സൺറൈസ് (യുഎസ്): എണ്ണ- പ്രകൃതിവാതക മേഖലയിൽ ആധിപത്യം ഉറപ്പിക്കാനുള്ള അമേരിക്കയുടെയും സൗദി ഉൾപ്പെടെ ചില ഗൾഫ് രാജ്യങ്ങളുടേയും ഗൂഢാലോചനയുടെ സന്തതിയാണ് ഇസ്ലാമിക് സ്‌റ്റേറ്റെന്ന ആരോപണം ഏറെക്കാലമായി ലോകത്തെമ്പാടും ചർച്ചചെയ്യപ്പെടുന്നുണ്ട്. ഇപ്പോൾ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അന്ത്യഘട്ടത്തിൽ എത്തിനിൽക്കെ ഭീകരസംഘടനയായ ഐഎസിന്റെ സ്ഥാപകൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ആണെന്ന് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണൾഡ് ട്രംപ് ആരോപിക്കുന്നു. ഫ്‌ളോറിഡയിലെ തിരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിക്കുമ്പോൾ ട്രംപ് ഉന്നയിച്ച ആരോപണങ്ങൾക്കുപിന്നാലെ കുറച്ചുകാലമായി ഉറങ്ങിക്കിടന്ന വിഷയം വീണ്ടും സജീവമായിരിക്കുകയാണ്.

ഫ്‌ളോറിഡയിലെ ആരോപണത്തിന് ഊന്നൽ നൽകാൻ അദ്ദേഹം അത് മൂന്നുവട്ടം ആവർത്തിക്കുകയും ചെയ്തതോടെ റിപ്പബഌക്കൻ പാർട്ടിയും ട്രംപും തിരഞ്ഞെടുപ്പിന്റെ അവസാന പ്രചരണ ഘട്ടത്തിൽ ഐസിസിനുള്ള അമേരിക്കൻ പിന്തുണയെന്ന വിഷയം തുരുപ്പുചീട്ട് ആക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

ബറാക് ഹുസൈൻ ഒബാമ എന്ന മുഴുവൻ പേരു പറഞ്ഞാണ് ട്രംപ് യുഎസ് പ്രസിഡന്റിനെ പരാമർശിച്ചത്. മുൻപ്, ഡമോക്രാറ്റിക് സ്ഥാനാർത്ഥി ഹിലറി ക്ലിന്റനെതിരെ ഇതേ ആരോപണം ട്രംപ് ഉന്നയിച്ചിരുന്നു. കഴിഞ്ഞദിവസം ഒബാമയ്‌ക്കെതിരെ തിരിഞ്ഞ ട്രംപ് 'കുടിലയായ ഹിലറി ക്ലിന്റൻ' യഥാർഥത്തിൽ ഓബാമയ്‌ക്കൊപ്പം ഭീകരസംഘടനയുടെ സഹസ്ഥാപകയാണെന്നും പറഞ്ഞു.

എണ്ണപ്രകൃതിവാതക മേഖലയിൽ ആധിപത്യമുറപ്പിക്കാനുള്ള അമേരിക്കയുടെയും സൗദി ഉൾപ്പെടെയുള്ള ചില ഗൾഫ് രാജ്യങ്ങളുടെയും സൃഷ്ടിയാണ് ഐസിസ് എന്ന വാദം ഏറെക്കാലമായി ഉയർന്നുകേൾക്കുന്നുണ്ട്. അതിനെ സാധൂകരിക്കുന്ന വിധത്തിലാണ് ഇപ്പോൾ ട്രംപിന്റെ പ്രതികരണം ഉണ്ടായിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. റഷ്യയും ഇറാനും എണ്ണപ്രകൃതിവാതക മേഖലയിൽ മുന്നേറുന്നത് തടയിടാൻ ലക്ഷ്യമിട്ട് സിറിയ-ഇറാഖ് മേഖലയിൽ ഒരു 'സലഫി ഭരണ പ്രദേശം' സ്ഥാപിക്കാൻ അമേരിക്കൻ ഇസ്രയേൽ ചാരസംഘടനകളായ സിഐഎയും മൊസാദും തന്ത്രങ്ങൾ മെനഞ്ഞുവെന്ന വാർത്തകളായിരുന്നു പ്രചരിച്ചിരുന്നത്.

ഐസിസിന് ആയുധങ്ങളും പരിക്കേൽക്കുന്നവർക്ക് ചികിത്സാസഹായവും ആദ്യകാലം മുതൽ ലഭ്യമാക്കിയിരുന്നത് അമേരിക്ക, ഇസ്രയേൽ എന്നീ രാജ്യങ്ങളായിരുന്നു. സാമ്പത്തിക സഹായം എത്തിയിരുന്നത് സൗദി, ഖത്തർ, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും. മേഖലയിലെ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും കുത്തകാവകാശത്തിനും വിലനിർണയത്തിലെ മേൽക്കൈയ്ക്കുമായി അമേരിക്ക നടത്തിയ നീക്കങ്ങൾക്ക് സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങളും കൂട്ടുനിന്നതായാണ് അന്താരാഷ്ട്ര തലത്തിൽ ആരോപണം ഉയർന്നത്.

റഷ്യയും ഇറാനുമുൾപ്പെട്ട എതിർചേരിയെ തകർക്കുകയായിരുന്നു ഈ നീക്കത്തിന്റെ ലക്ഷ്യം. അതിനാൽത്തന്നെ ഐസിസിനെതിരെ ഇപ്പോൾ അമേരിക്കയുൾപ്പെട്ട നാറ്റോ സഖ്യം നടത്തുന്നുവെന്നു പറയുന്ന ബോംബിംഗും ആക്രമണങ്ങളും വെറും പ്രഹസനമാണെന്ന ആരോപണം പലരും ഉയർത്തുന്നുണ്ടെങ്കിലും അമേരിക്കയ്ക്കകതത്ത് അത്തരത്തിലൊരു രാഷ്ട്രീയ പ്രചരണം ഉണ്ടായിരുന്നില്ല. ഇപ്പോൾ ട്രംപും റിപ്പബ്ലിക്കൻ പാർട്ടിയും ഇത്തരമൊരു ആരോപണവുമായി വരുന്നതിന്റെ ലക്ഷ്യം വംശീയതയിലൂന്നിയുള്ള പ്രചാരണം ശക്തിപ്പെടുത്താനാണെന്നും വിലയിരുത്തപ്പെടുന്നു.

മുസ്ലിം വിരുദ്ധ വോട്ടുകളുടെ ഏകീകരണമാണ് ലക്ഷ്യമെന്നാണ് സൂചനകൾ. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറിയും സൗദി രാജാവുമായി നടന്ന കൂടിയാലോചനകളിലാണ് ഐസിസിന് നൽകേണ്ട സഹായങ്ങളുടെ കാര്യത്തിലും എണ്ണയുടെയും പ്രകൃതിവാതക ത്തിന്റെയും കുത്തക തങ്ങളുടെ അധീശത്വത്തിൽ നിർത്തുന്ന കാര്യത്തിലും തീരുമാനങ്ങളെടുത്തതെന്ന് മുമ്പ് വാർത്തകൾ ഉണ്ടായിരുന്നു.

തന്റെ വിവാദ പ്രസ്താവനകളെ വിശദീകരിക്കാനാണു കഴിഞ്ഞദിവസങ്ങളിലെ റാലികളിൽ ട്രംപ് പ്രധാനമായും ശ്രമിച്ചത്. തന്നെ തെറ്റായി വ്യാഖ്യാനിച്ചതാണു പ്രശ്‌നമായതെന്നും അദ്ദേഹം വാദിച്ചു. എന്നാൽ, 'പൂർണമായും ഐഎസിന്റെ സ്ഥാപകൻ ഒബാമയാണ്'എന്ന ആരോപണം അദ്ദേഹം ടിവി ചാനലുകളോടും ആവർത്തിച്ചു. അതേസമയം, ഗുരുതരമായ ആരോപണമാണ് ട്രംപ് ഉന്നയിച്ചതെന്നിരിക്കെ ഇതിനോട് വൈറ്റ് ഹൗസിന്റെ പ്രതികരണം എന്തായിരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ട്രംപിന്റെ ആരോപണത്തോടു പ്രതികരിക്കാൻ വൈറ്റ് ഹൗസ് വിസമ്മതിച്ചു.

ഇറാഖിൽ അൽഖായിദയുടെ പ്രാദേശിക രൂപമായിട്ടാണ് ആദ്യം ഇസഌമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ എന്ന സംഘടന രൂപംകൊണ്ടത്. ഷിയവിഭാഗത്തിനെതിരെ വ്യാപകമായ ആക്രമണം അഴിച്ചുവിട്ടായിരുന്നു തുടക്കം. പിന്നീട് സലഫിവാദത്തെ വളച്ചൊടിച്ച് ഭീകരവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന സംഘടനയായി വളർന്ന അവർ ഇപ്പോൾ സിറിയയുടേയും ഇറാഖിന്റെയും വലിയൊരു പ്രദേശം കൈയടക്കി വളരുകയാണ്. രാജ്യാന്തര തലത്തിൽ ഐസിസിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുകയും ചെയ്യുന്നു. മിക്ക രാജ്യങ്ങളിലും ആക്രമണം നടത്താൻ പദ്ധതിയിടുന്ന ഭീകരസംഘടന അമേരിക്കൻ പ്രസിഡന്റിന്റെ സൃഷ്ടിയാണെന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി തന്നെ ആരോപിച്ചതിന് ഇതോടെ രാജ്യാന്തര ശ്രദ്ധയും ലഭിച്ചിരിക്കുകയാണ്.

ഐസിസിന് ഇറാഖിൽ വളരാൻ സാഹചര്യമൊരുക്കുന്നതിന് സഹായകമായ രീതിയിൽ അവിടെനിന്ന് അമേരിക്കൻ സേനയെ പിൻവലിക്കുന്നതിന് മുൻകൂട്ടി തിയതി പ്രഖ്യാപിച്ച് ഒബാമ സഹായം ചെയ്തുകൊടുത്തെന്ന് കാര്യകാരണസഹിതമാണ് ട്രംപ് ആരോപിച്ചിട്ടുള്ളത്. ബരാക് ഹുസൈൻ ഒബാമെന്ന് ആവർത്തിച്ചു പറയുമ്പോൾ ഒബാമയുടെ പേരിലെ മുസ്‌ളീം നാമത്തിന് ഊന്നൽ നൽകിയ ട്രംപിന്റെ നടപടിയും ചർച്ചയായിട്ടുണ്ട്.