ന്യൂഡൽഹി: മോഹിപ്പിക്കുന്ന വിജയമാണ് ത്രിപുരയിൽ ബിജെപി നേടിയത്. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം. ഇതോടെ ത്രിപുരയിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകർ തെരുവിലിറങ്ങി. ലെനിനിന്റെ പ്രതിമ പ്രതീകാത്മകമായി തകർത്ത് സിപിഎമ്മിനെതിരെ അക്രമം തുടങ്ങി. അവസാനം എല്ലാം കൈവിട്ടു. കേന്ദ്രസർക്കാരിന് ഇടപെടേണ്ടി വന്നു. പ്രധാനമന്ത്രി മോദി പോലും പ്രതിമ തകർക്കലിനെ അപലപിച്ചു. അങ്ങനെ ത്രിപുരയിൽ ജയത്തോടെ നായക സ്ഥാനത്ത് എത്തിയ ബിജെപി ഒറ്റ ദിവസം കൊണ്ട് പ്രതിസ്ഥാനത്തായി. വികസനത്തിന്റെ പേരിൽ അധികാരത്തിലെത്തി നശീകരണം നടത്തുന്ന പാർട്ടിയായി ബിജെപിയെ എതിരാളികൾ ചിത്രീകരിച്ചു. ത്രുപരയിൽ അക്രമങ്ങൾ ബിജെപിക്ക് തലവേദനയാവുകയാണ്.

ബിജെപി ആക്രമണത്തിനിടെ ഗർഭിണിയടക്കം രണ്ടുപേർ കൊല്ലപ്പെട്ടു. ദക്ഷിണ ത്രിപുരയിൽ കൊല്ലപ്പെട്ട സഞ്ജു പട്ടാരിർബോ ഒമ്പതുമാസം ഗർഭിണിയായിരുന്നു. ക്യാംബർ ബസാറിനുസമീപം മർദനമേറ്റ് കൊല്ലപ്പെട്ട നിലയിൽ ചൊവ്വാഴ്ച വൈകിട്ട് കണ്ടെത്തിയ യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പുവിജയശേഷം സിപിഐ എം, ഇടതുമുന്നണി പ്രവർത്തകർക്കും അനുഭാവികൾക്കുമെതിരെ ബിജെപി തുടങ്ങിയ ആക്രമണത്തിൽ അഞ്ഞൂറിലേറെ പേർക്ക് പരിക്കേറ്റു. ദക്ഷിണ ത്രിപുരയിലെ ബലോനിയ പട്ടണത്തിലെ ലെനിൻ പ്രതിമ ബിജെപിക്കാർ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുതകർത്തു. പ്രതിമയുടെ ശിരസ്സ് വേർപെടുത്തി കാൽകൊണ്ട് തട്ടിക്കളിച്ചു. സബ്രൂമിലും ലെനിന്റെ പ്രതിമ തകർത്തു. അംബേദ്കർ ഉൾപ്പെടെയുള്ളവരുടെ പ്രതിമകളും തകർക്കപ്പെട്ടു. പലയിടങ്ങളിലും പള്ളികൾ ആക്രമിക്കപ്പെട്ടു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുനൂറോളം വീടുകൾക്ക് അക്രമികൾ തീയിട്ടു. 135 പാർട്ടി ഓഫീസുകൾ തകർത്തു. 200ൽപരം പാർട്ടി ഓഫീസുകൾ കൈയേറി. വർഗബഹുജനസംഘടനകളുടെ ഓഫീസുകളും ആക്രമിക്കുകയോ കൈയേറുകയോ ചെയ്തു. 1600 വീടുകൾക്കുനേരെ ആക്രമണമുണ്ടായി. ഒട്ടേറെ വാഹനങ്ങൾ കത്തിച്ചു. പലയിടത്തും വീടുകളും ഓഫീസുകളും തകർത്തു. റേഷൻ കാർഡും വിദ്യാഭ്യാസരേഖകളും ഉൾെപ്പടെ പിടിച്ചെടുത്ത് കത്തിച്ചു. ഇതോടെയാണ് സിപിഎം നേതാക്കൾ പരാതിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗിന് മുന്നിലെത്തിയത്. വി എസ് അച്യുതാനന്ദനും സീതാറാം യെച്ചുരിയും പ്രധാനമന്ത്രിക്ക് കത്തെഴുതി. ഇതിനിടെ ഒരു ജനാധിപത്യ സർക്കാർ ചെയ്ത കാര്യങ്ങൾ അടുത്ത സർക്കാർ വരുമ്പോൾ ഇല്ലാതാക്കുന്നത് സ്വാഭാവികമാണെന്നാണ് ഗവർണറുടെ ട്വീറ്റ് വിവാദങ്ങൾക്ക് പുതിയ തലം നൽകി.

ലെനിൻപ്രതിമ തകർക്കൽ ആവേശകരമാണെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ് ട്വീറ്റ് ചെയ്തു. ഇതും ബിജെപിക്ക് തിരിച്ചടിയായി. ഗവർണ്ണറും രാംനാഥുമെല്ലാം അക്രമത്തിന് ആഹ്വാനം ചെയ്യുകയാണെന്ന വിലയിരുത്തലെത്തി. ആർഎസ്എസിന്റെ യഥാർഥ സ്വഭാവമാണ് വ്യക്തമാകുന്നതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. ലെനിന്റെ പ്രതിമ തകർത്തത് അങ്ങേയറ്റം അപലപനീയമാണെന്ന് സഫ്ദർ ഹഷ്മി സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ നൂറോളം സാംസ്‌കാരികപ്രവർത്തകർ സംയുക്തപ്രസ്താവനയിൽ പറഞ്ഞു. അതിനിടെ ബിജെപി പ്രവർത്തകർതന്നെയാണ് ആക്രമണങ്ങൾ നടത്തുന്നതെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് സുബാൽ ഭൗമിക് സമ്മതിക്കുകയും ചെയ്തു.

മറ്റ് പാർട്ടികളിൽനിന്ന് ബിജെപിയിൽ എത്തിയവരാണ് കുഴപ്പം സൃഷ്ടിക്കുന്നതെന്നും ആക്രമണങ്ങളിൽ പങ്കുള്ളവരെ ബിജെപിയിൽനിന്ന് പുറത്താക്കുമെന്നുമാണ് അദ്ദേഹത്തിന്റെ വാദം. ത്രിപുരയിലെ ആക്രമണം തടയാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം മുഹമ്മദ് സലിമിന്റെ നേതൃത്വത്തിൽ നിവേദനം നൽകി. ഇതോടെ വിഷയത്തിൽ മോദി ഇടപെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിമകൾ തകർക്കപ്പെടുന്നതിനെ അപലപിച്ച് പ്രധാനമന്ത്രി രംഗത്ത് വന്നു. ത്രിപുരയിലെയും തമിഴ്‌നാട്ടിലെയും സംഭവങ്ങളിൽ അതൃപ്തി രേഖപ്പെടുത്തിയ അദ്ദേഹം സംഭവങ്ങളിൽ അന്വേഷണം നടത്തി എത്രയും വേഗം നടപടിയെടുക്കാൻ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനോട് ആവശ്യപ്പെട്ടതായും ആഭ്യന്തരമന്ത്രാലയത്തോടനുബന്ധിച്ച വൃത്തങ്ങൾ അറിയിച്ചു.

ത്രിപുരയിൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ലെനിന്റെ പ്രതിമകൾ തകർക്കപ്പെട്ടിരുന്നു. തുടർന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജയുടെ ഫേസ്‌ബുക്ക് പോസ്റ്റിന് പിന്നാലെ തമിഴ്‌നാട്ടിലെ വെല്ലൂരിൽ ഇ.വി.രാമസ്വാമി(പെരിയാർ)യുടെ പ്രതിമയ്ക്ക് നേരെയും ആക്രമണമുണ്ടായി. ത്രിപുരയിൽ ലെനിന്റെ പ്രതിമ തകർത്തുപോലെ തമിഴ്‌നാട്ടിൽ പെരിയാൽ പ്രതിമകളും തകർക്കുമെന്നായിരുന്നു എച്ച്.രാജയുടെ പോസ്റ്റ്. സംഭവം വിവാദമായതോടെ രാജ പോസ്റ്റ് പിൻവലിച്ചിരുന്നു. തന്റെ ഫേസ്‌ബുക്ക് പേജ് മറ്റ് പലരും ചേർന്നാണ് നിയന്ത്രിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.