കൊച്ചി: തൃക്കാക്കരയിൽ രണ്ടര വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ വില്ലൻ എന്ന് ആരോപിക്കപ്പെട്ട ആന്റണി ടിജിന്റെ വീഡിയോ പുറത്ത്. കുട്ടി കളിക്കുന്നതിനിടെ വീണാണെന്ന് പൊലീസ് തിരയുന്ന ആന്റണി ടിജിൻ നേരത്തെ ഒരു ടെലിവിഷൻ ചാനലിനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോ പുറത്തുവന്നത്. ഈ സംഭവത്തിൽ താൻ നിരപരാധിയാണെനാനണ് ആന്റണിയുടെ വാദം.

കുഞ്ഞിനെ താൻ മർദിച്ചിട്ടില്ല. പൊലീസിനെ ഭയന്നാണ് കീഴടങ്ങാത്തത്. സത്യം പുറത്തുവന്നശേഷം പൊലീസിന് മുന്നിൽ ഹാജരാകുമെന്നും ഇയാൾ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. കുന്തിരിക്കം വീണാണ് കുട്ടിക്ക് പൊള്ളലേറ്റത്. കളിക്കുന്നതിനിടെയാണ് മറ്റു മുറിവുകളുണ്ടായത്. കുഞ്ഞിനെ മുമ്പും ആശുപത്രിയിൽ കൊണ്ടുപോയത് താനാണ്. അമ്മയും മുത്തശ്ശിയും കുഞ്ഞിനെ മർദിക്കുന്നത് താൻ കണ്ടിട്ടില്ലെന്നും ഇയാൾ പറഞ്ഞു.

ആന്റണി ടിജിന്റെ വാക്കുകൾ:

'ഞാനൊരു കുറ്റവാളിയല്ല, ഞാൻ ഒളിവിലും അല്ല. എന്നെ ദയവ് ചെയ്ത് കുറ്റക്കാരനായി കാണതരുത്. ഞാൻ ഒരു കുട്ടിയെയും മർദിക്കുകയില്ല. കുട്ടികളെ ഭയങ്കര ഇഷ്ടമുള്ളയാളാണ്. ഈ കുട്ടിയുടെ അച്ഛൻ വെറുതെ ഓരോ കാര്യങ്ങൾ പറഞ്ഞ് എന്നെ ക്രൂശിക്കുകയാണ്. ഇല്ലാത്ത കാര്യങ്ങളിലാണ് എന്നെ ക്രൂശിക്കുന്നത്. അത് വിശ്വസിക്കാനായിട്ട് പാവം ജനങ്ങളും പൊലീസുകാരും മീഡിയകളും.

ഞാൻ ദുർമന്ത്രവാദം ചെയ്ത് ഇവരെയെല്ലാവരെയും വശത്താക്കിയെന്നാണ് പറയുന്നത്. പക്ഷേ, ഞാൻ എന്ത് മന്ത്രവാദം ചെയ്തെന്നാണ്. ഞാൻ ദിവസവും പള്ളിയിൽ പോയി കുർബാന കൂടുന്ന വ്യക്തിയാണ്. ഇടപ്പള്ളി പള്ളിയിലും കലൂർ പള്ളിയിലും ഞാൻ പോകാറുണ്ട്. അങ്ങനെയുള്ള ഒരാൾ എങ്ങനെ മന്ത്രവാദം ചെയ്യും. ഞാൻ ഒരു മന്ത്രവാദിയും അല്ല. ഞാൻ സത്യക്രിസ്ത്യാനിയാണ്.

ഈ കുട്ടിയുടെ അച്ഛൻ ഇപ്പോൾ ആശുപത്രിയിൽ വന്ന് കരച്ചിലും നാടകവുമൊക്കെ നടത്തുന്നുണ്ട്. പക്ഷേ, എന്തുകൊണ്ട് ഈ അച്ഛൻ ആ കുട്ടിയുടെ ബില്ലുകളൊന്നും അടയ്ക്കുന്നില്ല. എന്നെ പരമാവധി ദ്രോഹിക്കുക, നുണ പറഞ്ഞ്, കള്ളക്കഥ പറഞ്ഞ് എന്നെ കുടുക്കുക എന്നതാണ് ഇയാളുടെ ലക്ഷ്യം. കുട്ടിയെ രക്ഷിക്കണമെന്നുണ്ടെങ്കിൽ എന്തുകൊണ്ട് ആശുപത്രിയിലെ ബില്ല് അടയ്ക്കുന്നില്ല. ആ കുട്ടിയുടെ അമ്മയും അമ്മൂമ്മയും എല്ലാ സ്വർണവും പണയം വച്ചാണ് ആശുപത്രിയിലെ ബില്ല് അടച്ചിരിക്കുന്നത്. ഇനി അവർക്ക് പണമില്ല. ഇനി ആകെയുള്ളത് കുമ്പളത്തെ വീടാണ്. അതും വിറ്റുതരണമെന്നാണ് എന്നെ വിളിച്ചപ്പോൾ പറഞ്ഞിരുന്നത്. ഞാൻ കുട്ടിയെ മർദിച്ചിട്ടില്ല. അത് ഉള്ള കാര്യമാണ്. ഞാനിപ്പോൾ താമസിക്കുന്ന ഫ്ളാറ്റിന്റെ ഉടമ, കുട്ടിയെ ഞാൻ മർദിച്ചിരുന്നതായി മൊഴി കൊടുത്തെന്നാണ് പറയുന്നത്. എന്നാൽ അവരൊന്നും അങ്ങനെ മൊഴി കൊടുത്തിട്ടില്ല. അവരുടെ സംസാരമൊക്കെ എന്റെ കൈയിലുണ്ട്.

ഞാൻ ഒരാളെയും മർദിച്ചിട്ടില്ല, കുട്ടിയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. എന്നെ കാണുമ്പോൾ തന്നെ കുട്ടി ഓടിവന്ന് ഉമ്മയൊക്കെ തരും. അങ്ങനെയുള്ള കുട്ടിയെ ഞാൻ എങ്ങനെ മർദിക്കുമെന്നാണ് പറയുന്നത്. ഞാൻ പിച്ചിയിട്ടും മാന്തിയിട്ടുമില്ല. ഈ കുട്ടിയുടെ അച്ഛന്റെ നുണകൾ കാരണമാണ് ജനങ്ങളും മാധ്യമങ്ങളും അതെല്ലാം വിശ്വസിച്ച് എന്നെ കരിവാരിത്തേക്കുന്നത്. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. നൂറുശതമാനം സത്യമാണ്. ഇതാണ് സത്യം. ദൈവത്തിനും എനിക്കും മാത്രമേ അറിയൂ ഞാൻ തെറ്റുകാരനല്ലെന്ന്...'

അതേസമയം, ഗുരുതരമായി പരുക്കേറ്റ് കോലഞ്ചേരിയിൽ ചികിത്സയിലുള്ള രണ്ടര വയസ്സുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതി. ശ്വാസഗതി സാധാരണ നിലയിലായെന്നു മെഡിക്കൽ ബുള്ളറ്റിനിലൂടെ ആശുപത്രി അധികൃതർ അറിയിച്ചു.

സ്വയം ശ്വാസമെടുക്കുന്നതിനുള്ള ശേഷി കുട്ടി വീണ്ടെടുത്തതോടെ വെന്റിലേറ്ററിൽനിന്ന് മാറ്റി. കഴിഞ്ഞ 48 മണിക്കൂറിൽ അപസ്മാരം ഉണ്ടായില്ല. വൈകിട്ടോടെ ട്യൂബ് വഴി ദ്രാവകരൂപത്തിലുള്ള ഭക്ഷണം നൽകാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.