മുംബൈ: ആരെതിർത്താലും പതിനേഴാം തിയതി തന്നെ ശബരിമലയിൽ ദർശനത്തിന് എത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. സർക്കാർ സുരക്ഷ ഒരുക്കിയില്ലെങ്കിലും ശബരിമലയിലെത്തും. കേരളത്തിൽ വിമാനം ഇറങ്ങിയതിനു ശേഷം ശബരിമലയിലേക്കുള്ള യാത്രയ്ക്കിടെ എന്തെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ മുഖ്യമന്ത്രിയും കേരളാ പൊലീസുമായിരിക്കും ഉത്തരവാദികളെന്നും തൃപ്തി പറഞ്ഞു. നേരത്ത തീർത്ഥാടകർക്ക് നൽകുന്ന സാധാരണ സുരക്ഷ മാത്രമേ തൃപ്തിക്കും നൽകൂവെന്ന് സംസ്ഥാന സർക്കാർ വിശദീകരിച്ചു.

സുരക്ഷയും മറ്റ് ആവശ്യങ്ങളും ഉന്നയിച്ച് അയച്ച കത്തിൽ സർക്കാരിന്റെയോ പൊലീസിന്റെയോ ഭാഗത്തുനിന്ന് ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല. പ്രത്യേക സുരക്ഷ ലഭിച്ചില്ലെങ്കിലും താനുൾപ്പെടുന്ന ഏഴംഗസംഘം ശബരിമലയിലെത്തുമെന്നും കൂട്ടിച്ചേർത്തു. മണ്ഡലകാലാരംഭത്തിൽ ശബരിമലയിൽ ദർശനത്തിനെത്തുന്ന തനിക്കും സംഘത്തിനും സുരക്ഷ നൽകണമെന്നാവശ്യപ്പെട്ട് തൃപ്തി ദേശായി മുഖ്യമന്ത്രി പിണറായി വിജയന് ബുധനാഴ്ച കത്തയച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്നവിസ് തുടങ്ങിയവർക്ക് കത്തിന്റെ പകർപ്പും നൽകിയിരുന്നു. ഈ കത്തിന് മറുപടി നൽകേണ്ടതില്ലെന്നാണ് കേരളത്തിന്റെ തീരുമാനം. ഈ സാഹചര്യത്തിൽ തൃപ്തി ദേശായി എത്തുമോ എന്ന സംശയവും ശക്തമായി. ഇതോടെയാണ് വിശദീകരണവുമായി തൃപ്തിയും എത്തിയത്.

വിമാനമിറങ്ങുമ്പോൾത്തന്നെ അതിക്രമമുണ്ടാകാൻ സാധ്യതയുള്ളതുകൊണ്ട് അവിടം മുതൽ സർക്കാർ ചെലവിൽ സംരക്ഷണം ഒരുക്കണം. വിമാനത്താവളത്തിൽനിന്ന് ശബരിമലയിലേക്ക് വാഹനസൗകര്യവും ഗസ്റ്റ് ഹൗസിൽ താമസവും ഏർപ്പെടുത്തണം, സുരക്ഷാ ചെലവിനു പുറമേ യാത്രാ, താമസ, ഭക്ഷണച്ചെലവും സംസ്ഥാന സർക്കാർ വഹിക്കണമെന്നാണ് കത്തിലെ ആവശ്യം. അമ്പതു വയസ്സിൽ താഴെ പ്രായമുള്ള മറ്റ് ആറ് വനിതകൾക്കൊപ്പം നവംബർ 17-ന് ശബരിമലയിലെത്താനാണ് ഉദ്ദേശിക്കുന്നതെന്ന് കത്തിൽ വ്യക്തമാക്കുന്നുണ്ട്. കേരള പൊലീസ് മേധാവിക്കും പുണെ പൊലീസ് കമ്മിഷണർക്കും കത്തിന്റെ പകർപ്പു സമർപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേരളാ പൊലീസ് നിലപാട് വ്യക്തമാക്കിയത്.

33-കാരിയായ തൃപ്തി ദേശായിക്കു പുറമേ, മനിഷ രാഹുൽ തിലേക്കർ(42), മീനാക്ഷി രാമചന്ദ്ര ഷിന്ദേ (46), സ്വാതി കൃഷ്ണറാവു വട്ടംവാർ(44), സവിത ജഗന്നാഥ് റാവുത്ത്(29), സംഗീത ധൊണ്ടിറാം ടൊനാപേ(42), ലക്ഷ്മി ഭാനുദാസ് മൊഹിതേ(43) എന്നിവരാണ് തൃപ്തി ദേശായിയുടെ സംഘത്തിലുള്ളത്. ശബരിമലയിൽ കയറാതെ നാട്ടിലേക്ക് മടങ്ങില്ലെന്നും അതുകൊണ്ട് മടക്കടിക്കറ്റ് എടുത്തിട്ടില്ലെന്നും കത്തിൽ പറഞ്ഞിട്ടുണ്ട്. ഇത്തരം ആവശ്യമൊന്നും നടക്കില്ലെന്ന് കേരളാ സർക്കാർ നിലപാട് എടുത്തു കഴിഞ്ഞു. ഇതിന് പിന്നാലെയാണ് തൃപ്തിയും മനസ്സ് വ്യക്തമാക്കുന്നത്. ഇതോടെ ശബരിമലയിൽ സംഘർഷത്തിനുള്ള സാധ്യതയും തെളിയുകയാണ്. തൃപ്തി ദേശായിയെ അയ്യപ്പഭക്തർ വഴിയിൽ തടയാനും സാധ്യത ഏറെയാണ്. ഇത് ഇന്റലിജൻസ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

എല്ലാ തീർത്ഥാടകർക്കുമുള്ള സുരക്ഷ തൃപ്തിക്കും ഉറപ്പാക്കും. തൃപ്തിക്ക് പ്രത്യേക പരിഗണന ആവശ്യമില്ലെന്നാണ് പൊലീസ് നിലപാട്. ഏഴ് സ്ത്രീകൾ ഉള്ളതിനാലാണു സുരക്ഷ തേടിയത്. എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്തം സർക്കാരിനാണെന്നും തൃപ്തി പറഞ്ഞു. എന്നാൽ, ഇത്തരമൊരു കത്ത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രതികരണം. കത്തിന്റെ പകർപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, പുനെ സിറ്റി പൊലീസ് കമ്മിഷണർ എന്നിവർക്കും അയച്ചതായി തൃപ്തി പറഞ്ഞു.

മഹാരാഷ്ട്രയിലെ ശനി ശിഖ്നാപുർ ക്ഷേത്രം, നാസിക്കിലെ ത്രൈയംബകേശ്വർ ക്ഷേത്രം എന്നിവിടങ്ങളിലും സ്ത്രീവിലക്ക് മറികടക്കാൻ തൃപ്തിയുടെ പോരാട്ടങ്ങൾക്കു കഴിഞ്ഞു. മഹാരാഷ്ട്രയിലെ ഹാജി അലി ദർഗയിൽ സ്ത്രീകൾക്കു പ്രവേശനം നൽകിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനു പിന്നിലും തൃപ്തിയായിരുന്നു. ശനിയാഴ്ച നട തുറക്കാനിരിക്കെ തീർത്ഥാടകർ എത്തിത്തുടങ്ങിയിട്ടുണ്ട്. കനത്ത പ്രതിഷേധം പ്രതീക്ഷിച്ച് നിലയ്ക്കൽ മുതൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ തവണത്തേത് പോലെ തന്നെ മാധ്യമങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.