തിരുവനന്തപുരം: എന്റെയീ കൊന്ത ഉണ്ടെങ്കിൽ ഒരാഴ്ചയ്ക്കകം അയാൾ അനുഭവിക്കും-പിസി ജോർജിന്റെ ഭാര്യ ഉഷ ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞ വാക്കുകളാണ്. പിസിയെ അറസ്റ്റ്‌
ചെയ്തപ്പോൾ, ഉച്ചരിച്ച ശാപ വാക്കുകൾ മുഖ്യമന്ത്രിയെ ലാക്കാക്കിയായിരുന്നു. സജി ചെറിയാൻ തികച്ചും അപ്രതീക്ഷിതമായി ഭരണഘടനാ പരാമർശ വിവാദത്തിൽ പെട്ട് മന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോൾ, സോഷ്യൽ മീഡിയയിലെ മുഖ്യസംസാര വിഷയവും ഇതുതന്നെയാണ്. പലരും കൊന്തയുടെ കാര്യം ഓർമിപ്പിച്ച് പോസ്റ്റുകൾ ഇടുന്നു.

പിസിയുടെ പൂഞ്ഞാർ ആശാൻ പിസി ജോർജ് ഫേസ്‌ബുക്ക് ഗ്രൂപ്പിൽ, ഉഷയുടെ അന്നത്തെ വീഡിയോ ഇട്ടുകൊണ്ട് പറഞ്ഞുവയ്ക്കുന്നത് ഇങ്ങനെ:

'ഒരു കുടുംബിനിയായ സ്ത്രീയുടെ കണ്ണീരിൽ കലർന്ന വാക്കാണ്...ഒരാഴ്ച തികയാൻ ഇനി 3 ദിവസം ബാക്കി. 1 വിക്കറ്റ് തെറിച്ചു. ഇനിയും വരാനിരിക്കുന്നതേയുള്ളു......'

കൊന്ത ശാപം ഏറ്റുവെന്നാണ് ചിലരുടെ പക്ഷം. കൊന്തേടെ ശക്തി തെളിയിച്ച സ്ഥിതിക്ക് ആയമ്മ ഇനി തോക്കെടുത്തിറങ്ങുമോ എന്ന് കട്ട വെയ്റ്റിങ് എന്നാണ് മറ്റൊരു പോസ്റ്റ്.

മൊഴി എടുക്കാൻ വിളിച്ചു വരുത്തി പിസി ജോർജ്ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത് മ്യൂസിയം പൊലീസായിരുന്നു. തീർത്തും അപ്രതീക്ഷിത നീക്കം. ചോദ്യം ചെയ്യലിന് പിസി എത്തിയ ശേഷമായിരുന്നു തട്ടിപ്പുകേസിലെ പ്രതിപരാതിയുമായി മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തിയത്. പെട്ടെന്ന് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. പിന്നാലെ പിസിയെ അറസ്റ്റും ചെയ്തു. ഇത് അറിഞ്ഞാണ് വികാരത്തോടെ പിണറായി സർക്കാരിനെ ചാനൽ ക്യാമറയ്ക്ക് മുമ്പിൽ പിസിയുടെ ഭാര്യ ശപിച്ചത്. പിന്നാലെ പിസിക്ക് ജാമ്യവും കിട്ടി. സർക്കാരിനെ രൂക്ഷമായി വിമർശിച്ചാണ് കോടതി പിസിയെ ജാമ്യത്തിൽ വിട്ടത്.

ഏതായാലും ജോർജിന്റെ ഭാര്യ പൊട്ടിത്തെറിച്ച് അഞ്ചാം ദിനം തന്നെ പിണറായിയെ തേടി വമ്പൻ രാഷ്ട്രീയ വിവാദം എത്തി. സിപിഎം വിപ്ലവ നായകനായി കാണുന്ന ഭരണഘടനാ ശിൽപ്പി അംബേദ്കറിനെ തന്നെ മന്ത്രി സജി ചെറിയാൻ തള്ളി പറഞ്ഞു. കേരളത്തിലെ സിപിഎമ്മിനെ ഇതിന് അപ്പുറം വിവാദത്തിലാക്കിയ മറ്റൊരു പ്രസ്താവനയും ഇല്ല. സമാനതകളില്ലാത്ത രീതിയിൽ ജനരോഷം ഉയർന്നു. അതിനെ നാക്കു പിഴയായി സിപിഎം പിബി അംഗം എംഎ ബേബിയും സമ്മതിച്ചു. ഇതിനൊപ്പമാണ് പിസിയുടെ ഭാര്യയുടെ എന്റെയീ കൊന്ത ഉണ്ടെങ്കിൽ ഒരാഴ്ചയ്ക്കകം അയാൾ അനുഭവിക്കും എന്ന പ്രസ്താവനയും ചർച്ചയാകുന്നത്.

പീഡന പരാതി കെട്ടിച്ചമച്ചതാണെന്ന് പി.സി. ജോർജിന്റെ കുടുംബം ആരോപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ നീക്കത്തിന് പിന്നിലെന്നും പി.സി. ജോർജിന്റെ ഭാര്യ ഉഷ ജോർജും മകൻ ഷോൺ ജോർജും മരുമകൾ പാർവതി ഷോണും ആരോപിച്ചു. ശബരിമലയിൽ കറുത്ത വസ്ത്രമിട്ട് സ്ത്രീകളെ കയറ്റിയെന്നും അതിന്റെ ദോഷം മാറാനാണ് മുഖ്യമന്ത്രി കറുത്ത കാറിൽ സഞ്ചരിക്കുന്നതുമെന്ന് ഷോണും ആരോപിച്ചിരുന്നു. കറുത്ത കാറിൽ യാത്ര ചെയ്തിട്ടും കഷ്ടകാലം തീരുന്നില്ലെന്നായിരുന്നു ഷോണിന്റെ പ്രതികരണം. ഇതിന് അപ്പുറത്തേക്കായിരുന്നു പിസിയുടെ ഭാര്യയുടെ പ്രതികരണം. പിണറായി വിജയൻ അനുഭവിക്കും എന്ന് തന്നെ ഉഷ ജോർജ് പറഞ്ഞു.

പി.സി. ജോർജിനെതിരായ പീഡന പരാതി മുഖ്യമന്ത്രി പിണറായി വിജയന്റെ കളിയാണ്. ഒരു മനുഷ്യനെ ഇങ്ങനെയൊന്നും ഒതുക്കാൻ കഴിയില്ലെന്നും ഒരാഴ്ചയ്ക്കുള്ളിൽ പിണറായി വിജയൻ ഇതിനെല്ലാം അനുഭവിക്കുമെന്നും അവർ പറഞ്ഞു. 'ഇത് എവിടുത്തെ ന്യായമാണ്. പിണറായി വിജയനെ ഞാൻ പോയി കാണും. എനിക്ക് അയാളെ വെടിവെച്ച് കൊല്ലണം. എന്റെ അപ്പന്റെ റിവോൾവറാണ് ഇവിടെയിരിക്കുന്നത്. എല്ലാവരും വേദനിക്കുകയാണ്. എന്റെ കൊന്തയുണ്ടെങ്കിൽ ഒരാഴ്ചക്കുള്ളിൽ അദ്ദേഹം അനുഭവിക്കും. ഒരു നിരപരാധിയെ പിടിച്ച് ജയിലിലിടാമോ? പി.സി. തെറ്റ് ചെയ്യാത്തൊരു മനുഷ്യനാണ്. ഇത് പിണറായിയുടെ കളിയാണ്. ഒരു മനുഷ്യനെ ഇങ്ങനെയൊന്നും ഒതുക്കാൻ കഴിയില്ല. ഒരു കുടുംബത്തെ ഇങ്ങനെ വേട്ടയാടുന്നത് ശരിയാണോഎന്നും പിസിയുടെ ഭാര്യ ചോദിച്ചിരുന്നു.

40 വർഷമായി പുള്ളിയോടൊപ്പം ജീവിക്കുന്നു. എന്നെ നുള്ളിയിട്ട് പോലും നോവിച്ചിട്ടില്ല. മോനെ മോളെ എന്നല്ലാതെ ആരെയും വിളിക്കില്ല. എല്ലാവരോടും സ്‌നേഹമാണ്. അദ്ദേഹം ശുദ്ധനായതുകൊണ്ട് പറ്റിയതാണ് ഇതെല്ലാം. തന്നെ പീഡിപ്പിക്കാത്ത വ്യക്തിയുണ്ടെങ്കിൽ പി.സി. മാത്രമാണെന്നാണ് പരാതിക്കാരി രണ്ടാഴ്ച മുമ്പ് പറഞ്ഞത്. അദ്ദേഹം അപ്പന് തുല്യമാണെന്നും പറഞ്ഞു. അങ്ങനെ പറഞ്ഞയാൾ ഇപ്പോൾ എങ്ങനെയാണ് മാറിയത്? പരാതിക്കാരി ഒത്തിരി തവണ വീട്ടിൽ വന്നിട്ടുണ്ട്. ഒരുപാട് തവണ കണ്ടിട്ടുള്ളതാണ്. അവരെ കൃത്യമായി ഉപയോഗിക്കുകയാണ്. ഇത് മനുഷ്യമനസാക്ഷിക്ക് നിരക്കുന്നതാണോ.

രണ്ട് മൂന്ന് ദിവസത്തിന് പിണറായിയുടെ പ്രശ്‌നങ്ങളൊന്നും പുറത്തുവരരുത്. അതിനാണ് ഇതെല്ലാം. ഏത് പൊട്ടനും ഇത് മനസിലാക്കാമല്ലോ. നാളെ ഒരു ഞായറാഴ്ചയാണ്. പുള്ളിയെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയാൽ പിന്നെ ആ വാർത്ത ആയല്ലോ.'- ഉഷ ജോർജ് പ്രതികരിച്ചു. എന്റെയീ കൊന്ത ഉണ്ടെങ്കിൽ ഒരാഴ്ചയ്ക്കകം അയാൾ അനുഭവിക്കുമെന്ന് ഉഷ പറഞ്ഞത്. ഇത് അച്ചട്ടാകും വിധമാണ് ചൊവ്വാഴ്ച സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗം എത്തിയത്. പിണറായിയുടെ അതിവിശ്വസ്തനായിരുന്നു സജി ചെറിയാൻ. സഭകളെ അടക്കം സിപിഎമ്മനോട് ചേർത്ത് നിർത്താൻ മുമ്പിൽ നിന്ന് മന്ത്രി. ഇതിലുപരി ആലപ്പുഴയിലെ പിണറായി ശത്രുക്കളെ വെട്ടിനിരത്തിയും സജി ചെറിയാനാണ്. മുൻ മന്ത്രി ജി സുധാകരനെ അടക്കം വെട്ടിയൊതുക്കി. ഈ നേതാവിനെ കൈവിടാൻ പിണറായിക്ക് ഒട്ടും മനസ്സില്ല.

ഏതായാലും കൊന്ത ശാപം മാത്രമല്ല, മന്ത്രി തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ക്യാപ്‌സൂളുകൾ ഇറക്കിയവർ ഇന്ന് അഭിവാദ്യങ്ങൾ അർപ്പിക്കുന്നതിലെ പൊള്ളത്തവും ട്രോളുകൾ പൊക്കുന്നു.