കൊച്ചി: താൻ ശബരിമലയിൽ എത്തിയാൽ എന്തൊക്കെ സംഭവിക്കുമെന്ന് അക്കമിട്ട് നിരത്തിയാണ് തൃപ്തി ദേശായി കേരളത്തിലേക്ക് വരാൻ തയ്യാറെടുക്കുന്നത്. 16ന് കേരളത്തിലെത്തുന്ന താൻ 17ന് രാവിലെ അയ്യപ്പദർശനം ആഗ്രഹിക്കുന്നുവെന്നാണ് തൃപ്തി ദേശായി സംസ്ഥാന സർക്കാരിന് അയച്ച കത്തിൽ വിശദീകരിക്കുന്നത്. സുരക്ഷ വേണമെന്ന് പറയുന്ന തൃപ്തി ദേശായി അതിന് സർക്കാരിന് മുന്നിലുള്ള വെല്ലുവളികളേയും കത്തിൽ തന്നെ അവതരിപ്പിക്കുന്നുണ്ട്. തന്നെ വകവരുത്താൻ തയ്യാറായി കേരളത്തിൽ ഒരു സംഘമുണ്ടെന്നും അവരിൽ നിന്ന് രക്ഷിച്ച് അയ്യപ്പദർശനം സാധ്യമാക്കണമെന്നും തൃപ്തി ദേശായി കത്തിൽ ആവശ്യപ്പെടുന്നു. വരുന്ന മണ്ഡല തീർത്ഥാടനം സർക്കാരിന് കനത്ത വെല്ലുവിളിയാകുമെന്ന് തന്നെയാണ് തൃപ്തി ദേശായിയുടെ വരവോടെ വ്യക്തമാക്കുന്നത്.

എങ്ങനേയും ശബരിമലയിൽ ശാന്തിയും സമാധാനവും എത്തിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിക്കാനാണ് പിണറായി സർക്കാരിന്റെ ശ്രമം. യുവതി പ്രവേശനത്തിൽ സർവ്വകക്ഷിയോഗം വിളിച്ചത് ഇതിന്റെ ഭാഗമാണ്. ഇതിന് തൊട്ട് മുമ്പാണ് തൃപ്തി ദേശായി താൻ എന്ന് ശബരിമലയിൽ എത്തുമെന്ന പ്രഖ്യാപനവുമായി എത്തുന്നത്. യുവതികളെ ഉപദേശിച്ച് തിരിച്ചയച്ച് പ്രശ്‌ന പരിഹാരമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നായിരുന്നു പുറത്തു വന്ന സൂചനകൾ. ഇതിനിടെയാണ് ഞാനും ആറു യുവതികളും വൃശ്ചികം ഒന്നിന് തന്നെ ശബരിമലയിൽ എത്തുമെന്ന തൃപ്തിയുടെ പ്രഖ്യാപനം. തൃപ്തി ദേശായി കേരളത്തിൽ എത്തിയാൽ തന്നെ പ്രശ്‌നം തുടങ്ങുമെന്നാണ് കേരളാ പൊലീസും വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ വഴയിൽ ഉടനീളം സുരക്ഷ ഒരുക്കേണ്ട സാഹചര്യം കേരള സർക്കാരിനുണ്ടാകും. ഇത് വലിയ വെല്ലുവിളിയായി മാറും.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മഹാരാഷ്ട്ര സർക്കാരിനും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റയ്ക്കും ഇവർ കത്തയച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. മണ്ഡലകാലം ആരംഭിക്കുമ്പോൾ താൻ ശബരിമലയിൽ എത്തുമെന്ന് നേരത്തെ തന്നെ തൃപ്തി ദേശായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ തൃപ്തി ദേശായി അടക്കമുള്ള ആക്ടിവിസ്റ്റുകൾ ശബരിമലയിലെത്തിയാൽ തടയുമെന്നാണ് വിവിധ സംഘടനകളുടെ നിലപാട്. തൃപ്തിയെ തടയുമെന്ന് അയ്യപ്പ ധർമ സേനയും വിശ്വഹിന്ദു പരിഷത്തിന്റെ വനിതാ വിഭാഗവും അറിയിച്ചിട്ടുണ്ട്. അതേസമയം, ശബരിമലയിൽ വൻ സുരക്ഷാ സംവിധാനം ഒരുക്കാനാണ് പൊലീസിന്റെ തീരുമാനം. നാല് ഘട്ടങ്ങളിലായി ഏതാണ്ട് 4500 പൊലീസുകാരെ വീതം നിയമിക്കുമെന്നാണ് ഓദ്യോഗിക വിശദീകരണം.

അതിനിടെ സുപ്രീംകോടതിയുടെ പുതിയ ഇടപെടലിൽ ശബരിമലയിൽ യുവതീപ്രവേശനം വിലക്കാനാവില്ലെന്ന് ദേവസ്വം ബോർഡിന് മുതിർന്ന അഭിഭാഷകരുടെ നിയമോപദേശം ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ യുവതീപ്രവേശനം നടപ്പാക്കുകയാണ് ബോർഡിന് മുന്നിലുള്ള പോംവഴി. ചൊവ്വാഴ്ചത്തെ കോടതിയുടെ ഇടപെടലോടെ യുവതി പ്രവേശനം വേണമെന്ന വിധിയിൽ കൂടുതൽ വ്യക്തത വന്നെന്നും അഡ്വ.ചന്ദ്ര ഉദയ് സിങ് ബോർഡിന് നിയമോപദേശം നൽകി. യുവതീ പ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെയുള്ള പുനഃപരിശോധന ഹർജികൾ ജനുവരി 22 ന് തുറന്ന കോടതിയിൽ പരിഗണിക്കുമെന്ന് ചൊവ്വാഴ്ച സുപ്രീംകോടതി പറഞ്ഞിരുന്നു. നിലവിലെ വിധിക്ക് സ്റ്റേയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സമവായ നീക്കത്തിനായി ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണ് ദേവസ്വംബോർഡ് നിയമോപദേശം തേടിയിരുന്നത്.

എന്നാൽ യുവതീപ്രവേശനം വേണമെന്ന് ആദ്യത്തെ കോടതി വിധിയേക്കാളും രണ്ടാമത്തെ കോടതി വിധി വ്യക്തത തരുന്നുണ്ടെന്നാണ് നിയമോപദേശം ലഭിച്ചത്. ഈ അനുകൂല സാഹചര്യം തിരിച്ചറിഞ്ഞാണ് തൃപ്തി ദേശായിയുടേയും വരവ്. അതുകൊണ്ട് തന്നെ തൃപ്തിക്ക് സുരക്ഷയൊരുക്കേണ്ട ധാർമിക ബാധ്യത സർക്കാരിനുണ്ട്. ആറ് യുവതികൾക്ക് ഒപ്പമായിരിക്കും തൃപ്തി ശബരിമല ദർശനത്തിനെത്തുക. ദർശനം നടത്താതെ മടങ്ങില്ലെന്നും തൃപ്തി ദേശായി വ്യക്തമാക്കി. ശബരിമലയിൽ യുവതീപ്രവേശം സംബന്ധിച്ച വിധിയെ സ്വാഗതം ചെയ്ത തൃപ്തി താൻ ക്ഷേത്രസന്ദർശനത്തിന് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. എന്നാൽ സന്ദർശനത്തിന്റെ തീയതി പ്രഖ്യാപിച്ചിരുന്നില്ല. സ്ത്രീകളുടെ അവകാശം സുപ്രീംകോടതി ഹനിക്കില്ലെന്ന കാര്യം ഉറപ്പാണെന്നും അവർ പറഞ്ഞിരുന്നു. വൃശ്ചികം ഒന്നിന് തൃപ്തി ദേശായി എത്തുമെന്നും സർക്കാർ പ്രതീക്ഷിച്ചില്ല. ഇതിനിടെയാണ് പ്രഖ്യാപനം എത്തിയത്.

ഇതോടെ ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീ പ്രവേശനം അനുവദിച്ച വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ മണ്ഡല-മകരവിളക്കുകാലത്തെ സുരക്ഷാക്രമീകരണങ്ങൾ സർക്കാരിനു വെല്ലുവിളിയായി മാറുകയാണ്. യുവതികൾ ദർശനത്തിനെത്തിയാൽ അവർക്കു സർക്കാർ സുരക്ഷ നൽകേണ്ടിവരും. തുലാമാസപൂജയ്ക്കായി അഞ്ചു ദിവസവും ചിത്തിര ആട്ടവിശേഷത്തിനായി ഒരു ദിവസവും നടതുറന്നപ്പോൾ പ്രതിഷേധ സമരങ്ങളെ നേരിട്ട പൊലീസിന് മണ്ഡല-മകരവിളക്ക് ഉത്സവകാലം കടുപ്പമാകുമെന്നാണ് തൃപ്തി ദേശായിയുടെ പ്രഖ്യാപനത്തോടെ വ്യക്തമാകുന്നത്. മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി 64 ദിവസമാണ് നട തുറക്കുന്നത്. 16-നു തുറക്കുന്ന നട ഡിസംബർ 27-നു മണ്ഡലപൂജ പൂർത്തിയാക്കി അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30-ന് വീണ്ടും തുറക്കും. ജനുവരി 11-നു പേട്ടതുള്ളൽ. 14-നാണ് മകരവിളക്ക്. ജനുവരി 20-നു നടയടച്ച് രണ്ടു ദിവസത്തിനു ശേഷമേ പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി വാദത്തിനെടുക്കൂ. ഇതാണ് പിണറായി സർക്കാരിനെ വെട്ടിലാക്കുന്നത്.

വിപുലമായ സുരക്ഷാപദ്ധതിയാണു ശബരിമലയ്ക്കായി തയാറാക്കിയിരിക്കുന്നത്. കഴിഞ്ഞ മണ്ഡലകാലത്ത് 2,800 പൊലീസുകാരെ വിന്യസിച്ച സ്ഥാനത്ത് ഇക്കുറി പതിനായിരത്തിനു മുകളിലാകും എണ്ണം. രണ്ടാഴ്ച വീതം അഞ്ചു ഘട്ടങ്ങളായാകും പൊലീസ് വിന്യാസം. ദക്ഷിണമേഖലാ എ.ഡി.ജി.പി. അനിൽകാന്താണു ചീഫ് പൊലീസ് കോ- ഓർഡിനേറ്റർ. എ.ഡി.ജി.പി. എസ്. ആനന്ദകൃഷ്ണന്റെ സഹായമുണ്ടാകും. സേനാവിന്യാസത്തിന്റെ ഉത്തരവാദിത്തം തിരുവനന്തപുരം റേഞ്ച് ഐ.ജി. മനോജ് ഏബ്രഹാമിനാണ്. വനിതാ ബറ്റാലിയൻ കമൻഡാന്റിന്റെ നേതൃത്വത്തിൽ ഒരു കമ്പനി വനിതാ പൊലീസിനെയും 30 വനിതാ കമാൻഡോകളെയും മണിയാറിലെ കെ.എ.പി. അഞ്ചാം ബറ്റാലിയനിൽ വിന്യസിക്കും. എന്നാൽ വൃശ്ചികം ഒന്ന് മുതൽ തന്നെ ലക്ഷങ്ങൾ ശബരിമലയിൽ ദർശനത്തിനെത്തും. ഇവർ വികാരപരമായി പ്രതിഷേധത്തിനെത്തിയാൽ എന്ത് സംഭവിക്കുമെന്നതാണ് ഉയരുന്ന ചോദ്യം.

പമ്പയിലും സന്നിധാനത്തും കൂടുതൽ സി.സി. ടിവി ക്യാമറകൾ സ്ഥാപിക്കും. സന്നിധാനത്തു ഡ്യൂട്ടിയിലുള്ള പൊലീസുകാർക്കു കൈയിൽ ധരിക്കാൻ പ്രത്യേക ബാൻഡുകൾ നൽകും. ജനക്കൂട്ടത്തെ നിരീക്ഷിക്കാൻ സന്നിധാനത്തും പമ്പയിലും വാച്ച് ടവറുകൾ ഉണ്ടാകും. സന്നിധാനത്തു സുരക്ഷയ്ക്കായി കമാൻഡോകളെയും ദ്രുത പ്രതികരണ സംഘത്തെയും വിന്യസിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇന്നു മുതൽ പമ്പയും ശബരിമല സന്നിധാനവും പൊലീസ് നിയന്ത്രണത്തിലാകും. കർശന പരിശോധനയ്ക്കു വിധേയമാക്കിയായിരിക്കും തീർത്ഥാടകരെ സന്നിധാനത്തു പ്രവേശിപ്പിക്കുക. നേരിടേണ്ടി വരുന്ന കടമ്പകളെക്കുറിച്ച് ശബരിമല ദർശനത്തിനെത്തുന്ന യുവതികളെ ബോധ്യപ്പെടുത്താൻ പൊലീസ് ശ്രമിക്കുമെന്നും സൂചനയുണ്ട്. എന്നിട്ടും ദർശനത്തിനു നിർബന്ധം പിടിക്കുന്ന യുവതികൾക്കാവും പൊലീസ് സുരക്ഷയൊരുക്കുക.

സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ച് ആലോചിക്കാൻ ചേർന്ന പൊലീസ് ഉന്നതതല യോഗത്തിലാണ് ഈ ധാരണയുണ്ടായത്. തുലാമാസ സമയത്തും ആട്ട ചിത്തിരയ്ക്കും പൊലീസ് യുവതികളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തിരിച്ചയച്ചിരുന്നു. ഈ തന്ത്രം തൃപ്തി ദേശായിക്ക് മുന്നിൽ വിലപോവില്ല. ഇത് സംഘർഷത്തിന് വഴി വയ്ക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. ദർശനത്തിന് വേണ്ട സൗകര്യങ്ങളും പ്രതിഷേധമുണ്ടായാൽ സുരക്ഷയും ഒരുക്കണമെന്നാണ് തൃപ്തി ആവശ്യപ്പെട്ടിരിക്കുന്നത്. വിമാനത്താവളത്തിൽ നിന്നും തനിക്ക് ശബരിമല വരെ സുരക്ഷയൊരുക്കണം. ആവശ്യമായ താമസ സൗകര്യവും ഒരുക്കണം. ദർശനം നടത്താതെ താൻ മടങ്ങില്ല. മടങ്ങിപ്പോകുന്നതിന് വിമാനടിക്കറ്റ് എടുത്തിട്ടില്ലെന്നും കത്തിൽ പരാമർശിക്കുന്നുണ്ട്.