ന് താമസിക്കുന്നത്. ഈ ആളുകൾ വളരെ വിദ്യാഭ്യാസമുള്ളവരും പരിഷ്‌കൃതരുമാണ്. ഇവർ നിലവിലെ പ്രശ്‌നങ്ങളെക്കുറിച്ച് വിവേകത്തോടെ കാണുന്നവരാണെന്നും തേലക്കാട് കൂട്ടിച്ചേർത്തു.

മണ്ഡലത്തിലെ വിദ്യാസമ്പന്നരും പരിഷ്‌കൃതരുമായ ആളുകൾ വർഗീയ കാർഡ് ഇറക്കിയുള്ള നീക്കത്തിന് കൂട്ട് നിൽക്കില്ല. തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ സന്തോഷമുണ്ട്. ജനാധിപത്യം ജനാധിപത്യമായി മാറണമെങ്കിൽ മതത്തിൽ നിന്നും അകന്ന് നിൽക്കണം. ഈ അകന്ന് നിൽപ്പ് ഉണ്ടായില്ലെങ്കിൽ ഉണ്ടാക്കണമെന്നും ഫാദർ പോൾ തേലക്കാട് പറഞ്ഞു.

നേരത്തെ തൃക്കാക്കരയിലെ സ്ഥാനാർത്ഥി നിർണയത്തിന് പിന്നാലെ വിമർശനവുമായി തേലക്കാട് രംഗത്തെത്തിയിരുന്നു. സ്വന്തം കാര്യം നേടിയെടുക്കാൻ മാർക്സിസ്റ്റ് പാർട്ടിയുമായി ബന്ധമുണ്ടാക്കുന്ന നേതാക്കൾ സീറോ മലബാർ സഭയിലുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ജോ ജോസഫ് സഭയുടെ നോമിനിയാണെന്ന ആരോപണം വരാതിരിക്കാൻ കർദിനാൾ ജോർജ് ആലഞ്ചേരി ശ്രദ്ധിക്കണമായിരുന്നു. തങ്ങളിടപെട്ടില്ലെന്ന് പറഞ്ഞ് ജോർജ് ആലഞ്ചേരി വാർത്താക്കുറിപ്പിറക്കേണ്ട കാര്യമില്ലായിരുന്നുവെന്നും പോൾ തേലക്കാട്ട് പറഞ്ഞിരുന്നു.

സിപിഎം സ്ഥാനാർത്ഥി പുരോഹിതരെ ഒപ്പമിരുത്തി സഭയുടെ സ്ഥാപനത്തിൽ വെച്ച് വാർത്താ സമ്മേളനം നടത്തിയത് ശരിയല്ലായിരുന്നു. സെക്കുലർ നിലപാടുണ്ടെന്ന് പറയുന്ന സി പി എം അങ്ങനെ ചെയ്യരുതായിരുന്നു. സംഭവിച്ച പിശക് പാർട്ടി തിരുത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സഭയും രാഷ്ട്രീയ നേതൃത്വവും തമ്മിൽ ആരോഗ്യകരമായ അകൽച്ചയുണ്ടാകേണ്ടതുണ്ട്. ഈ വിഷയത്തിൽ ബന്ധപ്പെട്ടവർ ശ്രദ്ധപുലർത്തേണ്ടിയിരുന്നു. യാദൃശ്ചികമായി സംഭവിച്ചതാകാം എന്നാണ് കരുതിയതെങ്കിലും അത് പുറത്തേക്ക് നൽകുന്ന സന്ദേശം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണെന്നും ഫാ.പോൾ തേലക്കാട്ട് വിമർശിച്ചിരുന്നു.

സെക്കുലർ പാർട്ടി എന്ന് പറയുന്ന സിപിഎം ഇതിന് വലിയ വില നൽകേണ്ടി വരുമെന്നും അന്ന് ഫോ.പോൾ തേലക്കാട്ട് പറഞ്ഞിരുന്നു. സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തിയ ചടങ്ങ് മതത്തിന്റെ സ്ഥാപനത്തിൽ വെച്ച് നടക്കുമ്പോൾ അവർ സെക്കുലറിസത്തോട് വിടപറയുന്നു എന്ന ആരോപണമുണ്ടാകും. അത്തരമൊരു സാഹചര്യമുണ്ടാകുന്നതിൽ നിന്ന് അവർ മാറി നിൽക്കേണ്ടതായിരുന്നുവെന്നാണ് പറഞ്ഞതിന്റെ അർഥം. മതത്തിൽ നിന്ന് മാറി നിൽക്കുകയെന്നത് ഭരണഘടനയിൽ പറയുന്ന കാര്യമാണ്.

എല്ലാ മത വിഭാഗങ്ങളേയും മതവും വിശ്വാസവുമില്ലാത്തവരേയും പ്രതിനിധീകരിക്കേണ്ടവരാണ് സർക്കാർ. അപ്പോൾ സിപിഎം നേതൃത്വം നൽകുന്ന ഒരു സർക്കാർ ആണ് ഭരിക്കുന്നത്. അതുകൊണ്ടാണ് ജാഗ്രത വേണമായിരുന്നുവെന്ന് പറയുന്നത്. വിവിധ സമുദായങ്ങളിലേക്ക് ഈ ചിത്രം എത്തുന്നതാണ്.അതിനാലാണ് ശ്രദ്ധ വേണമെന്ന് പറഞ്ഞതെന്നും ഫാ.പോൾ തേലക്കാട്ട് അന്ന് വിശദീകരിച്ചിരുന്നു.