കൊച്ചി: ശബരിലമല സന്ദർശിക്കാനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി. വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താളത്തിലെത്തിയ തൃപ്തിക്കും സംഘത്തിനും പ്രതിഷേധത്തെത്തുടർന്ന് പുറത്തിറങ്ങാൻ കഴിഞ്ഞിട്ടില്ല. അയ്യപ്പഭക്തരും ബിജെപിയുമാണ് പ്രതിഷേധിക്കാനുള്ളത്. ഹിന്ദു വികാരത്തെ തകർക്കാൻ തൃപ്തി ദേശായിയെ അനുവദിക്കില്ലെന്നാണ് അവരുടെ നിലപാട്.

വിമാനത്താവളത്തിന് പുറത്ത് നാമജപ പ്രതിഷേധവുമായി ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ വൻ സംഘം നിലയുറപ്പിച്ചിട്ടുണ്ട്. തൃപ്തിക്കും സംഘത്തിനും വിമാനത്താവളത്തിൽ നിന്നും കോട്ടയത്തേക്ക് പോകാൻ വാഹനസൗകര്യം ലഭ്യമായിട്ടില്ല. വിമാനത്താവളത്തിലെ ടാക്സികളൊന്നും ഓട്ടം പോകാൻ തയ്യാറാകുന്നില്ല. പ്രതിഷേധത്തെ ഭയന്നാണ് ടാക്സി ഡ്രൈവർമാർ യാത്രയ്ക്ക് തയ്യാറാകാത്തത്. ഇതും തൃപ്തി ദേശായിക്ക് വെല്ലുവിളിയാണ്. സ്ഥിതിഗതികൾ തൃപ്തി ദേശായിയെ മനസ്സിലാക്കാൻ പൊലീസ് ശ്രമിക്കുന്നുണ്ട്. തൃപ്തി ദേശായി മടങ്ങി പോകാൻ തയ്യാറാകാത്തത് കടുത്ത വെല്ലുവിളിയാണ്.

പുലർച്ചെ അഞ്ചു മണിയോടെ ഇൻഡിഗോ വിമാനത്തിലാണ് തൃപ്തിയും സംഘവും പൂണെയിൽ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയത്. എന്ത് വന്നാലും ശബരിലയിൽ കയറിയിട്ടെ മടങ്ങുകയുള്ളുവെന്ന നിലപാടിലാണ് തൃപ്തി ദേശായി. പ്രതിഷേധം തുടരുകയാണ്. വിമാനത്താവള പരിസരത്ത് കനത്ത സുരക്ഷയും പൊലീസ് ഒരുക്കിയിട്ടുണ്ട്. രാവിലെ തന്നെ നൂറു കണക്കിന് പ്രതിഷേധക്കാർ വിമാനത്താവളത്തിലെത്തി. വിമാനത്താവളത്തിലേക്ക് വരുന്ന പ്രതിഷേധക്കാരുടെ എണ്ണം കൂടുകയാണ്. അമ്മ മാരേയും വിമാനത്താവളത്തിലേക്ക് എത്തിക്കാനാണ് പ്രതിഷേധക്കാരുടെ നീക്കം. അയ്യപ്പമന്ത്രങ്ങളാണ് എങ്ങും ഉയരുന്നത്. വിമാനത്താവളത്തിന്റെ പ്രവർത്തനത്തേയും ഇത് ബാധിച്ചിട്ടുണ്ട്.

ശബരിമല ദർശനത്തിന് പ്രത്യേക സുരക്ഷ നൽകണമെന്നാവശ്യപ്പെട്ട് തൃപ്തി മുഖ്യമന്ത്രിക്കും പൊലീസിനും കത്തയച്ചിരുന്നു. എന്നാൽ പ്രത്യേക സുരക്ഷ ഒരുക്കില്ലെന്ന് പൊലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മഹാരാഷ്ട്ര അഹമ്മദ്‌നഗർ ശനി ശിംഘനാപുർ ക്ഷേത്രത്തിലെ സ്ത്രീപ്രവേശം, മുംബൈ ഹാജി അലി ദർഗ സ്ത്രീപ്രവേശം എന്നീ സമരങ്ങളിലൂടെയാണ് തൃപ്തി ദേശായ് ശ്രദ്ധനേടിയത്. കൊച്ചിയിലെത്തി തിരിച്ച് മഹാരാഷ്ട്രയിലെത്തുന്നവരെയുള്ള ചെലവ് സർക്കാർ വഹിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ശബരിമലയിൽ എത്താൻ തൃപ്തി ദേശായിക്ക് വലിയ വെല്ലുവളികൾ നേരിടേണ്ടി വരുമെന്നാണ് സൂചന.

പൊലീസും ആകെ പ്രതിസന്ധിയിലാണ്. ടാക്‌സിയില്ലാത്തതും പ്രശ്‌നത്തിന് കാരണമാണ്. വിമാനത്താവളത്തിന് അകത്തേക്ക് പോലും പ്രതിഷേധക്കാർ എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ അനുനയത്തിനൊന്നും തൃപ്തി ദേശായിയും അയ്യപ്പഭക്തരും തയ്യാറല്ല. പൊലീസ് വാഹനത്തിൽ ഇവരെ വിമാനത്താവളത്തിൽ നിന്ന് പുറത്തുകൊണ്ടുപോകാൻ ശ്രമിച്ചാൽ തടയുമെന്ന് പ്രതിഷേധക്കാരും അറിയിച്ചിട്ടുണ്ട്. ഇവർ മടങ്ങിപ്പോകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

സുപ്രീംകോടതി ഉത്തരവ് അനുസരിച്ചാണ് താൻ എത്തിയതെന്നും അതുകൊണ്ട് എന്ത് പ്രതിഷേധം ഉണ്ടായാലും മടങ്ങിപ്പോകില്ലെന്ന് വിമാനത്തിൽ വെച്ച് തൃപ്തി ദേശായി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ ഒരുക്കുകയില്ലെന്ന് നേരത്തെ തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. വാഹനം ഉൾപ്പെടെയുള്ളവ സജ്ജീകരിക്കണമെന്ന് അവർ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് പൊലീസ് തള്ളിയിരുന്നു.