- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യോമസുരക്ഷയുടെ പൂർണ ചുമതല വ്യോമസേനയ്ക്കായിരിക്കണമെന്ന് ജനറൽ റാവത്ത്; കരസേനയ്ക്കു പിന്തുണ നൽകേണ്ട ചുമതല മാത്രമല്ല വ്യോമസേനയ്ക്കുള്ളത് ഭദൗരിയ; തിയേറ്റർ കമാൻഡ് പ്രാരംഭഘട്ടത്തിൽ തന്നെ ഭിന്നത പരസ്യമാക്കി സേന തലവന്മാർ; കരസേനയ്ക്കു പിന്തുണയുമായി നിൽക്കേണ്ട സംഘം എന്ന നിലയിലേക്കുള്ള മാറ്റം അംഗീകരിക്കാനാവാതെ മറ്റുസേനകൾ
ന്യൂഡൽഹി: കഴിഞ്ഞ ആഴ്‌ച്ചയുണ്ടായ ജമ്മുവിലെ ഡ്രോൺ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് രാജ്യത്തെ സുരക്ഷസേനയുടെ കാലാനുസൃതമായ മാറ്റത്തെക്കുറിച്ച് ആവശ്യം ഉയർന്നുവന്നത്.ഇതിന്റെ തുടർച്ചായായണ് മാസങ്ങൾക്കു മുൻപേ കേന്ദ്രസർക്കാർ മുന്നോട്ടുവച്ച മുന്നുസേനകളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന തിയറ്റർ കമാൻഡ് സിസ്റ്റം വീണ്ടും ചർച്ചയായത്.എന്നാൽ പുതിയ മാറ്റം സംബന്ധിച്ചുള്ള പ്രാരംഭച്ച ചർച്ചയിൽ തന്നെ സേനകൾ തമ്മിലുള്ള അഭിപ്രായ ഭിന്നത പരസ്യമായി. സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തും വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗരിയയും തമ്മിൽ അഭിപ്രായവ്യത്യാസം. കമാൻഡുകളുടെ രൂപീകരണ ചുമതലയുള്ള റാവത്തിന്റെ വാദം ഖണ്ഡിച്ചു ഭദൗരിയ പരസ്യ പ്രതികരണം നടത്തിയതു സേനകൾക്കുള്ളിൽ ചർച്ചയായി.
നിലവിൽ കര, വ്യോമസേനകൾക്ക് 7 വീതവും നാവികസേനയ്ക്ക് മൂന്നും ഉൾപ്പെടെ 17 കമാൻഡുകളാണുള്ളത്. ആൻഡമാനിൽ മാത്രമാണ് നിലവിൽ സംയുക്ത കമാൻഡ് ഉള്ളത്. രാജ്യത്തുടനീളം ഇത്തരത്തിൽ മാറ്റം ആവിഷ്‌കരിക്കാനാണ് ഇപ്പോൾ ലക്ഷ്യമിടുന്നത് ഇതിനെതിരെയാണ് തുടക്കത്തിൽ തന്നെ അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കുന്നത്.കരസേനയെ സഹായിക്കാനുള്ള സേനമാത്രമായി മറ്റു സേനകളെ മാറ്റുന്നതിനോട് യോജിക്കാനാവില്ല എന്ന രീതിയിലാണ് അഭിപ്രായം ഉയർന്നുവരുന്നത്.
എന്താണ് തിയറ്റർ കമാൻഡ്
യുഎസ്, ചൈന സേനകൾ നിലവിൽ പ്രവർത്തിക്കുന്ന രീതിയാണ് തിയറ്റർ കമാൻഡ്.യുദ്ധമേഖല അല്ലെങ്കിൽ പ്രവർത്തന മേഖല എന്നതിനെ സൂചിപ്പിക്കുന്നതാണു 'തിയറ്റർ'. കര, നാവിക, വ്യോമ സേനകൾ സ്വന്തം കമാൻഡുകൾക്കു കീഴിൽ പ്രവർത്തിക്കുന്ന നിലവിലെ രീതിക്കു പകരം 3 സേനകളിലെയും ഘടകങ്ങൾ ഉൾപ്പെടുത്തിയ സംയുക്ത കമാൻഡ് ആണിത്. ഓരോ ഭൂപ്രദേശത്തും 3 സേനകളുടെയും ആയുധം, ആൾബലം എന്നിവ ഒരു കമാൻഡിലേക്ക് ഏകോപിപ്പിച്ച് പ്രതിരോധത്തിനു മൂർച്ച കൂട്ടുകയാണു ലക്ഷ്യം.
ആലോചനയിലുള്ളത് അഞ്ച് തിയേറ്റർ കമാൻഡ്
എയർ ഡിഫൻസ് കമാൻഡ്, മാരിടൈം കമാൻഡ്, അതിർത്തി കമാൻഡ്, ലോജിസ്റ്റിക്‌സ് കമാൻഡ്, ട്രെയിനിങ് കമാൻഡ് എന്നിങ്ങെ അഞ്ചു തിയറ്റർ കമാൻഡുകളാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്.ഇവ ഏതൊക്കെയാണെന്ന് നോക്കാം.രാജ്യത്തെ വ്യോമ സേനയുടെ നേതൃത്വത്തിൽ വ്യോമസുരക്ഷയ്ക്കുള്ള കമാൻഡാണ് എയർ ഡിഫൻസ് കമാൻഡ്.
രാജ്യത്തിന്റെ കിഴക്ക്, പടിഞ്ഞാറൻ സമുദ്ര മേഖലകളിലെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി നാവികസേനയുടെ ചുമതലയിലുള്ള കമാൻഡാണ് മാരിടൈം കമാൻഡ്. പാക്കിസ്ഥാൻ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള ഭീഷണി നേരിടാൻ 2 തിയറ്റർ കമാൻഡുകൾ അതിർത്തി മേഖലകൾ കേന്ദ്രീകരിച്ച് കരസേനയുടെ നേതൃത്വത്തിൽ രൂപീകരിക്കുന്നതാണ് അതിർത്തി കമാൻഡ്.
സേനകളുടെ ആയുധ സന്നാഹങ്ങൾ കൈകാര്യം ചെയ്യാനുള്ള കമാൻഡാണ് ലോജിസ്റ്റിക്‌സ് കമാൻഡ്.മറ്റു സേനകൾക്കൊപ്പം പ്രവർത്തിക്കാനുള്ള പരിശീലനം സൈനികർക്കു നൽകാനുള്ള കമാൻഡാണ് ട്രെയിനിങ് കമാൻഡ്. സംയുക്ത യുദ്ധതന്ത്രങ്ങളുടെ രൂപീകരണം ലക്ഷ്യമിട്ടാണ് ട്രെയ്‌നിങ്ങ് കമാൻഡ്.
നേതൃത്വം എങ്ങിനെ
കമാൻഡിന്റെ നിയന്ത്രണം കരസേനയ്ക്കാണെങ്കിൽ ലഫ്. ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും ചുമതല. വ്യോമസേനയ്ക്കാണെങ്കിൽ എയർ മാർഷലും നാവികസേനയ്‌ക്കെങ്കിൽ വൈസ് അഡ്‌മിറലും ചുമതല വഹിക്കും.കര, നാവിക, വ്യോമ സേനാ മേധാവികളും സംയുക്ത സേനാ മേധാവിയും ഉൾപ്പെട്ട സമിതിയുടെ (ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റി സിഒഎസ്സി) മേൽനോട്ടത്തിലായിരിക്കും തിയറ്റർ കമാൻഡുകളുടെ പ്രവർത്തനം. ഈ സമിതിയോടായിരിക്കും തിയറ്റർ കമാൻഡർ പ്രവർത്തനങ്ങൾ വിശദീകരിക്കുക.
തിയറ്റർ കമാൻഡിന്റെ രുപീകരണവുമായി ബന്ധപ്പെട്ട് ഗ്ലോബൽ കൗണ്ടർ ടെററിസം കൗൺസിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ശിൽപശാലയിലാണു കമാൻഡുകൾ സംബന്ധിച്ച് റാവത്തും ഭദൗരിയയും ഭിന്നനിലപാട് സ്വീകരിച്ചത്.വ്യോമസുരക്ഷയുടെ പൂർണ ചുമതല വ്യോമസേനയ്ക്കായിരിക്കും. ഇതിനായി എയർ ഡിഫൻസ് കമാൻഡ് രൂപീകരിക്കും. ഇതിനു പുറമേ പാക്കിസ്ഥാൻ, ചൈന എന്നിവയെ നേരിടാൻ ലക്ഷ്യമിട്ടു കരസേനയുടെ നേതൃത്വത്തിൽ പ്രത്യേക കമാൻഡുകൾ രൂപീകരിക്കും. അതിർത്തി മേഖലകളിൽ പോരാടുന്ന കരസേനയ്ക്ക് ആർട്ടിലറി, എൻജിനീയറിങ് കോർ എന്നിവ നൽകുന്നതു പോലുള്ള പിന്തുണ വ്യോമസേനയും നൽകണമെന്നാണ് റാവത്ത് പറഞ്ഞത്.
അതേസമയം കരസേനയ്ക്കു പിന്തുണ നൽകേണ്ട ചുമതല മാത്രമല്ല വ്യോമസേനയ്ക്കുള്ളത്. യുദ്ധവേളയിൽ വ്യോമമേഖലയിലെ കരുത്തിനു വലിയ പങ്ക് വഹിക്കാനാവും. വ്യോമസുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതികൾ നടപ്പാക്കുമ്പോൾ ഒട്ടേറെ കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. കമാൻഡുകളുടെ രൂപീകരണം സംബന്ധിച്ച ചർച്ചകളിൽ അക്കാര്യങ്ങൾ പരിശോധിക്കുന്നുണ്ടെന്നുമായിരുന്നു ഭദൗരിയ പ്രതികരണം.
യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, മിസൈലുകൾ എന്നിവയടക്കമുള്ള സന്നാഹങ്ങളുടെ നിയന്ത്രണം കമാൻഡുകൾ വരുമ്പോൾ നഷ്ടമാകുമോ എന്ന ആശങ്കയാണ് വ്യോമസേനയുടെ എതിർപ്പിനു പ്രധാന കാരണം.കരസേനയ്ക്കു പിന്നിൽ പിന്തുണയുമായി നിൽക്കേണ്ട സംഘം എന്ന നിലയിലേക്കുള്ള മാറ്റം പ്രാധാന്യം കുറയ്ക്കും എന്ന ചിന്തയും സേനയ്ക്കുണ്ട്.
മറുനാടന് മലയാളി ബ്യൂറോ