തിരുവനന്തപുരം: കാശിന്റെ ബലമുണ്ടെങ്കിൽ എന്തുമാകാം എന്നൊരു പൊതുചിന്ത സമൂഹത്തിലുണ്ട്. ഇക്കാര്യത്തിൽ കുത്തക കമ്പനികളാണെങ്കിൽ പറയുകയും വേണ്ട. രാഷ്ട്രീയക്കാരെ കാശു കൊടുത്ത് പോക്കറ്റിലാക്കാമെന്ന് ധരിക്കുന്ന കുത്തക ഭീമന്മാരുമുണ്ട്. എന്നാൽ, ഇത്തക്കാരുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ നട്ടെല്ലുയർത്തി നിൽക്കുന്ന ചില യുവ നേതാക്കളും രാഷ്ട്രീയത്തിൽ അവശേഷിക്കുന്നുണ്ടെന്നത് ഒരു ആശ്വാസം തന്നെയാണ്. അക്കൂട്ടത്തിലാണ് തിരുവനന്തപുരം മേയർ അഡ്വ. വി കെ പ്രശാന്തിന്റെ സ്ഥാനവും. തെമ്മാടിത്തം കാണിച്ച് വൻകിടക്കാരനെതിരെ മടിച്ചു നിൽക്കാതെ കേസെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു മേയർ.

രാജ്യത്തെ പ്രമുഖ റീട്ടെയിൽ ഭീമനായ ബിഗ്ബസാറിന്റെ തെമ്മാടിത്തത്തിനാണ് കോർപ്പറേഷൻ ചുട്ട മറുപടി നൽകിയത്. തിരുവനന്തപുരം നഗരസഭാ പരിധിയിൽ തിരുമല കൊങ്കളത്തു പൊതു സ്ഥലത്തു മാലിന്യം നിക്ഷേപിച്ച ബിഗ് ബസാറിനെതിരേ കേസെടുക്കുകയും 25000 രൂപ ചുമത്തുകയും ചെയ്തു. അതു കൊണ്ട് മാത്രം നടപടി നിർത്താതെ രാത്രിയുടെ മറവിൽ ആരുമറിയാതെ കൊണ്ടുതള്ളിയ മാലിന്യം നീക്കം ചെയ്യണമെന്ന കർശന നിർദ്ദേശവും നഗരത്തിന്റെ യുവ മേയർ നൽകി.

പഴകിയ സാധനങ്ങൾ എടുത്തു പർച്ചേസിനായി വൗച്ചർ നൽകുന്ന ബിഗ്ബസാറിന്റെ പദ്ധതിയുടെ ഭാഗമായി ഉപഭോക്താക്കളിൽനിന്നു വാങ്ങിയ പഴകിയ ചെരുപ്പുകളും ബാഗുകളും ഉൾപ്പെടുന്ന വസ്ത്തുക്കളാണ് അധികാരികൾ രാത്രിയുടെ മറവിൽ കൊണ്ടുതള്ളിയത്. പരിസ്ഥിതിക്ക് ഹാനികരമായ വസ്തുക്കൾ വരെ ഇതിലുണ്ടായിരുന്നു. കൊങ്കുളത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലും പൊതുസ്ഥലത്തുമായി ബിഗ് ബസാർ ഈ മാലിന്യം കൊണ്ടു നിക്ഷേപിച്ചത്. അഞ്ച് ലോഡുകളായി കൊണ്ടുവന്നത് കഴിഞ്ഞ ദിവസം രാത്രിയാണ് മാലിന്യം തള്ളിയത്.

സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം മേയറെയും സംഘത്തെയും അറിയിച്ചത്. പിന്നീട് മടിച്ചു നിൽക്കാതെ മേയർ ഉടനടി നടപിടിയുമായി രംഗത്തെത്തുകയായിരുന്നു. ഇന്നു രാവിലെ സ്ഥലത്തെത്തിയ മേയറും പ്രശാന്തും സംഘവും ബിഗ് ബസാർ അധികൃതരാണ് മാലിന്യം തള്ളിയതെന്ന് മനസിലാക്കി. തുടർന്ന് നാട്ടുകാരിൽ നിന്നും കാര്യങ്ങൾ ചോദിച്ചറിഞ്ഞ് ഉടനടി നടപടി കൈക്കൊള്ളുകയായിരുന്നു.

ബിഗ് ബസാർ അധികൃതരെ സ്ഥലത്തു വിളിച്ചുവരുത്തി മാലിന്യങ്ങൾ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ നീക്കാനും നിർദ്ദേശം നൽകി. മേയറെ കൂടാതെ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ശ്രീകുമാർ, കൗൺസിലർമാരായ ആർ പി ശിവജി, പി വി മഞ്ജു, ഹെൽത്ത് സൂപ്പർവൈസർ ബിജു, ഹെൽത്ത് ഇൻസ്‌പെക്ടർ സി മോഹനചന്ദ്രൻ എന്നിവരും സ്ഥലത്തെത്തിയിരുന്നു.

ഇത്തരത്തിൽ പ്രവർത്തിക്കുന്നവർ ആരു തന്നെയായാലും മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് മേയർ പ്രശാന്ത് വ്യക്തമാക്കി. പഴയ സാധനങ്ങൾ ശേഖരിച്ച് പകരം പുതിയ സാധനമോ ഡിസ്‌കൗണ്ടോ നൽകുന്ന സ്ഥാപനം ഉടമകൾ പഴയസാധനങ്ങൾ എവിടെയാണ് കൊണ്ടു തള്ളുന്നതെന്ന് വ്യക്തമാക്കണെന്നും അദ്ദേഹം പറഞ്ഞു. വീഴ്ചവരുത്തുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെ കർശന നടപടികൾ സ്വീകരിക്കുമെന്നും മേയർ പറഞ്ഞു. മേയറുടെ ശക്തമായ നടപടിക്ക് സോഷ്യൽ മീഡിയയിൽ കൈയടി നേടിയിട്ടുണ്ട്.