ഴ് മുസ്ലിം രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റം തടഞ്ഞ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടി ആഗോളതലത്തിൽ കടുത്ത വിമർശനത്തിനും പ്രതിഷേധത്തിനുമാണ് ഇടയാക്കിയത്. എന്നാൽ, ട്രംപിനെ വിമർശിക്കുന്നവർ അതിന് മുമ്പ് ഇസ്രയേൽ പൗരന്മാർക്ക് പ്രവേശനം നിഷേധിച്ച 16 രാജ്യങ്ങളുടെ നടപടി എന്തുകൊണ്ട് കാണുന്നില്ലെന്ന് ട്രംപ് അനുകൂലികൾ ചോദിക്കുന്നു. പാക്കിസ്ഥാനും യു.എ.ഇയും കുവൈറ്റുമടക്കമുള്ള രാജ്യങ്ങൾ ഇസ്രയേലികൾക്ക് വിസ നിഷേധിച്ച രാജ്യങ്ങളുടെ പട്ടികയിലുണ്ട്.

അതിനിടെ, ട്രംപിനെ വിമർശിച്ച ലണ്ടൻ മേയർ സാദിഖ് ഖാന്റെ നടപടി ബ്രിട്ടനിൽ പുതിയ വിവാദത്തിന് തുടക്കം കുറിച്ചു. ട്രംപിന്റേത് ക്രൂരവും മുൻവിധിയോടുകൂടിയതും തെറ്റായ പ്രവണതകൾ സൃഷ്ടിക്കുന്നതുമാണെന്നാണ് സാദിഖ് ഖാൻ അഭിപ്രായപ്പെട്ടത്. ഇതിനെതിരെ യുക്കിപ് നേതാവ് നിഗൽ ഫരാജടക്കമുള്ളവർ രംഗത്തുവന്നു. സാദിഖ് ഖാന് ട്രംപിനെ വിമർശിക്കാൻ യോഗ്യതയില്ലെന്ന് ഫരാജ് പറഞ്ഞു.

ഇസ്രയേലികളെ പ്രവേശിപ്പിക്കാത്ത ബംഗ്ലാദേശ്, ബ്രൂണെ, ഇറാൻ, ഇറാഖ്, കുവൈത്ത്, ലബനൻ, ലിബിയ, പാക്കിസ്ഥാൻ, സുഡാൻ, യു.എ.ഇ, യെമൻ എന്നീ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾക്കായി സാദിഖ് ഖാൻ സിറ്റി ഹാളിൽ വിരുന്നൊരുക്കിയിരുന്നു. ഈ രാജ്യങ്ങളുടെ നടപടിയെ വിമർശിക്കാതെ നയതന്ത്ര പ്രതിനിധികൾക്ക് വിരുന്നൊരുക്കുന്നതിൽ എന്ത് ആത്മാർഥതയാണുള്ളതെന്ന് ഫരാജ് ചോദിക്കുന്നു.

ഫരാജിന്റെ ട്വീറ്റിന് വലിയ തോതിലുള്ള സ്വീകരണമാണ് ലഭിച്ചത്. ഇതിനെ അനുകൂലിച്ചുകൊണ്ട് റീ ട്വീറ്റ് ചെയ്തവരിൽ ടോറി എംപിയും മുൻ നിയമന്ത്രിയുമായ മൈക്കൽ ഗോവും ഉൾപ്പെടുന്നു. 16 രാജ്യങ്ങളാണ് ഇസ്രയേൽ പൗരന്മാർക്ക് പ്രവേശനാനുമതി നിഷേധിച്ചിട്ടുള്ളത്. അൾജീരിയ, ബംഗ്ലാദേശ്, ബ്രൂണെ, കുവൈത്ത്, ലബനൻ, മലേഷ്യ, ഒമാൻ, പാക്കിസ്ഥാൻ, സൗദി അറേബ്യ, യു.എ.ഇ, സിറിയ, സുഡാൻ, ഇറാൻ, ഇറാഖ്, യെമൻ, ലിബിയ എന്നീ രാജ്യങ്ങളാണ് ഇസ്രയേൽ പാസ്‌പോർട്ടുമായോ, ഇസ്രയേലിൽ പോയിട്ടുള്ളവരെയോ സ്വന്തം രാജ്യത്ത് കടക്കാൻ അനുവദിക്കാത്തത്.

ട്രംപ് വിലക്കിയ ഏഴ് രാജ്യങ്ങളിൽ ഈ രാജ്യങ്ങളുമുണ്ട്. ട്രംപിന്റെ നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് പറയുന്നവർ, ഇസ്രയേലികളെ വിലക്കിയ രാജ്യങ്ങളെ എന്തുകൊണ്ട് വിമർശിക്കുന്നില്ല എന്ന് ട്രംപ് അനുകൂലികൾ ചോദിക്കുന്നു.