കഴക്കൂട്ടം: വാഹനം തട്ടിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ഐടി ജീവനക്കാരനും എൻജിനീയറിങ് വിദ്യാർത്ഥിയായ മകനും എസ്എഫ്‌ഐ നേതാവിന്റെ മർദനം ഏറ്റ സംഭവത്തിൽ പരാതി നൽകിയിട്ടും നടപടിയെടുക്കാതെ പൊലീസ്. കഴക്കൂട്ടം പൊലീസിൽ പരാതി നൽകിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല

കഴക്കൂട്ടം ക്യൂൻസ് ടവർ അപ്പാർട്ട്‌മെന്റ് , ആറ്റിപ്രയിൽ താമസിക്കുന്ന മനു മാധവൻ (42), മകൻ ആദിത്യൻ എന്നിവരെയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ടെക്‌നോപാർക്കിന് അടുത്തുള്ള റോഡിൽ വച്ച് ആക്രമിച്ചത്. ടെക്‌നോപാർക്കിനു സമീപം സർവീസ് റോഡിൽ വച്ചാണ് ആക്രമണം ഉണ്ടായത്. ആക്രണത്തിൽ മനു മാധവിന് പൊട്ടലുമേറ്റു, പരുക്കേറ്റ ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പ്രതിഷേധം കടുക്കുകയാണ്.

സിഇടിയിലെ വിദ്യാർത്ഥിയായ എം. ആദിത്യ താമസിക്കുന്ന ഫ്‌ളാറ്റിലേക്ക് കാറിൽ വരവേ എസ്എഫ്‌ഐ കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗമായ ആദർശിന്റെ ബൈക്ക് കാറിനു പിന്നിൽ തട്ടി. തുടർന്ന് ആദിത്യ പിതാവായ മനു മാധവനെ വിളിച്ചു വരുത്തി. വാക്കു തർക്കത്തിനിടയിൽ ആദർശ്, മനു മാധവനേയും മകൻ ആദിത്യനേയും മർദിക്കുകയായിരുന്നു. ആദർശ് കൈയിൽ ഉണ്ടായിരുന്ന താക്കോൽ കൊണ്ട് കഴുത്തിൽ കുത്തി മുറിവേൽപിക്കുകയും ആദിത്യന്റെ ഷർട്ട് വലിച്ചു കീറുകയും ചെയ്തു. തുടർന്ന് ബൈക്ക് ഓടിച്ചു പോവുകയായിരുന്നു.

കേരളത്തിലെ ഐടി കമ്പിനികളുടെ ഗ്രൂപ്പായ ജിടെക്കിലെ മെമ്പർ കൂടിയായ മനു മാധവനെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയ ജിടെക് ആക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും, ഐടി ജീവനക്കാർക്ക് സംരക്ഷണം നൽകേണ്ട പ്രത്യേക സ്ഥലത്ത് നടന്ന ആക്രമണത്തിൽ ഐടി ജീവനക്കാർ ആശങ്കയിലാണെന്നും ഇവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ജിടെക് ആവശ്യപ്പെട്ടു. കഴക്കൂട്ടം കേന്ദ്രീകരിച്ചു തുടർച്ചയായി നടന്നു വരുന്ന അക്രമങ്ങൾ നിയന്തിരച്ചില്ലെങ്കിൽ ഐ ടി വ്യവസായത്തെ തന്നെ അത് ദോഷമായി ബാധിക്കും എന്ന് GTECH പ്രതിനിധികൾ അഭിപ്രായപ്പെട്ടു