ആലപ്പുഴ : ആഴക്കടൽ മൽസ്യബന്ധനത്തിടെ സംഘർഷസാദ്ധ്യത. ഇന്നലെ പരിധി ലംഘിച്ചും വിദേശ കപ്പലുകളും ട്രോളറുകളും ഇന്ത്യൻ അതിർത്തി പ്രദേശത്ത് യഥേഷ്ടം മൽസ്യബന്ധനം നടത്തുന്നതായി കണ്ടെത്തി. മത്സ്യബന്ധന നിരോധിതനിയമം നിലവിൽ വന്നതോടെ ദുരിതത്തിലായ മൽസ്യത്തൊഴിലാളികൾ, ഇതോടെ ധീവരസഭയുടെ നേതൃത്വത്തിൽ അതിർത്തി ലംഘിച്ചും മീൻപിടിക്കാൻ തീരുമാനമെടുത്തു.

മൽസ്യബന്ധനത്തിന് തൊഴിലാളിക്ക് കടലിൽ പ്രതിസന്ധി ഉണ്ടായാൽ കരയിൽനിന്നും യാനങ്ങൾ പ്രശ്‌നമേഖലയിലേക്ക് എത്തി അതു നേരിടാനും തീരുമാനമുണ്ട്. കോസ്റ്റ് ഗാർഡ് അടക്കമുള്ള നീരീക്ഷണ ഉദ്യോഗസ്ഥന്മാരെ കാര്യങ്ങൾ ധരിപ്പിക്കുകയും അതിർത്തി ലംഘിച്ച് മീൻപിടിക്കുന്ന വിദേശയാനങ്ങൾ പിടിച്ചെടുക്കുന്നതുവരെ കടലിൽ ഉപരോധം തീർക്കുകയും ചെയ്യും. വിദേശകപ്പലുകളുടെയും ട്രോളറുകളുടെയും ചിത്രവും മീൻപിടിക്കുന്ന രംഗങ്ങളും കാമറയിൽ പകർത്തി സർക്കാരിനെ ബോധ്യപ്പെടുത്തും. ഇതിനായി ബോട്ടുകളും വള്ളങ്ങളും കൊല്ലം , നീണ്ടകര ഭാഗങ്ങളിൽനിന്നും അതിരാവിലെ പുറപ്പെട്ടു കഴിഞ്ഞു.

അതേസമയം സംസ്ഥാനത്ത് ഇന്നലെ മത്സ്യബന്ധന നിരോധിത നിയമം നിലവിൽ വന്നു. വിദേശകപ്പലുകൾക്കും ട്രോളറുകൾക്കും മത്സ്യബന്ധനത്തിന് അവസരമൊരുക്കിയാണ് നിയമം നടപ്പിലാക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം നീണ്ടകരയിൽനിന്നും മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾ 12 നോട്ടിക്കൽ മൈൽ അപ്പുറത്ത് വിദേശ കപ്പലുകളും ട്രോളറുകളും മത്സ്യബന്ധനം നടത്തുന്നതായി കണ്ടതോടെ ഒപ്പം മീൻപിടിക്കാൻ എത്തിയെങ്കിലും കോസ്റ്റ്ഗാർഡ് പിടികൂടി ആദ്യപടിയെന്നോണം താക്കീത് ചെയ്ത് വിട്ടയച്ചു. എന്നാൽ കടലിൽ പോകുന്നവരെ തടയേണ്ടെന്നാണ് കേരളാ പൊലീസിന്റെ തീരസംരക്ഷണ സേനയുടെ തീരുമാനം.

ഡോ. മീനാകുമാരി സെയ്ദാറാവ് കമ്മിറ്റികളുടെ റിപ്പോർട്ട് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് 61 ദിവസത്തെ ട്രോളിങ് നിരോധനം കേന്ദ്രം ഏർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഇരു റിപ്പോർട്ടുകളിലും ഏകീകൃത നിരോധനം ഏർപ്പെടുത്തണമെന്നാണ് പരാമർശിച്ചിട്ടുള്ളത്. കേന്ദ്രസർക്കാർ റിപ്പോർട്ടിനെയും മറികടന്നാണ് ഈസ്റ്റ്- വെസ്റ്റ് എന്ന വിധത്തിൽ വേർതിരിച്ച് നിരോധനം നടപ്പിലാക്കിയത്. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഉൾപ്പെട്ട കിഴക്കൻ തീരത്ത് ഏപ്രിൽ 15നും കേരളം ഉൾപ്പെട്ട പടിഞ്ഞാറൻ തീരത്തു ജൂൺ ഒന്നിനുമാണ് നിരോധനം പ്രഖ്യാപിച്ചിട്ടുള്ളത്.

എന്നാൽ സംസ്ഥാന ഫിഷറീസ് വകുപ്പ് കേരളത്തിൽ പതിവുപോലെ ജൂൺ 15ന് ട്രോളിങ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായില്ല. അതേസമയം വിദേശ ട്രോളറുകൾക്ക് നിരോധിത സമയത്തും മീൻപിടിക്കാൻ അനുവാദം നൽകിയതിൽ പ്രതിഷേധിച്ച് ആഭ്യന്തര മത്സ്യത്തൊഴിലാളികൾ അതിർത്തി കടന്നും മത്സ്യബന്ധനത്തിന് ഒരുങ്ങുകയാണ്. ആഴക്കടൽ മത്സ്യബന്ധനത്തിനിടയിൽ തൊഴിലാളികൾക്ക് മാർഗതടസം ഉണ്ടായാൽ നേരിടാൻ തക്കവിധത്തിൽ പദ്ധതികൾ ആവിഷ്‌ക്കരിക്കുമെന്ന് ഈ മേഖലയിലെ ചില സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

നേരത്തെ മുഖ്യമന്ത്രി ട്രോളിങ് കാലാവധി 61-ൽനിന്നും 45 ആയി കുറയ്ക്കണമെന്ന് പ്രധാനമന്ത്രിയോടു നേരിട്ട് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് ചർച്ച ചെയ്യാമെന്ന് ഉറപ്പ് നൽകിയ ശേഷമാണ് മുന്നറിയിപ്പില്ലാതെ റിപ്പോർട്ട് നടപ്പിലാക്കിയത്. സംസ്ഥാനത്തെ ഏഴു ലക്ഷത്തോളം മത്സ്യബന്ധന അനുബന്ധ തൊഴിലാളികളാണ് നിയമം നടപ്പിലായതോടെ പട്ടിണിയിലും തൊഴിലില്ലായ്മയിലും കുരുങ്ങുന്നത്.