വെല്ലിങ്ടൻ: തെക്ക്-കിഴക്കൻ പസഫിക് സമുദ്രത്തിൽ വൻഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്നു ന്യൂസീലൻഡ്, ആസ്‌ട്രേലിയ, ഫിജി ഉൾപ്പെടെയുള്ള ദ്വീപ് രാഷ്ട്രങ്ങളിൽ സൂനാമി മുന്നറിയിപ്പ് നൽകി. ലോയൽറ്റി ഐലൻഡിന് തെക്കുകിഴക്കായാണു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നു യു.എസ് ജിയോളജിക്കൽ ഏജൻസി അറിയിച്ചു.

ബുധനാഴ്ച രാത്രിയോടെയുണ്ടായ ഭൂചലനത്തിൽ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ സംഭവിച്ചില്ലെന്നാണു പ്രാഥമിക റിപ്പോർട്ട്. 0.3 മുതൽ 1 മീറ്റർ വരെ ഉയരത്തിൽ തിരമാലകളുള്ള സൂനാമി വന്നേക്കാമെന്നാണു മുന്നറിയിപ്പ്.വ്യാഴാഴ്ച പുലർച്ചെയാണ് ഓസ്‌ട്രേലിയൻ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.

ഓസ്‌ട്രേലിയയുടെ പ്രധാന ഭൂപ്രദേശത്തിന് 550 കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്ന ലോർഡ് ഹൗവേ ദ്വീപിന് ഭീഷണിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. സുനാമി തിരകൾ തീരത്തേയ്ക്ക് അടുക്കുകയാണെന്നും മുന്നറിയിപ്പ് ഉണ്ട്.

ഓസ്‌ട്രേലിയക്ക് പുറമെ, ന്യൂസിലൻഡ്, ന്യൂ കാലിഡോണിയ, ഫിജി എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പ് നൽകി. പ്രാദേശിക സമയം വ്യാഴാഴ്ച പുലർച്ചെ ന്യൂ കാലിഡോണിയയിലെ ടാഡീനിന് കിഴക്ക് 417 കിലോമീറ്റർ കിഴക്ക് മാറി 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതായതെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്‌മോളജിക്കൽ സെന്റർ അറിയിച്ചു.

വടക്കൻ തീരത്തുള്ള ബീച്ചുകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ ന്യൂസിലൻഡ് അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു. ബീച്ചുകളിൽ നിന്ന് മാത്രമല്ല തുറമുഖങ്ങൾ, പുഴകൾ എന്നിവയിൽ നിന്നെല്ലാം മാറി നിൽക്കണം. ന്യൂസിലൻഡിന്റെ തീരപ്രദേശത്ത് ശക്തമായ തിരമാലകൾ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നാണ് ന്യൂസിലൻഡ് നാഷണൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസിയുടെ അറിയിപ്പ്. ഓസ്‌ട്രേലിയൽ കാലാവസ്ഥാ വകുപ്പാകട്ടെ സുനാമി മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.

ന്യൂസിലൻഡിന്റെ വടക്കൻ ഭാഗങ്ങളിൽ മാത്രമേ സുനാമി ഭീഷണി സൃഷ്ടിക്കുന്നുള്ളു. ഓസ്‌ട്രേലിയ, ദി കുക്ക് ഐലൻഡ്‌സ്, അമേരിക്കൻ സമോവ എന്നിവിടങ്ങളിൽ താരതമ്യേന ശക്തികുറഞ്ഞ തിരകളായിരിക്കും അടിക്കുക.

2018 ൽ ഇന്തോനേഷ്യയിലെ സുലാവെസി ദ്വീപിൽ റിക്ടർസ്‌കെയിലിൽ 7.5 രേഖപ്പെടുത്തിയ ഭൂചലനവും തുടർന്ന് സുനാമിയും ഉണ്ടായി. 4300 ലേറെ പേരാണ് മരിക്കുകയോ കാണാതാവുകയോ ചെയ്തത്. 2004 ൽ സുമാത്ര ദ്വീപിലുണ്ടായ അതിശക്തമായ (9.1) ഭൂചലനചത്തിലും സുനാമിയിലും 2,20000 പേരാണ് മരിച്ചത്. ഇന്തോനേഷ്യയിൽ മാത്രം 1,70,000 പേരും നാമാവശേഷരായി.