കുടിയേറ്റ വിരുദ്ധനായ ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റായാൽ അത് അമേരിക്കയിലെ ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാർക്ക് ഭീഷണിയാണെന്ന ആശങ്ക നേരത്തെയുള്ളതാണ്. എന്നാൽ പ്രസിഡന്റായി അധികാരമേറ്റെടുത്ത ഉടൻ കടുത്ത അമേരിക്കൻ ദേശീയത ഉയർത്തിപ്പിടിക്കാൻ തുടങ്ങിയ ട്രംപ് ഭരണകൂടം ഇന്ത്യൻ വ്യവസായത്തിന് കടുത്ത തിരിച്ചടിയേകുമെന്ന ആശങ്കയും ഇപ്പോൾ ശക്തിപ്പെട്ടിരിക്കുകയാണ്. 150 ബില്യൺ ഡോളറിന്റെ ഐടി കയററ്റുമതി ബിസിനസിന് ഇത് തിരിച്ചടിയാകുമെന്നാണ് സൂചന. പുതിയ അമേരിക്കൻ പ്രസിഡന്റിന്റെ കടുത്ത ദേശീയത ഏറ്റവും ഗുരുതരമായി ബാധിക്കുന്നത് ഇന്ത്യയെയും ചൈനയെയും ആണെന്നാണ് റിപ്പോർട്ട്.

സത്യപ്രതിജ്ഞ കഴിഞ്ഞ അധികം വൈകുന്നതിന് മുമ്പ് തന്നെ ' അമേരിക്ക ഫസ്റ്റ്' എന്ന നയം ഉയർത്തിപ്പിടിച്ച് കൊണ്ടാണ് ട്രംപ് മുന്നോട്ട് വന്നിരിക്കുന്നത്. ' മൈ വേ' എന്ന തന്റെ നയവും അദ്ദേഹം ആവർത്തിച്ച് പ്രഖ്യാപിക്കുന്നുണ്ട്. താൻ തന്റേതായ രീതിയിലായിരിക്കും മുന്നോട്ട് പോവുന്നതെന്നാണ് അദ്ദേഹം ഇതിലൂടെ ശക്തമായ സൂചന നൽകിയിരിക്കുന്നത്. ഇത് ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് ആശങ്കാജനകമായ സന്ദേശങ്ങളാണ് നൽകുന്നത്. പ്രത്യേകിച്ചും ഇന്ത്യൻ ഐടി വ്യവസായത്തിന്റെ നട്ടെല്ല് തകർക്കുമെന്നുറപ്പാണ്. ഇതിനെ തുടർന്ന് ഇന്ത്യയിലെ അഭ്യന്തര മാർക്കറ്റുകൾ നാളെ തുറക്കുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ ദൃശ്യമാവുകയും ചെയ്യും.

ട്രംപ് വെള്ളിയാഴ്ച അധികാരമേറ്റെടുത്ത ഉടൻ രാജ്യത്തോട് നടത്തി പ്രസംഗത്തിലെ സൂചനകൾ ഇന്ത്യയിലെ ഏറ്റവും വലിയ കയറ്റുമതി വ്യവസായമായ ഐടിയെ ബലഹീനമാക്കുന്നതാണ്. ഇന്ത്യ കയറ്റുമതിയിലൂടെ സമ്പാദിക്കുന്ന 150 ബില്യൺ ഡോളറിന്റെ 75 ശതമാനവും ഐടി സർവീസിൽ നിന്നാണ് ലഭിക്കുന്നത്. ഇതിൽ 60 ശതമാനവും യുഎസിലേക്കാണ് കയറ്റിയയക്കുന്നത്. ' ബൈ അമേരിക്കൻ , ഹയർ അമേരിക്കൻ' എന്ന കാംപയിൻ ട്രംപ് ആരംഭിച്ചതിനെ തുടർന്ന് അമേരിക്കയിലെ കമ്പനികൾ ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളിലേക്കുള്ള തങ്ങളുടെ ഐടി ഔട്ട്സോഴ്സിംഗിൽ കുറവ് വരുത്തിയിരുന്നു.

ഇത് ഇന്ത്യയെ ഇപ്പോൾ തന്നെ ബാധിക്കാൻ തുടങ്ങിയിട്ടുണ്ട്. അഥവാ ഇത്തരം സേവനങ്ങൾക്കുള്ള പ്രതിഫലം കുറയ്ക്കുന്ന നടപടികളും യുഎസ് കമ്പനികൾ ആരംഭിച്ചിരുന്നു. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ ഇന്റസ്ട്രിക്കും ട്രംപ് ഭരണം കനത്ത തിരിച്ചടിയേകും. മരുന്നുകൾ അമേരിക്കയിൽ തന്നെ നിർമ്മിക്കാനും വില കുറയ്ക്കാനും ട്രംപ് യുഎസ് ഡ്രഗ് ഇന്റസ്ട്രിയോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് ഇന്ത്യയുടെ സാമ്പത്തിക വളർച്ച കുത്തനെ താഴോട്ട് പോകുമെന്ന ആശങ്കയും ശക്തമാകുന്നുണ്ട്.