തിരുവനന്തപുരം: സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലും താത്കാലികാടിസ്ഥാനത്തിൽ ജോലിചെയ്യുന്നവർ വലിയ ആവേശത്തിലാണ്. സ്ഥിരപ്പെടുത്താനുള്ള ശുപാർശ മേലധികാരികളെക്കൊണ്ട് തയ്യാറാക്കിക്കാനുള്ള തിരക്കിട്ട നീക്കങ്ങളാണ് എല്ലായിടത്തും. തുടർച്ചയായ മന്ത്രിസഭാ യോഗങ്ങളിൽ താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതറിഞ്ഞാണ് മറ്റ് ഓഫീസുകളിലുള്ളവരും ആവേശഭരിതരാകുന്നത്.മാത്രമല്ല നിലവിലെ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താൻ പുതിയ തസ്തികകൾ വരെ സൃഷ്ടിക്കുന്നുവെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ.ഈ കാരണങ്ങൾ കൊണ്ട് തന്നെ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടാമെന്ന വാഗ്ദാനമൊന്നും റാങ്ക് ഹോൾഡേഴ്‌സിനെ ആശ്വസിപ്പിക്കാൻ വക നൽകുന്നതുമല്ല.

പി.എസ്.സി.യുടെ ഡ്രൈവർ റാങ്ക്പട്ടികയിലുള്ളവരാകട്ടെ സെക്രട്ടേറിയറ്റ് നടയിൽ ആഴ്ചകളായി സമരത്തിലാണ്. ഫെബ്രുവരി അഞ്ചിന് മൂന്നുവർഷം തികയ്ക്കുന്ന റാങ്ക്പട്ടികയിൽനിന്ന് കഷ്ടിച്ച് ആയിരം പേർക്കാണ് ഇതുവരെ നിയമനഃശുപാർശ ലഭിച്ചത്. റാങ്ക്പട്ടികയുടെ കാലാവധി നീട്ടാൻ മന്ത്രിസഭാ യോഗം ശുപാർശ ചെയ്തതിന്റെ സന്തോഷത്തിനിടയിലും ഡ്രൈവർമാരുടെ സ്ഥിരപ്പെടുത്തൽ വാർത്തകൾ ഇവരെ തളർത്തുന്നു.ലാസ്റ്റ് ഗ്രേഡ് സർവന്റിന്റെ കാര്യവും മറ്റൊന്നല്ല.ഇതിനിടയിലാണ് താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താൻ പുതിയ തസ്തികകൾ സൃഷ്ടിക്കുന്നുവെന്ന വാർത്തകളും പുറത്ത് വരുന്നത്. ഇടത് അനുകൂലികളെയും മന്ത്രിമാരുൾപ്പടെയുള്ളവരുടെ വേണ്ടപ്പെട്ടവരെയും ഉൾപ്പെടുത്തിയാണ് സ്ഥിര നിയമനപ്പട്ടിക തയ്യാറാകുന്നതെന്നും ആക്ഷേപം ശക്തമായിക്കഴിഞ്ഞു.

ട്രാവൻകൂർ ഡവലപ്പ്‌മെന്റ് സൊസൈറ്റിയിലെ വിവിധ തസ്തികളിൽ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികളാണ് താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിന്റെ ഏറ്റവും പുതിയ ഇരകളാവുന്നത്. വിഷയം ചൂണ്ടിക്കാട്ടി ഒരുമാസക്കാലത്തോളമായി ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തിവരികയാണ്. ഇതിനിടയിലാണ് ഇവരെ സമരത്തെ തൃണവൽക്കരിച്ച് അടുത്ത സഭ സമ്മേളനത്തിൽ തന്നെ പുതിയ തസ്തിക സൃഷ്ടിക്കുന്നതിലും നിയമനം നടത്തുന്നതിലും സർക്കാർ അനുമതി നൽകിയേക്കും എന്ന വിവരം ഉദ്യോഗാർത്ഥികൾക്ക് ലഭിച്ചത്.

നിലവിൽ ഇലക്ട്രിക്കൽ സ്‌കിൽഡ് അസിസ്റ്റന്റ് എന്ന തസ്തികയിൽ അഞ്ചുപേരാണ് ജോലിചെയ്യുന്നത്. ഇവരെ സ്ഥിരപ്പെടുത്തുന്നതിനായി ഓവർസിയർ ഗ്രേഡ് 3 തസ്തിക സൃഷ്ടിക്കാനാണ് ശ്രമം നടക്കുന്നതെന്നും ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. ഇതിനെ പുറമെ പിഎസ് സി അംഗീകരിച്ച മറ്റൊരു പോസ്റ്റായ ഡ്രൈവർ തസ്തികയിൽ നിലവിൽ താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന വ്യക്തിയെ സ്ഥിരപ്പെടുത്തുന്നതിനായി നീക്കവും നടക്കുന്നുണ്ട്. രണ്ടു ഡ്രൈവർ പോസ്റ്റുള്ളതിൽ ഒരാൾ പ്രോമോഷനായി പോകുന്നതിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് നിലവിലിരിക്കെ ഇപ്പോൾ താൽക്കാലികമായി ജോലി ചെയ്യുന്ന ജീവനക്കാരനെ സ്ഥിരപ്പെടുത്താൻ രണ്ട് ഒഴിവുകളിൽ ഒരെണ്ണം മാത്രമാണ് പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്തതെന്നും ഉദ്യോർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.ഇതിനുപുറമെ പിഎബിഎക്‌സ് കം ടെലിഫോൺ ഓപ്പറേറ്റർ, വാച്ച്മാൻ എന്നീ തസ്തികകളിലും സമാനരീതിയിൽ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം നടക്കുന്നതായി ഉദ്യോഗാർത്ഥികൾ പറയുന്നു.ഇത്തരം ശുപാർശകളിൽ മന്ത്രിമാർക്ക് വേണ്ടപ്പെട്ടവർ പോലും ഉണ്ടെന്നും അതിനാലാണ് ഇത്രയും ശക്തമായ രീതിയിൽ നടപടികൾ പുരോഗമിക്കുന്നതെന്നും റാങ്ക് ലീസ്റ്റിൽ ഉള്ളവർ കുറ്റപ്പെടുത്തുന്നു.

താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തണമെന്ന് കാണിച്ച് നേരത്തെ നൽകിയ ശുപാർശ സർക്കാർ തള്ളിയിരുന്നു. എന്നാൽ ട്രാവൻകൂർ ഡവലപ്പ്‌മെന്റ് അഥോറിറ്റിയിൽ നിന്നും സമാന ആവശ്യം ഉന്നയിച്ച് വീണ്ടും നീക്കം നടക്കുന്നതായാണ് ഉദ്യോഗാർത്ഥികൾക്ക് വിവരം ലഭിച്ചിരിക്കുന്നത്. ഇതോടെയാണ് ഇവർ സമരം ശക്തമാക്കിയത്.പിഎസ്‌സിക്ക് വിട്ട ഒഴിവുകളിൽ വരെ ഇത്തരത്തിൽ നിയമനം നടക്കുമ്പോൾ തങ്ങൾ എന്തുചെയ്യണമെന്നാണ് റാങ്ക് ലിസ്റ്റിൽ ഉള്ളവരുടെ ചോദ്യം. റാങ്ക് പട്ടികയുടെ കാലാവധി നീട്ടിയതുകൊണ്ടുമാത്രം ഒന്നുമാകുന്നില്ലെന്നും ഉദ്യോഗാർത്ഥികളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണിതെന്നും ഇവർ പറയുന്നു. സമരപന്തൽ പോലും കെട്ടാൻ അനുവാദമില്ലാതെ അർഹതയുണ്ടായിട്ടും തങ്ങളുടെ കാരണത്താൽ അല്ലാതെ നിഷേധിക്കപ്പെടുന്ന തങ്ങളുടെ അവസരങ്ങൾ നേടിയെടുക്കാൻ ഇനി എന്തുചെയ്യണമെന്നാണ് ഇവർ ചോദിക്കുന്നത്.ലാസ്റ്റ് ഗ്രേഡ് സർവന്റ് റാങ്ക്‌ഹോൾഡേഴ്‌സ് നടത്തുന്ന സമരത്തിലാണ് ഇവരും ഭാഗവാക്കാകുന്നത്.