വാഷിങ്ടൺ: ലോക സമാധാനത്തിന് ഡൊണാൾഡ് ട്രംപ് ഭീഷണിയാണ് എന്ന ആദ്യം മുതലുള്ള ആശങ്ക ഒരിക്കൽ കൂടി അടിവരയിട്ട് കൊണ്ട് കേട്ടുകേൾവിയില്ലാത്ത വിധം ഇറാനുമായുള്ള അമേരിക്കയുടെ മുൻ കരാർ ഏകപക്ഷീയമായി അമേരിക്ക പിൻവലിച്ചു. ഇസ്രയേലിന്റെ കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് ഒബാമ ഒപ്പിട്ട ആണവക്കരാർ ഇറാൻ പിൻവലിച്ചത്. ബ്രിട്ടനും ഫ്രാൻസും അടങ്ങിയ യൂറോപ്യൻ സഖ്യകക്ഷികൾ അമേരിക്കൻ തീരുമാനത്തെ കടുത്ത ഭാഷയിൽ വിമർശിച്ചെങ്കിലും കുലുങ്ങാത്തെയാണ് ട്രംപിന്റെ തീരുമാനം. ഇറാനെ മുഖ്യ ശത്രുവായി പ്രഖ്യാപിച്ചുകൊണ്ടുള്ള നീക്കം ലോകത്തിൽ അസാമാധാനം വിതക്കുമെന്നു ഭയപ്പെടുന്നവരാണ് ഏറെയും.

ഇതു സംബന്ധിച്ചു പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ്ഹൗസിൽ പ്രഖ്യാപനം നടത്തി. ട്രംപിന്റെ തീരുമാനത്തെ ഇറാനും കരാറിൽ പങ്കാളികളായ മറ്റു രാജ്യങ്ങളും വിമർശിച്ചു. തങ്ങൾ കരാറിൽ ഉറച്ചുനിൽക്കുമെന്നാണു മറ്റു രാജ്യങ്ങൾ പറഞ്ഞത്. മൂന്നുമാസത്തിനുശേഷം ഇറാനു യുഎസ് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്നും ട്രംപ് അറിയിച്ചു. 2015 -ലാണു വർഷങ്ങൾ നീണ്ട ചർച്ചയ്‌ക്കൊടുവിൽ ഇറാനുമായി കരാർ ഉണ്ടായത്. ഇറാനുമായുള്ള സാന്പത്തിക-വാണിജ്യ ഇടപാടുകൾ യുഎസ് വിലക്കും. ആ വിലക്കു മറികടക്കാൻ മറ്റു രാജ്യങ്ങളും കന്പനികളും ധൈര്യപ്പെടില്ലെന്നും ട്രംപ് അറിയിച്ചു. ഇതെല്ലാം പുതയ സംഘർഷത്തിലേക്ക് കാര്യങ്ങൾ എത്തിക്കും.

ഇറാനു മേൽ ഉപരോധങ്ങൾ പുനഃസ്ഥാപിക്കും. ഇറാനെ സഹായിക്കുന്ന എല്ലാ രാജ്യങ്ങൾക്കു മേലും ഈ ഉപരോധം ഉണ്ടാകുമെന്നും വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ട്രംപ് വ്യക്തമാക്കി. 'ഒരിക്കലും ഉണ്ടാകാൻ പാടില്ലായിരുന്ന, തികച്ചും ഏകപക്ഷീയമായ കരാറാണിത്. ഇതൊരിക്കലും ശാന്തിയും സമാധാനവും കൊണ്ടു വന്നിട്ടില്ല, കൊണ്ടുവരികയുമില്ല' കരാറിനെ രൂക്ഷഭാഷയിൽ വിമർശിച്ചു കൊണ്ട് ട്രംപ് പറഞ്ഞു. രാജ്യത്തെ പൗരൻ എന്ന നിലയിൽ തനിക്കു വലിയ നാണക്കേടുണ്ടാക്കുന്നതാണു കരാറെന്നു പറഞ്ഞായിരുന്നു ട്രംപിന്റെ തുടക്കം. 'ഒട്ടും ലജ്ജയില്ലാത്ത വിധം ഇറാന്റെ ചോരക്കൊതിയോടെയുള്ള ആഗ്രഹങ്ങൾ കരാറിനു ശേഷം വളരുകയാണുണ്ടായത്. ആണവപരിപാടികളുമായി മുന്നോട്ടു പോകാനാണു തീരുമാനമെങ്കിൽ ഇന്നേവരെയില്ലാത്ത വിധം കനത്ത 'പ്രശ്‌നങ്ങൾ' ഇറാൻ നേരിടേണ്ടി വരും. അമേരിക്കൻ ജനത ഇറാനിലെ ജനങ്ങൾക്കൊപ്പമുണ്ടെന്നും ട്രംപ് പറഞ്ഞു.

തികച്ചും ഏകപക്ഷീയമായ കരാറാണിത്. ഇറാനിലെ നിലവിലെ ജീർണിച്ച സർക്കാരിന് കീഴിൽ ആണവായുധം നിർമ്മിക്കുന്നത് തടയാൻ ഇപ്പോഴത്തെ കരാർ പ്രകാരം തങ്ങൾക്കാവില്ലെന്ന് കരാറിൽ നിന്നും പിന്മാറിക്കൊണ്ട് ഡൊണാൾഡ് ട്രംപ് പറഞ്ഞു. കരാർ ഒരു അമേരിക്കൻ പൗരനെന്ന നിലയിൽ തനിക്ക് നാണക്കേടുണ്ടാക്കുന്നു. ഭീകരതയുടെ പ്രയോജകരാണ് ഇറാൻ ഭരണകൂടമെന്നും ട്രംപ് ആരോപിച്ചു. ലോകശക്തികളായ യു.എസ്., ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ, ചൈന, ജർമനി എന്നീ രാജ്യങ്ങളുമായി 2015-ലാണ് ഇറാൻ ആണവക്കരാറിൽ ഒപ്പുവെച്ചത്. അതേസമയം ട്രംപിന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന് ഇറാൻ പ്രതികരിച്ചു. പിന്മാറ്റം രാജ്യാന്തര കരാറുകളെ അട്ടിമറിക്കുന്നതാണ്. കരാർ പ്രകാരമുള്ള കാര്യങ്ങളിൽ നിന്ന് ഇറാൻ വ്യതിചലിക്കില്ലെന്നും ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി പ്രതികരിച്ചു.

ട്രംപിന്റെ തീരുമാനം ഇറാനു താത്കാലിക ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് ഇറാൻ വക്താക്കൾ അറിയിച്ചു. എങ്കിലും ഉപരോധത്തെ മറികടന്നു രാജ്യം മുന്നേറുമെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി പറഞ്ഞു. നേരത്തേ ഇറാന്റെ എണ്ണ കയറ്റുമതി പ്രയോഗത്തിൽ അസാധ്യമാക്കിയ ഉപരോധത്തിലൂടെയാണ് ഇറാനെ ചർച്ചാമേശയിലേക്കു ഒബാമ നയിച്ചത്. ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നിവയും കരാറിൽ പങ്കാളികളാണ്. മൂന്നിടത്തെയും ഭരണകർത്താക്കൾ വാഷിങ്ടണിലെത്തി ട്രംപുമായി ചർച്ച ചെയ്തിരുന്നു. റഷ്യയും ചൈനയുമാണു കരാറിലെ മറ്റു കക്ഷികൾ. ഈ കരാറിൽ നിന്നാണ് അമേരിക്ക പിന്മാറുന്നത്. റഷ്യയുമായുള്ള സഹകരണത്തെ ഇസ്രയേൽ അനുകൂലിക്കുന്നില്ല. ഇതാണ് ട്രംപിനെ സ്വാധീനിച്ചതെന്നാണ് വിലയിരുത്തൽ.

ഇതോടെ പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക് നീങ്ങുകയാണ്. അതിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപി ഉത്തരകൊറിയയിലേക്കു പുറപ്പെട്ടെന്ന പ്രസ്താവനയും ട്രംപ് നടത്തി. ആറാഴ്ചയ്ക്കിടെ ഇതു രണ്ടാം തവണയാണ് പോംപി ഉത്തരകൊറിയയിലേക്കു പോകുന്നത്. ട്രംപുമായുള്ള ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ കൂടിക്കാഴ്ചയുടെ സ്ഥലും സമയവും ഉൾപ്പെടെ തീരുമാനിക്കാനാണു യാത്ര. ഉത്തര കൊറിയയുടെ തടങ്കലിലുള്ള മൂന്ന് അമേരിക്കക്കാരുടെ മോചനവും ഈ സന്ദർശനത്തിലൂടെ സാധ്യമാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ഇതിനൊപ്പമാണ് ഇറാനുമായി അകലാനുള്ള തീരുമാനം.

സിറിയയിൽ ഇറാൻ നടത്തുന്ന ഇടപെടലുകളെച്ചൊല്ലി ഇസ്രയേലും സൗദിയുടെ ആക്രമണങ്ങളെച്ചൊല്ലി യെമനും സംഘർഷത്തിലേക്ക് നീങ്ങുന്നു. അമേരിക്കൻ അനുമതി കിട്ടിയാൽ ഏതുനിമിഷവും മേഖല മറ്റൊരു യുദ്ധത്തിലേക്ക് പോകാമെന്നതാണ് നിലവിലെ സാഹചര്യം സിറിയയിൽ ഇറാൻ നടത്തുന്ന ഇടപെടലുകൾ ഇനിയും കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹൂ മന്ത്രിസഭയിൽ പ്രഖ്യാപിച്ചിരുന്നു. സിറിയക്ക് അത്യന്താധുനിക ആയുധങ്ങൾ നൽകുന്ന ഇറാൻ ഇസ്രയേലിനെ ആക്രമിക്കാനുള്ള പദ്ധതിയൊരുക്കുകയാണെന്നും യുദ്ധം വൈകിക്കുന്നത് ബുദ്ധിമോശമാകുമെന്നും നെതന്യാഹു പറഞ്ഞു. യുദ്ധം ചെയ്യണമെന്ന് ഇസ്രയേലിന് ആഗ്രഹമില്ല. പക്ഷേ, സ്വയയരക്ഷയ്ക്ക് അത് കൂടിയേ തീരൂവെങ്കിൽ ഏതറ്റം വരെ പോകുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

ഇറാന് മിസൈലുകൾ വിന്യസിക്കാൻ അനുവാദം നൽകിയ സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദ് കൊല്ലപ്പെടാനും ഇടയുണ്ടെന്ന് ഇസ്രയേൽ ഊർജമന്ത്രി യുവാൽ സ്റ്റെയ്‌നിറ്റ്‌സ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് നെതന്യാഹൂവിന്റെ യുദ്ധഭീഷണി എത്തിയത്. സിറിയൻ അതിർത്തിയിലെ ഇസ്രയേലിന്റെ സൈനിക ക്യാമ്പുകളിലേക്ക് റോക്കറ്റ് ആക്രമണം നടത്താൻ ഇറാൻ പദ്ധതിയിയിടുന്നുവെന്ന് ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസികൾ സർക്കാരിന് റിപ്പോർട്ട് നൽകിയതായും സൂചനയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് നെതന്യാഹുവിന്റെ ശക്തമായ മുന്നറിയിപ്പ്.

ഇറാന് തിരിച്ചടി നൽകാൻ ഇസ്രയേൽ അമേരിക്കൻ അനുമതി കാക്കുകയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് അമേരിക്ക ആണവ കരാർ പിൻവലിക്കുന്നത്. ഇറാനുമേൽ ഏർപ്പെടുത്തിയിരുന്ന ഉപരോധം പിൻവലിച്ച് 2015-ലാണ് ഒബാമ ഭരണകൂടം ആണവ കരാറിൽ ഒപ്പുവെച്ചത്. എന്നാൽ, കരാറിലെ വ്യവസ്ഥകൡനിന്ന ഇറാൻ തുടർച്ചയായി പിന്നോട്ടുപോവുകയാണെന്നാണ് ട്രംപിന്റെ ആരോപണം. ഒട്ടുംതന്നെ ആലോചിക്കാതെ രൂപംകൊടുത്ത കരാറെന്നാണ് ട്രംപ് ഇതിനെ തുടക്കം മുതൽ വിശേഷിപ്പച്ചത്. ഇറാനുമായുള്ള ആണവകരാർ പുനരാലോചിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയും ട്രംപ് പറഞ്ഞിരുന്നു. കരാറിന്റെ അടിത്തറ ദ്രവിച്ചുവെന്നും ദീർഘനാൾ നിലനിൽക്കാനുള്ള ശേഷി അതിനില്ലെന്നും ട്രംപ് അടുത്തിടെ വ്യക്തമാക്കിയിരുന്നു.

ഇത്തരമൊരു കരാർ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു. അതിന് അനുമതി നൽകിയവരെയും അംഗീകരിച്ച കോൺഗ്രസ്സിനെയുമാണ് താൻ കുറ്റപ്പെടുത്തുകയെന്നും ട്രംപ് വിശദീകരിച്ചിരുന്നു. തന്റെ വിദേശ നയത്തിന്റെ വൻ വിജയമെന്ന നിലയ്ക്കായിരുന്നു 2015-ൽ മുൻ പ്രസിഡന്റ് ബരാക് ഒബാമ ആണവ കരാറിൽ ഒപ്പിട്ടത്. കരാറിലൂടെ ഇറാന്റെ ആണവ ഭീഷണിയെ ചെറുക്കാമെന്നും അത് വഴി ടെഹ്രാനുമായുള്ള ദീർഘനാളത്തെ ശത്രുത മറന്ന് ബന്ധം ദൃഢമാക്കാമെന്നതും കരാറിൽ പങ്ക് ചേരുന്നതിന് ഒബാമയെ പ്രേരിപ്പിച്ചിരുന്നു.