ന്യൂയോർക്ക്: ഇതുവരെ പലരും കരുതിയത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രഖ്യാപനം മാത്രമെന്നായിരുന്നു. എന്നാൽ പറയുക മാത്രമല്ല പ്രവർത്തിക്കുകയും ചെയ്യും എന്ന് നിശ്ചയിച്ച ധൈര്യത്തോടെ അമേരിക്കൻ പ്രസിഡന്റ് കുടിയേറ്റ വിരുദ്ധ നിയമം നടപ്പിലാക്കി തുടങ്ങിയപ്പോൾ ലോകം ഞെട്ടുകയാണ്. അഭയാർത്ഥികളുടെ മേൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് മനസ്സിലാക്കാമെങ്കിലും നിയമം അനുസിരിക്കുന്ന തരത്തിൽ വിസ എടുത്ത് അമേരിക്കയ്ക്ക് കയറുവാൻ ചെന്നവരെ തടഞ്ഞും ലോകം ആദരവോടെ കാണുന്ന വിശ്രൂത ഇറാനിയൻ സിനിമാ സംവിധായകനെ തടഞ്ഞും ഉണ്ടാക്കുന്നത് വലിയ ആശങ്കയാണ്. അതിന്റെ അനുരണനങ്ങൾ ലോകം ഏങ്ങും ഉണ്ടായി തുടങ്ങി. വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഏറ്റവും വലിയ വക്താക്കളായ അമേരിക്കയുടെ നയങ്ങൾ ലോക ക്രമത്തിന് തന്നെ തിരിച്ചടിയാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.

അഭയാർഥികൾ അമേരിക്കയിൽ പ്രവേശിക്കുന്നതിനു നാലുമാസത്തെ വിലക്കും സിറിയ അടക്കം ഏഴു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽനിന്നുള്ള സന്ദർശകർക്കു മൂന്നുമാസത്തെ താൽക്കാലിക വിലക്കും ഏർപ്പെടുത്തിയാണ് ട്രംപ് ഉത്തരവിട്ടത്. സിറിയൻ അഭയാർഥികൾക്ക് അനിശ്ചിതകാലത്തേക്കാണു വിലക്ക്. അതേസമയം മതപീഡനം മൂലം രാജ്യം വിടേണ്ടി വരുന്ന ന്യൂനപക്ഷങ്ങൾക്കു മുൻഗണന നൽകുമെന്നും ഉത്തരവിലുണ്ട്. ഇതു സിറിയയിൽനിന്നു പലായനം ചെയ്യുന്ന ക്രൈസ്തവരെ ഉദ്ദേശിച്ചാണെന്നു പിന്നീട് ടിവി അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി. ഭീകരാക്രമണങ്ങളിൽനിന്ന് അമേരിക്കക്കാരെ രക്ഷിക്കുന്നതിനു വേണ്ടിയാണു നടപടിയെന്നു പ്രസിഡന്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചുള്ള ഉത്തരവിൽ ട്രംപ് വ്യക്തമാക്കി. അഭയാർഥികൾ, കുടിയേറ്റക്കാർ, സന്ദർശകർ എന്നിവർക്കു യുഎസ് വീസ അനുവദിക്കുന്നതിനു കൂടുതൽ കർശനമായ യോഗ്യതാ പരിശോധനകൾ കൊണ്ടുവരുന്നതിനു മുന്നോടിയാണിത്.

ഇറാൻ, ഇറാഖ്, ലിബിയ, സൊമാലിയ, സുഡാൻ, സിറിയ, യെമൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കാണ് വിസാ വിലക്കുള്ളത്. സൗദി അറേബ്യ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നീ രാജ്യക്കാർക്ക് കർശനമായ പശ്ചാത്തല പരിശോധനയുമുണ്ട്. ഇതോടെ യുഎസ് അഭയാർഥി പദ്ധതിയും അനിശ്ചിതമായി റദ്ദാക്കി. പ്രസിഡന്റിന്റെ ഉത്തരവ് പ്രാബല്യത്തിൽ വന്നതോടെ വിമാനത്താവളങ്ങളിൽ നടപടി തുടങ്ങി. ന്യൂയോർക്കിലേക്കുള്ള ഈജിപ്ത് എയർ വിമാനത്തിൽ കയറാനെത്തിയ അഞ്ച് ഇറാഖ് പൗരന്മാരെയും ഒരു യെമൻ പൗരനെയും കയ്‌റോ വിമാനത്തിൽ വിലക്കി. ഗ്രീൻ കാർഡോ നയതന്ത്ര വീസയോ ഉള്ളവരെ മാത്രമേ വിമാനത്തിൽ കയറ്റാവൂ എന്നു ഖത്തർ എയർവേയ്സ് നിർദ്ദേശിച്ചു. ഇതോടെ അമേരിക്കയിലേക്കുള്ള പ്രതിഭകളുടെ വരവിനെ തടയുന്നതാകും ഏഴുരാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റം വിലക്കുന്ന ട്രംപിന്റെ ഉത്തരവെന്ന് ആശങ്കയുയരുന്നുണ്ട്. ഗൂഗിൾ ഈ ആശങ്ക പങ്കുവച്ചുകഴിഞ്ഞു. അമേരിക്കയിൽനിന്ന് വിദേശത്തേക്ക് നിയോഗിച്ചിരുന്ന 100 ജീവനക്കാരെ ഗൂഗിൾ തിരിച്ചുവിളിച്ചു. കുടിയേറ്റവിലക്ക് കാര്യമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് മൈക്രോസോഫ്റ്റ് ഓഹരിയുടമകൾക്ക് മുന്നറിയിപ്പുനൽകി.

എച്ച് വൺ ബി വിസ വഴി ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്ന് വൈദഗ്ധ്യമുള്ളവരെ ക്ഷണിക്കുന്ന സാങ്കേതികവിദ്യാരംഗത്തെ കമ്പനികൾക്കാവും പുതിയ വിലക്ക് പ്രതിസന്ധി സൃഷ്ടിക്കുക. 'ഗ്രീൻ കാർഡ്' വിസയിൽ യു.എസിലേക്ക് പോകാൻ നിൽക്കുന്നവരെ വിമാനത്താവളത്തിൽ വിലക്കുന്നതായി ബി.ബി.സി. റിപ്പോർട്ട് ചെയ്തു.

ഭീകരതയെ നേരിടാനെന്ന് ട്രംപ്

ഭീകരതയെ നേരിടാനാണ് ചില രാജ്യങ്ങൾക്കു വീസാവിലക്കെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവിൽ പറയുന്നു. യുഎസ് അഭയാർഥി പ്രവേശന പദ്ധതിയും റദ്ദാക്കി. അതേസമയം, മതപീഡനം മൂലം രാജ്യം വിടേണ്ടിവരുന്ന ന്യൂനപക്ഷങ്ങൾക്കു മുൻഗണന നൽകുമെന്നും ഉത്തരവിലുണ്ട്. ഇതു സിറിയയിൽനിന്നു പലായനം ചെയ്യുന്ന ക്രൈസ്തവരെ ഉദ്ദേശിച്ചാണെന്നു പിന്നീട് ടിവി അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി.

മതപരമായ വിവേചനം കാട്ടുന്ന ട്രംപിന്റെ ഉത്തരവിനു ഭരണഘടനാപരമായ സാധുതയില്ലെന്ന വാദം ഒരുവിഭാഗം നിയമവിദഗ്ദ്ധർക്കിടയിൽ ഉയർന്നിട്ടുണ്ട്. ചില നുഷ്യാവകാശസംഘടനകളും ഇതേ നിലപാടിലാണ്. അതേസമയം, അഭയാർഥികളുടെ പ്രവേശനം സംബന്ധിച്ച് യുഎസ് കോൺഗ്രസിനും പ്രസിഡന്റിനും വിവേചനാധികാരം ഉപയോഗിക്കാമെന്നും വാദമുണ്ട്.

2015 ഡിസംബറിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എല്ലാ മുസ്ലിംകൾക്കും അമേരിക്കയിൽ പ്രവേശിക്കാൻ താൽക്കാലിക നിരോധനം ഏർപ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചതു വിവാദമായിരുന്നു. 'യുഎസിൽനിന്ന് തീവ്ര ഇസ്ലാമിക ഭീകരരെ അകറ്റിനിർത്താൻ ഞാൻ കർശന പരിശോധനാ നടപടികൾ കൊണ്ടുവരാൻ പോകുന്നു. അവരെ ഇവിടെ ആവശ്യമില്ല. നമ്മുടെ രാജ്യത്തെ പിന്തുണയ്ക്കുകയും നമ്മുടെ ജനങ്ങളെ ആഴത്തിൽ സ്‌നേഹിക്കുകയും ചെയ്യുന്നവരെ മാത്രമേ നമ്മുടെ രാജ്യത്തു പ്രവേശിപ്പിക്കുകയുള്ളു'-പെന്റഗണിലെ ചടങ്ങിൽ ട്രംപ് പറഞ്ഞു.

2003ൽ ഇറാഖ് യുദ്ധകാലത്ത് യുഎസിനോടു സഹകരിച്ച ഇറാഖികളുടെ കുടിയേറ്റത്തിന് പ്രത്യേക പരിഗണന നൽകിയ പദ്ധതിയെയും പുതിയ ഉത്തരവ് ബാധിച്ചേക്കും. ലോകമെമ്പാടും 4.2 ലക്ഷത്തിലേറെ സിറിയൻ അഭയാർഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും നിലവിൽ യുഎസിൽ 2370 സിറിയൻ അഭയാർഥികൾക്കു മാത്രമാണ് അഭയം ലഭിച്ചിട്ടുള്ളത്.

ഓസ്‌കാർ നിഷേധത്തിൽ വ്യാപക പ്രതിഷേധം, ഹർജിയും

ഇറാനിലുള്ളവർക്കും അമേരിക്കയിലെത്താൻ വിലക്കുണ്ട്. ഇതിന്റെ പേരിൽ ഓസ്‌കാർ നോമിനേഷൻ കിട്ടിയ സംവിധായകൻ അസ്ഗർ ഫർഹാദിക്കും ചടങ്ങിൽ പങ്കെടുക്കാനാവില്ല. ദി സെൽസ് മാൻ എന്ന ഫർഹാദിയുടെ ചിത്രത്തിന് മികച്ച വിദേശ സിനിമയായി മത്സരിക്കാനാണ് ഓസ്‌കാറിൽ അവസരം കിട്ടിയത്. ഇങ്ങനെ ലോകം അംഗീകരച്ചവരെ പോലും വിലക്കുന്ന നയത്തെയാണ് ഏവരും വിമർശിക്കുന്നത്.

അതുകൊണ്ട് തന്നെ ട്രംപിന്റെ നയത്തെ വിമർശിച്ച് മനുഷ്യാവകാശസംഘടനകളും ഡെമോക്രാറ്റുകളുമടക്കമുള്ളവർ രംഗത്തെത്തി. ട്രംപിനെ നിശിതമായി വിമർശിച്ച ഡെമോക്രാറ്റ് സെനറ്റർ കമല ഹാരിസ്, യഹൂദരെ നാസികൾ കൂട്ടക്കൊല ചെയ്തതിന്റെ ഓർമപുതുക്കുന്ന ഹോളോകോസ്റ്റ് ദിനത്തിലാണ് ഉത്തരവ് ഒപ്പുവച്ചതെന്ന് ചൂണ്ടിക്കാട്ടി. മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെയും യാത്രക്കാരെയും വിലക്കിക്കൊണ്ടുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവിനെതിരെ മനുഷ്യാവകാശ പ്രവർത്തകർ രംഗത്ത്. അമേരിക്കൻ സിവിൽ ലിബർട്ടീസ് അടക്കമുള്ള സംഘടനകളാണ് പ്രസിഡന്റിന്റെ ഉത്തരവിനെതിരെ ഹർജി നൽകിയിരിക്കുന്നത്.

ജോൺ എഫ് കെന്നഡി വിമാനത്താവളത്തിൽ രണ്ട് ഇറാഖി പൗരന്മാരെ തടഞ്ഞ സംഭവത്തെ തുടർന്നാണ് ഉത്തരവിനെതിരെ സംഘടനകൾ നിയമപരമായി സമീപിച്ചത്. പത്തു വർഷത്തിലധികമായി അമേരിക്കയിൽ ജോലി ചെയ്തിട്ടുള്ളവരാണ് ഇരുവരും. വെള്ളിയാഴ്ച മുതലാണ് ഏതാനും മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ളവരെ വിമാനത്താവളങ്ങളിൽ തടഞ്ഞു തുടങ്ങിയത്. ഉത്തരവിന്റെ സാധുത ചോദ്യം ചെയ്തു തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്ന് ദ് കൗൺസിൽ ഓൺ അമേരിക്കൻ ഇസ്ലാമിക് റിലേഷൻസ് പ്രസ്താവിച്ചു. മുഖ്യപ്രതിപക്ഷമായ ഡമോക്രാറ്റിക് പാർട്ടിയും വിവിധ സംഘടനകളും ഉത്തരവിനെതിരെ രംഗത്തു വന്നിട്ടുണ്ട്.

'ഹൃദയഭേദകം' എന്ന് മലാല യൂസഫ്സായി

ആൻ ഫ്രാങ്കിനെപ്പോലുള്ളവർക്ക് അഭയം നൽകാതിരുന്ന അമേരിക്കയുടെ ചരിത്രം ആവർത്തിക്കുകയാണ് ട്രംപെന്ന് അവർ കുറ്റപ്പെടുത്തി. അഭയംതേടിയെത്തിവർക്കെല്ലാം വംശമോ ദേശീയതയോ മതമോ നോക്കാതെ അഭയംനൽകിയ പാരമ്പര്യമാണ് അമേരിക്കയ്ക്കുള്ളതെന്നും അത് പിന്തുടരണമെന്നും യു.എൻ. അഭയാർഥി ഏജൻസിയായ യു.എൻ.എച്ച്.ആർ.സി.യും അന്താരാഷ്ട്ര കുടിയേറ്റ സംഘടനയും സംയുക്തപ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

'ഹൃദയഭേദകം' എന്നാണ് മലാല യൂസഫ്സായി ഉത്തരവിനെ വിശേഷിപ്പിച്ചത്. അഭയാർഥികളെയും കുടിയേറ്റക്കാരെയും സ്വാഗതംചെയ്ത പാരമ്പര്യത്തിന് അമേരിക്ക ഇപ്പോൾ പുറംതിരിഞ്ഞുനിൽക്കുകയാണെന്ന് മലാല പറഞ്ഞു. അഭയാർഥികളെയും കുടിയേറ്റക്കാരെയും സ്വീകരിച്ച പ്രൗഢപാരമ്പര്യത്തിനുനേരേ പുറംതിരിക്കുകയാണ് അമേരിക്കയെന്നും അമേരിക്കയെ പടുത്തുയർത്തിയത് ഇവരാണെന്നും മാലാല ഓർമപ്പെടുത്തി. ഉത്തരവിൽ ഉത്കണ്ഠരേഖപ്പെടുത്തിയ മാർക് സക്കർബർഗ്, താനും കുടിയേറ്റപാരമ്പര്യമുള്ളയാളാണെന്ന് പ്രതികരിച്ചു. മുസ്ലിങ്ങളോടുള്ള വിവേചനമാണിതെന്ന് അമേരിക്കൻ സിവിൽ ലിബേർട്ടീസ് ഓർഗനൈസേഷൻ പറഞ്ഞു.

എന്നാൽ, യൂറോപ്യൻരാജ്യമായ ചെക്ക് റിപ്പബ്ലിക് ഉത്തരവിനെ പിന്തുണച്ചു. സ്വന്തം രാജ്യത്തെയും ജനത്തെയും സുരക്ഷിതമാക്കാനാണ് ട്രംപ് ഇത് ചെയ്യുന്നതെന്നും യൂറോപ്യൻ രാജ്യങ്ങൾ ചെയ്യാത്തത് ഇതാണെന്നും ചെക്ക് പ്രസിഡന്റ് മിലോസ് സെമാന്റെ വക്താവ് ജിറി ഒവാസെക് പറഞ്ഞു.

വിമർശനവുമായി ഗൂഗിളും ഫെയ്‌സ് ബുക്കും ഐക്യരാഷ്ട സഭയും

ഏഴു ഇസ്‌ലാമിക രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വീസ വിലക്ക് ഏർപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടിയെ വിമർശിച്ച് ഗൂഗിളിന്റെ ഇന്ത്യൻ വംശജനായ സിഇഒ സുന്ദർ പിച്ചൈ. ട്രംപിന്റെ തീരുമാനം വലിയ പ്രതിഭകളെ അമേരിക്കയിലേക്കു കൊണ്ടുവരുന്നതിനു തടസ്സമുണ്ടാക്കുമെന്നു സുന്ദർ പിച്ചൈ പറഞ്ഞു.

യാത്രയിലുള്ള ഗൂഗിൾ ഉദ്യോഗസ്ഥരോട് അമേരിക്കയിലേക്കു തിരികെയെത്താനും അദ്ദേഹം ഇ മെയിൽ സന്ദേശത്തിലൂടെ നിർദ്ദേശിച്ചു. നിരോധനം ബാധകമായ രാജ്യങ്ങളിൽനിന്ന് 187 ഉദ്യോഗസ്ഥരാണു ഗൂഗിളിലുള്ളത്. സഹപ്രവർത്തകർക്കുണ്ടാകുന്ന ബുദ്ധിമുട്ട് വേദനയുണ്ടാക്കുന്നതാണെന്നും പിച്ചൈ പ്രതികരിച്ചു.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവിനെതിരെ ഐക്യരാഷ്ട്ര സംഘടനയും രംഗത്തെത്തി. മത-വംശ-ദേശ വിവേചനങ്ങളില്ലാതെ എല്ലാ അഭയാർഥികളെയും സ്വാഗതം ചെയ്യുകയും തുല്യ പരിഗണന നൽകുകയും ചെയ്ത അമേരിക്കയുടെ സുദീർഘ പാരമ്പര്യം തുടരണമെന്ന് യുഎസ് പ്രസിഡന്റിനോട് ഐക്യരാഷ്ട്രസംഘടനയുടെ വിവിധ ഏജൻസികൾ സംയുക്ത പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.

ട്രംപിന്റെ നടപടിക്കെതിരെ ഫേസ്‌ബുക്ക് സിഇഒ മാർക്ക് സുക്കർബർഗും രംഗത്തെത്തി. ട്രംപിന്റെ കുടിയേറ്റവിരുദ്ധ നിലപാടുകളെ ചോദ്യം ചെയ്താണ് സുക്കർബർഗിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. അമേരിക്ക ഒരു കുടിയേറ്റ രാജ്യമാണെന്നും അതിൽ അമേരിക്കക്കാർ അഭിമാനിക്കണമെന്നും സുക്കർബർഗ് പറഞ്ഞു. ട്രംപ് ഒപ്പുവച്ച കുടിയേറ്റ വിരുദ്ധ ഉത്തരവകളെകുറിച്ച് എല്ലാവരെയുംപോലെ താനും ആശങ്കാകുലനാണെന്നും സുക്കർബർഗ് പറയുന്നു.