വാഷിങ്ടൺ: ഗ്രീൻകാർഡുള്ളവർക്ക് ഇളവ് നൽകിക്കൊണ്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുടിയേറ്റവിലക്ക് പരിഷ്‌കരിച്ചു. സിറിയയടക്കം ഏഴ് രാജ്യങ്ങളിലുള്ളവർക്കെപ്പെടുത്തിയ വിലക്ക് വിവാദമായ സാഹചര്യത്തിലാണ്. അമേരിക്കയിൽ സ്ഥിരതാമസത്തിന് ആവശ്യമായ ഗ്രീൻകാർഡ് ഉള്ളവർക്കും, അമേരിക്കയിലേക്ക് സഞ്ചരിക്കാൻ വിസയുള്ളവർക്കും രാജ്യത്ത് പ്രവേശിക്കുന്നതിന് പുതുക്കിയ ഉത്തരവ് പ്രകാരം വിലക്കില്ലെന്ന് വൈറ്റ് ഹൗസ് അധികൃതർ അറിയിച്ചു.

ഏഴ് രാജ്യങ്ങളിൽനിന്നുള്ള പൗരന്മാരെ വിലക്കിക്കൊണ്ടുള്ള ട്രംപിന്റെ വിവാദ ഉത്തരവിന് സിയാറ്റ കോടതി താത്കാലിക വിലക്കേർപ്പെടുത്തിയിരുന്നു. ഇത് പുനഃ സ്ഥാപിക്കണമെന്ന് അമേരിക്കൻ നീതിന്യായ വകുപ്പിന്റെ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. ഇതോടെയാണ് പുതിയ നീക്കം. ഏഴുരാജ്യങ്ങളിൽനിന്നുള്ള പൗരന്മാരെ വിലക്കിയ ഉത്തരവ് ലോകവ്യാപകമായി പ്രതിഷേധത്തിന് കാരണമായിരുന്നു. ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി വിമാനത്താവളങ്ങളിലും മറ്റും ഗ്രീൻ കാർഡുള്ളവരേയും തടഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

പുതിയ വിസ അപേക്ഷകൾ സ്വീകരിക്കുമ്പൾ സിറിയൻ അഭയാർഥികളെ അതിൽനിന്ന് ഒഴിവാക്കരുതെന്നും ഉത്തരവിൽ പറയുന്നുണ്ട്. എന്നാൽ ഉത്തരവിന്റെ കരടുരൂപമാണ് ഇപ്പോൾ ഇറക്കിയതെന്നും യഥാർഥ ഉത്തരവ് അടുത്തുതന്നെ ഇറക്കുമെന്നും വൈറ്റ് ഹൗസ് വക്താവ് സാറ ഹക്ക്‌ബി സാൻഡേഴ്സ് പറഞ്ഞു.