തിരുവനന്തപുരം: ശബരിമല ദർശനവുമായി ബന്ധപ്പെട്ട് തൃപ്തി ദേശായി അയച്ച കത്തിന് മറുപടി അയക്കേണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ തീരുമാനം. സന്നിധാനത്ത് ആരാധന നടത്താൻ ആയില്ലെങ്കിൽ മടക്കയാത്രയ്ക്ക് ടിക്കറ്റെടുക്കില്ലെന്ന് തൃപ്തി ദേശായി വിശദീകരിച്ചിരുന്നു. ദർശനം നടത്താതെ കേരളം വിട്ടുപോവുകയില്ലെന്നും അയച്ച കത്തിൽ തൃപ്തി ദേശായി വ്യക്തമാക്കിയിരുന്നു. വിചിത്രമായ ആവശ്യങ്ങളാണ് കത്തിലുള്ളത്. ഈ സാഹചര്യത്തിലാണ് കത്തിന് മറുപടി അയക്കേണ്ടെന്ന് ഡിജിപി തീരുമാനിച്ചത്.

സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിൽ സന്നിധാനത്തേക്ക് പോകുന്ന തീർത്ഥാടകർക്കെല്ലാം സുരക്ഷയൊരുക്കേണ്ട ബാധ്യത പൊലീസിനുണ്ട്. ഇത് തൃപ്തി ദേശായിക്കും ലഭ്യമാകും. പ്രത്യേക പരിഗണനയൊന്നും ശബരിമലയിൽ എത്തുന്ന ആർക്കും നൽകാനാകില്ലെന്നാണ് കേരളാ പൊലീസിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് കത്തിന് മറുപടി നൽകേണ്ടെന്ന തീരുമാനം. ശബരിമലയിൽ എത്തിയാൽ കാലുവെട്ടുമെന്ന ഭീഷണി തനിക്കുണ്ടെന്നും അതിനാൽ എയർപോർട്ട് മുതൽ സുരക്ഷ ഒരുക്കണമെന്നും അവർ സർക്കാരിന് അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എയർപോർട്ടിൽ നിന്ന് കോട്ടയത്തേക്ക് പോയി അന്നവിടെ താമസിച്ച് 17ന് രാവിലെ 5 മണിക്ക് പുറപ്പെട്ട് സന്നിധാനത്ത് 7 മണിയോടെ ദർശനം നടത്തുമെന്നാണ് കത്തിൽ പറയുന്നത്. ഇവരുടെ സംഘത്തിന്റെ യാത്രയ്ക്കും താമസത്തിനും സുരക്ഷയ്ക്കും വേണ്ട എല്ലാ ചെലവും സർക്കാർ വഹിക്കണമെന്ന നടക്കാത്ത കാര്യവും ഇവർ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ശബരിമല ദർശനത്തിന് എത്തുന്ന അന്യനാട്ടുകാരായ യുവതികളുടെ താമസത്തിനും ഭക്ഷണത്തിനുമുള്ള ചെലവ് നോക്കാനുള്ള ബാദ്ധ്യത സർക്കാരിനില്ല. ഇത് ചെയ്യുന്നത് വിശ്വാസികളുടെ കടുത്ത അതൃപ്തിക്കും കാരണമാകും. അതുകൊണ്ട് തന്നെ തൃപ്തി ദേശായിക്ക് പ്രത്യേക പരിഗണനയൊന്നും സർക്കാർ നൽകില്ല. ഇവർ അറിയപ്പെടുന്ന ആക്ടിവിസ്റ്റ് ആയതിനാലും ഇവർക്കെതിരെ കേരളത്തിൽ ആക്രമണം നടന്നാൽ അത് സർക്കാരിന്, പ്രത്യേകിച്ച് ആഭ്യന്തര വകുപ്പിന് ക്ഷീണമാകും. അതുകൊണ്ട് തന്നെ മതിയായ സുരക്ഷാ മുൻകരുതലുകൾ സർക്കാർ എടുക്കും. ഭൂമാതാ ബ്രിഗേഡിന്റെ സ്ഥാപകയും പ്രസിഡന്റുമായ ദേശായിയുടെ കത്തിന് സർക്കാർ മറുപടിയും നൽകില്ല.

വൃശ്ചികം ഒന്നിന് ഏഴംഗ സംഘവുമായി ശബരിമല കയറാൻ വരുമ്പോൾ, തൃപ്തി ദേശായിക്ക് 33 വയസ് തികഞ്ഞു. മാനിഷ രാഹുൽ തിലേക്കർ-42 വയസ്. ഭൂമാത് ബ്രിഗേഡ് അംഗം. മിനാക്ഷി രാമചന്ദ്ര ഷിൻഡേ-46 വയസ്, സ്വാതി കിഷൻ റാവു വട്ടംമാർ-44 വയസ്, സവിത ജഗന്നാഥ് റൗട്ട്-29 വയസ്, സംഗീത ഡോൻഡിറാം തൊണാപെ-42 വയസ്, ലക്ഷ്്മി ഭാനുദാസ് മോഹിതെ-43 വയസ് എന്നിവരുമായാണ് തൃ്പതി ശബരിമല ദർശനത്തിന് എത്തുക. എല്ലായ്‌പ്പോഴും തൃപ്തി ദേശായി പറയുന്നത് ,താനും വിശ്വാസിയാണെന്നാണ്. എന്നാൽ, അന്ധമായ വിശ്വാസം തനിക്കില്ലെന്നും അവർ പറയാറുണ്ട്.

തൃപ്തി ദേശായി സർക്കാരിന് അയച്ച കത്തിന്റെ പൂർണരൂപം....

ബഹു. കേരളാ മുഖ്യമന്ത്രി,

വിഷയം: 2018 നവംബർ 17ന് ഞങ്ങൾ ശബരിമല സന്നിധാനത്ത് ദർശനം നടത്തുവാൻ എത്തുമ്പോൾ ഞങ്ങളുടെ ജീവന് ഭീഷണിയുണ്ടാകാനിടയുള്ളതുകൊണ്ട് കേരളത്തിൽ വിമാനമിറങ്ങുന്നത് മുതൽ തിരികെ മഹാരാഷ്ട്രയിൽ എത്തുന്നതുവരെ ഞങ്ങൾക്ക് പൊലീസ് സുരക്ഷ അനുവദിക്കുന്നത് സംബന്ധിച്ച്.

സർ,

2018 സെപ്റ്റംബർ 28ന് വന്ന ചരിത്രപ്രധാനമായ സുപ്രീം കോടതി ഉത്തരവനുസരിച്ച് പത്ത് വയസിനും അമ്പത് വയസിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ശബരിമല ക്ഷേത്രത്തിൽ നിയന്ത്രം/വിലക്ക് ഏർപ്പെടുത്തുന്നത് ഭരണഘടനാവിരുദ്ധം ആയിപ്രഖ്യാപിച്ച് പ്രായഭേദമന്യേ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാൻ അനുമതി നൽകിയിട്ടുള്ളതാണല്ലോ. പത്ത് വയസിനും അമ്പത് വയസിനും ഇടയിൽ പ്രായമുള്ള പുരുഷന്മാർക്ക് ശബരിമല ക്ഷേത്രത്തിൽ നിയന്ത്രണമോ വിലക്കോ ഇല്ല. സ്ത്രീകൾക്ക് മാത്രം ഇത്തരം വിലക്ക് ഏർപ്പെടുത്തുന്നത് ലിംഗവിവേചനം ആണ്.

ഒക്ടോബർ 17 മുതൽ 22 വരെ ശബരിമല ക്ഷേത്രനട തുറന്നത് പരമോന്നത കോടതിയുടെ വിധി അനുസരിച്ച് സ്ത്രീകൾക്കുവേണ്ടി കൂടി ആയിരുന്നു. എന്നാൽ പല രാഷ്ട്രീയ കക്ഷികളുടേയും സഹായം ഉപയോഗിച്ച് ചിലർ അക്രമം അഴിച്ചുവിടാൻ ശ്രമിച്ചു. ശബരിമല സ്ത്രീപ്രവേശനം റിപ്പോർട്ട് ചെയ്യാനെത്തിയ പത്ത് വയസിനും അമ്പത് വയസിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾ സഞ്ചരിച്ചിരുന്ന വാഹനങ്ങൾ ആക്രമിക്കപ്പെട്ടു. വനിതാ പൊലീസിന്റെ അടക്കം സഹായത്തോടെ സ്ത്രീകൾ ശബരിമലയിൽ എത്തിയെങ്കിലും മുഖ്യതന്ത്രി ക്ഷേത്രനട എന്നേയ്ക്കുമായി അടച്ചിടും എന്ന് ഭീഷണി ഉയർത്തി. സാഹചര്യം അപകടകരമാകുന്നത് കണ്ട് ഭയപ്പെട്ടുപോയ ആ സ്ത്രീകൾക്കും സന്നിധാനത്ത് പ്രവേശിക്കാതെ തിരികെ പോകേണ്ടിവന്നു.

ദീപാവലി സമയത്ത് രണ്ട് ദിവസത്തെ ആരാധനയ്ക്കായി ക്ഷേത്രം വീണ്ടും തുറന്നു. ആവശ്യത്തിന് സുരക്ഷ കിട്ടാത്തതുകൊണ്ട് രണ്ട് സ്ത്രീകൾക്ക് യാത്ര ഉപേക്ഷിക്കേണ്ടിവന്നു. ഈ രണ്ട് ദിവസവും ക്ഷേത്രത്തിൽ ഭക്തരേക്കാൾ കൂടുതൽ ക്ഷേത്രത്തിൽ കണ്ടത് രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകരെ ആയിരുന്നു.

ക്ഷേത്രസന്നിധാനത്ത് എത്താനുള്ള ഞങ്ങളുടെ പരിശ്രമം തുല്യനീതിക്കുള്ള അവകാശത്തിന് വേണ്ടിയാണ്. ഇത് മതത്തിനോ വിശ്വാസികൾക്കോ എതിരായ സമരമല്ല. മാത്രമല്ല, ഭക്തരുടെ മതവികാരം വ്രണപ്പെടുത്താൻ ഞങ്ങൾക്ക് യാതൊരു ഉദ്ദേശവുമില്ല, ഞങ്ങളും ദൈവവിശ്വാസികളാണ്. സുപ്രീം കോടതി വിധി ഉണ്ടെങ്കിൽ പോലും, പൊലീസ് സംരക്ഷണം ഉണ്ടെങ്കിൽ പോലും ക്ഷേത്രത്തിൽ കടന്ന് ഞങ്ങളുടെ ദൈവത്തെ കാണാനാകുന്നില്ല എന്നത് ഞങ്ങളുടെ വികാരത്തെയാണ് വ്രണപ്പെടുത്തുന്നത്.

സുപ്രീംകോടതി വിധി വന്നതിന് ശേഷം മുന്നൂറിലേറെ ഭീഷണികളാണ് എന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ കിട്ടിയത്. എനിക്ക് കിട്ടിയ ഭീഷണികൾ ഇങ്ങനെയൊക്കെയാണ്. ''തൃപ്തി ദേശായി, നീ എന്നെങ്കിലും കേരളത്തിൽ വന്നാൽ നിന്നെ കഷണം കഷണങ്ങളായി മുറിക്കും. നിന്നെ കൊന്നുകളയും, നീ കേരളത്തിൽ വന്നാൽ ഞങ്ങൾ ആത്മഹത്യ ചെയ്യും.'' വൃത്തികെട്ട, ഉദ്ധരിക്കാൻ പ്രയാസമുള്ള വാക്കുകൾ കൊണ്ടാണ് അവർ എന്നെ അഭിസംബോധന ചെയ്യുന്നത്. അവർ എന്നെ സ്വഭാവഹത്യ നടത്തി അപമാനിക്കുന്നു. വലിയ മാനസിക പ്രയാസത്തിലേക്കാണ് ഇതൊക്കെ എന്നെ നയിക്കുന്നത്.

നവംബർ 16 മുതൽ ശബരിമല നട വീണ്ടും തുറക്കുകയാണ്. ഞാനും ചില വനിതാസംഘടനകളുടെ പ്രതിനിധികളുമടക്കം ഏഴ് വനിതകൾ ആ സമയത്ത് ശബരിമല സന്നിധാനത്ത് ദർശനം നടത്തുകയാണ്. ഞങ്ങൾ സാമൂഹ്യപ്രവർത്തകർ ആണെങ്കിലും ക്ഷേത്രത്തിലേക്ക് എത്തുന്നത് വിശ്വാസികളായാണ്.

1. തൃപ്തി ദേശായി, 33 വയസ്.

2. മനീഷ രാഹുൽ തിലേകർ, 42 വയസ്.

3. മീനാക്ഷി രാമചന്ദ്ര ഷിൻഡെ, 46 വയസ്.

4. സ്വാതി കൃഷ്ണറാവു വട്ടംവർ, 44 വയസ്.

5. സവിത ജഗന്നാഥ് റാവുത്, 29 വയസ്.

6. സംഗീത (മാധുരി) ദോണ്ടിറാം തോൺപെ, 42 വയസ്

7. ലക്ഷ്മി ഭാനുദാസ് മോഹിതെ, 43 വയസ്

അയ്യപ്പസ്വാമിയുടെ ചില ഭക്തരും ചില പാർട്ടികളുടെ പ്രവർത്തകരും ഞങ്ങളെ തടയാൻ ശ്രമിച്ചേക്കും. എന്നിട്ട് പ്രശ്നം ഉണ്ടാക്കിയത് ഞങ്ങളാണെന്ന് വരുത്തിത്തീർക്കാനും അവർ ശ്രമിക്കും. അതുകൊണ്ട് എല്ലാവരുടേയും ചലനങ്ങൾ പൊലീസ് കൃത്യമായി നിരീക്ഷിക്കണമെന്ന് ഞങ്ങൾ അപേക്ഷിക്കുന്നു.

ഞങ്ങൾക്ക് കിട്ടിയ ഭീഷണികളിൽ ചിലതിൽ പറയുന്നത് വിമാനമിറങ്ങുമ്പോൾ തന്നെ ഞങ്ങളുടെ കൈകാലുകൾ ശരീരത്തിൽ നിന്നും വെട്ടിമാറ്റുമെന്നും ബാക്കിവരുന്ന ശരീരഭാഗങ്ങൾ മഹാരാഷ്ട്രയ്ക്ക് കയറ്റിവിടുമെന്നുമാണ്. കേരളത്തിൽ ഞങ്ങളുടെ ജീവന് വലിയ ഭീഷണിയുണ്ട്, ഞങ്ങളെ കൊല്ലാൻ ശ്രമം ഉണ്ടായേക്കാം. പതിനാറാം തീയതി ** മണിക്ക് *** വിമാനക്കമ്പിനിയുടെ വിമാനത്തിൽ *** വിമാനത്താവളത്തിൽ ഞങ്ങൾ വിമാനമിറങ്ങും. (മാധ്യമങ്ങൾക്ക് കൈമാറിയ കത്തിൽ ഈ വിശദാംശങ്ങൾ മായ്ച്ചിട്ടുണ്ട്) ആ സമയം മുതൽ കേരളം വിടുംവരെ ഞങ്ങൾക്ക് സുരക്ഷയും സംരക്ഷണവും വേണം.

*** വിമാനത്താവളത്തിൽ ഇറങ്ങിയാൽ തുടർന്ന് സഞ്ചരിക്കാൻ ഞങ്ങൾ വാഹനങ്ങളൊന്നും പറഞ്ഞിട്ടില്ല. വാടകയ്ക്ക് കാർ വിളിച്ചാൽ ഞങ്ങൾ വഴിയിൽ ആക്രമിക്കപ്പെടാൻ ഇടയുണ്ട്. അതുകൊണ്ട് ഞങ്ങൾക്ക് സഞ്ചരിക്കാൻ സർക്കാർ ഒരു കാർ നൽകണം. അതുപോലെ, പതിനാറാം തീയതി കോട്ടയത്ത് ഞങ്ങൾക്ക് താമസിക്കാൻ ഒരു ഗസ്റ്റ് ഹൗസോ ഹോട്ടലോ ക്രമീകരിക്കണം. 17ന് പുലർച്ചെ അഞ്ച് മണിക്ക് ഞങ്ങൾ കോട്ടയത്തുനിന്ന് പുറപ്പെടും. ഏഴുമണിയോടെ ദർശനത്തിനായി ഞങ്ങൾ ശബരില സന്നിധാനത്ത് എത്തും. ഈ സമയത്ത് ആർഎസ്എസ്/ ബിജെപി/ കോൺഗ്രസ് പ്രവർത്തകരിൽ നിന്നും അയ്യപ്പസ്വാമിയുടെ ഭക്തരിൽ നിന്നും ഞങ്ങളുടെ ജീവന് ഭീഷണി ഉണ്ടാകാമെന്ന് ഞാൻ അങ്ങയുടെ ശ്രദ്ധയിൽ പെടുത്തുന്നു. അതുകൊണ്ട് നിയമം കയ്യിലെടുക്കുന്നവർക്കും ഞങ്ങളെ തടയാൻ നോക്കുന്നവർക്കും എതിരെ നടപടിയുണ്ടാകണം. സുരക്ഷിതരായും തടസമില്ലാതെയും ഞങ്ങളെ ശബരിമല സന്നിധാനത്ത് എത്തിക്കണമെന്നും അങ്ങയോട് അപേക്ഷിക്കുന്നു.

സന്നിധാനത്ത് ആരാധന നടത്താൻ ആയില്ലെങ്കിൽ മടക്കയാത്രയ്ക്ക് ഞങ്ങൾ ടിക്കറ്റെടുക്കില്ല, ദർശനം നടത്താതെ ഞങ്ങൾ കേരളം വിട്ടുപോവുകയുമില്ല.

ജനാധിപത്യപരമായ രീതിയിലും മഹാത്മാഗാന്ധി പ്രചരിപ്പിച്ച സത്യത്തിന്റേയും അഹിംസയുടേയും വഴിയിലൂടെയാകും ഞങ്ങൾ ക്ഷേത്രത്തിൽ കയറുക. ആരൊക്കെ ഏതു തരത്തിൽ ഞങ്ങളുടെ ക്ഷേത്രപ്രവേശനം തടയാൻ ശ്രമിച്ചാലും തടസപ്പെടുത്താൻ വരുന്നവരുടെ മുന്നിലൂടെ കൈകോർത്തുപിടിച്ച് ഞങ്ങൾ ഗാന്ധിമാർഗ്ഗത്തിൽ ക്ഷേത്രത്തിൽ കയറിയിരിക്കും. ഒരു കാര്യം കൂടി ശ്രദ്ധിക്കുക, അക്രമത്തിനുള്ള ഏത് പ്രകോപനം ഉണ്ടായാലും, അവിടെ ദൗർഭാഗ്യകരമായ എന്തെങ്കിലും സംഭവം ഉണ്ടായാലും അതിന്റെ പൂർണ്ണ ഉത്തരവാദിത്തം കേരള സർക്കാരിനും കേരളത്തിന്റേയും കേന്ദ്രത്തിന്റേയും പൊലീസിനും ആയിരിക്കും.

ഞങ്ങൾ കേരളത്തിൽ എത്തുന്നത് മുതലുള്ള എല്ലാ ചെലവുകളും ഞങ്ങൾക്ക് വേണ്ടിവരുന്ന സുരക്ഷയ്ക്കും കേരളത്തിലേയും തുടർന്ന് മഹാരാഷ്ട്രയിലേക്കുമുള്ള യാത്ര, കാർ കൂലി, ഭക്ഷണം, താമസം അടക്കം എല്ലാ ചെലവുകളും സർക്കാർ വഹിക്കണമെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. സർക്കാർ ആവശ്യപ്പെട്ടാൽ ഇവയുടെ ബില്ലുകൾ തരാൻ ഞങ്ങൾ തയ്യാറാണ്.

പകർപ്പുകൾ,

1. ബഹു. നരേന്ദ്ര മോദി, പ്രധാനമന്ത്രി

2. ബഹു. കേരളാ പൊലീസ് മേധാവി

3. ബഹു. ദേവേന്ദ്ര ഫട്നാവിസ്, മഹാരാഷ്ട്ര മുഖ്യമന്ത്രി

4. ബഹു പൂണെ പൊലീസ് കമ്മീഷണർ.