- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുത്തലാഖിൽ കേസെടുക്കുക ഭർത്താവിനെതിരെ മാത്രം; പരാതിക്കാരിയുടെ ഭാഗം കേട്ടശേഷം കുറ്റാരോപിതന് മുൻകൂർ ജാമ്യമാകാമെന്നും സുപ്രീം കോടതി
ന്യൂഡൽഹി: മുത്തലാഖ് കേസുകളിൽ ഭർത്താവിനെ മാത്രമേ കുറ്റാരോപിതനാക്കാൻ സാധിക്കുവെന്ന് സുപ്രീം കോടതി. ഇത്തരം കേസുകളിൽ പരാതിക്കാരിയുടെ ഭാഗം കേട്ടശേഷം കുറ്റാരോപിതന് മുൻകൂർ ജാമ്യമനുവദിക്കുന്നതിന് നിയമപ്രകാരം തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി. മുത്തലാഖ് ചൊല്ലിയെന്ന ആരോപിക്കപ്പെട്ട ഡോ.ഗസൽ ജലാലിന്റെ മാതാവ് രഹ്ന ജലാലിന്റെ ഹർജിയിലാണ്
ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
ഡോ.ഗസൽ, മാതാവ് രഹ്ന, പിതൃസഹോദരൻ, അദ്ദേഹത്തിന്റെ ഭാര്യ എന്നിവർക്കെതിരായിരുന്നു മുത്തലാഖ് നിരോധന നിയമപ്രകാരമുള്ള പരാതി. ഡോ. ഗസലിന്റെ ഭാര്യ കഴിഞ്ഞ ഓഗസ്റ്റ് 27ന് വടക്കൻ പറവൂർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. തുടർന്ന് ഡോ.ഗസലും മാതാവും നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തുടർന്ന് ഇരുവരും സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതി നിർദേശിച്ചപ്രകാരം ഡോ.ഗസലിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ 16നു പരിഗണിച്ചു, അന്നു തന്നെ ജാമ്യമനുവദിച്ചു. രഹ്നയ്ക്ക് സുപ്രീം കോടതി തന്നെ ജാമ്യം നൽകി. ഇതു സംബന്ധിച്ച ഉത്തരവിലാണ് കോടതി നിയമം വ്യാഖ്യാനിച്ചത്.
ക്രിമിനൽ നടപടി ചട്ടപ്രകാരം(സിആർപിസി) മുൻകൂർ ജാമ്യം അനുവദിക്കാനുള്ള 438-ാം വകുപ്പ്, മുത്തലാഖ് നിരോധന നിയമത്തിന് ബാധകമല്ലെന്ന് ഡോ. ഗസലിന്റെ ഭാര്യയ്ക്കുവേണ്ടി ഹാജരായ വി.ചിദംബരേഷ് വാദിച്ചു. മുത്തലാഖ് നിരോധന നിയമത്തിലെ 7-ാം വകുപ്പു പ്രകാരമാണ് സിആർപിസി വ്യവസ്ഥ ഒഴിവാകുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. എന്നാൽ ജാമ്യം നൽകുന്നതിനെ സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ സ്റ്റാൻഡിങ് കൗൺസൽ ജി. പ്രകാശും എതിർത്തു.
എന്നാൽ, 7-ാം വകുപ്പിൽ മുൻകൂർ ജാമ്യത്തിനു നിരോധനമില്ലെന്ന് രഹ്ന ജലാലിനു വേണ്ടി ഹാരീസ് ബീരാൻ മറുവാദമുന്നയിച്ചു. നിയമത്തിലെ 3, 4 വകുപ്പുകൾ പ്രകാരമുള്ള കുറ്റത്തിന് മുസ്ലിം ഭർത്താവ് മുത്തലാഖ് ചൊല്ലുന്നതാണ് നിയമവിരുദ്ധമാകുന്നത്, അയാൾക്കു മാത്രമാണ് ശിക്ഷ നിർദേശിച്ചിട്ടുള്ളതും അഭിഭാഷകൻ വിശദീകരിച്ചു തുടർന്നാണ് കോടതി നിയമം വ്യാഖ്യാനിച്ചത്.
ഭർത്താവിനെ മാത്രമേ കുറ്റാരോപിതനാക്കാൻ പറ്റുകയുള്ളൂവെന്നും നിയമലംഘനമുണ്ടെങ്കിൽ അയാൾക്കു മാത്രമാണ് ശിക്ഷ ലഭിക്കുകയെന്നും നിയമത്തിന്റെ പ്രാഥമിക വിശകലനത്തിൽതന്നെ വ്യക്തമാണെന്ന് കോടതി പറഞ്ഞു. മജിസ്‌ട്രേട്ട് കോടതിക്ക് പരാതിക്കാരിയുടെ ഭാഗം കേട്ടശേഷം, ന്യായമായ കാരണങ്ങളുണ്ടെങ്കിൽ കുറ്റാരോപിതന് ജാമ്യമനുവദിക്കാം.
കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യം നൽകുക. അതിനു കോടതിക്കുള്ള അധികാരം നിയമത്തിലൂടെ ഒഴിവാക്കിയിട്ടില്ല. നിയമപ്രകാരം നിരോധനമുള്ളപ്പോഴും മുൻകൂർ ജാമ്യം നൽകാൻ റിട്ട് കോടതികൾക്ക് അധികാരമുണ്ടെന്നും സുപ്രീം കോടതി വിശദമാക്കി.
ന്യൂസ് ഡെസ്ക്