തിരുവനന്തപുരം: ചാനലുകളിൽ പൊട്ടിത്തെറിക്കുന്ന നീതിമാന്മാരായ പത്രക്കാർ ഒരു വശത്ത്. കയ്യബദ്ധം പറ്റിയ പാവപ്പെട്ടവനെ പോലും കൊടും ക്രിമിനലുകളാക്കി മാറ്റുന്ന മാദ്ധ്യമ സിംഹങ്ങൾ മറു വശത്ത്. ആദർശത്തിന് വേണ്ടി കള്ളക്കണ്ണീരൊഴുക്കുന്ന പത്ര പ്രവർത്തക രാജാക്കന്മാർ വേറൊരു വശത്ത്. രാഷ്ട്രീയക്കാരെ വെള്ളം കുടിപ്പിക്കുന്ന ഈ മാദ്ധ്യമ പ്രവർത്തകരുടെ നാട്ടുകാർ കാണുന്ന മുഖം വെറും പൊയ്മുഖം ആണെന്ന് ഒട്ടേറെ വാർത്തകളിലൂടെ മറുനാടൻ മലയാളി തുറന്നു കാട്ടിയിട്ടുണ്ട്. സ്വകാര്യ സ്ഥാപനം ആയിട്ടും സർക്കാരിന്റെ ഗ്രാന്റ് അടക്കമുള്ളവ കൈപ്പറ്റി തിന്നു കൊഴുക്കുന്ന പത്രക്കാരുടെ തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും കഥകൾ അവർ തന്നെ പുറത്തുകൊണ്ടു വന്നത് കഴിഞ്ഞ ദിവസം ഞങ്ങളും മലയാളം വാരികയും പ്രസിദ്ധീകരിച്ചു കഴിഞ്ഞിരുനന്നു.

ലക്ഷങ്ങൾ വെട്ടിച്ച മാദ്ധ്യമ രാജാക്കന്മാരുടെ കഥകൾ പുറത്ത് വന്നതിന് തൊട്ടു പിന്നാലെ തലസ്ഥാനത്തെ പ്രമുഖ പത്രക്കാർക്കിടയിലെ ബ്ലാക്ക് മെയിൽ കച്ചവടത്തിന്റെ പുറം ലോകം അറിയാത്ത മറ്റ് കഥകളും ഇപ്പോൾ പുറത്ത് വരികയാണ്. പ്രസ്സ് ക്ലബ് ഓഡിറ്റിങ്ങ് കണക്കനുസരിച്ച് വെട്ടിപ്പ് നടത്തി എന്നാരോപിക്കുന്നവരിൽ ഒരാളായ കേരള കൗമുദിയുടെ മുതിർന്ന ലേഖകനും പ്രസ്സ് ക്ലബിന്റെ മുൻ സെക്രട്ടറിയുമായ സുബൈറിന്റെ കത്താണ് പുതിയ വിവാദങ്ങൾക്ക് തുടക്കം ഇട്ടത്. സുബൈറിനെതിരെയുള്ള ആരോപണങ്ങൾ എല്ലാം നിഷേധിച്ചു കൊണ്ട് കത്തിൽ പത്രപ്രവർത്തകർക്കിടയിലെ ഞെട്ടിക്കുന്ന പല അണിയറക്കഥകളും വെളിയിലേക്കും വരുന്നുണ്ട്. മന്ത്രിമാരെയും സാമൂഹ്യ പ്രവർത്തകരെയും ബ്ലാക്ക് മെയിൽ ചെയ്തു പത്രക്കാർ പണം ഉണ്ടാക്കുന്നു എന്ന സൂചനയോടെ കത്ത് സ്ഥാപിക്കുന്നത്. എല്ലാ പ്രസ്സ് ക്ലബ് അംഗങ്ങൾക്കുമുള്ള തുറന്ന കത്തിൽ സുബൈർ പറയുന്നത് ഇങ്ങനെയാണ്:

''ഞാൻ പ്രസ്സ് ക്ലബിന്റെ പേരിൽ വിദേശത്ത് പോയി ഒരു തരത്തിലുള്ള പിരിവും നടത്തിയിട്ടില്ല. വിദേശത്ത് നടത്തിയ പിരിവിന്റെ പേരിൽ വിദേശ മലയാളികളുമായി വഴക്കുണ്ടായി അന്യ രാജ്യത്ത് ആളില്ലാത്ത സ്ഥലത്ത് ഇറക്കിവിട്ടിട്ടുമില്ല. അവിടെ കിലോമീറ്ററോളം ഏകനായി സഞ്ചരിച്ച് ഒടുവിൽ പൊലീസ് പിടിലായി അവരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങേണ്ട ഗതികെട്ട അവസ്ഥയിലും ഞാൻ ചെന്ന് പെട്ടിട്ടില്ല. പണ പിരിവിന്റെ പേരിൽ വിദേശ മലയാളികളെ വഞ്ചിച്ചതിന് സെക്രട്ടേറിറ്റിന് മുമ്പിൽ പ്രതിപക്ഷനേതാവ് ശ്രീ. വി. എസ്. അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്ത ധർണ്ണയുടെ വാർത്തയും ചിത്രവും മറ്റൊരു പത്രത്തിൽ കൊടുക്കാൻ ഞാൻ സമ്മർദ്ദം ചെലുത്തിയെന്ന തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് എനിയ്‌ക്കെതിരെ ഇപ്പോൾ ഈ ആരോപണങ്ങൾ പുറത്ത് വരാൻ കാരണം. ഞാൻ ഇതുവരെ ഒരു കേസിലും പ്രതിയായിട്ടില്ല. മന്ത്രിമാരെയും സാമൂഹ്യ പ്രവർത്തകരെയും ഭീഷണിപ്പെടുത്തിയോ, ബ്ലാക്ക്‌മെയിൽ ചെയ്‌തോ പരസ്യം പിടിക്കാനോ ശ്രമിച്ചിട്ടില്ല. പാവപ്പെട്ടവരുടെ പേരിൽ അന്തർ ദേശീയ തലത്തിൽ നടത്തുന്ന തട്ടിപ്പുകളുടെ കഥകൾ എന്റെ പുറകിലില്ല:

പ്രസ്സ് ക്ലബിലെ തന്നെ ചില അംഗങ്ങളെ ലക്ഷ്യമാക്കിയാണ് ഈ ആരോപണം എന്ന് പരാതി ഉയർന്നു കഴിഞ്ഞു. ഇതു കൂടാതെ പ്രസ്സ് ക്ലബിന്റെ ഭാഗമായി പ്രവർത്തിക്കുന്ന സങ്കേതത്തിൽ മദ്യപാനം പതിവാണ് എന്ന് സൂചിപ്പിക്കുന്ന ഒട്ടേറെ പരാമർശങ്ങൾ ഈ കത്തിൽ ഉണ്ട്. കവി അയ്യപ്പന്റെ പേരിലും സങ്കേതത്തിൽ മദ്യപാനം നടന്നു എന്ന് സൂചിപ്പിക്കുന്ന സുബൈറിന്റെ കത്തിലെ ഭാഗം ഇങ്ങനെയാണ്:

കുടുംബമേളയുടെ മറവിൽ മദ്യപാനത്തിനായി 2818 രൂപ ചെലവഴിച്ചതായി റിപ്പോർട്ടിലുണ്ട്. മറവിലൊന്നുമല്ല മദ്യപിച്ചത്. പരസ്യമായി സങ്കേതത്തിലാണ് അത് നടന്നത്. കുടുംബമേള എങ്ങനെയാണ് നടക്കുന്നതെന്ന് ഈ കമ്മറ്റി അംഗങ്ങൾ ഒന്ന് ചിന്തിച്ചിരുന്നെങ്കിൽ ഇങ്ങനെ എഴുതി വയ്ക്കില്ലായിരുന്നു. മേളയുടെ തലേ ദിവസവും അന്നും കമ്മറ്റി അംഗങ്ങളുടെയും ക്ലബുമായി സഹകരിക്കുന്ന മറ്റ് അംഗങ്ങളുടെയും അകമഴിഞ്ഞ സഹായം ലഭിക്കാറുണ്ട്. മേളയിൽ കൊടുക്കേണ്ട സമ്മാനങ്ങൾ വാങ്ങാൻ ഇവരെല്ലാം കൂടി പോകാറുണ്ട്. അവ കൊണ്ട് വന്ന് തരംതിരിച്ച് മാറ്റിവയ്ക്കുന്നതും ഇവരാണ്. രാവിലെ മുതൽ ഈ ജോലി തുടങ്ങാറുണ്ട്. ഇങ്ങനെ ജോലി ചെയ്യുന്നവർക്ക് അൽപ്പം മദ്യപിക്കണമെന്ന് പറഞ്ഞാൽ നിഷേധിക്കണമോ? ഇവർക്ക് വായും വയറുമില്ലേ? അപ്പോൾ അവർക്ക് ഭക്ഷണം കഴിക്കണ്ടേ? ഒരുപാട് പേരുടെ ശ്രമ ഫലമായിട്ടാണ് ഇത്തരം പ്രവർത്തനം നടക്കുന്നത്. മേളയിൽ അംഗങ്ങൾ കൊണ്ടു പോകുന്ന ഗിഫ്റ്റുകൾക്ക് പിന്നിൽ ആരുടെയെല്ലാം കാലു പിടിച്ചിച്ചാണ് അതൊക്കെ ലഭിക്കുന്നതെന്ന് ഈ കമ്മറ്റി ചിന്തിച്ചതായി തോന്നുന്നില്ല. ഈ പ്രവൃത്തികളിൽ വളരെ സജീവമായി പങ്കെടുത്തിട്ടുള്ള ആളാണ് ചന്ദ്രമോഹൻ. എന്നിട്ടും ആ ചന്ദ്രമോഹൻ കൂടിയുള്ള കമ്മറ്റിയിൽ എന്നെ അപമാനിക്കാൻ ഇങ്ങനെ എഴുതി വച്ചതിന് പിന്നിൽ ബോധപൂർവ്വമായ ശ്രമമുണ്ടെന്ന് പറഞ്ഞാൽ അവിശ്വസിക്കേണ്ടതുണ്ടോ? ഞങ്ങളുടെ ഈ കലയളവിൽ ലക്ഷക്കണക്കിന് രൂപയുടെ വരുമാനം പുറത്ത് നിന്നുണ്ടാക്കിയിട്ടുണ്ട്. അതിനൊക്ക വ്യക്തമായ കണക്കുകളും വൗച്ചറും രസീതുകളുമുണ്ട്. ക്ലബിന്റെ തനത് ഫണ്ടിൽ അനാവശ്യമായി ഒരു രൂപയും ചെലവഴിച്ചിട്ടില്ല. അംഗങ്ങളുടെ മാതാപിതാക്കൾ മരിച്ചാൽ പോകുകയും അതിനുണ്ടാകുന്ന ചെലവ് ക്ലബ് വഹിക്കുന്നതും എത്രയോ വർഷമായി നടന്നു വരുന്ന കാര്യമാണ്. ഇതൊക്കെ കമ്മിറ്റി അംഗങ്ങൾക്ക് അറിഞ്ഞ് കൂടേ?

കവി അയ്യപ്പന്റെ പേരും റിപ്പോർട്ടിൽ കമ്മിറ്റി ഉൾപ്പെടുത്തിയിട്ടുണ്ട്. പാവപ്പെട്ട കവിയെ വെറുതേ വിടേണ്ടതായിരുന്നു. പക്ഷെ ആ മനുഷ്യത്വം പോലും കമ്മിറ്റി കാട്ടിയില്ല. കവി അയ്യപ്പന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ക്ലബിൽ നിന്ന് പോയിരുന്നു. ഇങ്ങനെ പോകുന്നവർക്ക് നടന്ന് പോകാൻ കഴിയില്ലല്ലോ. അതിന് വാഹനം വേണം. മാത്രമല്ല കവിയുടെ മൃതദേഹം ക്ലബിൽ പൊതു ദർശനത്തിന് വച്ചു. പൊതുദർശനം കഴിഞ്ഞ ഉടൻ പലർക്കും ദുഃഖം തീർക്കണമെന്ന ആവശ്യമുണ്ടായി. സങ്കേതത്തിൽ ഇങ്ങനെ ദുഃഖം തീർത്തവരിൽ ചന്ദ്രമോഹനനും ഉണ്ടായിരുന്നു.

സങ്കേതത്തിലെ മദ്യത്തെ സൂചിപ്പിക്കുന്ന മറ്റൊരു ഭാഗം ഇങ്ങനെയാണ്: ''ക്ലബിന്റെ പരിപാടികളിൽ മദ്യം വിളമ്പുമ്പോൾ ഫ്രീയായി കിട്ടുന്നതിനാൽ പലരും ആവശ്യത്തിലധികം കൗണ്ടറിൽ നിന്ന് ഒഴിച്ച് വാങ്ങാറുണ്ട്. ചിലർ ഉപയോഗിക്കും. മറ്റു ചിലർ ഒരു സിപ്പ് എടുത്ത ശേഷം മാറ്റി വയ്ക്കും. പരിപാടി കഴിഞ്ഞ് നോക്കുമ്പോൾ നിരവധി ഗ്ലാസുകൾ ഉപയോഗിക്കാതെ പകുതിയും മുക്കാലും നിറച്ച് വച്ചിരിക്കുന്നത് കാണാം. ഇങ്ങനെ മദ്യത്തിന്റെ അളവ് കൂടാറുണ്ട്. ഓരോ പരിപാടി കഴിഞ്ഞ് മിച്ചം വരുന്ന മദ്യം കണക്കെടുത്ത് സങ്കേതത്തിൽ തിരിച്ച് കൊടുക്കുന്ന രീതിയാണ് ഞങ്ങളുടെ കാലത്ത് സ്വീകരിച്ചിരുന്നത്''

മുകളിൽ ജേർണലിസം സ്‌കൂളും താഴെ അനധികൃത ബാറും പ്രവർത്തിക്കുന്ന പ്രസ്സ് ക്ലബിനെക്കറിച്ചുള്ള മറുനാടൻ റിപ്പോർട്ട് പത്രപ്രവർത്തകർക്കിയിൽ വൻ പ്രതിഷേധത്തിന് കാരണമായിരുന്നു. ബാറുകൾ പൂട്ടിക്കുന്നതിന് വേണ്ടി അത്യുജ്ജ്വലം വാദിക്കുകയും ഒരു ലിറ്റർ കള്ള് വാറ്റ് പിടിച്ചാൽ ബ്രേക്കിംങ്ങ് ന്യൂസ് ആക്കുകയും ചെയ്യുന്ന മാദ്ധ്യമ പ്രവർത്തകർ അവരുടെ ആവശ്യത്തിന് വേണ്ടി യാതൊരു ലൈസൻസും കൂടാതെ ബാർ നടത്തുന്നു എന്ന ആരോപണമായിരുന്നു ഞങ്ങൾ ഉയർത്തിയത്. അന്ന് അവർ നിഷേധിച്ച ആരോപണം പ്രസ്സ് ക്ലബിലെ മുൻ പ്രസിഡന്റ് തന്നെ അടിവരയിട്ട് പറയുകയാണ് ഇപ്പോൾ. ഒട്ടേറെ വാർത്തകൾ ഞങ്ങൾ പ്രസിദ്ധീകരിച്ചെങ്കിലും യാതൊരു നടപടിയും എടുക്കാൻ പൊലീസിനോ എക്‌സൈസിനോ സാധിക്കുന്നില്ല താനും.

കത്തിന്റെ പൂർണ്ണ ഭാഗമാണ് ഞങ്ങൾ ചുവടെ കൊടുത്തിരിക്കുന്നത്

വേട്ടയാടപ്പെട്ടവന്റെ ശബ്ദം

എം. എം. സുബൈർ 

കേരളകൗമുദി

 സുഹുത്തുക്കളെ ,

 പ്രസ്‌ക്‌ളബ് നിയോഗിച്ച അന്വേഷണക്കമ്മിഷനും ഒരു മലയാളം വാരികയും സമൂഹമാദ്ധ്യമങ്ങളും കൂടി വേട്ടയാടിയവന്റെ ശബ്ദമാണിത്.ഇത് നിങ്ങളുടെ സ്വകാര്യ ശേഖരത്തിലെ ഒരു കുറിപ്പായി സൂക്ഷിക്കുക. ഏതെങ്കിലും ആനുകാലിക പ്രസിദ്ധികരണങ്ങൾക്കോ സമൂഹമാദ്ധ്യമങ്ങൾക്കോ ചോർത്തിക്കൊടുക്കരുതെന്ന് ആദ്യമേ അഭ്യർത്ഥിക്കുന്നു.

പ്രസ്‌ക്‌ളബുമായി ബന്ധപ്പെട്ട് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പലതരത്തിലുള്ള വിചാരണ നടക്കുകയാണല്ലോ. ഞാൻ മുപ്പത്തിരണ്ട് വർഷമായി പത്പ്രവർത്തനരംഗത്ത് പ്രവർത്തിക്കുന്നു. സർക്കാരും മറ്റുമായി ബന്ധപ്പെട്ട പല അഴിമതി കഥകളും, സമൂഹത്തിൽ ചർച്ച ചെയ്യപ്പെട്ടതുമായ റിപ്പോർട്ടുകളും ഇതിനകം കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവ മിക്കതും നിങ്ങളും വായിച്ചിട്ടുള്ളതാണ്. ഇതുവരെ ഞാൻ പടുത്തുയർത്തിയ എന്റെ പ്രവത്തനങ്ങളെയും സൽപ്പേരിനെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രചരണം ഇപ്പോൾ നടക്കുന്നതിൽ വേദനയുള്ളതുകൊണ്ടാണ് ഇങ്ങനെയൊരു കുറിപ്പ് നിങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുന്നത്.

 കഴിഞ്ഞ ജനറൽ ബോഡിയോഗത്തിൽ എനിയ്‌ക്കെതിരെയുള്ള ആരോപണങ്ങൾക്ക് മറുപടി പറയാൻ ശ്രമിച്ചപ്പോൾ കുറെ ചെറുപ്പക്കാരായ അംഗങ്ങൾ ഒരുമിച്ച് ശബ്ദമുയർത്തി എന്റെ പ്രസംഗം തടസ്സപ്പെടുത്താൻ നോക്കി. മറ്റാരെക്കാളും പ്രസ്‌ക്‌ളബിന് വേണ്ടി മുദാവാക്യം വിളിച്ചവനാണ് ഞാൻ. പ്രസ്‌ക്‌ളബിന്റെ യശസ് നിലനിർത്താൻ എന്നും മുന്നിൽ നിന്നിട്ടുള്ള എന്നെ ഈ രീതിയിൽ അപമാനിക്കേണ്ടതുണ്ടായിരുന്നോ എന്ന് ബഹുമാനപ്പെട്ട അംഗങ്ങൾ ആലോചിക്കണം. ഈ ശബ്ദം വച്ചവരിൽ ചിലർ ആരുടെയോ പ്രേരണയാലെന്ന പോലെയാണ് എന്നെ അപമാനിക്കാൻ ശ്രമിച്ചത്. ഇവരിൽ പലർക്കും അംഗത്വത്തിന് അർഹതയില്ലെന്ന് സ്‌ക്രൂട്ടിനി കമ്മിറ്റി ശുപാർശ ചെയ്തിട്ടും ഞങ്ങളുടെ ഭരണസമിതിയുടെ കാലത്ത് മാനേജിങ് കമ്മിറ്റിയിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് അംഗത്വം നൽകിയവരായിരുന്നു. അത് ഓർക്കണമെന്ന് ഇപ്പോൾ ആവശ്യപ്പെടുന്നില്ല. ഒരു ചാനൽ ലേഖകൻ വേദിയിൽ കയറി എനിയ്‌ക്കെതിരെ ആക്രോശിച്ചത് കേട്ടപ്പോൾ കാലം മാറി ന്യൂജനറേഷൻ നമ്മുടെ മേഖലയിലും കടന്നെത്തിയെന്ന് എനിക്ക് മനസിലായി. ഇങ്ങനെയൊന്നും ആക്രോശിക്കാൻ തക്ക വലിയ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് എന്റെ വിശ്വാസം. യഥാർത്ഥ വസ്തുത ഈ ലേഖകൻ മനസിലാക്കിയിട്ടില്ലെന്ന് ഞാൻ വിശ്വസിക്കുന്നു.ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ വിശദാംശങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല. ആ മുഖം എനിക്കിപ്പോഴും ഓർമ്മയുണ്ട്. കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്ന സ്ഥിതി നമ്മുടെ പ്രസ്‌ക്‌ളബിന്റെ സംസ്‌കാരത്തിന് ചേർന്നതല്ല. 

ഇനി പ്രസ്‌ക്‌ളബിന്റെ സാമ്പത്തിക പരിശോധന സമിതിയുടെ കണ്ടെത്തലിലേക്ക് കടക്കാം. പ്രസ്‌കളബിനെ തകർക്കുന്നതിനുള്ള വലിയൊരു ഗ്രാന്റ് ഡിസൈനിന്റെ ഭാഗമായി രൂപപ്പെടുത്തിയതാണ് ഈ കമ്മിറ്റിയെന്ന് ഞാൻ കരുതുന്നു. പ്രസ്‌ക്‌ളബിൽ ഭാരവാഹികളായിരുന്നവരെ മനഃപൂർവം തേജോവധം ചെയ്യുന്നതിനും സമൂഹമദ്ധ്യത്തിൽ ഇകഴ്‌ത്തുന്നതിനും സ്വഭാവഹത്യ നടത്തുന്നതിനും വേണ്ടിയുള്ള ശ്രമമാണ് നടന്നിരിക്കുന്നത്. അഴിമതി ആരു കാണിച്ചാലും പുറത്ത്‌കൊണ്ടുവരണം. അത് വസ്തുതകളുടെ ആടിസാഥാനത്തിലായിരിക്കണം. ആരെയും തോജോവധം ചെയ്യാനോ കുറ്റവാളിയാക്കി വിചാരണ ചെയ്യാനോ പ്രതികാര നടപടികൾക്കോ ആകരുത്. അത്തരം പ്രവർത്തികൾ പ്രസ്‌ക്‌ബിന്റെ സദ്കീർത്തി തകർക്കും. ഭാവി പ്രവർത്തനങ്ങൾക്ക് ദോഷമോ ഉണ്ടാക്കു. ക്‌ളബിന്റെ പുതിയ ഭരണസമിതി ചുമതലയേറ്റുകൊണ്ട് നടന്ന ജനറൽബോഡി യോഗത്തിലാണ് അഞ്ചംഗങ്ങളെ ഉൾപ്പെടുത്തി കണക്ക് പരിശോധന കമ്മിറ്റിയെ തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പല്ല, അഞ്ച് പേരുടെ പേരുകൾ പുതിയ പ്രസിഡന്റ് വായിക്കുകയായിരുന്നുവെന്നാണ് അന്വേഷിച്ചപ്പോൾ ലഭിച്ച വിവരം. ആ ജനറൽ ബോഡിയോഗത്തിൽ സ്ഥാനമൊഴിഞ്ഞ ഭാരവാഹികൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചവരാണ് കണക്ക് പരിശോധനാസമിതിയിലെ അംഗങ്ങളായ ശ്രി ചന്ദ്രമോഹനും ശ്രീ.രാജയും. ജനറൽബോഡിയോഗത്തിൽ പങ്കെടുത്ത് കഴിഞ്ഞ ഭരണസമിതിയ്‌ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചവരെ കണക്ക് പരിശോധനാസമിതിൽ ഉൾപ്പെടുത്തിയതിന്റെ മാനദണ്ധമെന്തായിരുന്നുവെന്ന് നിലവിലെ പ്രസിഡന്റ് വിശദികരിക്കേണ്ടതാണ്. കാരണം പ്രസിഡന്റാണ് ഈ സമിതിയിലെ അംഗങ്ങളുടെ പേരുകൾ വായിച്ചത്.ജനറൽബോഡിയോഗത്തിൽ നിന്ന് അംഗങ്ങളുടെ പേരുകൾ നിർദ്ദേശിക്കുന്നതിന് മുമ്പേ ശ്രീ. പവനനൊഴികെയുള്ള നാല് പേരുടെ പേരുകൾ പ്രസിഡന്റ് തന്നെ വായിക്കുകയായിരുന്നു. ഈ കമ്മിറ്റയിൽ തന്നെ രണ്ട് പേർ ( ശ്രീ. ശ്രീകുമാറും രാജയും ജന്മഭൂമി പത്രത്തിൽ നിന്നുള്ളവരാണ്) ഒരു സ്ഥാപനത്തിൽ നിന്നള്ളവർ. ഇവിടെ തുടങ്ങുന്നു ഗ്രാന്റ് ഡിസൈനിങ്.

 പ്രിയ സുഹൃത്തുക്കളെ പല അന്വേഷണാത്മക റിപ്പോർട്ടുകളും പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഒരാളെന്ന നിലയിൽ ഈ കമ്മിറ്റിയുടെ ഗൂഢനീക്കങ്ങളെക്കുറിച്ച് ഞാനും ഒരു അന്വേഷണം നടത്തി. നമ്മുടെ കൂട്ടത്തിലുള്ള ഒരാൾക്ക് സർക്കാരിൽ ഒരു ഉന്നത തസ്തിക കിട്ടാൻ സാദ്ധ്യത തെളിഞ്ഞിരുന്നു. ഒരു മാദ്ധ്യമപ്രവർത്തകന് കിട്ടാവുന്ന നല്ല തസ്തിക. അത് അട്ടിമറിക്കാൻ ഈ പരിശോധന കമ്മിറ്റിയിലെ ചിലർ ചേർന്ന് ഒരു കുതന്ത്രം ഒപ്പിച്ചു. അതായത് പരിശോധന സമിതി അവരുടെ റിപ്പോർട്ട് പൂർത്തിയാക്കുന്നതിനും ഒന്നര മാസം മുമ്പ് പ്രസ്‌ക്‌ളബിൽ നിന്ന് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ ഒരു പരാതി തയ്യാറാക്കി രേഖകളുടെ കോപ്പികളോടെ ഗവർണർ, മുഖ്യമന്ത്രി, വിജിലൻസ് ഡയറക്ടർ എന്നിവർക്ക് അയച്ച് കൊടുത്തു. സർക്കാരിന്റെ പരിഗണനയിലുണ്ടായിരുന്ന ആ തസ്തികയിൽ ഏറ്റവും മുന്നിലുണ്ടായിരുന്ന അംഗത്തിനെതിരെയായിരുന്നു പരാതി. പ്രസ്‌ക്‌ളബിൽ അഴിമതി കാണിച്ചയാളെ ഈ സ്ഥാനത്തേക്ക് നിയമിക്കണമോ എന്നൊരു ചോദ്യവും ഈ പരാതിക്കാർ ഉന്നയിക്കുകയും ചെയ്തു. ലക്ഷ്യമെന്തായിരുന്നുവെന്ന് ഇതിൽ നിന്ന് നിങ്ങൾക്ക് വ്യക്തമായിക്കാണുമല്ലോ. ഒരു ഓൺലൈൻ മീഡിയയിലും ഈ പരാതിയിൽ പറയുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വാർത്ത വന്നു. പ്രസ്‌ക്‌ളബിൽ നിന്ന് രേഖകൾ എങ്ങനെ പുറത്ത് പോയി? കമ്മിറ്റി അംഗങ്ങൾക്കോ പ്രസ്‌ക്‌ളബ് ഭാരവാഹികൾക്കോ അല്ലാതെ ഈ രേഖ ലഭിക്കുകയില്ലെന്നിരിക്കെ പ്രസ്‌ക്‌ളബിൽ നിന്ന് രേഖകൾ എങ്ങനെ പുറത്ത് പോയി? ഈ ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർ ആരാണ്. ഇവരെ നമ്മൾ കണ്ടുപിടിക്കേണ്ടതല്ലേ? രേഖകൾ വിജിലൻസിന്റെ കൈവശമെത്തിയിട്ടുണ്ടെന്ന് ഈ കമ്മിറ്റിയിലെ ഒരംഗം തന്നെ പലരോടും പറഞ്ഞിരുന്നു.

 ഇനി പ്രക്‌ളബിന്റെ കണക്കുകളിലേക്ക് കടക്കാം. ഞാൻ രേഖകളും ബില്ലുകളുമില്ലാതെ പതിനായിരക്കണക്കിന് രൂപ എഴുതിയെടുത്തുവെന്നാണ് കമ്മിറ്റിയുടെ ഒരാരോപണം. പ്രസ്‌ക്‌ളബിന്റെ പ്രവർത്തനത്തെക്കുറിച്ച് എന്തെങ്കിലും അറിയാമയിരുന്നെങ്കിൽ ഇത്തരത്തിൽ ഒരു ആരോപണം എനിക്കും ഞങ്ങളുടെ കമ്മിറ്റിക്കും എതിരെ പറയുമായിരുന്നില്ല. വൗച്ചറിൽ രേഖപ്പെടുത്താതെ ഒരു രൂപ പോലും ഞങ്ങൾ ചെലവഴിച്ചിട്ടില്ല. എല്ലാത്തിനും കൃത്യമായ കണക്കുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. അഴിമതി കാണിക്കാനാണെങ്കിൽ വൗച്ചറിൽ രേഖപ്പെടുത്തേണ്ടതില്ലല്ലോ. ഒരു അംഗത്തിന്റെ മാതാപിതാക്കളാരെങ്കിലും മരിച്ചാൽ പോകുമ്പോൾ കഴിക്കുന്ന ഭക്ഷണത്തിന്റെ ബില്ല് പ്രസ്‌ക്‌ളബിന്റെ പേരിൽ എഴുതി വാങ്ങണമെന്നാണോ കമ്മിറ്റി ഉദ്ദേശിക്കുന്നത്? മരണം ആഘോഷമാക്കി എന്നൊരു ദുസൂചനയും കമ്മിറ്റി നടത്തിയിട്ടുണ്ട്. ആരുടെയും മരണം ഞങ്ങൾ ആഘോഷമാക്കിയിട്ടില്ല. മരണം ഒരിക്കലും ആഘോഷമാക്കാനുള്ളതല്ലെന്ന് കമ്മിറ്റി അംഗങ്ങളെ പോലെ അറിയാവുന്നവരാണ് ഞങ്ങളും. തൊടുപുഴയ്ക്കപ്പുറത്തും കോട്ടയത്തിനപ്പുറത്തും (അംഗങ്ങളുടെ പേരുകൾ റിപ്പോർട്ടിൽ കമ്മിറ്റി പറഞ്ഞിട്ടുണ്ട്. ഒരിക്കൽ കൂടി ഇവിടെ എഴുതി അവരെ അപമാനിക്കുന്നില്ല) നടന്ന മരണങ്ങൾക്ക് അന്നത്തെ പ്രസിഡന്റായ ഞാനും സെക്രട്ടറി ബിജുവും കൂടാതെ ആറ് അംഗങ്ങളും പോയിരുന്നു. ഇന്നോവ കാറിലാണ് പോയത്. അതിൽ എ. സി. ഉപയോഗിച്ചുവെന്ന് കമ്മിറ്റി പറയുന്നു. എ. സി കാറിൽ പോയത് തെറ്റാണോ? ഞങ്ങൾ തുറന്ന ജീപ്പിൽ മരണത്തിന് പോകണമായിരുന്നുവെന്നാണോ കമ്മിറ്റി ഉദ്ദേശിക്കുന്നത്. എ. സി. ഇന്നോവ കാറിൽ യാത്ര ചെയ്തുവെന്ന് പല സ്ഥലത്തും കമ്മിറ്റി ആവർത്തിച്ച് എഴുതിയിട്ടുണ്ട്. ഇതൊക്കെ ബോധപൂർവം ചേർത്തത് ഞങ്ങളെ അവഹേളിക്കാൻ വേണ്ടിയാണ്. ഡെത്ത് എന്റർടെയിന്മെന്റ് എന്ന് ഒരു വൗച്ചറിൽ എഴുതിയിട്ടുണ്ട്. അത് അന്നത്തെ ഓഫീസ് സെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്നയാളിന് സംഭവിച്ച ഒരു പിഴവാണ്. കൈയെഴുത്ത് പരിശോധിച്ചാൽ ഇത് എഴുതിയത് ആരാണെന്ന് മനസിലാകും. ഈ പിഴവിനെ ഇത്രയും പർവതീകരിച്ച് കണിക്കേണ്ടതുണ്ടായിരുന്നോ എന്ന് ഒരു നിമിഷം കമ്മിറ്റി ആലോചിച്ചിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു.

 കമ്മിറ്റി അവരുടെ റിപ്പോർട്ടിൽ കാണിച്ചിരിക്കുന്ന കണക്കുകൾ നോക്കി. പതിനായിരക്കണക്കിന് രൂപ പ്രസിഡന്റ് സ്വന്തമായി എഴുതിയെടുത്തുവെന്നാണ് കമ്മിറ്റിയുടെ ആരോപണം. ഈ റിപ്പോർട്ടിൽ പറയുന്ന കണക്കുകൾ പ്രകാരം 81,342 രൂപയാണ് കാണുന്നത്. ഇതിലെ ഓരോ തുകയ്ക്കും രേഖകളുണ്ട്. ഹോസ്പിറ്റാലിറ്റി എന്ന ഹെഡിൽ ചെലവഴിച്ചിരിക്കുന്നത് ക്‌ളബിന്റെ ഓരോ കാര്യങ്ങൾക്ക് വരുന്ന ആളുകൾക്ക് വേണ്ടി ചെലവഴിച്ചതുകയാണ്. മാത്രമല്ല, 2010 കാലത്ത് ലോകഫുട്ബോൾ മത്സരം നടന്ന കാലയളവാണ്. അന്ന് പലപ്പോഴും പ്രവചന മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. അന്ന് സങ്കേതത്തിൽ വന്നവരെല്ലാം നല്ല പോലെ ആഘോഷിച്ചിരുന്നു. ആഘോഷിച്ചവരുടെ കൂട്ടത്തിൽ ഈ കമ്മിറ്റിയിലെ അംഗങ്ങളായ ശ്രീ ജീമോനും ചന്ദ്രമോഹനനും ഉണ്ടായിരുന്നു. ഓർമ്മക്കുറവില്ലെങ്കിൽ അവർ ഇക്കാര്യം നിഷേധിക്കുമെന്ന് തോന്നുന്നില്ല.ക്‌ളബിന് വേണ്ടി നടക്കുന്ന എല്ലാ പരിപാടികളുടെ എല്ലാം ചെലവ് ഹോസ്പിറ്റാലി എന്ന ഹെഡിലാണ് ഉൾപ്പെടുത്തുന്നത്. മാനേജിങ് കമ്മിറ്റി യോഗം കഴിഞ്ഞ് അംഗങ്ങൾ സങ്കേതത്തിൽ ഇറങ്ങുമ്പോൾ ചേട്ടാ ഞങ്ങളുടെ കാര്യം ശ്രദ്ധിക്കുമല്ലോ എന്ന് ചോദിക്കാറുണ്ട്. അവരുടെ കാര്യം ഭംഗിയായി ശ്രദ്ധിച്ചിട്ടുണ്ട്. വേൾഡ് പ്രസ് ഡേയുമായി ബന്ധപ്പെട്ട് പ്രസിഡന്റിന്റെ പേരിൽ തുക എഴുതിയെടുത്തെന്നാണ് മറ്റൊരാരോപണം. ലോകമാദ്ധ്യമദിനം ആഘോഷിക്കാൻ സർക്കാരിൽ നിന്ന് 25000 രൂപ ലഭിച്ചിരുന്നു. ഈ പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണവും മറ്റും നൽകുന്നതിനാണിത്.ഈ ചെലവ് കഴിച്ച് ക്‌ളബിന് പതിനായിരം രൂപ മിച്ചമുണ്ടാക്കി. ഈ ചെലവിന്റെ വൗച്ചറിൽ പ്രസിഡന്റാണ് ഒപ്പിട്ടുകൊടുത്തത്. അല്ലാതെ പ്രസിഡന്റ് എഴുതിയെടുത്തതല്ല.

 കുടുബമേളയുടെ മറവിൽ മദ്യപാനത്തിനായി 2818 രൂപ ചെലവഴിച്ചതായി റിപ്പോർട്ടിലുണ്ട്. മറവിലൊന്നുമല്ല മദ്യപിച്ചത്. പരസ്യമായി സങ്കേതത്തിലാണ് അത് നടന്നത്. കുടുംബമേള എങ്ങനെയാണ് നടക്കുന്നതെന്ന് ഈ കമ്മിറ്റി അംഗങ്ങൾ ഒന്ന് ചിന്തിച്ചിരുന്നെങ്കിൽ ഇങ്ങനെ എഴുതി വയ്ക്കില്ലായിരുന്നു. മേളയുടെ തലേദിവസവും അന്നും കമ്മിറ്റി അംഗങ്ങളുടെയും ക്‌ളബുമായി സഹകരിക്കുന്ന മറ്റ് അംഗങ്ങളുടെയും അകമഴിഞ്ഞ സഹായം ലഭിക്കാറുണ്ട്. മേളയിൽ കൊടുക്കേണ്ട സമ്മാനങ്ങൾ വാങ്ങാൻ ഇവരെല്ലാം കൂടി പോകാറുണ്ട്. അവ കൊണ്ട് വന്ന് തരംതിരിച്ച് മാറ്റിവയ്ക്കുന്നതും ഇവരാണ്. രാവിലെ മുതൽ ഈ ജോലി തുടങ്ങാറുണ്ട്. ഇങ്ങനെ ജോലിചെയ്യുന്നവർക്ക് അല്പം മദ്യപിക്കണമെന്ന് പറഞ്ഞാൽ നിഷേധിക്കണമോ? ഇവർക്ക് വായും വയറുമില്ലേ? അപ്പോൾ അവർക്ക് ഭക്ഷണം കഴിക്കണ്ടേ? ഒരുപാട് പേരുടെ ശ്രമഫലമായിട്ടാണ് ഇത്തരം പ്രവർത്തനം നടക്കുന്നത്. മേളയിൽ അംഗങ്ങൾ കൊണ്ടുപോകുന്ന ഗിഫ്ടുകൾക്ക് പിന്നിൽ ആരുടെയെല്ലാം കാലുപിടിച്ചിച്ചാണ് അതൊക്കെ ലഭിക്കുന്നതെന്ന് ഈ കമ്മിറ്റി ചിന്തിച്ചതായി തോന്നുന്നില്ല. ഈ പ്രവൃത്തികളിൽ വളരെ സജീവമായി പങ്കെടുത്തിട്ടുള്ള ആളാണ് ചന്ദ്രമോഹൻ. എന്നിട്ടും ആ ചന്ദ്രമോഹൻ കൂടിയുള്ള കമ്മിറ്റിയിൽ എന്നെ അപമാനിക്കാൻ ഇങ്ങനെ എഴുതിവച്ചതിന് പിന്നിൽ ബോധപൂർവമായ ശ്രമമുണ്ടെന്ന് പറഞ്ഞാൽ അവിശ്വസിക്കേണ്ടതുണ്ടോ? ഞങ്ങളുടെ ഈ കലയളവിൽ ലക്ഷക്കണക്കിന് രൂപയുടെ വരുമാനം പുറത്ത് നിന്നുണ്ടാക്കിയിട്ടുണ്ട്. അതിനൊക്ക വ്യക്തമായ കണക്കുകളും വൗച്ചറും രസീതുകളുമുണ്ട്. ക്‌ളബിന്റെ തനത് ഫണ്ടിൽ അനാവശ്യമായി ഒരു രൂപയും ചെലവഴിച്ചിട്ടില്ല. അംഗങ്ങളുടെ മാതാപിതാക്കൾ മരിച്ചാൽ പോകുകയും അതിനുണ്ടാകുന്ന ചെലവ് ക്‌ളബ് വഹിക്കുന്നതും എത്രയോവർഷമായി നടന്നുവരുന്ന കാര്യമാണ്. ഇതൊക്കെ കമ്മിറ്റി അംഗങ്ങൾക്ക് അറിഞ്ഞ്കൂടേ?

 കവി അയ്യപ്പന്റെ പേരും റിപ്പോർട്ടിൽ കമ്മിറ്റി ഉൾപ്പെടുത്തിയിട്ടുണ്ട്. പാവപ്പെട്ട കവിയെ വെറുതേ വിടേണ്ടതായിരുന്നു. പക്ഷെ ആ മനുഷ്യത്വം പോലും കമ്മിറ്റി കാട്ടിയില്ല.കവി അയ്യപ്പന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ക്‌ളബിൽ നിന്ന് പോയിരുന്നു. ഇങ്ങനെ പോകുന്നവർക്ക് നടന്ന് പോകാൻ കഴിയില്ലല്ലോ. അതിന് വാഹനം വേണം. മാത്രമല്ല കവിയുടെ മൃതദേഹം ക്‌ളബിൽ പൊതുദർശനത്തിന് വച്ചു. പൊതുദർശനം കഴിഞ്ഞ ഉടൻ പലർക്കും ദുഃഖം തീർക്കണമെന്ന ആവശ്യമുണ്ടായി. സങ്കേതത്തിൽ ഇങ്ങനെ ദുഃഖം തീർത്തവരിൽ ചന്ദ്രമോഹനനും ഉണ്ടായിരുന്നു.

 അംഗങ്ങളുടെ പെൺമക്കളുടെ വിവാഹം നടക്കുമ്പോൾ ക്‌ളബിന്റെ പാരിതോഷികമായി രണ്ടായിരം രൂപ കൊടുക്കാറുണ്ട്. ശ്രീ . ദേവസ്യുടെ മകളുടെ വിവാഹത്തിനും ഈ തുക കൊടുത്തു. നിർഭാഗ്യവശാൽ ഇതൊന്നും മനസിലാക്കാത്ത പരിശോധനാ കമ്മിറ്റി 2000 രൂപ പ്രസിഡന്റ് എഴുതിയെടുത്തുവെന്നാണ് റിപ്പോട്ടിൽ പറയുന്നത്. സങ്കേതത്തിൽ പല അംഗങ്ങളും പതിനായിര ക്കണക്കിന് രൂപയുടെ കടം വരുത്താറുണ്ട്. അപ്പോൾ സങ്കേതത്തിന്റെ പ്രവർത്തനം കുഴപ്പത്തിലാകും. ഈ ഘട്ടത്തിൽ പ്രകാശിന്റെയും രാജേഷിന്റെയും പേരിൽ ക്‌ളബിൽ നിന്ന് കടം കൊടുക്കാറുണ്ട്. കടം വരുത്തിയ തുക അംഗങ്ങൾ അടച്ച് തീർക്കുമ്പോൾ ക്‌ളബിൽ നിന്ന് വാങ്ങിയ തുക പ്രകാശും രാജേഷും തിരിച്ച്‌കൊടുക്കും. അങ്ങനെ കൊടുത്തതിന്റെ കണക്ക് കമ്മിറ്റി കണ്ടില്ലെന്ന് നടിച്ചു. വാങ്ങിയതിന് കണക്കുണ്ട്. തിരിച്ച് കൊടുത്തതിനെപ്പറ്റി അജ്ഞത നടിച്ചു. നമ്മുടെ ഒരു അംഗത്തിന് അടിയന്തരമായി 5000 രൂപയുടെ ആവശ്യം വന്നു. മറ്റൊരംഗത്തിന് 7500 രൂപയും. ഇവർക്ക് ഈ തുകകൾ കടം കൊടുത്തു. ഈ രണ്ട് തുകയ്ക്കും വൗച്ചറിൽ ഒപ്പിട്ടത് പ്രസിഡന്റാണ്. പക്ഷെ ഈ അംഗങ്ങൾ തുക തിരിച്ചടച്ചു. അതിനെപ്പറ്റി കമ്മിറ്റി പറയുന്നില്ല. ഈ അംഗങ്ങൾ ഇപ്പോഴും ക്‌ളബിലുണ്ട്.

 ഭക്ഷണത്തിന് നൂക്ക് കാറ്ററിംഗിന് ആദ്യമായി കരാർ കൊടുത്തത് ഞങ്ങളുടെ കമ്മിറ്റിയല്ല. അതിനും മൂന്നാല് വർഷമായി ക്‌ളബിലെ ആഘോഷങ്ങൾക്കെല്ലാം നൂക്കിനാണ് ഓർഡർ കൊടുത്തിരുന്നത്. ആ കീഴ്‌വഴക്കം ഞങ്ങളും പാലിച്ചു. പുതിയൊരു ഏജൻസിയെ കൊണ്ടുവന്ന് പഴികേൾക്കണ്ടല്ലോ എന്നു വിചാരിച്ചാണ് കീഴ്‌വഴക്കം പിന്തുടർന്നത്. ചില പരിപാടികളിൽ ചിക്കൻ വിളമ്പിയപ്പോൾ ചില പരിപാടികൾക്ക് മട്ടനാണ് നൽകിയത്. ചിക്കന്റെയും മട്ടന്റെയും വിലയിൽ ഏറ്റക്കുറച്ചിലുണ്ടാകുമ്പോൾ അതിനനുസരിച്ച് മാറ്റമുണ്ടാകും. ഇതൊക്കെ കഴിച്ചവരാണ് കമ്മിറ്റി അംഗങ്ങളും. അതിനും ഞങ്ങൾ ആരോപണ വിധേയരായിരിക്കുന്നു. ബഹുമാന്യരേ ഒരു കാര്യം ഇനിയെങ്കിലും നിങ്ങളൊന്ന് ശ്രദ്ധിച്ചാൽ ഒരു കാര്യം മനസിലാകും.എന്തെന്നാൽ ക്‌ളബിന്റെ പരിപാടികളിൽ മദ്യം വിളമ്പുമ്പോൾ ഫ്രീയായി കിട്ടുന്നതിനാൽ പലരും ആവശ്യത്തിലധികം കൗണ്ടറിൽ നിന്ന് ഒഴിച്ച് വാങ്ങാറുണ്ട്. ചിലർ ഉപയോഗിക്കും. മറ്റു ചിലർ ഒരു സിപ്പ് എടുത്ത ശേഷം മാറ്റി വയ്ക്കും. പരിപാടി കഴിഞ്ഞ് നോക്കുമ്പോൾ നിരവധി ക്‌ളാസുകൾ ഉപയോഗിക്കാതെ പകുതിയും മുക്കാലും നിറച്ച് വച്ചിരിക്കുന്നത് കാണാം. ഇങ്ങനെ മദ്യത്തിന്റെ അളവ് കൂടാറുണ്ട്. ഓരോ പരിപാടി കഴിഞ്ഞ് മിച്ചം വരുന്ന മദ്യം കണക്കെടുത്ത് സങ്കേതത്തിൽ തിരിച്ച്‌കൊടുക്കുന്ന രീതിയാണ് ഞങ്ങളുടെ കാലത്ത് സ്വീകരിച്ചിരുന്നത്.

 കമ്മിറ്റി മുമ്പാകെ ഹാജാരാകാതിരുന്നതെന്തുകൊണ്ട്?

 കണക്ക് പരിശോധന സമിതി അംഗങ്ങൾ വലരെ ധിക്കാരത്തോടെ പെരുമാറിയതുകൊണ്ടാണ് ഞാൻ കമ്മിറ്റി മുമ്പാകെ ഹാജരാകാതിരുന്നത്. മാത്രമല്ല. കമ്മിറ്റിയിലെ ഒരംഗം എന്റെ പല സുഹൃത്തുക്കളെയും ഫോണിൽ വിളിച്ച് അയാളെ ( എന്നെ) ഞാൻ ശരിയാക്കുന്നുണ്ട്, നിങ്ങളാരും കൂടെ നില്ക്കരുത് എന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. മാത്രമല്ല എന്നെപ്പറ്റി പല അപവാദങ്ങളും മുൻകൂട്ടി തന്നെ ഈ അംഗം മറ്റുള്ളവരോട് പറഞ്ഞു നടക്കുന്ന വിവരങ്ങളും അറിഞ്ഞിരുന്നു. എനിക്ക് സമൻസ് അയച്ച് വിളിച്ച് വരുത്താനും കമ്മിറ്റി ശ്രമിച്ചു.ഇതിനൊക്കെ കമ്മിറ്റിക്ക് അധികാരമുണ്ടോ എന്നൊന്നും എനിക്ക് അറിയില്ല. ഈ രീതിയിൽ പ്രവർത്തിച്ച കമ്മിറ്റി മുമ്പാകെ പോകെണ്ടെന്ന് സുഹൃത്തുക്കൾ തന്നെ എന്നെ ഉപദേശിച്ചു. പറയാനുള്ളത് ക്‌ളബിന്റെ പരമോന്നത സമിതിയായ ജനറൽ ബോഡി മുമ്പാകെ പറയാമെന്ന് തീരുമാനിച്ചത് അതുകൊണ്ടാണ്.

ഞാൻ പ്രസ്‌ക്‌ളബിന്റെ പേരിൽ വിദേശത്ത് പോയി ഒരു തരത്തിലുള്ള പിരിവും നടത്തിയിട്ടില്ല. വിദേശത്ത് നടത്തിയ പിരിവിന്റെ പേരിൽ വിദേശമലയാളികളുമായി വഴക്കുണ്ടായി അന്യരാജ്യത്ത് ആളില്ലാത്ത സ്ഥലത്ത് ഇറക്കിവിട്ടിട്ടുമില്ല. അവിടെ കിലോമീറ്ററോളം ഏകനായി സഞ്ചരിച്ച് ഒടുവിൽ പൊലീസ് പിടിലായി അവരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങേണ്ട ഗതികെട്ട അവസ്ഥയിലും ഞാൻ ചെന്ന് പെട്ടിട്ടില്ല. പണപിരിവിന്റെ പേരിൽ വിദേശ മലയാളികളെ വഞ്ചിച്ചതിന് സെക്രട്ടേറിറ്റിന് മുമ്പിൽ പ്രതിപക്ഷനേതാവ് ശ്രീ. വി. എസ്. അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്ത ധർണയുടെ വാർത്തയും ചിത്രവും മറ്റൊരു പത്രത്തിൽ കൊടുക്കാൻ ഞാൻ സമ്മർദ്ദം ചെലുത്തിയെന്ന തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് എനിയ്‌ക്കെതിരെ ഇപ്പോൾ ഈ ആരോപണങ്ങൾ പുറത്ത് വരാൻ കാരണം. ഞാൻ ഇതുവരെ ഒരു കേസിലും പ്രതിയായിട്ടില്ല. മന്ത്രിമാരെയും സാമൂഹ്യ പ്രവർത്തകരെയും ഭീഷണിപ്പെടുത്തിയോ, ബ്‌ളാക്ക്‌മെയിൽ ചെയ്‌തോ പരസ്യം പിടിക്കാനോ ശ്രമിച്ചിട്ടില്ല.പാവപ്പെട്ടവരുടെ പേരിൽ അന്തർ ദേശിയ തലത്തിൽ നടത്തുന്ന തട്ടിപ്പുകളുടെ കഥകൾ എന്റെ പുറകിലില്ല.

' ടാക്‌സി പ്രസിഡന്റ് ഫാമിലി 'എന്നൊരു വൗച്ചറിന്റെ കാര്യം റിപ്പോർട്ടിൽ കമ്മിറ്റി എടുത്ത് പറഞ്ഞിട്ടുണ്ട്. പ്രസ്‌കഌിലെ ഒരു കുടുബ പരിപാടിയുമായി ബന്ധപ്പെട്ട് ഞാൻ നേരത്തെ തന്നെ ക്‌ളബിൽ എത്തിയിരുന്നു. അതിനാൽ എന്റെ കുടുംബത്തെ എനിക്ക് കൊണ്ടുവരാൻ കഴിഞ്ഞിരുന്നില്ല. പ്രസ്‌ക്‌ളബിൽ നിന്ന് ഏർപ്പെടുത്തിയ ഒരു ടാക്‌സിയിലാണ് ആ പരിപാടി സ്ഥലത്ത് എന്റെ കുടുംബം വന്നത്. ആ കാറിന്റെ കൂലിയായ 800 രൂപ ക്‌ളബിൽ നിന്ന് കൊടുത്ത് ഡ്രൈവറിൽ നിന്ന് വൗച്ചർ ഒപ്പിട്ട് വാങ്ങി. പിറ്റേ ദിവസം തന്നെ ഈ തുക ഞാൻ തിരിച്ചടച്ചു. അന്നത്തെ ഓഫീസ് സെക്രട്ടറിക്ക് ഇതറിയാം. ഇതിൽ തട്ടിപ്പ് നടത്താനാണെങ്കിൽ ഈ തുക മറ്റേതെങ്കിലും ഹെഡിൽ ഉൾപ്പെടുത്തിയാൽ പോരായിരുന്നോ? ക്‌ളബിന്റെ ഒരു പൈസയും അനാവശ്യമായി ചെലവഴിക്കാതിരിക്കാനേ ഞങ്ങൾ നോക്കിയിട്ടുള്ളു. മുതിർന്ന അംഗങ്ങളെ ആദരിക്കുന്ന ചടങ്ങുകൾ നമ്മൾ സംഘടിപ്പിക്കാറുണ്ടല്ലോ. പങ്കെടുക്കുന്ന അംഗങ്ങൾക്ക് ചടങ്ങിന് ശേഷം മദ്യവും ഭക്ഷണവും നൽകാറുണ്ട്. കമ്മിറ്റിയുടെ അഭിപ്രായം കണക്കിലെടുത്താൽ ഇത്തരം പരിപാടികൾ നമുക്ക് സംഘടിപ്പിക്കാൻ കഴിയുമോ. അതൊക്കെ അനാവശ്യ ചെലവുകളാകില്ലേ? ചന്ദമോഹനനും ജീമോനുമെല്ലാം അതിൽ പങ്കെടുക്കാറുള്ളതല്ലേ?

ദീർഘമായി പോയെന്ന് അറിയാം ഈ കുറിപ്പ്. പ്രസ്‌ക്‌ളബിന് എന്റെ ജീവിതത്തിലെ രണ്ട് വർഷം വിനിയോഗിച്ചപ്പോൾ പ്രിയപ്പെട്ട സുഹൃത്തുക്കളെ എനിക്ക് കിട്ടിയ സമ്മാനമാണ് കണക്ക് പരിശോധന സമിതി നിങ്ങളുടെ മുമ്പിൽ സമർപ്പിച്ചിരിക്കുന്ന ഈ റിപ്പോർട്ട്. എന്നെ നിങ്ങൾക്ക് വിലയിരുത്താനായിട്ടാണ് ഞാനി കുറിപ്പ് നിങ്ങളുടെ മുമ്പിൽ സമർപ്പിക്കുന്നത്. എന്നെ സ്‌നേഹിക്കുന്ന നല്ലവാരായ പ്രസ്‌ക്‌ളബ് അംഗങ്ങൾ പരിശോധന സമിതിയുടെ റിപ്പോട്ടും ഈ കുറിപ്പും പരിശോധിക്കുക. എന്നിട്ട് വിലയിരുത്തുക. ഞാൻ കുറ്റക്കാരനാണെങ്കിൽ നിങ്ങൾ തരുന്ന ഏത് ശിക്ഷയും സ്വീകരിക്കാൻ തയ്യാറാണ്. ഞാൻ അനാവശ്യമായി ക്‌ളബിന്റെ പണം ചെലവഴിച്ചിട്ടുണ്ടെന്ന് നിങ്ങൾ വിധിക്കുകയാണെങ്കിൽ ഞാൻ വിയർപ്പൊഴുക്കി ജോലി ചെയ്ത് കിട്ടിയ എന്റെ ശമ്പളത്തിൽ നിന്ന് ആ പണം തിരിച്ചടക്കാൻ ഞാൻ തയ്യാറാണ്. എന്നെ സ്‌നേഹിക്കുന്നവരോടും സ്‌നേഹിച്ച് വഞ്ചിച്ച് ,കാണുമ്പോൾ നന്നായി ചിരിക്കുന്നവരോടും ഒരു അഭ്യർത്ഥനയേ ഉള്ളു. നിങ്ങൾ വിലയിരുത്തു. ശിശിരത്തിലെ മരങ്ങളെ കണ്ട് ഇലകളുടെ കാലം കഴിഞ്ഞ് പോയെന്ന് ധരിക്കരുത്. വസിഷ്ഠന്റെ വെള്ളത്താടി പോലെ വെളുത്ത കാലം ഇനി വരില്ലെന്നും കരുതരുതേ. ധർമ്മം ധർമ്മത്തെ രക്ഷിക്കും.